വില്ലൻ വേഷങ്ങളിൽ എന്നല്ല ഗുണ്ടാ വേഷങ്ങളിൽ ചെറിയതാരമായി വന്ന പലരും രക്ഷപെടുന്ന കാലമാണ്. ബാബുരാജ്, അബുസലിം , ഭീമൻ രഘു …തുടങ്ങിയവരുടെ ഒരുകാലത്തെ വേഷങ്ങൾ എന്തായിരുന്നു എന്ന് നമുക്കറിയാം. അത്തരത്തില് വേഷങ്ങളിലൂടെ കടന്നുവന്ന താരമാണ് എം കെ ബാബു എന്ന ജിം ബാബു. എം കെ ബാബു പക്ഷെ വന്നിടത്തുതന്നെ നിൽക്കുകയാണ്. ചിലരുടെ ഭാഗ്യനിര്ഭാഗ്യങ്ങൾ കൊണ്ടാകാം എന്നാലും അദ്ദേഹത്തിന് നല്ല വേഷങ്ങൾ കിട്ടണം എന്ന് ആഗ്രഹിക്കുന്നവരാണ് സിനിമാസ്വാദകർ. Malayalam Movie & Music DataBase (m3db) എന്ന ഗ്രൂപ്പിൽ ജിം ബാബുവിനെ കുറിച്ച് Sebastian Xavier പങ്കുവച്ച പോസ്റ്റ് ആണിത്.

Sebastian Xavier

പോസ്റ്റിലെ ചിത്രത്തിൽ കൊച്ചിൻ ഹനീഫയുടെയും ആലുമ്മൂടന്റെയും പറവൂർ ഭരതന്റെയും പിന്നിലായി നല്ല കട്ടക്കലിപ്പിൽ നെഞ്ചും വിരിച്ച് നിൽക്കുന്ന ജിമ്മനെ കണ്ടില്ലേ… പിൻനിരയിലാണേലും, മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രമായി 1978 ൽ പുറത്തിറങ്ങിയ തച്ചോളി അമ്പുവിൽ യോദ്ധാക്കളായി അഭിനയിച്ച ഒട്ടേറെ മസിൽമാൻമാർക്കിടയിൽ, തന്റെ മുഖം തിരിച്ചറിയപ്പെടും വിധം അൽപനേരം സ്ക്രീനിൽ കണ്ട് നിർവൃതിയടയാൻ അവസരം ലഭിച്ച ചുരുക്കം ചിലരിലൊരാളാണയാൾ..

ആ ചിത്രത്തിൽ എം എൻ നമ്പ്യാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ അംഗരക്ഷകരിലൊരാളായി അണിനിരന്നപ്പോൾ, അത് എറണാകുളം അയ്യപ്പൻകാവ് സ്വദേശി എം കെ ബാബു എന്ന ജിം ബാബുവിന്റെ സിനിമാ അരങ്ങേറ്റം കൂടിയായിരുന്നു..

മിസ്റ്റർ എറണാകുളം, മിസ്റ്റർ കേരള, മിസ്റ്റർ സൗത്ത് ഇന്ത്യ പട്ടങ്ങളൊക്കെ പലതവണ കരസ്ഥമാക്കിയിട്ടുള്ള ബാബുവിനെ മിക്കവാറും സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളതും, എണ്ണ തേച്ച് മിനുക്കിയ മസിൽ വിറപ്പിച്ച് നിൽക്കുന്ന ജിമ്മനായിട്ട് തന്നെ..

ബാബു വർക്ക്ഔട്ട് ചെയ്തിരുന്ന എറണാകുളത്തെ ജിമ്മിൽ, തന്റെ ചിത്രത്തിലേക്കുള്ള മസിൽമാൻമാർക്കായുള്ള അന്വേഷണാർത്ഥം എത്തിയ സാക്ഷാൽ നവോദയ അപ്പച്ചന്റെ രൂപത്തിലാണ് ആദ്യ സിനിമയിലേക്കുള്ള അവസരം ഇദ്ദേഹത്തെ തേടിയെത്തിയത്.. തച്ചോളി അമ്പുവിന് ശേഷം തൊട്ടടുത്ത വർഷം അതേ ടീമിന്റെ തന്നെ മാമാങ്കം എന്ന ചിത്രത്തിലും വേഷമിട്ടു.. അതൊടൊപ്പം മറ്റൊരു കർണ്ണൻ, പുഷ്യരാഗം തുടങ്ങിയ ചിത്രങ്ങളിലെയും സാന്നിധ്യമായി..

‘പൂമുഖപ്പടിയിൽ നിന്നെയും കാത്ത്’ എന്ന ചിത്രത്തിൽ അടൂർ ഭവാനിയുടെ കഥാപാത്രത്തെ മസിൽ കാട്ടി പേടിപ്പിക്കുന്ന വേഷം മുതലായിരിക്കണം പ്രേക്ഷകർ ഈ മസിൽമാനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്… പിന്നീട് നിരവധി ചിത്രങ്ങളിൽ കണ്ട പരിചിതമുഖവും, ശരീരവും ആണെങ്കിലും പലർക്കും ഇദ്ദേഹം ഇപ്പോഴും ‘പേരറിയാത്ത നടൻ’ തന്നെയാണ്..

ആദ്യ സിനിമ മുതലിങ്ങോട്ട് ഒട്ടേറെ പടങ്ങളിൽ വില്ലന്മാരുടെ സംഘത്തിൽ അംഗമാകേണ്ടി വന്നിട്ടുള്ള ഈ നടന് ഇടയ്ക്കിടെ അങ്ങനെയല്ലാത്ത റോളുകൾ ചെയ്യാനും കോമഡി രംഗങ്ങളുടെ ഭാഗമാവാനുമൊക്കെ കഴിഞ്ഞിട്ടുണ്ട്.. പഞ്ചാബിഹൗസ്, ഉത്തരാസ്വയംവരം, ഭാഗ്യദേവത, എന്നും എപ്പോഴും തുടങ്ങി കുറേ ഉദാഹരണങ്ങൾ.. ഏത് റോളിലായാലും പുള്ളീടെ ഹൈലൈറ്റ് എപ്പോഴും മസിൽ തന്നെ..

ഒരു കാലത്ത് മസിൽമാൻ വേഷങ്ങളിൽ തളച്ചിടപ്പെട്ട അബുസലിമൊക്കെ പയ്യെപ്പയ്യെ ക്യാരക്ടർ റോളിലേക്ക് നടന്നു കയറിക്കഴിഞ്ഞ കാലമാണ്.. ജിം ബാബുവിനെയും സിനിമയിൽ അത്തരം വേഷങ്ങളിലൊക്കെ കാണാൻ ആഗ്രഹമുണ്ട്.. നാലു പതിറ്റാണ്ടായി സിനിമയിലുള്ള ഒരു നടൻ തീർച്ചയായും അതർഹിക്കുന്നുണ്ടല്ലോ..

എം.കെ. ബാബുവിന്റെ കൂടുതൽ വിവരങ്ങളും സിനിമകളും പ്രൊഫൈലിൽ: https://m3db.com/m-k-babu

Leave a Reply
You May Also Like

ഞാൻ കണ്ട ഗന്ധർവ്വൻ

പദ്മരാജൻ ഒരു കാലഘട്ടത്തിന്റെ വികാരമായിരുന്നു. അതുകൊണ്ടുതന്നെയാണ് ആ കാലഘട്ടം താണ്ടി വന്നവർക്കു അദ്ദേഹം എന്നുമൊരു ഗന്ധർവ്വൻ…

ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഏക പുരുഷ വിദ്യാർഥിയായ ഉദയ് ഗുപ്തയുടെ കഥയാണ് ‘ഡോക്ടര്‍ ജി’

ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഏക പുരുഷ വിദ്യാർഥിയായ ഉദയ് ഗുപ്തയുടെ കഥയാണ് ഡോക്ടര്‍ ജി എന്ന ചിത്രം…

ജയിലറിൽ നിന്നും മുങ്ങിയ നെൽസൺ പൊങ്ങിയത് ഖത്തറിൽ

‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’ ആണ്…

വാലിയിൽ നായികയായി ആദ്യം തിരഞ്ഞെടുത്തത് സിമ്രാൻ ആയിരുന്നില്ല എന്ന് നിങ്ങൾക്കറിയാമോ ? അക്കഥയിങ്ങനെ

വാലിയിൽ നായികയായി ആദ്യം തിരഞ്ഞെടുത്തത് സിമ്രാൻ ആയിരുന്നില്ല എന്ന് നിങ്ങൾക്കറിയാമോ? 1999-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ…