മലയാള സിനിമ വീണ്ടും കമ്മട്ടിപ്പാടത്തിന്റെ ചതുപ്പുകളിലേക്ക് കണ്ണോടിക്കുകയാണ്

38

Azeez Shareef

കമ്മട്ടിപ്പാടം വീണ്ടും ശ്രേദ്ധേയമാവുകയാണ്…

സംവിധയകാൻ രാജീവ് രവി കമ്മട്ടിപ്പാടത്തിന്റെ 4 hour uncut versionന്റെ സാധ്യതകളെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് മുതൽ മലയാള സിനിമ വീണ്ടും കമ്മട്ടിപ്പാടത്തിന്റെ ചതുപ്പുകളിലേക്ക് കണ്ണോടിക്കുകയാണ്. കമ്മട്ടിപ്പാടം എന്നും പ്രിയ സിനിമകളുടെ നിരയിൽ ആദ്യം ഇടമുള്ള ഒന്നാണ്, ഇതിനു മുമ്പ് ഇത്ര മേൽ അധസ്ഥിത ജീവിതങ്ങളെ, അതിന്റെ യാഥാർഥ്യങ്ങളെ, മുഖ്യ ധാര സിനിമയിലേക്ക് സന്നിവേശിപ്പിച്ച മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നത് സംശയമാണ്. മലയാള സിനിമ കേരളീയ സമൂഹത്തിന്റെ പരിച്ഛേദമാണ്, പുറമെ വരച്ചു വെച്ച പുരോഗമന മുഖം മൂടിക്കകത് ഇന്നും ജാത്യാചാരങ്ങളുടെയും നെഗറ്റീവ് മുൻധാരണകളുടെയും വിഴുപ്പ് ചീഞ്ഞു നാറുന്നുണ്ട്. അത്തരമൊരു പരിസരം കമ്മട്ടിപ്പാടം എന്ന സിനിമയുടെ ശരീരശാസ്ത്രത്തിന് ഒട്ടും അനുയോജ്യമല്ല. ഒരേ സമയം ജാതീയവും വർഗ്ഗ പരവുമായ അസമത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം ഒന്ന് എങ്ങനെ മറ്റൊന്നായി പരിണമിക്കുന്നു എന്ന് കൂടെ പറഞ്ഞു വെക്കുന്നുണ്ട് ഈ സിനിമ.

Kammattipadam - YouTubeഎറണാംകുളം എന്ന നഗരത്തിന്റെ പ്രാന്തത്തിൽ ആ നഗര ഭൂമികയുടെ നേരവകാശികൾ മഴക്കും വെയിലിനും ഭയന്നാണ് ഇന്ന് കഴിഞ്ഞു കൂടുന്നതെന്ന്, അവർക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടേണ്ടി വരുന്നുവെന്ന് നമ്മളെ അറിയിക്കാൻ, ghettoisation (അരികുവൽക്കരണം) ഇവിടെ നമ്മുടെ കണ്മുന്നിലെ യാഥാർഥ്യമാണെന്നു നമ്മോടു പറയാൻ കമ്മട്ടിപ്പാടത്തോളം കാത്തിരിക്കേണ്ടി വന്നു. മലയാളിയുടെ വംശീയ വേരുകളുള്ള സൗന്ദര്യ ബോധ്യങ്ങളുടെ നേർവിപരീതമാണ് മിക്ക കഥാപാത്രങ്ങളും.ദുൽഖറിന്റെ കൃഷ്ണനെന്ന മുഖ്യധാരാ കഥാപാത്രത്തെ പോലും സിനിമയുടെ അധസ്ഥിത ജീവിതങ്ങളിൽ നിന്നും മുഴച്ചു നിൽക്കാതെ കൂട്ടി ചേർത്തിട്ടുണ്ട്. കമ്മട്ടിപ്പാടം കൃഷ്ണന്റെ കഥയാണോ?

ഒരിക്കലുമല്ല അത് ഗംഗയുടെയും ബാലന്റെയും അനിതയുടെയും കഥയാണ്. കൃഷ്ണനെ നായകനായി കണക്കാക്കിയാൽ പോലും അയാളുടെ പ്രണയം മലയാള സിനിമയിൽ വിപ്പ്ലവകരമാണ്, കറുത്ത നായികയെ പ്രണയിക്കുന്ന വെളുത്ത നായകൻ വിദൂരമല്ലാത്ത കാലത്തെ മലയാള പ്രേക്ഷകന് സ്വീകാര്യനല്ലായിരുന്നു എന്നോർക്കണം. വിനായകൻ, മണികണ്ഠൻ ആചാരി, shaun romy, ദുൽകർ എന്നിവരുടെ പ്രകടനം, സിനിമോട്ടോഗ്രഫി, ബിജിഎം കൾ, അൻവർ അലിയുടെ പുഴു പുലികൾ അങ്ങനെ ഇഷ്ടപ്പെടാൻ ഒരു പാടുള്ള ഒരു സിനിമയാണ് കമ്മട്ടിപ്പാടം. ഇനിയും കമ്മട്ടിപ്പാടങ്ങൾ ഉണ്ടാവണം, മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന anti-progressive elements ഇനെതിരെ ആദ്യം പട കൂട്ടേണ്ടത് അതിനകത്തു നിന്നു തന്നെയാണ്. കമ്മട്ടിപ്പാടത്തിന്റെ പൂർണ്ണരൂപം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു രാജീവ് രവിയുടെ തുറമുഖവും കാത്തിരിപ്പ് വെറുതെയാക്കില്ല എന്ന് വിശ്വസിക്കുന്നു.

Advertisements