ഒരിക്കൽ എല്ലാരാലും സ്നേഹിക്കപ്പെട്ടിരുന്ന സ്റ്റാലിനെ ക്രൂരമായി ചിത്രീകരിക്കേണ്ടത് ആരുടെ ആവശ്യകതയായിരുന്നു ?

109
എങ്ങനെയാണ് ഇതൊക്കെ പിന്നീട് തിരിച്ചിട്ടത്.
ക്രൂഷ്ചേവ് , മക്കാർത്തി തുടങ്ങി ഗോർബച്ചേവ് വരെ വലിയ പട , സോവിയറ്റ് വിപ്ലവം, ചരിത്ര വികാസം ഇവയറിയാത്തവരെ പുതിയ കഥകൾ കൊണ്ട് നിറച്ചു.1953 മാർച്ച് 5 രാത്രി 9.50ന് സ്റ്റാലിൻ നിര്യാതനായി. പുത്രനായ വാസിലിയും പുത്രി സ്വെത്‌ലാനയും മറ്റു കുടുംബാംഗങ്ങളും പ്രെസിഡിയും അംഗങ്ങളും അവസാന നിമിഷങ്ങളിൽ സമീപത്തുണ്ടായിരുന്നു. സ്റ്റാലിന്റെ വിയോഗത്തിൽ നിയന്ത്രണാതീതമായി പൊട്ടിക്കരഞ്ഞവരിൽ മോളോട്ടോവും വോരോഷിലോവും ബുൽഗാനിനും കഗനോവിച്ചും മലങ്കോവും ക്രൂഷ്ചേവും ഉണ്ടായിരുന്നു.
മാർച്ച് 6 പ്രഭാതം. സ്റ്റാലിന്റെ മരണം മോസ്കോ റേഡിയോ ഇങ്ങനെ വിളംബരം ചെയ്തു.
“ലെനിന്റെ അടുത്ത സഖാവും, അദ്ദേഹത്തിന്റെ കടമകൾ പിന്തുടർന്ന ജ്ഞാനിയായ നേതാവും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സോവിയറ്റ് ജനതയുടെയും ഗുരുനാഥനുമായ ജോസഫ് വിസ്സാരിയോൻവിച്ച് സ്റ്റാലിന്റെ ഹൃദയം നിശ്ചലമായിരിക്കുന്നു.”
ആ ദിവസം പ്രഭാതത്തിൽ പതിവിന് വിപരീതമായി മോസ്കോ നഗരം നേരത്തേ ഉണർന്നു. എല്ലാ വീടുകളിലും വെളിച്ചമുണ്ടായിരുന്നു. ജനവാതിലുകളിൽ ചെമ്പതാകയോടൊപ്പം കറുത്ത തുണിയും കാണാമായിരുന്നു. പരസഹസ്രം ജനത വിതുമ്പിക്കരയുകയായിരുന്നു.
വിശ്വജന ഹൃദയങ്ങളിൽ സ്റ്റാലിൻ അമർത്യനായിരിക്കുമെന്ന ആശിസ്സുകളോടെയാണ് പീക്കിംഗ് റേഡിയോ സ്റ്റാലിന്റെ വിയോഗവാർത്തയറിയിച്ചത്. സഖാവ് മൗസെതുങ് തന്റെ അനുശോചനം ‘ദി ന്യചൈനന്യാസ്’ വഴി അറിയിച്ചു.
‘തന്റെ പ്രിയങ്കരനായ സ്നേഹിതനും ചൈനീസ് ജനതയുടെ മഹാനായ ഗുരുവുമായ സഖാവ് സ്റ്റാലിന്റെ വിയോഗ വാർത്ത, ജനങ്ങളുടെ സർക്കാരും ഞാനും ശ്രവിച്ചത് അന്തമില്ലാത്ത ശോകത്തോടെയാണ്… കടന്നുപോയ 30 സംവത്സരങ്ങൾ.. സഖാവ് സ്റ്റാലിൻ അർപ്പിച്ച നിതാന്ത ജാഗ്രത. നേതൃത്വം… പിന്തുണ – ഇവയുമായി അഭേദ്യമായും സമ്പൂർണ്ണമായും കണ്ണിചേർക്കപ്പെട്ടിരിക്കയാണ് ചൈനീസ് വിപ്ലവത്തിന്റെ വിജയം… ചൈനീസ് ജനത നിരുപാധികമായും ദൃഢനിശ്ചയത്തോടെയും, സോവിയറ്റ് യൂണിയൻ നേതൃത്വം നൽകുന്ന ലോക സമാധാന ചേരിയെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനായി മഹത്തായ സോവിയറ്റ് ജനതയോട് എല്ലായ്പ്പോഴും ഹൃദയം കോർത്തു വയ്ക്കുന്നതായിരിക്കും. ലെനിന്റെയും സ്റ്റാലിന്റെയും മഹത്തായ സോവിയറ്റ് ജനതയുടേയും മഹത്തായ പാർട്ടിക്ക്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാരിന്റെയും സൗഭ്രാത്ര പൂർണ്ണമായ വിശ്വാസസ്ഥൈര്യവും പിന്തുണയും ഉണ്ടായിരിക്കും.
വിയറ്റ്നാം നേതാവ് ഹോചിമിന്റെ സന്ദേശം ഇതായിരുന്നു. “സഖാവ് സ്റ്റാലിന്റെ വിയോഗത്തിലൂടെ ലോകത്തിലെ യാതനയനുഭവിക്കുന്ന ജനങ്ങൾക്ക് മഹാനായ ഒരു നേതാവിനെയും ഗുരുവിനെയുമാണ് നഷ്ടപ്പെട്ടത്. അദ്ദേഹം തെളിയിച്ച വിപ്ലവ-വിമോചന രഥ്യ പ്രശാന്തിയിലേക്കും സ്വാതന്ത്രത്തിലേക്കുമുള്ള രഥ്യയാണ്. അത് മനുഷ്യ വംശത്തിന്റെ വിമോചനരഥ്യയാണ്. മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ എന്നിവരുടെ പാത പിൻപറ്റുമെന്ന് ഞങ്ങൾ ദൃഢപ്രതിഞ ചെയുന്നു.”
ഐക്യരാഷ്ട്ര സഭയുടെ ആദരാഞ്ജലി ഇങ്ങനെയായിരുന്നു.
“പുരോഗമന മാനവികതക്ക് അതീവ ദുഖകരമായ നഷ്ടം” മാർഷൽ സ്റ്റാലിന് ആദരാഞ്ജലിയർപ്പിക്കാൻ യു.എൻ തങ്ങളുടെ പതാക പകുതി താഴ്ത്തിക്കെട്ടി.യു.എൻ പ്രസിഡന്റ്, മിസ്റ്റർ ലെസ്റ്റർ ബി പേഴ്സന്റെ സന്ദേശം ഇതായിരുന്നു.
“സ്റ്റാലിന്റെ വിയോഗത്തിലുള്ള ദുഃഖം പൊതു സഭയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ രേഖപ്പെടുത്തുന്നു. അദ്ദേഹം കടന്നു പോയതോടെ യു.എന്നിന് അതിന്റെ ശില്പികളിൽ ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സോവിയറ്റ് ജനതക്ക് നാസിവിരുദ്ധ പോരാട്ടത്തിൽ അജയ്യനായ നേതാവിനേയും…ആ സമരത്തിന്റെ വിജയത്തിന് സ്റ്റാലിൻ നൽകിയ സംഭാവന എത്രമാത്രം പാവനമായിരുന്നെന്ന് ഇന്ന് ഞങ്ങൾ അനുസ്മരിക്കുന്നു. ആ വിജയമാണ് സർവ്വ ദേശങ്ങളിലേയും ദശലക്ഷക്കണക്കിന് മനുഷ്യരെ സമാധാനത്തിനായി പ്രതീക്ഷയർപ്പിക്കുന്ന ഈ ലോകസംഘടന സാധ്യമാക്കിത്തീർത്തത്.”
പ്രഭാതകുർബാനയിൽ, മാർഷൽ സ്റ്റാലിന്റെ ആത്മാവിനുവേണ്ടി പോപ്പ് പയസ് പന്ത്രണ്ടാമൻ ദൈവത്തോട് പ്രാർത്ഥിച്ചു.അക്കാലത്തെ ഏറ്റവും ഉന്നതനായ ഗാന്ധിയൻ ആചാര്യൻ വിനോബാ ഭാവെ ഇങ്ങനെ പറഞ്ഞു.”സ്റ്റാലിന്റെ മരണം റഷ്യയുടെ മാത്രം നഷ്ടമല്ല. മറിച്ച് ലോകത്തിന്റെ മുഴുവൻ നഷ്ടമാണ്. ഈ ഭൂവനത്തിലെ ജനങ്ങളുടെ വിശ്വാസാദരങ്ങൾ സ്റ്റാലിന് ലഭ്യമാവാൻ കാരണം, ലോകത്തിന് അവിസ്മരണീയമായ ചില കുലീനഗുണങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ്.മാർക്സും ലെനിനും സ്റ്റാലിനുമാണ് ലോക കമ്മ്യൂണിസത്തിന്റെ വാസ്തുശില്പികൾ.”
ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കവെ നെഹ്‌റു പറഞ്ഞു.
”മാർഷൽ സ്റ്റാലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ സർവമാനമായ ചിന്തകൾ കൊണ്ട് മനം നിറയുന്നു. കടന്നുപോയ 35 സംവത്സരങ്ങൾ…ചരിത്രത്തിന്റെ സമ്പൂർണ്ണ ദൃശ്യങ്ങൾ നമ്മുടെ നേത്രഗോളങ്ങളിലൂടെ മിന്നിമറിയുന്നു.. മാർഷൽ സ്റ്റാലിനെക്കാൾ ഉന്നതമായി ഈ യുഗത്തിന്റെ ചരിത്രത്തെ കടഞ്ഞ് മിനുക്കിയെടുത്ത, ഈ യുഗത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല…മാർഷൽ സ്റ്റാലിൻ വിടവാങ്ങിയെങ്കിലും ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായ പാവനമായ സ്ഥാനത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ സ്വാധീനവും സ്‌മൃതിയും ജനമനസുകളെ എക്കാലവും സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും”
1953 മാർച്ച് 9ന് പ്രഭാതത്തിൽ അഗാധമായ നിശബ്ദത രാഷ്ട്രത്തെ ഗ്രസിച്ചു. വിനോദദൃശ്യങ്ങളോ സംഗീത മേളകളോ ഒന്നും തന്നെ അവിടെയുണ്ടായിരുന്നില്ല. മോസ്കോ തെരുഹൃദയങ്ങളിൽ പോസ്റ്ററുകൾ പോലും അപ്രത്യക്ഷമായിരിന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടപ്പെട്ടു.
ബീജിങ്ങിൽ സമാധാനത്തിന്റെ സ്വർഗീയ കവാടത്തിനുമുൻപിലെ ചത്വരത്തിൽ ഒരു മനുഷ്യ സമുദ്രം നിറയുകയായിരുന്നു…സ്റ്റാലിന്റെ ബൃഹത്തായ ഛായാ ചിത്രത്തിന് മുന്നിൽ മൗസെതുങ് പ്രണാമമർപ്പിച്ചു.ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകൾ മൗനജാഥകൾ നടത്തിയും അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചും സാർവ്വദേശിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യന് പ്രണാമമർപ്പിച്ചു.