എന്തെന്നറിയാത്തൊരാരാധനയുടെ …

240
ഗിരീഷ് വർമ്മ ബാലുശ്ശേരി
എന്തെന്നറിയാത്തൊരാരാധനയുടെ …
പാട്ടുകളൊഴുകിത്തീർന്ന വരണ്ട മണ്ണിലേക്ക് ജീവജലം തളിച്ചെത്തിയ പാട്ടെഴുത്തുകാരനാണ് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. കൗമാരത്തിലെയും ,യൗവ്വനാരംഭകാലത്തിലെയും ജീവിത പരീക്ഷണങ്ങൾ അനുഭവിച്ചറിഞ്ഞു വന്ന ഊർജ്വസ്വലനായ കവിയ്ക്ക് 1986 ൽ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെ ഒരു പുതുജന്മം കൈവരുകയായിരുന്നു.ദേവദുന്ദുഭീ സാന്ദ്രലയം എന്ന അർദ്ധ ശാസ്ത്രീയ ഗാനം നൽകിയ ഉണർവിലൂടെ മലയാള ചലച്ചിത്ര സംഗീതവും വീണ്ടും പഴയകാല നിറവിലേക്കു നടന്നടുക്കുകയായിരുന്നു. അദ്ദേഹം രചിച്ച വരികൾക്ക് അന്നത്തെ മിക്ക സംഗീത സംവിധായകരും ഈണമിട്ട് പൊലിപ്പിച്ചിട്ടുണ്ട് .
സ്വന്തം രചനകൾക്ക് കവി തന്നെ ഈണമിടുന്ന ഒരു പുതു രീതിയുടെ തുടക്കവും കൈതപ്രത്തിലൂടെ സാധ്യമായി മലയാളത്തിന്. സത്യത്തിൽ മറ്റൊരിടത്തും അനുഭവിക്കാത്ത ഒരു ലയം ആ പാട്ടുകൾക്കുണ്ടായിരുന്നു എന്നത് പറയാതെങ്ങിനെ !!സ്വന്തം കുഞ്ഞിനെ താലോലിക്കുമ്പോഴും , ഒരുക്കുമ്പോഴും ഒക്കെ ഉണ്ടാവാവുന്ന ആ ശ്രദ്ധ പോലെ തന്റെ വരികൾക്കും അത്രയേറെ ചേർന്ന ഈണങ്ങൾ നൽകി അദ്ദേഹം ..

ദേശാടനത്തിലൂടെ തുടക്കം കുറിച്ചു .1996 ..കളിവീടുറങ്ങിയല്ലോ എന്ന ഗാനം മൂളാത്തവർ ഉണ്ടാവില്ല … മനസ്സുകളിലേക്ക് തറച്ചു കയറുന്ന സംഗീതം .. ദേശാടനം എന്ന ചിത്രം തന്നെ അത്തരത്തിലുള്ളതായിരുന്നല്ലോ. നമ്പൂതിരി സമുദായത്തിലെ ആചാര്യസ്ഥാനത്തേക്കു അവരോധിതനാവുന്ന ഒരു കൊച്ചു കുട്ടിയുടെ കഥ പറഞ്ഞ ചിത്രം. ജനിച്ച മനയും, അച്ഛനും അമ്മയും, എല്ലാം അന്യമായി തീരുന്ന ആ അവസ്ഥയെ ആ കുടുംബം എങ്ങിനെ തരണം ചെയ്യുന്നു എന്നതും വികാരതീവ്രതയുടെ മുൾമുനയിൽ നിന്നേ പ്രേക്ഷകനും നോക്കിക്കാണാൻ പറ്റിയുള്ളൂ… കുട്ടിക്കാലത്തിന്റെ സുഖകരമായ നറുനിമിഷങ്ങൾ കോർത്തിണക്കിയ രണ്ടുമൂന്നു പാട്ടുകൾ ഉണ്ട്. നാവാമുകുന്ദ ഹരേ , നീലകാർമുകിൽ വർണ്ണനന്നേരം എന്നിവയൊക്കെ പൊയ്‌പോയകാലത്തിന്റെ ഏതൊക്കെയോ നാട്ടുവഴികളിലൂടെ , കഥാസാഗരങ്ങളിലൂടെ എല്ലാം നമ്മെ കൊണ്ടുപോകുകയും ചെയ്തു..

കളിവീടുറങ്ങിയല്ലോ, യാത്രയായി .. എന്നീ ഗാനങ്ങൾ നൽകുന്ന പിരിമുറുക്കത്തെ എങ്ങിനെയാണ് വർണ്ണിക്കുക. ബന്ധങ്ങളുടെ കെട്ടുപാടുകൾ തീർക്കുന്ന വലിച്ചിലും , വേദനയും, നഷ്ടബോധവും എല്ലാം കൂടെ കൂടികലർന്ന ആ ഗാനങ്ങൾ കൈതപ്രത്തിന്റെ എന്നത്തേയും ഹിറ്റാണ് …1997 ൽ കളിയാട്ടം എന്ന ചിത്രത്തിലെ ഗാനങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. എന്നോടെന്തിനീ പിണക്കം എന്ന ഗാനത്തിലൂടെ ഭാവനാ രാധാകൃഷ്ണൻ എന്ന പുതുഗായികയേ പരീക്ഷിക്കുകയും ചെയ്തു അദ്ദേഹം. ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകളും , സംശയങ്ങളും ഇടകലർന്ന മനുഷ്യമനസ്സിന്റെ കളിയാട്ടങ്ങൾ കണ്ട് പ്രേക്ഷകർ അമ്പരന്നു. നിരവധി അവാർഡുകൾ നേടിയ ചിത്രം… പ്രണയഗാനത്തിന്റെ പുതിയ രീതികൾ പരീക്ഷിക്കപ്പെട്ട ചിത്രം. വണ്ണാത്തിപ്പുഴയുടെ തീരത്ത് ,,, വേളിക്ക് വെളുപ്പാൻ കാലം എന്ന ഗാനങ്ങളൊക്കെ 1997 ന്റെ രോമാഞ്ചങ്ങളാണ് …1997 ൽ തന്നെ കാരുണ്യം എന്ന ചിത്രം. ഒരച്ഛന്റെയും മകന്റെയും സ്നേഹസമർപ്പണത്തിന്റെ ഗാഥ . ലോഹിതദാസിന്റെ മാസ്റ്റർ പീസ് . നിരാശാകാമുകന്റെ പ്രണയവീചികൾ കരഞ്ഞൊഴുകിയ ഗാനം … മറക്കുമോ നീയെന്റെ മൗനഗാനം .. അതി തീവ്ര പ്രണയദുഖത്തിന്റെ നിശ്വാസ അലകൾ ഉയർന്നു പൊങ്ങിയ ഗാനം.. നല്ലൊരു കമ്പോസർ ആണെന്ന് കൈതപ്രം തെളിയിച്ച മറ്റൊരു ഗാനാൽഭുതം …പൂമുഖം വിടർന്നാൽ പൂർണേന്തു എന്ന സുന്ദര പ്രണയഗാനം … മരണം വരുത്തി വെക്കുന്ന ശൂന്യതയെ , തീരാനഷ്ടത്തെ , ഒരു അപൂർവ ദുഃഖഗാനത്തിലൂടെ കൈതപ്രം ഒരുക്കിവെക്കുകയുണ്ടായി… മറഞ്ഞുപോയതെന്തേ … എന്ന ഗാനം മരണത്തിനു ശേഷം ഓർമ്മകളിൽ മാത്രം നിറയുന്ന നഷ്ടബന്ധങ്ങളെ ഓർമ്മപ്പെടുത്തുന്നു…വലംപിരി ശംഖിൽ പുണ്യോതകം എന്ന ഗാനം ദാർശനിക സങ്കൽപ്പങ്ങളെ പുൽകുന്ന പാവം മനുഷ്യമനസ്സിന്റെ വിഭ്രാന്തികളെ കാട്ടിത്തരുന്നു..1998 ൽ താലോലത്തിലെ ഗാനങ്ങൾ ഇതേ ലെവലിൽ തന്നെ പാട്ടസ്വാദകർ കൊണ്ടാടുകയുണ്ടായി… ഇനിയെന്ന് കാണും മകളെ എന്നത് ദേശാടനത്തിലെ ഗാനത്തോട് ചേർന്ന് നിൽക്കുന്നു ..
വീണ്ടും 1998 ൽ ഒരു കൈതപ്രം മാജിക് .. എന്ന് സ്വന്തം ജാനകികുട്ടി . എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്തത്. ഒരു സ്വപ്നാടന പെൺകുട്ടിയുടെ മനസ്സിന്റെ ഇളക്കങ്ങൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.. യക്ഷിക്കഥകൾ കേട്ട് വളരുന്ന ബാല്യത്തിന്റെ മൂപ്പിൽ നിന്നും കൗമാരത്തിന്റെ ഇളപ്പിലേക്ക് ഊർന്നുവീണ ജാനകിക്കുട്ടിയുടെ മായിക സങ്കൽപ്പങ്ങളുടെ വെണ്മനിറവ് .. ഒരു സുന്ദരാനുഭവം തന്നെയായിരുന്നു ആ സിനിമയും അതിലെ ഗാനങ്ങളൂം. പാർവണ പാൽമഴ പെയ്തൊഴിഞ്ഞു.. എന്ന നിലാവിന്റെ വെണ്മയും, തുടിപ്പും, ,കുളിരും നിറഞ്ഞ ഗാനം കോരിത്തരിപ്പോടെയേ അനുഭവിക്കാനാവുള്ളൂ… ചെമ്പകപ്പൂമൊട്ടിനുള്ളിൽ വസന്തം വന്നു എന്ന കാവ്യ സങ്കല്പം അത്രമേൽ വികാരവായ്പോടെ അനുഭവിപ്പിച്ചു ശ്രീ കൈതപ്രം…
പിന്നീട് തട്ടകം ,ശാന്തം എന്നീ സിനിമകൾ വന്നു. അതിലൊക്കെ തന്നെ കഥയോട് ഏറെ നീതി പുലർത്തിയ ഗാനങ്ങളായിരുന്നു.. ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനെ എന്ന സമർപ്പണ സങ്കല്പം അതീവ ഹൃദ്യം ആയിരുന്നു. ശാന്തത്തിലെ ആറ്റുനോറ്റുണ്ടായൊരുണ്ണി എന്നതും അമ്മയുടെ പുത്രസ്നേഹത്തിന്റെ കോരിച്ചൊരിഞ്ഞ ആയിരം പറ .
ലളിതാംബികാ അന്തർജനത്തിന്റെ ഏക നോവലായ അഗ്നിസാക്ഷിയുടെ സിനിമാ രൂപവും ഏറെ മികച്ചതായിരുന്നു. അതിന്റെ ശക്തി ചോരാതെ തന്നെ ശ്യാമപ്രസാദിന് അത് ചലച്ചിത്രമാക്കാൻ കഴിഞ്ഞു. തേതികുട്ടി എന്ന ദേവകി മാനമ്പള്ളി അന്തർജനത്തിന്റെ വളർച്ചയും, തളർച്ചയും നമ്മൾ കണ്ടു.. ഒടുവിൽ സുമിത്രാനന്ദ ആയി അവർ മോക്ഷം നേടിയോ !! ദാമ്പത്യ ജീവിതത്തിലെ ആഗ്രഹങ്ങളും, ആത്മീയതയുടെ മോക്ഷ സങ്കൽപ്പങ്ങളും തമ്മിലുള്ള സംഘട്ടനത്തിൽ തകർന്നു പോയത് കുറെ ജീവിതങ്ങളായിരുന്നു. വാർത്തിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ …. ഈ ഗാനം ദാമ്പത്യത്തിന്റെ വിരഹസമ്പൂർണ്ണതയുടെ കനത്ത നിശ്വാസങ്ങളാണ് …
തീർത്ഥാടനം എം ടി യുടെ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണ്.
എന്തെന്നറിയാത്തോരാരാധനയുടെ ആരോഹണസ്വരം പാടി…
ഈ ഗാനം ചിത്രയുടെ ഗാനസമ്പത്തിലെ വലിയൊരു ഈടുവെപ്പാണ് …
വരികളും സംഗീതവും മികവിൽ മികച്ചത്…
ഇത്രയും ഗാനങ്ങൾ നൽകുന്ന അനുഭൂതി വിവരണാതീതമാണ് …
വരികളും സംഗീതവും ഒരേപോലെ ഇങ്ങനെ നിർവൃതിദായകമായി നിലനിർത്താൻ കഴിയുന്നത് വിലമതിക്കാനാവാത്ത ഒരു കഴിവ് തന്നെയാണ്… നമ്മൾ ഭാഗ്യവാന്മാർ … അത്രേ ഇപ്പോൾ പറയാൻ തോന്നുന്നുള്ളൂ..