ജയ് ശ്രീരാം വിളിച്ച് ചോദ്യം ചോദിച്ച യുവതിക്ക് കനയ്യയുടെ മറുപടി

418

ജയ് ശ്രീരാം വിളിച്ച് ചോദ്യം ചോദിച്ച യുവതിക്ക് കനയ്യയുടെ മറുപടി

കനയ്യ കുമാര്‍ ഇതിന് നല്‍കിയ ലളിതമായ മറുപടി ഞാന്‍ രണ്ട് വ്യക്തികള്‍ക്ക് ജനിച്ചയാളാണ് എന്നാണ്. എന്റെ മാതാപിതാക്കള്‍ ഒന്നിച്ചില്ലെങ്കില്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല. ഒരു വ്യക്തിയില്‍ നിന്നല്ല, രണ്ട് മനുഷ്യരില്‍ നിന്നാണ് ഞാന്‍ ഉണ്ടായത്. ജയ് ശ്രീരാം എന്ന് പറഞ്ഞുകൊണ്ടാണ് മംഗലാപുരം സ്വദേശിയായ യുവതി ചോദ്യം ചോദിച്ച് തുടങ്ങിയത്. താങ്കള്‍ ജയ് ഹിന്ദ് എന്ന് ഒരിക്കലെങ്കിലും വിളിക്കാന്‍ തയ്യാറുണ്ടോ എന്ന് യുവതി കനയ്യ കുമാറിനോട് ചോദിച്ചു. കനയ്യ കുമാര്‍ രാജ്യത്തെ ഒന്നായി കാണാന്‍ തയ്യാറാകുന്നില്ല എന്നായിരുന്നു യുവതിയുടെ പരാതി. – മംഗളൂരുവില്‍ (മംഗലാപുരം) നടക്കുന്ന ബിവി കക്കലിയ ശതാബ്ദി ആഘോഷ പരിപാടിയില്‍.

ജയ് ശ്രീരാം വിളിച്ച യുവതിക്ക് കനയ്യ നല്‍കിയ മറുപടി ഇങ്ങനെയാണ് – ഞങ്ങള്‍ ശ്രീരാം എന്നല്ല സീതാറാം എന്നാണ് പറയാറ് എന്നായിരുന്നു – ഇത് കേട്ടപ്പോള്‍ സദസില്‍ ചിരിയും കൈയടിയും നിറഞ്ഞു. ഇന്ത്യ ഒന്ന് തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇന്ത്യയുടെ ഭരണഘടനയില്‍ മുന്നൂറിലധികം അനുച്ഛേദങ്ങളുണ്ട്. ഈ രാജ്യത്തെ ഒരേയൊരു പാര്‍ലമെന്റിനെ പ്രതിനിധീകരിക്കാന്‍ രണ്ട് സഭകളുണ്ട് – ലോക്‌സഭയും രാജ്യസഭയും. ലോക്‌സഭയില്‍ ഒരംഗമല്ല, 545 അംഗങ്ങളുണ്ട്. നമ്മുടെ ഏകത്വത്തില്‍ ബഹുസ്വരതയുണ്ട്. താങ്കള്‍ക്ക് ജയ് ശ്രീരാമോ, ജയ് ഹനുമാനോ എന്താണ് ഇഷ്ടമെന്ന് വച്ചാല്‍ വിളിച്ചോളൂ. അതിനുള്ള സ്വാതന്ത്ര്യം തരുന്നത് ഈ രാജ്യത്തിന്റെ ഭരണഘടനയാണ്. ഈ ഭരണഘടനയ്ക്കും നിങ്ങള്‍ ഇടയ്ക്ക് ജയ് വിളിക്കൂ – കനയ്യ കുമാര്‍ പറഞ്ഞു.

ഞാന്‍ ജനിച്ചത് മിഥിലയിലാണ്. എന്റെ വീട് ബെഗുസാരായ് ജില്ലയിലാണ്. അത് മിഥിലയിലാണ്. എല്ലാ വര്‍ഷവും ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് അയോധ്യയില്‍ നിന്ന് ഘോഷയാത്ര വരും. രാമന്റേയും ലക്ഷ്മണന്റേയും മറ്റും വേഷം കെട്ടി ആണ്‍കുട്ടികള്‍ വരും. ഞങ്ങളുടെ നാട്ടിലെ ക്ഷേത്രത്തില്‍ രാമവിവാഹം നടക്കും. രസമുള്ള ഒരു കാര്യം പറയാം മിഥിലയിലെ ജനങ്ങള്‍ രാമനെ ചീത്ത വിളിക്കും. മിഥില രാമന്റെ ഭാര്യവീടാണ്. നിങ്ങള്‍ ഒരു പക്ഷേ ഞങ്ങളുടെ നാട്ടില്‍ വരുകയാണെങ്കില്‍ ഇത് കണ്ട് ആശ്ചര്യപ്പെടുമായിരിക്കും. ഭഗവാനായ രാമനെ ചീത്തവിളിച്ചുകൊണ്ട് വരവേല്‍ക്കുന്നത് കാണുമ്പോള്‍. ഇതാണ് ഞങ്ങളുടെ സംസ്‌കാരം. ഞങ്ങളുടെ സംസ്‌കാരത്തില്‍ രാമനെയോ മറ്റേതെങ്കിലും ദൈവത്തേയോ ഒറ്റയ്ക്കല്ല സ്മരിക്കുന്നത്. രാമനെ എപ്പോഴും സീതയോടൊപ്പമാണ് കാണുന്നത്. കൃഷ്ണനെ രാധയോടൊപ്പമാണ് കാണുന്നത്.

നിങ്ങള്‍ ചെറുപ്പമാണ്. ഞാന്‍ പിഎച്ച്ഡി ചെയ്തുകഴിഞ്ഞു. നിങ്ങളും ചെയ്‌തേക്കാം. പിഎച്ച്ഡി ചെയ്യുകയാണെങ്കില്‍ ഈ രാജ്യത്ത് എത്ര രാമായണങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട് എന്ന് പഠിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. ഈ രാജ്യത്ത് മുന്നൂറിലധികം രാമായണങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ ഹിമാചലില്‍ പോയപ്പോള്‍ അവിടെ ത്രിലോക്‌നാഥിന്റെ ക്ഷേത്രമുണ്ട്. അവിടെ ബുദ്ധ വിഗ്രഹമുണ്ട്. അതിന്റെ തലയ്ക്ക് മുകളില്‍ ശിവന്റെ വിഗ്രഹം. ആദ്യം ഹിന്ദു പൂജാരി വന്ന് പൂജ നടത്തും. പിന്നീട് ബുദ്ധ സന്യാസി വന്ന് അദ്ദേഹത്തിന്റെ കര്‍മ്മങ്ങളും. ഇത് ഇന്ത്യയുടെ സവിശേഷതയാണ്. ലാഹോള്‍ ജില്ലയിലെ ക്ഷേത്രത്തില്‍ ലാഹോളി ഭാഷയില്‍ എഴുതിയ രാമായണമുണ്ട്. ഈ രാമായണം സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി എന്ന് പറയുന്നില്ല. രാവണന്‍ സീതയുടെ പിതാവാണ് എന്ന് പറയുന്നു. രാമന്‍ സീതയെ പ്രേമിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് രാവണനും രാമനും തമ്മില്‍ യുദ്ധത്തിലേയ്ക്ക് നയിച്ചത് എന്നാണ് ലാഹോളി രാമായണം പറയുന്നത്. ആരാണ് നിങ്ങളുടെ മനസില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കുത്തിനിറച്ചത് എന്ന് എനിക്കറിയില്ല.

ഈ രാജ്യത്ത് നിങ്ങള്‍ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും നിങ്ങള്‍ എത്ര മാത്രം ചെറിയ ആളുകളാണ്, ഈ രാജ്യത്തിന് മുന്നില്‍ എന്ന്. നിങ്ങള്‍ ഹിമാചലില്‍ പോയാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് എന്ന് തോന്നാം. ഗോവയ്ക്കും മംഗലാപുരത്തിനുമിടയില്‍ യാത്ര ചെയ്യുമ്പോള്‍ മിയാമിയിലൂടെ പോകുന്നത് പോലെ തോന്നാം. ഈ രാജ്യത്തെ മൈതാനങ്ങളിലൂടെ നടക്കുമ്പോള്‍ ഇത് അമേരിക്കയിലെ വലിയ പുല്‍മൈതാനങ്ങളേക്കാള്‍ വലുതായി തോന്നാം. നിങ്ങളുടെ അമ്മ നിങ്ങളുടേത് ആണ് എന്നത് പോലെ നിങ്ങളുടെ രാജ്യവും നിങ്ങളുടേതാണ്. എന്നാല്‍ നിങ്ങള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ഏതെങ്കിലും നിറമുള്ള കൊടിയുമായി ഒരാള്‍ വന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് എന്നോ ജയ് ശ്രീരാം എന്നോ വിളിച്ചെത്തി, നിങ്ങളുടെ അമ്മയോട് നിങ്ങള്‍ക്ക് സ്‌നേഹമുണ്ടോ ഉണ്ടെങ്കില്‍ ഇപ്പോള്‍ സ്‌നേഹിച്ച് കാണിക്ക് എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി…?

കനയ്യകുമാർ.

കടപ്പാട്