കണ്ടു പഠിക്കണം ഈ വ്യവസായ മന്ത്രിയെ

0
412

കണ്ടു പഠിക്കണം ഈ വ്യവസായ മന്ത്രിയെ

KTR എന്ന ചുരുക്ക പേരിലറിയപ്പെടുന്ന കൽവകുന്തല തരക രാമ റാവു എന്ന KT രാമ റാവു. തെലങ്കാനയുടെ വാണിജ്യ, വ്യവസായ, IT മന്ത്രി. അമേരിക്കയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി യിൽ നിന്നും MBA പഠനം പൂർത്തിയാക്കി അവിടെ കുറച്ചു വർഷം ജോലി ചെയ്തതിനു ശേഷം പിതാവിന്റെ പാതയിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. തെലങ്കാന മുഖ്യമന്ത്രിയും പിതാവുമായ K ചന്ദ്രശേഖര റാവുവിലും കഴിവ് തെളിയിച്ച മകൻ. മുൻകാലങ്ങളിൽ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ വളരെ പിന്നിൽ കിടന്ന സംസ്ഥാനം ഇന്ന് കഴിഞ്ഞ 3 വർഷമായി ആദ്യ 3 സ്ഥാനങ്ങളിൽ കൊണ്ടുവന്നത് ഇദ്ദേഹത്തിന്റെ കഴിവ് ഒന്നുകൊണ്ടു മാത്രമാണ്.

അധികാരം ഏറ്റെടുത്തയുടനെ വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള നടപടികൾ തുടങ്ങി. വ്യവസായികൾക്ക് വ്യവസായം തുടങ്ങാനുള്ള കടമ്പ ലഘൂകരിച്ചു. ഇന്ന് വിദേശ കമ്പനികളിൽ നല്ലൊരു ശതമാനം തെലങ്കാനയുടെ തലസ്ഥാനമായ ഹൈദ്രാബാദിലേക്കാണ് പോകുന്നത്.

ലോകത്തിലെ വമ്പൻ കമ്പനികളായ ഫേസ്ബുക്ക്, ഗൂഗിൾ, IBM, ഒറാക്കിൾ, മൈക്രോസോഫ്റ്റ്, ഇൻഫോസിസ്, വിപ്രോ എന്നിവ ഇന്ന് ഹൈദ്രാബാദിൽ പ്രവർത്തിക്കുന്നു. ഇന്ന് IT യും അതിനോടാനുബന്ധ മേഖലയിൽ 1500 കമ്പനികളിലായി 6 ലക്ഷത്തിലധികം പേർ ഹൈദരാബാദിൽ ജോലി ചെയ്യുന്നു. 1.28 ലക്ഷം കോടി രൂപയാണ് ഇന്ന് തെലങ്കാനയുടെ IT എക്സ്‌പോർട്ട്. ഇന്ന് ഹൈദ്രാബാദ് കൂടാതെ വാറങ്കലിലും IT പാർക്ക് ഉണ്ട് തെലങ്കാനക്ക്‌ അവിടെ ഏകദേശം 2000 ൽ അധികം ആളുകൾ ജോലിചെയ്യുന്നു.

ഇന്ന് അമേരിക്കയുടെ വമ്പൻ കമ്പനിയായ ആപ്പിൾ കമ്പനിയുടെ ഓഫീസ് ഹൈദ്രാബാദിൽ 5000 പേർക്ക് തൊഴിൽ കൊടുക്കുന്നു കൂടാതെ ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ഓഫീസ് ഹൈദരാബാദിൽ ആരംഭിച്ചു ഇതിൽ 15000 ആളുകൾക്ക്‌ തൊഴിലുണ്ട് പിന്നെ ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമാതാക്കളായ IKEA 1000 കോടിയുടെ നിക്ഷേപമാണ് തെലങ്കാനയിൽ നടത്തിയത് അതിലൂടെ 2000 തോഴിലവസരങ്ങൾ സൃഷ്ട്ടിച്ചു. ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാൾ, ഫുഡ് പ്രോസസ്സിംഗ് പ്ലാന്റ്‌, ലോജിസ്റ്റിക്സ് എന്നിവയിൽ മലയാളിയായ യൂസഫ്‌ അലി 2500 കോടിയുടെ നിക്ഷേപവും നടത്തി. ഇങ്ങനെ ലോകത്തിലെ മികച്ച കമ്പനികളെല്ലാം ഇന്ന് തെലങ്കാനയിൽ ഉണ്ട്‌.

ഇന്ന് ഇന്ത്യയിൽ മുതൽ മുടക്കാൻ താല്പര്യമുള്ള ഏതൊരു നിക്ഷേപകനെയും റാഞ്ചി കൊണ്ടുപോകാൻ വിദഗ്ധനാണ് KTR കേരളത്തിലെ കിറ്റക്സ് അതിനൊരു ഉദാഹരണമാണ്. മറ്റു സംസ്ഥാനങ്ങൾ പ്രപ്പോസൽ അയച്ചും, ഫോണിൽ വിളിച്ചും കാര്യങ്ങൾ സംസാരിച്ചപ്പോൾ പ്രൈവറ്റ്‌ ജെറ്റ് വിട്ട് വ്യവസായിയെ കൂട്ടി കൊണ്ടു പോയി കാര്യം നടത്തി കരുത്ത് തെളിയിച്ചവനാണ് KTR.

നിക്ഷേപകരെ ആകർഷിക്കാൻ വേണ്ടി ആഡംബര ഹോട്ടലിൽ കുറെ നിക്ഷേപ സംഗമങ്ങൾ നടത്തിയതുകൊണ്ടോ കുറെ വിദേശ യാത്രകൾ നടത്തിയതുകൊണ്ടോ കാര്യമില്ല അതിനു വേണ്ട നയങ്ങൾ രൂപീകരിക്കുകയും അത് നിക്ഷേപകരെ ആകർഷിക്കുവാനും കഴിയണം അല്ലെങ്കിൽ ആയുഷ്ക്കാലം കേരളത്തിൽ മദ്യവും, ലോട്ടറിയും വിറ്റ് വരുമാനം കണ്ടത്തേണ്ടിവരും. അങ്ങനെ മലയാളികൾ അന്യ സംസ്ഥാനങ്ങളിലും, ഗൾഫിലും, മറ്റു വിദേശ രാജ്യങ്ങളിലും തൊഴിൽ തേടി പോകുന്നത് തുടരുകയും ചെയ്യും. നിക്ഷേപകരെ ആകർഷിക്കുന്ന കാര്യത്തിൽ കേരളത്തിന് തെലങ്കാനയെ മാതൃകയാക്കാം.

ഒരു വ്യവസായ മന്ത്രി എങ്ങനെ നിക്ഷേപകരെ തന്റെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നു എന്ന് തെലങ്കാനയിലെ വ്യവസായ മന്ത്രി KTR നെ കണ്ടു പഠിക്കണം. കഴിഞ്ഞ 7 വർഷം കൊണ്ട് തെലങ്കാനയുടെയും പ്രത്യേകിച്ചു ഹൈദരാബാദിന്റെയും മുഖഛായ മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ചത് ഈ 44 കാരനാണ്. 2 തവണ ഇന്ത്യയിലെ ബെസ്റ്റ്‌ IT മിനിസ്റ്റർ അവാർഡിനും, ഒരു തവണ മോസ്റ്റ്‌ ഇൻസ്പിറേഷണൽ ഐക്കൺ ഓഫ് ദി ഇയർ അവാർഡിനും അദ്ദേഹം അർഹനായി.