ഫാസിസത്തിനെതിരായ തൊഴിലാളി വർഗ്ഗ പോരാട്ടത്തെ നയിച്ച ധീരനായ പോരാളി സഖാവ് ജോസഫ് സ്റ്റാലിൻ ഓർമ്മ ദിനം

0
252
ഫാസിസത്തിനെതിരായ തൊഴിലാളി വർഗ്ഗ പോരാട്ടത്തെ നയിച്ച ധീരനായ പോരാളി സഖാവ് ജോസഫ് സ്റ്റാലിൻ ഓർമ്മ ദിനം
റഷ്യന്‍ തൊഴിലാളികള്‍ പ്രാഥമികാവശ്യകതകള്‍ക്കു വേണ്ടി വ്യൂഹം ചമയ്ക്കുന്ന കാലം. സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അവരെ കൂടെക്കൂടെ കാരാഗൃഹത്തിലാക്കും. സൈബീരിയയിലേക്കു നാടുകടത്തും. കൊല്ലും. ഒരിക്കല്‍ കുറെ തൊഴിലാളികള്‍ പണിമുടക്കി. പോലീസ് അവരില്‍ ചാടിവീണ് അമ്പതുപേരെ അറസ്റ്റു ചെയ്തു ജോര്‍ജയിലെ (Georgia) നഗരമായ റ്റിഫ്ലീസിനടുത്തുള്ള വയലില്‍ വരിയായി നിറുത്തി. ഓരോ പോലീസുകാരന്റെയും കൈയില്‍ കൂര്‍ത്ത ആണികള്‍ തറച്ച ചാട്ടയുണ്ട്. തൊഴിലാളികള്‍ ഓരോരുത്തനായി മുതുകു നഗ്നമാക്കി പോലീസുകാരുടെ മുന്‍പിലൂടെ നടന്നു പോകണം. ശക്തി സംഭരിച്ച് ഓരോ പോലീസുകാരനും തടവുകാരുടെ മുതുകില്‍ ചാട്ടകൊണ്ട് ആഞ്ഞടിക്കും. രക്തം ചാടും, വേദന അസഹനീയം. പലരും അവസാനത്തെ പോലീസുകാരന്റെ അടുത്തെത്തുന്നതിനു മുന്‍പ് ബോധംകെട്ടുവീഴും. അനേകമാളുകള്‍ മരിച്ചു.
തൊഴിലാളി നേതാവിന്റെ ഊഴം വന്നു. ഷേര്‍ട്ട് ഊരി അയാള്‍ മുതുകു നഗ്നമാക്കി. അതിനുമുന്‍പ് അയാള്‍ കനം തീരെ കുറഞ്ഞ ഒരു പുല്ക്കൊടി താഴെനിന്നു പറിച്ചെടുത്തു പല്ലുകള്‍ക്കിടയില്‍ വച്ചു. എന്നിട്ടു പോലീസുകാരുടെ മുന്‍പിലൂടെ നിവര്‍ന്നു മെല്ലെ നടന്നു. ഉന്മാദമാര്‍ന്ന ചാട്ട അയാളുടെ മുതുകില്‍ തുടരെത്തുടരെ വീണു. മുറിവുകളില്‍ നിന്നും രക്തം ചാടിയിട്ടും അയാള്‍ ഒരു ശബ്ദം പോലും കേള്‍പ്പിച്ചില്ല. വായ് തുറന്നതേയില്ല. അയാളെ ‘വകവരുത്തണ’മെന്ന് വിചാരിച്ച് ഓരോ പോലീസുകാരനും രണ്ടു തവണ മൂന്നു തവണ ആഞ്ഞടിച്ചു. പക്ഷേ അയാളില്‍നിന്ന് ഒരു ശബ്ദം പോലും ഉണ്ടായില്ല.
Image result for joseph stalinശരീരം വളയ്ക്കാതെ, രോദനം നടത്താതെ അയാള്‍ വരിയായി നിന്ന പോലീസുകാരന്റെ മുമ്പിലൂടെ നടന്നു. അവസാനത്തെ പോലീസുകാരന്റെ അടുത്തെത്തി ചാട്ടയടി ഏറ്റതിനുശേഷം അയാള്‍ പല്ലിനിടയില്‍നിന്നു പുല്‍ക്കൊടിയെടുത്തു പോലീസുകാരന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു. “എന്റെ ഓര്‍മ്മയ്ക്കായി ഇതുവച്ചുകൊള്ളൂ. നോക്കു, ഞാന്‍ ഈ പുല്‍ക്കൊടി കടിച്ചതു പോലുമില്ല. എന്റെ പേരു സ്റ്റാലിനെന്നാണ്.”
മഹാനായ ഗ്രീക്ക് സാഹിത്യകാരന്‍ നീക്കോസ് കാസാന്‍ ദ് സാക്കസിന്റെ (Report To Greco) എന്ന അതിസുന്ദരമായ പുസ്തകത്തില്‍ നിന്നാണ് ഈ വിവരണം ഞാന്‍ എടുത്തെഴുതുന്നത്. പില്ക്കാലത്ത് സോവിയറ്റ് രാഷ്ട്രത്തെ മാത്രമല്ല ലോകത്തെയാകെ വിറപ്പിച്ച സ്റ്റാലിന്റെ സ്വഭാവദാര്‍ഢ്യത്തെ ഇതു സ്പഷ്ടമാക്കിത്തരുന്നു. ഈ സ്വഭാവദാര്‍ഢ്യവും അതില്‍ നിന്നു ജനിച്ച നൃശംസതയും ഏതളവു വരെ ചെന്നുവെന്നു മനസ്സിലാക്കണമെങ്കില്‍ ക്ലാസിക്കായി കരുതപ്പെടുന്ന Let History Judge (‘ചരിത്രം വിലയിരുത്തട്ടെ’) എന്ന ഗ്രന്ഥം വായിക്കണം.
റഷ്യയിലെ റൊയ് മിദ്‌വീദീവ് (Roy Medvedeet എഴുതിയതും ജോര്‍ജ്ജ് ഷ്രിവര്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തതുമായ ഈ ഗ്രന്ഥം തൊള്ളായിരത്തിലധികം പുറത്തോളം ദീര്‍ഘത ആവഹിച്ചിരിക്കുന്നു. 1879 ഡിസംബര്‍ 21-നു ജനിക്കുകയും 1953 മാര്‍ച്ച് അഞ്ചുവരെ ജീവിച്ചിരിക്കുകയും ചെയ്ത വിപ്ലവകാരിയായ ഒരു ഏകശാസനാധിപതിയുടെ സങ്കീര്‍ണ്ണ സ്വഭാവത്തെ സമ്പൂര്‍ണ്ണമായും ഈ പുസ്തകത്തില്‍ അനാവരണം ചെയ്തിരിക്കുന്നു.
സ്റ്റാലിന്റെ ഏറ്റവും നല്ല ജീവചരിത്രം പോളണ്ടില്‍ ജനിച്ച ഇംഗ്ലീഷ് എഴുത്തുകാരന്‍ ഐസക് ഡ്വെയ്‌ച്ചറുടെ “Stalin–A Political Biography” (‘സ്റ്റാലിന്‍ – ഒരു രാഷ്ട്രീയ ജീവചരിത്രം’) എന്നതാണ് ആന്റി സ്റ്റാലിനിസ്റ്റ് വീക്ഷണഗതികള്‍ വച്ചു പുലര്‍ത്തിയതിനു പാര്‍ട്ടിയില്‍ നിന്നു നിഷ്കാസിതനായ അദ്ദേഹം ട്രൊറ്റ്സ്കിയിസത്തിനു അനുകൂലനാണെങ്കിലും സ്റ്റാലിന്റെ നേട്ടങ്ങളുടെ നേര്‍ക്കു കണ്ണടയ്ക്കുന്നില്ല.
സ്റ്റാലിന്റെ മൃതശരീരം ആദ്യമായി ലെനിന്റെ മൃതദേഹത്തിനടുത്തു വച്ചെങ്കിലും കാലം കഴിഞ്ഞപ്പോള്‍ അത് അവിടെ നിന്നു മാറ്റിവച്ചു. സ്റ്റാലിന്റെ പേരുതന്നെ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള യത്നമായിരുന്നു അതെന്നു ചൂണ്ടിക്കാണിച്ചിട്ട് ഡ്വെയ്‌ച്ചര്‍ പറയുന്നു; (Posterity, haunted by Stalin, perplexed by the legacy of his rule yet still unable to master and transcend it, for the time being sought merely to cast him out of its memory) (“സ്റ്റാലിനെക്കുറിച്ചുള്ള സ്മൃതികളാല്‍ വേട്ടയാടപ്പെടുന്ന, അദ്ദേഹത്തിന്റെ ഭരണപൈതൃകത്താല്‍ പരിഭ്രാന്തരായ വരും തലമുറകള്‍, ആ അവസ്ഥയെ തരണം ചെയ്യാനാവാതെ ഇപ്പോള്‍ ശ്രമിക്കുന്നത് അദ്ദേഹത്തെ ഓര്‍മ്മകളില്‍ നിന്നു തന്നെ പുറംതള്ളാനാണ്”).
ഈ ഉജ്ജ്വലമായ ഗ്രന്ഥത്തെ ബഹുദൂരം അതിശയിച്ചിരിക്കുന്നു മീദ്‌വീദീവിന്റെ ഈ ഗ്രന്ഥം. ഇതു സ്റ്റാലിന്റെ ജീവചരിത്രമാണ്, അദ്ദേഹത്തിന്റെ കാലയളവിലെ രാഷ്ട്രവ്യവഹാര ചരിത്രമാണ്. സോവിയറ്റ് രാഷ്ട്രത്തിന്റെ കാലയളവിലെ രാഷ്ട്രവ്യവഹാര ചരിത്രമാണ്. സോവിയറ്റ് രാഷ്ട്രത്തിന്റെ ഉയര്‍ച്ചയുടെ ചരിത്രമാണ്. സ്റ്റാലിന്റെ ആപ്തമിത്രങ്ങളെന്നു കരുതപ്പെട്ടവരുടെ ദുരന്തത്തിന്റെ ആലേഖ്യമാണ്. ഗ്രന്ഥം വായിച്ചു തീര്‍ന്നാലും സ്റ്റാലിന്‍ നമ്മളെ ‘ഹോണ്‍ട്’ ചെയ്തുകൊണ്ടിരിക്കും. ഡ്വെയ്‌ച്ചര്‍ പറഞ്ഞതുപോലെ താല്‍ക്കാലികമായി സ്റ്റാലിനെ സംബന്ധിച്ച സ്മരണയെ ഇല്ലാതാക്കാനേ ജനതയ്ക്കു കഴിയൂ.