കമൽഹാസൻ

“മനുഷ്യനായിട്ടാണ് ഞാനീ ഭൂമിയിൽ പിറന്നുവീണത്. ഞാൻ ഹിന്ദുവാണെന്നും എന്റെ പേര് കമൽഹാസൻ എന്നാണെന്നും എനിക്ക് പറഞ്ഞു തന്നത് എന്റെ അച്ഛനുമമ്മയുമാണ്. പക്ഷേ, ഹിന്ദുവായി ജീവിക്കണമെന്ന് ഒരിക്കലും അവർ പറഞ്ഞിട്ടില്ല…..

പത്താം വയസ്സിൽ പൂണൂലിടാൻ തിരുപ്പതിയിലേക്ക് കൊണ്ടുപോകുമ്പോൾ ഞാനെന്റെ ജ്യേഷ്ഠൻ ചന്ദ്രഹാസനോട് പറഞ്ഞു…”എനിക്ക് പൂണൂലിടേണ്ട”. അതിന് അച്ഛൻ പറഞ്ഞ മറുപടി “അവന് പൂണൂലിടേണ്ടെങ്കിൽ എന്തിന് നിർബ്ബന്ധിക്കുന്നു” എന്നായിരുന്നു. ഒരിക്കലും തന്റെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാൻ അച്ഛൻ എന്നോട് പറഞ്ഞിട്ടില്ല. എന്റെ മനസ്സിലെ ദൈവം മനുഷ്യനാണ്. നല്ല മനുഷ്യരിൽ എപ്പോഴും ദൈവമുണ്ടാകും. ഈ ജീവിതം ആർക്കും ദോഷമില്ലാതെ ജീവിച്ചുതീർക്കുക എന്നതാണ് പ്രധാനം. …..

മരണശേഷം എന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണമെന്ന എന്റെ തീരുമാനം ഉറച്ചതാണ്. ജീവൻ പോയ ഒരു ശരീരം കത്തിച്ചു കളഞ്ഞിട്ടെന്തു കാര്യം? ആ വിൽപ്പത്രത്തിൽ എനിക്കൊപ്പം ഒപ്പുവെച്ചത് എന്റെ മകൾ ശ്രുതിയാണ് ( ശ്രുതി ഹാസൻ). അച്ഛനെന്ന നിലയിൽ എനിക്കവളെക്കുറിച്ച് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു, അത്.

എത്രമാത്രം ഭീകരമായ അവസ്ഥകളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നതെന്ന് എത്രപേർ ചിന്തിക്കുന്നുണ്ട്? ബഹുഭൂരിപക്ഷത്തിന്റെയും താല്പര്യം ദൈവങ്ങളെ പ്രൊട്ടക്റ്റ് ചെയ്യാനാണ്. എനിക്ക് മനസ്സിലാവുന്നില്ല, ദൈവത്തിനെന്തിനാണ് സംരക്ഷണം ? ദൈവത്തിനല്ല സംരക്ഷണം കൊടുക്കേണ്ടത് മനുഷ്യരുടെ ജീവനും ജീവിതത്തിനുമാണ്. അത് മനസ്സിലാക്കാൻ കഴിയാത്തവരുടെ ഇടയിൽ എങ്ങനെ പ്രവർത്തിക്കാനാവും? സമൂഹത്തിലെ നെറികേടുകൾക്കെതിരേ എന്റെ മാദ്ധ്യമത്തിലൂടെ അഭിപ്രായം പറയുന്നത് തെറ്റാണോ? അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത, ആവിഷ്ക്കാര സ്വാതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത് എങ്ങനെ ജീവിക്കണമെന്നാണ് നിങ്ങൾ പറയുന്നത്?….

നിങ്ങൾക്ക് ജീവനിൽ ഭയമില്ലേ? അതുപോലെ ഞാനും ഭയക്കുന്നുണ്ട്. നേരിട്ടുള്ള ആക്രമണങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, മറഞ്ഞുനിന്ന് ജീവനെടുക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ കുറച്ച് സൂക്ഷിക്കേണ്ടി വരും. അതിന്റെ ഭാഗമായ ചില മുൻകരുതലുകൾ ഞാനും എടുക്കുന്നുണ്ട്. ഇന്ത്യയിലെവിടെയും ഇരുട്ടിനെ ഭയക്കാതെ നടക്കാൻ പറ്റുന്ന കാലമല്ല ഇത്. പകൽ വെളിച്ചം പോലും അപകടങ്ങളെ ഒളിപ്പിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. കലാകാരൻ തന്റെ സ്വാതന്ത്ര്യം പുറത്തെടുക്കുമ്പോൾ അവനു ചുറ്റും തോക്കും ബോംബും കഠാരയുമായി ഒരു വൃത്തം രൂപപ്പെടും. അങ്ങനെയൊരു കാലത്താണ് നാം ജീവിക്കുന്നത്. അതിനെ മനസ്സിലാക്കി മുന്നോട്ടുപോയില്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ ബാക്കിയുണ്ടാവില്ല.

ഇന്ത്യൻ ജീവിതം വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നത്. ഭയം, അരക്ഷിതത്വം, പക, വെറുപ്പ്, വർഗ്ഗീയത, ഫാസിസം എല്ലാം ഇന്ത്യയെ പൊതിഞ്ഞു നിൽക്കുകയാണ്. മതേതര ഉള്ളടക്കമുള്ള സിനിമകൾക്കു നേരെയും ഇന്ത്യയിൽ ആക്രമണങ്ങളുണ്ടായി. പുരോഗമന വീക്ഷണമുള്ളവർ ഇവിടെ വേട്ടയാടപ്പെടുന്നു. എഴുത്തുകാരെയും കലാകാരന്മാരെയും കൊല്ലുമെന്ന ഭീഷണിയുള്ളപ്പോൾ ഇവിടെയെങ്ങനെ ആവിഷ്ക്കാര സ്വാതന്ത്ര്യം സാദ്ധ്യമാകും?

ഒരു കലാകാരനെന്ന നിലയിൽ എന്റെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താൻ ആരൊക്കെ മുന്നോട്ടുവന്നാലും മരണം വരെ ഞാൻ അതിനെതിരെ ശബ്ദമുയർത്തും!”

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.