ബോഡിഷെയിമിങ് വളർച്ചയുടെ പടവുകളാക്കിയ കാജൽ തന്നെയാണ് ഈ വനിതാ ദിനത്തിലെ താരം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
41 SHARES
486 VIEWS

കറുപ്പിനോടുള്ള പുച്ഛവും അവഹേളനവും പണ്ടുമുതൽക്ക് തന്നെ ഉള്ളതാണ്. എത്രയോ വംശീയവെറികൾക്കു ഇരയായ നിറമാണ് അത്. എന്നാൽ സ്വതവേ വെളുപ്പ് നിറം അല്ലാത്ത ഇന്ത്യൻ വംശജർക്കിടയിൽ ആണ് ശരിക്കും റേസിസം നിലനിൽക്കുന്നത്. ഈ രാജ്യത്തെ കോസ്മെറ്റിക്സ് വിപണിയുടെ വലിപ്പം മനസിലാക്കിയാൽ തന്നെ കറുപ്പിനോടുള്ള അവഗണയും വെറുപ്പും ഭയവും എത്രത്തോളം ആണെന്ന് നമുക്ക് മനസിലാക്കാം.

കാജൽ ജെനിത് എന്ന പെൺകുട്ടിയെ നിങ്ങള്ക്ക് അറിയാമായിരിക്കും. നിറത്തിന്റെ പേരിലെ പരിഹാസങ്ങൾ, അവഹേളനങ്ങൾ എല്ലാം അനുഭവിച്ച അവൾ അതിജീവനം പഠിച്ചവളാണ്. തന്നിലേക്ക് പാഞ്ഞുവരുന്ന നെഗറ്റിവ് കമന്റുകളെ പോസിറ്റിവ് ആക്കി മാറ്റിയത് തന്റെ പ്രയത്നങ്ങളോടെ ആയിരുന്നു. കളിയാക്കലുകൾ അനുഭവിച്ച തന്റെ ശരീരത്തെ തന്നെ പോസിറ്റിവ് ആയി എടുക്കാൻ അവൾ പഠിച്ചു റെസ്ലിങിലും ബോഡി ബിൽഡിങ്ങിലും അവൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുകയാണ്. ഇപ്പോൾ തിരുവനന്തപുരം ജില്ലാ വനിതാ ബോഡിബിൽഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാജൽ അഭിമാനത്തിന്റെ കൊടുമുടിയിലാണ്. ഈ വനിതാദിനത്തിൽ അഭിമാനത്തോടെ പറയേണ്ട പേരാണ് കാജൽ

കാജലിന്റെ വാക്കുകൾ വായിക്കാം

ഞാൻ കാജൽ ജനിത്. പത്തിൽ പഠിക്കുന്നു.ഞാനെന്താണോ എങ്ങിനെയാണോ അതിൽ ഞാൻ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോൾ മുതൽ ഞാനും അതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാൻ നൽകുന്ന ഉപദേശങ്ങളും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക. അമ്മയോട് കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കൾ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോർത്താൽ ചിരി വരും ഇപ്പോൾ.കുറച്ചു മുതിർന്നപ്പോൾ മനസ്സിലായി മറ്റുള്ളവരുടെ കാഴ്ചപ്പാടുകളുടെ തകരാറുകൾ നമ്മുടെ സന്തോഷങ്ങളെ ബാധിക്കാനുള്ള ഇട നല്കരുതെന്നു. Color, gender, caste discriminations തുറന്നു കാട്ടുന്നത് നമ്മുടെ സമൂഹത്തിന്റെ സങ്കുചിത മനോഭാവത്തെ ആണ്.

7 വർഷമായി ഞാൻ wrestling പഠിക്കുന്നു. അത് എനിക്ക് സന്തോഷവും ആത്മവിശ്വാസവും തരുന്ന ഒന്നാണ്. അതിൽ എന്റെ കോച്ച് സതീഷ് സാറിനോട് ഒരുപാട് സ്നേഹവും respect ഉം ഉണ്ട്. പിന്നൊരിഷ്ടം ആഹാരത്തോടാണ്. നന്നായി ആസ്വദിച്ച് ആഹാരം കഴിക്കുന്ന ഒരാളാണ് ഞാൻ. അതുപോലെ തന്നെ പാചകവും. വിദ്യാഭ്യാസത്തിനു ശേഷം മനസ്സിന് കൂടി സന്തോഷം തരുന്ന ഒരു ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിൽ ആദ്യ സ്ഥാനം ഒരു ഷെഫ് ആകുക എന്നതാണ്. സിനിമ കാണൽ മറ്റൊരിഷ്ടമാണ്. പിന്നെ വണ്ടികളോടും. അത് സൈക്കിൾ മുതൽ എല്ലാം.

എന്നെ സംബന്ധിച്ച് 18 വയസ്സാകുമ്പോൾ പെട്ടെന്നൊരു ദിവസം ഉണ്ടാകേണ്ടതല്ല വ്യക്തിബോധവും സ്വാതന്ത്ര്യവും രാഷ്രീയ കാഴ്ചപ്പാടുകളും. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവ സ്വന്തമായി തിരിച്ചറിഞ്ഞു മനസ്സിലാക്കേണ്ടതാണ്. അനുകൂല സാഹചര്യങ്ങളിലൂടെ മാത്രം ജീവിച്ചു വന്ന ഒരാളല്ല ഞാൻ. ഒരുപാടൊന്നും അനുഭവങ്ങളില്ലെങ്കിലും. ഒരു വ്യക്തി, ഒരു പെൺകുട്ടി എന്നാ നിലയിൽ കഴിയുന്നതും അവനവന്റെ കാര്യങ്ങൾക്കു മറ്റുള്ളവരെ ഒരു പരിധിവരെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണം. അതിനു പരമാവധി ശ്രമിക്കുന്നുമുണ്ട്. ഹൈ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ചെറിയ രീതിയിലുള്ള തൊഴിൽ പരിശീലനങ്ങളും ചെറിയ ചെറിയ ജോലികൾ ചെയ്യാനുള്ള അവസരങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകേണ്ടതാണ്.

സമൂഹത്തിൽ മാറ്റം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് മാനസിക ആരോഗ്യത്തെ കുറിച്ചാണ്. ശരീരത്തിന് അസുഖം വന്നാലെന്ന പോലെ തന്നെയാണ് മനസ്സിനും. ആവശ്യമായ ചികിത്സയും മരുന്നും നൽകി ഭേദമാക്കപ്പെടേണ്ട ഒന്ന്. പക്ഷെ ഇപ്പോഴും പരിഷകൃത സമൂഹം എന്ന് കരുതുന്ന നമ്മൾ മാനസിക ആരോഗ്യ ചികിത്സയോട് മുഖം തിരിച് നിൽക്കുന്നു. രോഗിയെ തീർത്തും അവഗണിച് ഒറ്റപ്പെടുത്തുന്നു. അവരുടെ കുടുംബാംഗംങ്ങളോട് പോലും അതേ മനോഭാവം കാണിക്കുന്നു. ഈ രീതിക്ക് മാറ്റം വരുത്താനായി ചെറുതെങ്കിലും എന്നെക്കൊണ്ട് കഴിയാവുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.

ഞാൻ എനിക്ക് ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹിക്കുന്നതും ഇതുവരെ നടപ്പിലാക്കാത്തതുമായ ഒരു ശീലം പുസ്തകം വായന ആണ്. ഈ ലോക്ക് ഡൗണിൽ ആണ് ആദ്യ പുസ്തകം വായന. അത് “നാദിയ മുറാദ് ” നെ കുറിച്ചുള്ളതായിരുന്നു. അധികമൊന്നും പുറകോട്ടുള്ള കാലത്തിലല്ല അത് നടക്കുന്നത് എന്നുള്ളത് അത്ഭുതവും ഞെട്ടലും ഉണ്ടാക്കി. ഒപ്പം നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നും അതിനോടുള്ള ഉത്തരവാദിത്തം വലുതാണെന്നുള്ളതും.
എന്റേത് ഒരു ജോയിന്റ് ഫാമിലി ആണ്. ഒൻപതു പേരടങ്ങുന്ന കുടുംബം. അരുതുകളുടെ വേലിയേറ്റങ്ങളില്ലാതെ വളർന്നു വരാനുള്ള സാഹചര്യം സപ്പോർട്ട് എല്ലാം അവരാണ്.ചങ്ക് ചേട്ടായി Arun Vijay ഇട്ട എന്റെ ഫോട്ടോക്ക് ഒരുപാട് കമന്റ്സ് വന്നു. നല്ലതും മോശവും. എല്ലാം അതിന്റെതായ രീതിയിൽ കാണുന്നു

ബോഡിബിൽഡിങ്ങിലേക്കുള്ള താൽപര്യം കൊണ്ടു തന്നെയാണ് ആ മേഖലയിലേക്കു തിരിഞ്ഞത്. എല്ലാവർക്കും എല്ലാം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുക കൂടിയായിരുന്നു ലക്ഷ്യം. അവനവന്റെ സ്വപ്നങ്ങൾക്ക് അതിരുകളിടാൻ ആരെയും അനുവദിക്കരുത്. ഈ ​ഗോൾ‍ഡ് മെഡൽ വലിയൊരു നേട്ടമായിട്ടു തന്നെയാണ് കാണുന്നത്. മൂന്നാം ക്ലാസ് തൊട്ട് റെസ്ലിങ് പരിശീലിക്കുന്നുണ്ട്. അമ്മയുടെ മുത്തച്ഛൻ ​ഗുസ്തിക്കാരനായിരുന്നു. അതെല്ലാം കുട്ടിക്കാലത്തേ പ്രചോദനമായിട്ടുണ്ട്. കോവിഡ് സമയത്താണ് ജിമ്മിൽ പോയിതുടങ്ങുന്നത്. അവിടെ പലരും ബോഡിബിൽഡിങ് മത്സരത്തിനായി പരിശീലിക്കുന്നുണ്ട് എന്നു കേട്ടപ്പോൾ ഒന്നു ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. മൂന്നുമാസത്തെ പരിശീലനത്തിനു ശേഷമാണ് മത്സരത്തിൽ പങ്കെടുത്തത്. കൃത്യമായ ഡയറ്റും വർക്കൗട്ടുമാണ് പരിശീലന കാലത്ത് സ്വീകരിച്ചിരുന്നത്. മത്സരം അടുത്തപ്പോഴേക്കും ഒരുദിവസം ഒമ്പതുമണിക്കൂറോളം വർക്കൗട്ട് ചെയ്തു. പ്രോട്ടീൻ ഡയറ്റാണ് സ്വീകരിച്ചിരുന്നത്. കഠിനമായി പരിശീലിച്ചതിന്റെ ഫലം ഒടുവിൽ ലഭിക്കുക തന്നെ ചെയ്തു.

കുട്ടിക്കാലത്തൊക്കെ നിരവധി തവണ ബോഡിഷെയിമിങ് നേരിടുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും അവ തിരിച്ചറിയാനുള്ള പക്വത ഇല്ലായിരുന്നു. വളരെയധികം വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ നടന്നുപോകുമ്പോൾ എന്തോ വിചിത്രമായത് നടന്നുപോകുന്നതുപോലെ നോക്കുകയും പലരെയും വിളിച്ചു കാണിക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടിട്ടുണ്ട്. സൗഹൃദങ്ങളൊക്കെ വളരെ കുറവായിരുന്നു. കുടുംബങ്ങളിൽ നിന്നൊക്കെ നിറത്തെ അധിക്ഷേിക്കുന്ന വർത്തമാനങ്ങൾ കേട്ടിട്ടുണ്ട്. കറുപ്പാണ്, ലക്ഷണം കെട്ട നിറമാണ് എന്നൊക്കെ എന്നെ മുന്നിൽ നിർത്തി പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്ന രീതിയിൽ കളിയാക്കുന്നവരെല്ലാം വളരെ കുറഞ്ഞു. പക്ഷേ കേട്ടാലും അതിനെ പോസിറ്റീവായി എടുക്കാൻ ശീലിച്ചു. എന്നിൽ വ്യത്യസ്തമായത് എന്തോ ഉണ്ടല്ലോ എന്നും ഞാൻ തിരിച്ചറിയപ്പെടുന്നുണ്ടല്ലോ എന്നുമൊക്കെയാണ് ഇപ്പോൾ ചിന്തിക്കാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് കീഴെ കമന്റുകളുമായി എത്തുന്നവർ ഇപ്പോഴുമുണ്ട്.

ഒരുപാട് നെ​ഗറ്റിവിറ്റി ചുറ്റും ഉണ്ടാകുമ്പോൾ ആ അവസ്ഥയെ പോസിറ്റീവായി കാണാൻ തുടങ്ങും. അല്ലാതെ തരമില്ലാത്ത അവസ്ഥയുണ്ടാകും. പിന്നെ സ്പോർട്സ് വലിയൊരു ഘടകമാണ്. എത്രയൊക്കെ പരിഹാസങ്ങൾ നേരിടേണ്ടി വരുമ്പോഴും കായിക ഇനങ്ങളിൽ സജീവമായി ഇരിക്കുന്നത് എന്നെ അതിനെക്കുറിച്ചൊന്നും ചിന്തിക്കാതിരിക്കാൻ സഹായിച്ചിട്ടുണ്ട്. ആൾക്കാർ എന്തെങ്കിലുമൊക്കെ പറയട്ടെ, ഞാനെന്റെ കഴിവുകളുമായി മുന്നോട്ടു പോകും എന്നാണ് ചിന്തിക്കാറുള്ളത്. ആരെന്തു പറയും എന്നൊക്കെ ചിന്തിച്ചിരുന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. ഒരു ​ഗോൾ സെറ്റ് ചെയ്ത് മുന്നോട്ടു പോകണം. വിമർശനങ്ങളെ മുതൽക്കൂട്ടായി കണ്ട് ലക്ഷ്യത്തിനായി പിന്തുടരുകയാണ് വേണ്ടത്. ഇപ്പോഴൊക്കെ വളരെയേറെ മാറ്റം വന്നിട്ടുണ്ട്. ബോഡിഷെയിമിങ് ചെയ്യുന്നതിന് പകരം അവരുടെ കഴിവുകളെ പ്രചോദിപ്പിക്കുന്ന വിധത്തിൽ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടത്.

ബോഡിബിൽഡിങ്ങിന്റെ ചിത്രം പങ്കുവെച്ചപ്പോൾ തന്നെ പലരും ഇത് സ്ത്രീകൾക്ക് ചേരുന്ന മേഖലയല്ല, മറ്റു മേഖലകൾ സ്വീകരിച്ചുകൂടെ എന്നെല്ലാം ചോദിച്ചിരുന്നു. അവരവരുടെ ഇഷ്ടമാണ് ഏറ്റവും പ്രധാനം. നമ്മുടെ ഇഷ്ടങ്ങൾ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സ്പോർട്സാകട്ടെ, മറ്റു കലയാകട്ടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്. എന്റെ ശരീരം സംരക്ഷിക്കാൻ എനിക്ക് കഴിവും ധൈര്യവുമുണ്ടായതിനു പിന്നിൽ കായിക പരിശീലനം തന്നെയാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ അവനവന്റെ ശരീരം സംരക്ഷിക്കാനുള്ള ആയോധന മുറകൾ ചെറുപ്പത്തിലേ പഠിച്ചിരിക്കണം. അത് റെസ്ലിങ് തന്നെ ആകണമെന്നില്ല. അവനവനെ പ്രതിരോധിക്കാനുള്ള വഴികൾ അറിഞ്ഞിരിക്കണം.

മുമ്പൊക്കെ കായികബലത്തിന്റെ പേരിലാണ് പുരുഷന്മാരാണ് മുന്നിൽ എന്ന് പലപ്പോഴും പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ മെഷീനുകൾ ലോകം കീഴടക്കിയ കാലത്ത് അത്തരം വേർതിരിവുകളുടെയൊന്നും കാര്യമില്ല. സ്ത്രീകൾ പല മേഖലകളിലും മുന്നേറ്റം കൈവരിച്ചു കഴിഞ്ഞു. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ തുല്യതയോടെ കാണുകയാണ് വേണ്ടത്. എന്റെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെല്ലാം അത്തരത്തിലുള്ളതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല, കടുവ സക്സസ് സെലിബ്രെഷനിൽ ഷാജികൈലാസ്

നല്ലൊരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന് ലഭിച്ചൊരു സൂപ്പർഹിറ്റ് ആണ് കടുവ. പൃഥ്വിരാജ്

ജനപ്രിയ സിനിമകളുടെ വൻ വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന കച്ചവട രീതിയാണ് ഫിലിം ഫ്രാഞ്ചൈസി

എന്താണ് ഫിലിം ഫ്രാഞ്ചൈസി ? ജനപ്രിയ സിനിമകളുടെ വൻവിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന

“ഹലോ കർവുകൾ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി..” നമിത പ്രമോദിന്റെ ചിത്രങ്ങൾ വൈറലാകുന്നു

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു നമിത പ്രമോദ്