Rahul Madhavan
മൂന്നു ദേശീയ അവാർഡുകൾ നേടുകയും മുന്നൂറോളം ദിവസം തിയേറ്ററിൽ പ്രദർശനം നടത്തുകയും ചെയ്ത് തെന്നിന്ത്യയിൽ വലിയ സെൻസേഷനായ ചിത്രമാണ് കാതൽ കോട്ട.പ്രണയചിത്രങ്ങൾക്ക് പുതിയൊരു മാനം സൃഷ്ടിച്ച ഈ ചിത്രം പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. കമിതാക്കൾ തമ്മിൽ നേരിട്ട് കാണാതെയുള്ള പ്രേമം അതാണ് കഥാതന്തു.ഈ ചിത്രത്തിന്റെ വലിയ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ പ്രൊഡ്യൂസർ ശിവശക്തി പാണ്ട്യൻ തന്റെ അടുത്ത പടത്തിലും ഇതേകൂട്ട് കഥ തന്നെ അവലംബിച്ചു.കാതൽ കോട്ടയിലെ ടൈറ്റിൽ സോങ്ങിലെ ആദ്യവരിയായ കാലമെല്ലാം കാതൽ വാഴ്ക എന്നതിനെ ഈ പടത്തിന്റെ പേരുമാക്കി.ഇതിൽ പ്രണയം നടക്കുന്നത് ഫോൺ വിളികളിലൂടെയാണ്.ആർ ബാലുവാണ് പടം സംവിധാനം ചെയ്തത്.
ഇദയത്തിലൂടെ റൊമാന്റിക് ഹീറോ എന്നൊരു പട്ടം കൂടി നേടിയ മുരളിയാണ് നായകനായത്. ഏപ്രിൽ 19ലൂടെ ബാലചന്ദ്രമേനോൻ സിനിമയിലെത്തിച്ച നന്ദിനി ഇതിൽ കൗസല്യ എന്ന പേരിൽ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ചു.ഇരുവരുടെയും അഭിനയമൊക്കെ നന്നായിരുന്നു.ജമിനി ഗണേശൻ,ചാർളി,വിവേക്, മണിവണ്ണൻ എന്നിവരെല്ലാം പടത്തിലുണ്ടായിരുന്നു.
ഹരിഹരൻ പാടിയ ഒരു മണി അടിത്താൽ എന്ന പാട്ട് എന്റെ എക്കാലത്തെയും ഫേവറിറ്റ് ഗാനമാണ്. ഈ ഒരു കാരണം കൊണ്ടുകൂടിയാണ് പടം കാണാൻ ശ്രമിച്ചത്. പടത്തിന്റെ വിജയത്തിൽ മുഖ്യപങ്കുവഹിച്ചതിലെ ഒരു ഘടകം ഈ ഗാനമാണ്.ദേവ സംഗീതം നൽകിയ പടത്തിലെ പാട്ടുകളൊക്കെ ഹിറ്റായിരുന്നു, അതിൽ വെണ്ണിലവേ, ബാബിലോണ എന്നീ പാട്ടുകൾ കൂടുതൽ ശ്രദ്ധനേടി.തങ്കർ ബച്ചാൻ ക്യാമറ, ലെനിൻ വി ടി വിജയൻ എന്നിവർ എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തു.
ഈ കണ്ണുപൊത്തി പ്രണയം ഇന്ന് കണ്ടാൽ എത്രമാത്രം ദഹിക്കും എന്ന് സംശയമാണ്. നായകന്റെ ഡിപ്രഷൻ, ഇതെല്ലാം കണ്ടിട്ടും ഒന്നും പറയാനാകാതെ നിൽക്കുന്ന നായിക. ഇതൊക്കെ ഇന്ന് ഒരു എഫക്റ്റും തരാൻ സാധ്യതയില്ല, പക്ഷേ അന്ന് പടം തമിഴ്നാട്ടിൽ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്.