കാമാത്തിപുരയുടെ കാണാപ്പുറങ്ങൾ
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉 കാമാത്തിപ്പുരയെ പറ്റി ഒരുപാട് കേട്ടിരിക്കും. ലിപ്സ്റ്റിക്കും, ചായവും തേച്ച് ഇറക്കം കുറഞ്ഞതും, ഇറുങ്ങിയതുമായ ബ്ലൗസുകളണിഞ്ഞ് ചുവന്നതോ ആകർഷകമായ മറ്റു നിറങ്ങളിലുള്ളതോ ആയ സാരികൾ ധരിച്ച് ഇടപാടുകാരെ കാത്ത് നിൽക്കുന്ന കൂറേ ചിത്രങ്ങളും കണ്ടിരിക്കാം. ഒരു ചാണ് വയറിനോ, ഒരു നേരത്തേ സിനിമാ ടിക്കറ്റിനോ അതുമല്ലെങ്കിൽ ഒരു പുതിയ വസ്ത്രമണിയാനോ ഉള്ള ആഗ്രഹത്തിന്ന് വേണ്ടി തന്റെ ശരീരം തന്നെ സമർപ്പിച്ച് കിട്ടുന്ന നോട്ടുകൾക്ക് വേണ്ടി ആളുകളെ മാടി വിളിക്കുന്ന പാവം സ്ത്രീകൾ ജീവിക്കുന്ന ചേരിപ്രദേശത്തിന്റെ ഉത്ഭവചരിത്രത്തിലൂടെ.. സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിനും, ഗീർഗാവിനും നടുവിൽ നിൽക്കുന്ന ഒരു പ്രദേശമാണ് കാമാത്തിപ്പുര.
14 റോഡുകളിലായി പരന്നു കിടക്കുന്ന പഴകിയ ഒരു പറ്റം കെട്ടിടങ്ങളിലെ കുടുസ്സുമുറികൾ അടങ്ങിയതാണ് കാമാത്തിപ്പുര എന്ന ചേരിപ്രദേശം. ഒരു നേരത്തെ വിശപ്പകറ്റാൻ വേണ്ടി മാത്രം ഈ തൊഴിലിലേക്ക് വലിച്ചിഴക്കപ്പെട്ടാവരാണ് ഇവിടത്തെ അന്തേവാസികളിലധികവും. രണ്ട് പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് അൽപം മാറ്റമുണ്ടെങ്കിലും നഗരത്തിന്റെ ഇരുണ്ട തെരുവകളായി കാമാത്തിപ്പുര നമ്മുടെ മുമ്പിൽ ചോദ്യചിഹ്നമായി നിലനിൽക്കുന്നു. മത്സ്യതൊഴിൽ ഉപജീവനമാർഗ്ഗമാക്കിയ ‘കോലി’ വംശജരുടെ ദ്വീപുകളായിരുന്ന പഴയ ‘ബംബെയി’ യിൽ ബ്രിട്ടീഷ് രാജ് പിടിമുറക്കിയ കാലം തൊട്ട് തന്നെ കാമാത്തിപുരയുടെ ചരിത്രവും ആരംഭിക്കുന്നു. ചിറ കെട്ടി കടൽ നികത്തുന്ന ജോലികൾക്കായി ആന്ധ്രപ്രദേശിൽ പാവപ്പെട്ട തൊഴിലാളികളെ ബോംബെയിൽ എത്തിച്ചിരുന്നു.
കുടിയേറ്റക്കാരായ ഈ തൊഴിലാളികൾക്ക് താമസിക്കാനായി സ്ഥലം ഒരുക്കിയത് ഇന്നത്തെ കമാത്തിപ്പുര നിലനിൽക്കുന്ന സ്ഥലത്തായിരുന്നു. Kamatumu എന്ന തെലുഗു വാക്കിനർത്ഥം “കഠിന ജോലി” എന്നാണ്. Kamati എന്നാൽ സാധാ ലേബറർ എന്നുമർത്ഥം. കാമാത്തികൾ (തൊഴിലാളികൾ) താമസിക്കുന്ന പ്രദേശം കാമാത്തിപ്പുര എന്ന് പിന്നീട് അറിയപ്പെടുകയായിരുന്നു. ഇന്നും ഈ പ്രദേശത്തെ താമസക്കാരിലധികവും തെക്കേന്ത്യക്കാരാണ്, അതിൽ തന്നെ ആന്ധ്രാക്കാരാണ് കൂടുതൽ. കർണാടകയിൽ നിന്നുള്ളവരും തമിഴരമുണ്ട് കാമാത്തിപ്പുരയിൽ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷുകാർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും റഷ്യയിൽ നിന്നും, ചൈനയിൽ നിന്നും മറ്റും ലൈംഗീക തൊഴിലാളികളെ ഇവിടെ വരുത്തുകയുണ്ടായി. ബ്രിട്ടീഷുകാരും, ഇന്ത്യക്കാരുമായിരുന്നു അവരുടെ ഇടപാടുകാർ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം മറ്റു രാജ്യത്ത് നിന്നുള്ളവർ ഇവിടം ഒഴിഞ്ഞപ്പോൾ കാലങ്ങളായി ഈ പ്രദേശത്ത് താമസിച്ച് പോരുന്ന കെട്ടിട തൊഴിലാളികളും, നേപാളിൽ നിന്നുള്ളവരും ഈ തൊഴിൽ മേഖലയിലേക്ക് എത്തപ്പെടുകയുണ്ടായി.
സ്ട്രീറ്റ് ഒന്നു മുതൽ പതിനാല് വരെയുള്ള റോഡുകളിലെ ഏറ്റവും തിരക്ക് പിടിച്ച റോഡിന്റെ പേർ White Lane (സഫേദ് ഗല്ലി) എന്നായിരുന്നു. അത് പോലെ കാമാത്തിപ്പുരയോട് ചേർന്ന് നിൽക്കുന്ന പ്രദേശത്ത് ഇംഗ്ലീഷുകാർ വിനോദകളികളിലും, പന്തയങ്ങളിലും ഏർപ്പെടുന്നതിന്ന് വേണ്ടി ഗെയിം കെട്ടിടങ്ങൾ സ്ഥാപിക്കുകയുണ്ടായി. പ്ലേ ഹൗസ് (Play House) എന്ന് ഇംഗ്ലീഷുകാർ വിളിച്ച് പോന്ന ആ സ്ഥലം പ്രാദേശീകരിച്ചപ്പോൾ പിന്നീട് പീലാ ഹൗസ് എന്നും Peela House പിന്നീട് ഫിലാഹൂസ് ഗല്ലി എന്നും വിളിക്കപ്പെട്ടു പോന്നു. രണ്ടായിരത്തിലധികം വരുന്ന ചെറിയ കെട്ടിടങ്ങളിലെ പല നമ്പറിലും അറിയപ്പെടുന്ന കുടുസ്സു മുറികളിൽ ശരീരം വിറ്റ് ജീവിക്കാൻ വിധിക്കപ്പെട്ട പാവങ്ങളാണ് കാമാത്തിപ്പുരയിലെ അന്തേവാസികളിൽ പലരും.
പൊട്ടി പൊളിയാറായ കെട്ടിടങ്ങളിൽ കഴിയുന്ന ഇവരിൽ പലർക്കും ലൈംഗീക അസുഖങ്ങളും സാധാരണയാണ്. ഇവരെ പുനരധിവസിപ്പിക്കാനും, അവരുടെ കുട്ടികൾക്ക് വിദ്യഭ്യാസം നൽകാനും മറ്റും സന്നദ്ധ സംഘടനകൾ ശ്രമിച്ച് കൊണ്ടിരിക്കുന്നുവെങ്കിലും അതൊന്നും മുഴുവനായി ഫലിപ്പിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും പുതുതായി ഇവിടെ എത്തന്നവരുടെ എണ്ണത്തിലും കുറവില്ല. ജീവിത സാഹചര്യങ്ങളിൽ ഇവിടെ എത്തപ്പെട്ടവരേക്കാൾ ചതിയിൽ പെട്ട് ഇവിടെ നിന്ന് രക്ഷപ്പെടാൻ പറ്റാത്തവരാണധികവും. ചെയ്യുന്ന ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം കിട്ടില്ല, അവസരമുള്ളവർക്ക് വിശപ്പടക്കുവാൻ വേറെ വഴിയും ഇല്ലാത്തത് കൊണ്ട് ഇവിടെ തന്നെ തളച്ചിടപ്പെടുന്നു. ഇന്നല്ലെങ്കിൽ നാളെ നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട്.