ഇന്ന് കല്പനയുടെ ഓർമദിനം.
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
നാടകപ്രവർത്തകരായ ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 1965 ഒക്ടോബർ 5 ആം തിയതി ജനിച്ച കൽപ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983 ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന അഭിനയരംഗത്തെത്തുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാള ചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1998 ൽ ചലച്ചിത്ര സംവിധായകനായ അനിൽ കുമാറിനെ വിവാഹം കഴിക്കുകയും 2012 ൽ വിവാഹമോചനം നേടുകയും ചെയ്തു. ഈ ബന്ധത്തിൽ ശ്രീമയി പ്രിയദർശിനി എന്ന ഒരു കുട്ടിയും ഉണ്ട്. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. കമൽ റോയ്, പ്രിൻസ് എന്നിവർ സഹോദരന്മാരാണ്. അഞ്ച് മക്കളിൽ രണ്ട് ആൺമക്കളെക്കാളും ബോൾഡായിരുന്നു കൽപ്പന. കുഞ്ഞനുജൻ പ്രിൻസ് മരിച്ചപ്പോഴും ആ കുടുംബത്തെ ഒന്നാകെ ദുരന്തത്തിൽ നിന്നും കരകയറ്റിയത് കൽപ്പനയുടെ മനസിന്റെ ധൈര്യമായിരുന്നു. സഹോദരിമാരായ ഉർവശിയ്ക്കും കലാരഞ്ജിനിയ്ക്കും എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിയ്ക്കാനും മുൻപിൽ കല്പ്പനയുണ്ടാകുമായിരുന്നു. വീട്ടിലെ വീട്ടുകാരി തന്നെയായിരുന്നു കല്‍പ്പന. ഒടുവിൽ രോഗത്തെപ്പോലും വളരെ ആത്മവിശ്വാസത്തോടെ നേരിട്ട അവർ തന്റെ ചിരിയ്ക്കുന്ന മുഖം മാത്രമേ പ്രേക്ഷകർക്ക് മുന്നിൽ കാട്ടിയിട്ടുള്ളൂ. ഇതോടൊപ്പം ഗൗരവമേറിയ കഥാപാത്രങ്ങളും അനായാസം കൈകാര്യം ചെയ്തിരുന്നു.
ഭാഗ്യരാജിന്റെ ചിന്നവീട് എന്ന സിനിമയിലെ അഭിനയത്തിന് 1985 ൽ തമിഴ്നാട് ജേർണലിസ്റ്റ് അവാർഡും ബട്ടർഫ്ളൈസിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചു. ‘തനിച്ചല്ല ഞാൻ ‘ എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. 2016 ജനുവരി 24 ആം തിയതിയിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ മലയാളത്തിന്റെ പ്രിയ നടി കല്പന എന്ന കൽപ്പനാപ്രിയദർശി അഥവാ മിനിമോൾ ഹൈദരാബാദിലെ ഹോട്ടലിലെ താമസമുറിയിൽ വെച്ച് അന്തരിച്ചു. ഹൃദയ-കരൾ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന ഇവരുടെ മരണ കാരണം ഹൃദയാഘാതമായിരുന്നു.കലയുടെ കളിയരങ്ങായ തൃപ്പൂണിത്തുറ രാജനഗരി ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് കൽപനയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. തിങ്ങിനിറഞ്ഞ വൻ ജനാവലിയുടെ നടുവിൽ അന്ത്യദർശനവും ശവസംസ്കാരം.
ഒടുവിൽ കല്പനയുടെ ചിതാഭസ്മം പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിലൂടെ ഒഴുകുന്ന പെരിയാർ ഏറ്റുവാങ്ങി..
********
ഇന്ന് മലയാളിയുടെ ‘മഞ്ഞള്‍ പ്രസാദം’ മോനിഷയുടെ ജന്മദിനവാർഷികം
1971 ജനുവരി 24 ആം തിയതി പി. നാരായണനുണ്ണിയുടെയും ശ്രീദേവിയുടെയും മകളായി കോഴിക്കോട് പന്നിയങ്കരയിൽ മോനിഷ ജനിച്ചു. അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നർത്തകി കൂടിയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു മോനിഷ നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. ഭരതനാട്യത്തിന് ലഭിക്കുന്ന ഏററവും ശ്രേഷ്ഠമായ സംസ്ഥാന പുരസ്ക്കാരം കൌശിക അവാര്‍ഡ് പതിനഞ്ചാം വയസ്സില്‍ മോനിഷയ്ക്ക് ലഭിക്കുകയുണ്ടായി.
ബാംഗ്ലൂര്‍ മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടിയ മോനിഷ 1985 ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യ ചിത്രത്തില്‍ തന്നെ നായികയായെത്തുന്നത്.
നഖക്ഷതങ്ങള്‍ നല്കിയ കരുത്ത് ഒട്ടേറെ നല്ല വേഷങ്ങള്‍ക്ക് പിന്നീട് മോനിഷയ്ക്ക് തുണയായ്. എം.ടിയുടെ തന്നെ രചനകളിലിറങ്ങിയ ഋതുഭേദം, പെരുന്തച്ഛന്, കടവ് എന്നീ ചിത്രങ്ങളില്‍ മോനിഷ ഏറെ മുന്നോട്ട് പോയി. ശോഭന, കാര്‍ത്തിക, ഗീത, പാര്‍വ്വതി എന്നിവര്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് മോനിഷയുടെ വരവ്. നിഷ്കളങ്കമായ ചിരിയും ജിജ്ഞാസ തുടിക്കുന്ന കണ്ണുകളും നീണ്ട മുടിയുമുള്ള നാടന്‍ പെണ്‍കുട്ടിയുടെ രൂപഭാവങ്ങള്‍ മോനിഷയ്ക്ക് അത്തരം കഥാപാത്രങ്ങളെ തന്നെ ലഭിക്കാനിടയാക്കി.
കമലദളം, സായംസന്ധ്യ, ആര്യന്, കനകാംബരങ്ങള്‍, അധിപന്, കുറുപ്പിന്റെ കണക്കുപുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, തലസ്ഥാനം, ഒരു കൊച്ചുഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചന്, ഏറ്റവും ഒടുവിലായി ചെപ്പടിവിദ്യ ഇങ്ങനെ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ വേഷമിട്ടു.
വെറും പതിനാല് വയസ് മാത്രമുണ്ടായിരുന്നപ്പോള്‍ അഭിനയിച്ച നഖക്ഷതമെന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശിയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. 1992 ഡിസംബർ 5 ആം തിയതി ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു മടങ്ങുമ്പോൾ മോനിഷയും അമ്മയും സഞ്ചരിച്ച കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് അമ്മ പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ അപകടം നടന്ന ഉടനെ മരണപ്പെട്ടു. മൃതദേഹം പിന്നീട് ബാംഗ്ലൂരിൽ സംസ്കരിച്ചു.