പുതു ചരിത്രം രചിച്ചുകൊണ്ടു കനയ്യ കുമാറിന്റെ ജൻ ഗൺ മൻ യാത്ര

153

പുതു ചരിത്രം രചിച്ചുകൊണ്ടു കനയ്യ കുമാറിന്റെ ജൻ ഗൺ മൻ യാത്ര

CPl യുടെ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കുമാർ എന്ന ഈ 33 കാരൻ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ
ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. JNU വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റ് എന്ന നിലയിൽ ലോകത്തെ ജനാധിപത്യവാദികളുടെ ആവേശമായി മാറിയ സ: കനയ്യ കുമാർ ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചുവപ്പ് നക്ഷത്രമാണ്.
പ്രമേയം പാസ്സാക്കലും സമ്മേളനവുമായി ഇഴഞ്ഞ് നീങ്ങിയിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം ബഹുജന മുന്നേറ്റമായി മാറിയത് ബീഹാറിലെ ചമ്പാരനിൽ നിന്നാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരികെയെത്തി സ്വാതന്ത്ര്യ സമരത്തിനൊപ്പം നടന്ന എം.കെ. ഗാന്ധി എന്ന സാധാരണ മനുഷ്യൻ മഹാത്മാ ഗാന്ധിയായി മാറിയത് ചമ്പാരനിലെ നീലം കൃഷിക്കാരുടെ സമരത്തിന് നേതൃത്വം നൽകിയതിലൂടെയാണ്. പിൽക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭ കൊടുങ്കാറ്റ് അലയടിച്ചുയർന്നത് പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് നിന്നാണ്. ഇന്ത്യയുടെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് എക്കാലവും അടിത്തറയിട്ടിട്ടുള്ളത് ബീഹാറിന്റെ മണ്ണാണ്.
ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30-ന് ബീഹാറിലെ ചമ്പാരൻ ജില്ലയുടെ തലസ്ഥാനമായ ബേട്ടിയയിലെ ബിധ്ദ്വാ ഗാന്ധി ആശ്രമത്തിൽ നിന്ന് സ:കനയ്യ കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജൻ – ഗൺ -മൻ യാത്ര നാളെ ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നാ ഗാന്ധി മൈതാനത്ത് പുതുചരിത്രം സൃഷ്ടിച്ച് സമാപിക്കും.

ഡൽഹി കലാപവും, കനയ്യ കുമാറിന്റെ ജൻ ഗൺ മൻ യാത്രയും തമ്മിൽ കൂട്ടി വായിക്കേണ്ടതുണ്ട്. ജാഥയുടെ സമാപന സമ്മേളനത്തെ അത്ര മാത്രം ഭയത്തോടു കൂടിയാണ് ബി.ജെ.പി. ഭരണകൂടം വീക്ഷിക്കുന്നത് . ജാഥാ സമാപന മഹാസമ്മേളനം ഏത് മാർഗ്ഗത്തിലും തടയേണ്ടത് ബി.ജെ.പി.യുടെ രാഷ്ട്രീയ ആവശ്യമാണ്. പൗരത്വ നിയമത്തിലൂടെ RSS ഭരണകൂടം നടപ്പിലാക്കാൻ ശ്രമിച്ച വർഗീയ വിഭജനത്തിനെതിരെ രാജ്യത്താകമാനം അലയടിച്ച് ഉയർന്ന ഭരണകൂട വിരുദ്ധ സമരോത്സുകതയിൽ നിന്നാണ് ബീഹാറിൽ ജൻഗൺമൻ യാത്ര രൂപം കൊള്ളുന്നത്. 27-ന് രാജ്യം ദർശിച്ച ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷ്യം നിർത്തി മഹാറാലിയോട് കൂടിയാണ് കനയ്യ കുമാറിന്റെ യാത്ര സമാപിക്കുന്നത്. അത് ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കുന്ന ചലനം പ്രവചനാതീതമായിരിക്കും എന്ന് ദേശീയ മാധ്യമങ്ങളും ഇന്റെലിജൻസും റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. അത് ഒരു പക്ഷേ ബീഹാറിന്റെ മാത്രമല്ല, ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റിയെഴുതപ്പെടാൻ കാരണമായേക്കാം. കാരണം എട്ട് മാസങ്ങൾക്കപ്പുറം നവംബർ മാസത്തിൽ ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പാണ്.

46 വർഷങ്ങൾക്ക് മുമ്പ് ജയപ്രകാശ് നാരായണന്റെ വാക്കുകൾ കേൾക്കുന്നതിനായി പാറ്റ്നാ ഗാന്ധി മൈതാനത്ത് തടിച്ച് കൂടിയ ജനസഞ്ചയത്തിന്റെ റിക്കാർഡ് ഇന്നേ വരെ തകർക്കപ്പെട്ടിട്ടില്ല. 27-ന് കനയ്യകുമാറിന്റെ ജൻ-ഗൺ -മൻ യാത്ര ഗാന്ധി മൈതാനത്ത് സമാപിക്കുന്നതോടുകൂടി ജയപ്രകാശ് നാരായണന്റെ റിക്കാർഡ് തകർക്കപ്പെടും.
ജൻ ഗൺ മൻ യാത്രയുടെ പ്രധാന സംഘാടകനും സിപിഐ യുടെ ബീഹാർ ഘടകത്തിന്റെ സംസ്ഥാന നിർവാഹക സമിതിയംഗവും എ.ഐ.എസ്.എഫ്.ന്റെ മുൻ ദേശീയ പ്രസിഡണ്ടുമായിരുന്ന രവീന്ദ്രനാഥ് റോയിയും ഞാനുമായി ബീഹാറിലെ കത്യാറിൽ വച്ച് നടത്തിയ
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
എവിടെ നിന്നാണ് ജാഥ
ആരംഭിച്ചത്. ?
***
ഗാന്ധി നേരിട്ട് സ്ഥാപിച്ചതാണ് ചമ്പാരനിലെ ബിധ്ദ്വാ ആശ്രമം. ആദ്യ യോഗം പോലീസ് തടയുകയും ക്രമസമാധാന പ്രശ്നം ഉന്നയിച്ച് യാത്രയുടെ അനുമതി നിഷേധിക്കുകയും ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത് യാത്രാ സംഘവും സംഘാടകരും മാത്രമല്ല. പ്രദേശവാസികൾ ഒന്നടങ്കം വന്ന് റോഡ് ഉപരോധിച്ചു. മണിക്കൂറുകൾക്കകം പ്രതിഷേധ സ്ഥലം ജന ബാഹുല്യം കൊണ്ട് നിറഞ്ഞു. പ്രതിഷേധ സ്ഥലത്തിന്റെ വ്യാപ്തി കൂടി വന്നു. ജനങ്ങൾ വലിയ ആവേശത്തോടു കൂടിയാണ് എത്തിച്ചേർന്നു കൊണ്ടിരുന്നത്. കാര്യങ്ങൾ പന്തിയല്ലായെന്ന് മനസിലാക്കിയ ബീഹാർ പോലീസിന്റെ റിപ്പോർട്ട് മുകളിലേക്ക് പോയി. ഉടൻ തന്നെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉത്തരവെത്തി. നിരോധനം റദ്ദ് ചെയ്തു. ജാഥയ്ക്ക് വഴിയൊരുക്കാൻ പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. ബി.ജെ.പി.യുടെയും ഉപമുഖ്യമന്ത്രിയുടെയും അനിഷ്ടത്തിന് വിധേയമായാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഈ തീരുമാനം എടുത്തത്.
തുടക്കത്തിലെ തന്നെ ഇതുമൂലം ജാഥയും കനയ്യയും വലിയ വാർത്താപ്രാധാന്യം നേടി.
ആരാണ് ജൻ ഗൺ മൻ യാത്രയുടെ സംഘാടകർ ? സിപിഐ.യുടെ റോൾ എന്താണ് ?
***ചെറുതും വലുതുമായ ബീഹാറിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ജാഥയെ പിന്തുണയ്ക്കുന്നു. എന്നാൽ, പാർട്ടികളുടെ നേതൃത്വത്തിൽ ജാഥ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പുരോഗമന – ജനാധിപത്യ – സോഷ്യലിസ്റ്റ് ആശയങ്ങൾ പേറുന്ന ബീഹാറിലെ നൂറിലധികം സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വമാണ് ജാഥയുടെ സംഘാടകർ. ഇതിൽ പ്രധാനമായും എ.ഐ.എസ്.എഫ് ,എ.ഐ.വൈ.എഫ്., സംഘടനകളെ കൂടാതെ ,കോൺഗ്രസിന്റെയും, ജനതാദളിന്റെയും സി.പി.എം.ന്റെയും ബീഹാറിലെ ഇതര പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ബഹുജന സംഘടനകൾ അംഗങ്ങളാണ്. രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ധാരാളം സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും വലിയ പിന്തുണയാണ് മറ്റൊന്ന്. എന്നിരുന്നാലും ജാഥയുടെ മുഖ്യ സംഘാടകർ, പ്രധാനമായും റാലികൾ സംഘടിപ്പിക്കുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും നടത്തുന്നത്ത് സിപിഐ ബീഹാർ ഘടകമാണ്. അതിലേക്ക് എല്ലാവരും എത്തിച്ചേരുകയാണ്. പാർട്ടി കൊടികൾ ഒഴിവാക്കിയാണ് ഇതു ചെയ്യുന്നത്. ജാഥയുടെ നടത്തിപ്പിനായി 70 അംഗങ്ങളുടെ ഒരു എക്സ്പേർട്ട് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
വളരെ കൃത്യമായ ആസൂത്രണം ജാഥയ്ക്കുണ്ട്.
അതിൽ ഒരംഗമാണ് ഞാൻ. ബുദ്ധിജീവികൾ, പ്രൊഫസർമാർ, ചരിത്രകാരന്മാർ, കലാപ്രതിഭകൾ, രാഷ്ടീയ നേതൃത്വങ്ങൾ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. റാലിയുടെ ചുമതല സിപിഐ ക്കാണ്.
കലാ സംഘത്തിന്റെ ചുമതല എനിക്കാണ്.
പ്രതിപക്ഷത്തുള്ള മഹാസഖ്യം
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കനയ്യക്ക് എതിരെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. പ്രത്യേകിച്ച് കനയ്യ ജയിക്കാൻ പാടില്ലായെന്ന് കോൺഗ്രസിന് വാശിയും ഉണ്ടായിരുന്നല്ലോ?
എങ്ങനെയാണ് അവർ ഇപ്പോൾ കനയ്യകുമാറിനെ പിന്തുണയ്ക്കുന്നത്.?
***ശരിയാണ് ,കനയ്യ പാർലമെന്റിൽ എത്തിയാൽ രാഹുലിന്റെ ഉൾപ്പെടെയുള്ള നേതാക്കളുടെ പൊളിറ്റിക്കൽ മൈലേജ് ജനങ്ങൾ തിരിച്ചറിയും എന്ന് അവർ ഭയപ്പെട്ടിരുന്നു. അവർ ഇപ്പോൾ കനയ്യയെ പിന്തുണക്കാൻ കാരണം രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയത് തന്നെ കാര്യം. അവരുടെ ചില നേതാക്കൾക്ക് അനിഷ്ടമുണ്ടെങ്കിലും അണികൾ കനയ്യയെ പിന്തുണയ്ക്കുന്നു. ആസാദി മുദ്രാവാക്യങ്ങൾ അവർ ഹൃദയത്തിലേറ്റി ഏറ്റുവിളിക്കുന്നു. അവരുടെ അണികൾ ഉൾപ്പെടെയാണ് മഹാ റാലികളിൽ പങ്കുകൊള്ളുന്നത്.
കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ എം.എൽ.എ. ജാഥയോടൊപ്പം ഉണ്ടല്ലോ ? ജാഥയെ പിന്തുണയ്ക്കുന്ന മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് ഇതിൽ എതിർപ്പില്ലേ?
***ഷക്കീൽ അഹമ്മദ് ഖാൻ മുൻ ലോക്സഭാ എം.പി.യും. കോൺഗ്രസ് ദേശീയ സെക്രട്ടറിയും നിലവിൽ ബീഹാറിലെ കത്വാ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ യുമാണ്. അദ്ദേഹം കോൺഗ്രസ് നേതാവ് എന്ന നിലയിലല്ല ജാഥയിൽ സഞ്ചരിക്കുന്നത്. അദ്ദേഹം കനയ്യയെ പോലെ ജെ.എൻ.യു. വിലെ മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു. ജെ.എൻ.യു. വിന്റെ മുൻ അദ്ധ്യക്ഷൻ എന്ന നിലയിലാണ് അദ്ദേഹം ജാഥക്കൊപ്പം സഞ്ചരിക്കുന്നത്.
കനയ്യ കുമാറിനെ ബീഹാറിന്റെ കാവൽക്കാരൻ എന്ന് വിശേഷിപ്പിച്ചത്
ഷക്കീൽ അഹമ്മദ് ഖാൻ ആണ്. ഇപ്പോൾ ജനങ്ങൾ അത് ഏറ്റു പറയുന്നു.
കനയ്യകുമാറിനെ ഇപ്പോൾ ബീഹാർ ജനത “കാവൽക്കാരൻ” എന്നാണ് വിളിയ്ക്കുന്നത്.
ജാഥയെ ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത് ?
***എന്റെ നാളിതുവരെയുള്ള അനുഭവത്തിൽ ഇത്ര വലിയ ആൾക്കൂട്ടം ഞാൻ കണ്ടിട്ടില്ല.
മുപ്പതിനായിരം മുതൽ ഒന്നര ലക്ഷം വരെയാളുകളാണ് ഓരോ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലും കനയ്യകുമാറിനെ കേൾക്കാൻ എത്തി ചേർന്നത്. പാതയോരങ്ങളിൽ കാത്തുനിന്ന ജനസഞ്ചയത്തിന്റെ കണക്ക് ഇതിന് പുറമേയാണ്. ചുരുങ്ങിയത് മൂന്ന് കോടിയിലധികം ആളുകൾ ജാഥയെ നേരിട്ട് വീക്ഷിച്ചിട്ടുണ്ട്.
ബീഹാർ ജനസംഖ്യയുടെ 80 ശതമാനത്തിലധികം വരുന്ന ആളുകളിൽ ജാഥയുടെ സന്ദേശം എത്തിയിട്ടുണ്ട്. ചെറുതും വലുതുമായ അമ്പതിലധികം കേന്ദ്രങ്ങളിലാണ് ജാഥയെ വരവേറ്റത്.
ജാഥയ്ക്കു നേരെ ആർ.എസ്.എസ്.ആക്രമണങ്ങൾ
ഉണ്ടായതായി വാർത്തകൾ ഉണ്ടായിരുന്നുവല്ലാ?
***എട്ടിടങ്ങളിലാണ് കനയ്യ കുമാറിനെ ലക്ഷ്യം വച്ച് ജാഥയെ ആർ.എസ്.എസ്. നേതൃത്വത്തിൽ പ്രത്യക്ഷത്തിൽ ആക്രമിച്ചത്. അതിൽ ഫെബ്രുവരി 14-ന് പടിഞ്ഞാറൻ ബീഹാറിലെ ബോജ്പൂർ ജില്ലയിലെ സ്വീകരണം കഴിഞ്ഞ് മടങ്ങി വരവെ നൂറിലധികം ആർ.എസ്.എസ്. പ്രവർത്തകർ ആയുധങ്ങളുമായി ആക്രമണം നടത്തിയതാണ്. കനയ്യ സഞ്ചരിച്ച കാറിന്റെ ചില്ലുകൾ അവർ അടിച്ചു തകർത്തു. തലമുടിനാരിഴയ്ക്കാണ് കനയ്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ജാഥയ്ക്കൊപ്പം സഞ്ചരിക്കുന്ന സിപിഐ.യുടെ പീപ്പിൾസ് കോർ ഗ്രൂപ്പ്
സമയോചിതമായി ഇടപെട്ട് അവരെ തുരുത്തി പായിച്ചതിന് ശേഷമാണ് പോലീസ് എത്തി ചേരുന്നത്. പിന്നീട് പാർട്ടി സുരക്ഷ കൂടുതൽ ശക്തമാക്കി. പ്രത്യക പരിശീലനം ലഭിച്ച മുന്നൂറോളം പീപ്പിൾസ്കോർ വാളണ്ടിയർമാർ ഇപ്പോൾ ജാഥയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്.
***ഭണകൂടം മറ്റ് തരത്തിൽ നിരന്തരം തടസ്സങ്ങളുണ്ടാക്കി. പലയിടത്തും ജനങ്ങൾ വരുന്ന വാഹനങ്ങൾ പരിശോധനയുടെ പേരിൽ തടഞ്ഞു പൊതുയോഗത്തിൽ എത്തിക്കാതിരിക്കാൻ ശ്രമിച്ചു. ഈ നടപടി പലയിടങ്ങളിലും സംഘർഷത്തിന് വഴിവെച്ചു. മറ്റ് സ്ഥലങ്ങളിൽ അകാരണമായി പൊതുതുയോഗങ്ങൾക്ക് അനുമതി നിഷേധിക്കുകയും മൈക്ക് കട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. . 29-നാണ് ജാഥയുടെ സമാപനം ഗാന്ധി മൈതാനത്ത് നിശ്ചയിച്ചിരുന്നത്. അത് തടയുന്നതിന് വേണ്ടി 29 മുതലുള്ള എല്ലാ തീയതികളും ഭരണകൂടം വിവിധ പരിപാടികൾ എഴുതി ചേർത്ത് ബ്ലോക്ക് ചെയ്തു. അങ്ങനെയാണ് പുറകോട്ടുള്ള തീയതിയിലേക്ക് എത്തുന്നത്. 29 ൽ നിന്ന് 27-ലേക്ക് മാറ്റി. അതു കൊണ്ട് 3 ജില്ലകളിലെ പര്യടനം ഒഴിവാക്കേണ്ടി വന്നു. 38 ജില്ലകളിൽ 35 ജില്ലകളിലാണ് ജാഥ പര്യടനം നടത്തിയത്. കിഷൻ ഗഞ്ച് ,പൂർണിയാ, അരാറിയ എന്നിവയാണ് ഒഴിവാക്കപ്പെട്ട ജില്ലകൾ. ഈ ജില്ലകളിൽ ജാഥ പ്ലാൻ ചെയ്യുന്നതിന് മുമ്പായി തന്നെ കനയ്യയുടെ വൻ പൊതുസമ്മേളനങ്ങൾ നടന്ന സ്ഥലങ്ങളാണ്. അവിടെ നിന്ന് ലഭിച്ച പ്രചോദനത്തിൽ നിന്നു കൂടിയാണ് ജൻ ഗൺ മൻ യാത്ര രൂപം കൊള്ളുന്നത്.
പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് മഹാ റാലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായോ?
*** 60 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഗാന്ധി മൈതാനം 15 ലക്ഷം വരെയാളുകളെ ഉൾക്കൊള്ളും. മൈതാനത്തിന്റെ അഞ്ച് ഗേറ്റുകളും റാലി പ്രവേശിക്കുന്നതിനായി തുറക്കും. 26 മുതൽ തന്നെ ജനലക്ഷങ്ങൾ ഒഴുകിയെത്തും.ബീഹാറിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളുടെയും സമീപ പ്രദേശങ്ങൾ ഇപ്പോൾ തന്നെ ഗ്രാമവാസികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാറ്റ്നയാണ് അവരുടെ ലക്ഷ്യ കേന്ദ്രം. റാലി റിപ്പോർട്ട് ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ പാറ്റ്നയിൽ എത്തിച്ചേർന്നു കൊണ്ടിരിക്കുന്നു.
ലോകം കണ്ടിട്ടുള്ളതിൽ വച്ച് തന്നെ ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് പാറ്റ്ന സാക്ഷ്യം വഹിക്കാൻ പോകുന്നത്.
***ബീഹാറിനെ പകുത്ത് ഒഴുകുന്ന ഗംഗയുടെ തീരത്താണ് ഗാന്ധി മൈതാനം സ്ഥിതി ചെയ്യുന്നത്. ഭാരതത്തിന്റെ പുണ്യനദിയായി വിശ്വസിക്കുന്ന നാഗംഗാനദിയും അതിന്റെ കൈവഴികളും നീതിക്ക് വേണ്ടിയും നിലനില്പിനു വേണ്ടിയുമുള്ള ഈ ജനകീയ മുന്നേറ്റത്തെ ഭാരതത്തിലുsനീളം എത്തിക്കും. അത് ബീഹാറിന്റെ മാത്രമല്ല, ഇത്യയുടെ തന്നെ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിയെഴുതാനും വർഗീയ ഭരണകൂടത്തിന് ആർ എസ് എസ് മാളങ്ങളിലേക്ക് തന്നെ തിരികെ പോകാനും വഴിയൊരുക്കുമെന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം.
( രവീ’ന്ദ്ര നാഥ് റോയ് ISCUF ന്റെ ബീഹാർ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.)