അരനൂറ്റാണ്ടും കടന്ന് ഒരു ഇഢലിക്കട

64

അരനൂറ്റാണ്ടും കടന്ന് ഒരു ഇഢലിക്കട

കിഴക്കൻ പാലക്കാട് മേഖലയിലെ വണ്ടിത്താവളത്ത് കഴിഞ്ഞ 52 വർഷമായി ഒരേ കുടുംബ ഉടമസ്ഥതയിൽ ഒരു ഇഢലിക്കട സജീവമായി പ്രവർത്തിക്കുന്നു. വണ്ടിത്താവളം ടൗണിൽ തൃശൂർ – പൊള്ളാച്ചി സംസ്ഥാനാന്തരപാതയിൽ ഉള്ള കണ്ണപ്പൻ ഇഢലിക്കടയാണ് അരനൂറ്റാണ്ടായി ഇഢലി രുചിയുടെ പെരുമ പരത്തുന്നത്.ആലത്തൂർ കഴനി പഴനിയപ്പൻ ചെട്ടിയാർ വാണിയച്ചെട്ടിയാണ്. ചക്കാട്ടി എണ്ണയെടുക്കലാണ് കുലത്തൊഴിൽ . ഏതാണ്ട് 90 കൊല്ലം മുമ്പ് ചെട്ടിയാർ തൊഴിൽ തേടി വണ്ടിത്താവളം തണ്ണീർപ്പന്തലിലെത്തി ,അവിടെ തൊഴിലെടുത്ത് സ്ഥിരതാമസമാക്കി. ഈ കാലത്ത് 1936ൽ ചെട്ടിയാർക്ക് ഒരു മകൻ പിറന്നു. കണ്ണപ്പൻ എന്ന ഓമനപ്പേരുകാരനായ ചിന്നസ്വാമി ചെട്ടിയാർ.രണ്ടാം തരം വരെ പഠിച്ച കണ്ണപ്പൻ പിതാവിനെ സഹായിക്കാനിറങ്ങി. കാലം കാളവലിക്കുന്ന ചക്കിനെപ്പോലെ വട്ടം കറങ്ങി. ചിറ്റൂരിനടുത്ത ഗ്രാമത്തിലെ കാവേരിയെ കണ്ണപ്പൻ കല്യാണം കഴിച്ചു. മെഷീൻ ചക്കുകൾ വന്നതിനാൽ നാടൻ ചക്കിന് ഓട്ടം കുറഞ്ഞു. കുടുംബസ്ഥനായ കണ്ണപ്പൻ തൊഴിൽ മേഖല മാറ്റിപ്പിടിച്ചു – വണ്ടിത്താവളത്തെ പഴയ ചന്തപ്പെട്ട ഭാഗത്ത് ഓലപ്പുരയിൽ ഒരു ചായക്കട തുടങ്ങി .കാപ്പി, ചായ .പിന്നെ പലഹാരമായി ഇഢലി മാത്രം. വീടിൽ വെച്ച് കാവേരി ഇഢലി ഉണ്ടാക്കി കടയിലെത്തിക്കും. കടയിൽ കണ്ണപ്പന്റെ ചായയടിക്കലും, സപ്ളൈയും മാത്രം. രാവിലെയും, വൈകീട്ടും ഇഢലി കിട്ടും.

വെള്ളമസൂരിയരി, ഉഴുന്ന് കൃത്യമായി അനുപാതം ചേർത്ത് കാവേരിയുടെ കൈപ്പുണ്യത്തിലുണ്ടാക്കുന്ന തുമ്പപ്പൂ പോലുള്ള ഇഢലി രുചിയിൽ മുമ്പനായി. കൂട്ടായി ചട്ണിക്കൊപ്പം തരുന്ന മുളക് ചമ്മന്തി പ്രശസ്തമായിരുന്നു. വീടിന്റെ ഉമ്മറത്തിണ്ണയിലെ നിലത്ത് പതിപ്പിച്ച ചതുരാകൃതിയിലുള്ള ആട്ടുകല്ലിൽ കാവേരി ഏറെക്കാലമായി മാവരച്ചു. ഇഢലി ഉണ്ടാക്കി. ചമ്മന്തി ഉണ്ടാക്കി – എണ്ണയിൽ മൂപ്പിച്ച വറ്റൽമുളകും, ഉള്ളിയും, തക്കാളിയും ,പട്ട – ഗ്രാമ്പുവും, പുതിന – മല്ലിയിലകളും ചേർത്തരച്ച ഉഗ്രൻ ചമ്മന്തി. ഒരു ദിവസം ഏതാണ്ട് ആയിരത്തോളം ഇഢലിയുണ്ടാക്കി ആകുന്ന മുറയ്ക്ക് കടയിലെത്തിക്കും. അവിടെ ആവശ്യക്കാർ കാത്തിരിക്കും. കച്ചവടം കൂടിയാലും, കുറഞ്ഞാലും ഈ എണ്ണത്തിൽ മാറ്റം വരുത്തില്ല. അത് ക്ലിപ്തമാണ്. രുചിപ്പെരുമ പാലക്കാട്ടും, തൃശൂരിലും, പിന്നെ കേരളത്തിലും ,തമിഴ്നാട്ടിലുമെത്തി. പഴനി, പറമ്പിക്കുളം യാത്രകൾ വണ്ടിത്താവളം വഴിയായതിനാൽ അന്യദേശയാത്രികർ ഈ വഴി കടന്ന് ഇഡലി രുചി കണ്ടെത്തി പ്രചാരം നൽകി. കടയിലെ വിതരണത്തിന് പുറമെ പാർസലിനും ആവശ്യക്കാരേറെയാണ്. ഇതിനിടയിൽ കട ചന്തപ്പേട്ടയിൽ നിന്നും മെയിൻ റോഡിലേക്ക് മാറ്റിയിരുന്നു.

1984 ൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ,കണ്ണപ്പന്റെ മകൻ മണി പിതാവിനെ സഹായിക്കാൻ പൂർണ്ണ സമയം കടയിലെത്തി. കണ്ണപ്പനെ സഹായിക്കാൻ സഹോദരൻ സുന്ദരൻ കടയിൽ ചായ മാസ്റ്ററായി. പക്ഷെ ഇഢലി നിർമ്മാണച്ചുമതല കാവേരിക്കു തന്നെ. അതിനാൽ രുചി അതേപടി നിലനിൽക്കുന്നു. 2011 ൽ കണ്ണപ്പൻ മരണപ്പെട്ടു. കടയുടെ നടത്തിപ്പ് മണി നോക്കിത്തുടങ്ങി. ഇപ്പോൾ വളരെ പ്രായമായ കാവേരി, ഇഢലി മാവ് ഗ്രൈൻഡറിൽ അരച്ചെടുക്കുന്നു എന്നതൊഴിച്ചാൽ നിർമ്മാണ മേൽനോട്ടം അവർക്കു തന്നെ. അതിനാൽ രുചി തുടരുന്നു. പഴയ ചതുരാകൃതിയിലുള്ള ആട്ടുകല്ല് ഓർമ്മകൾ ഉണർത്തിക്കൊണ്ട് ഇപ്പോഴും വീടിന്റെ ഉമ്മറത്തിണ്ണയിലുണ്ട്.

കഴിഞ്ഞ 52 കൊല്ലങ്ങൾ കൊണ്ട് വണ്ടിത്താവളത്ത് ഒരു പാട് മാറ്റങ്ങൾ വന്നു. പഴയ വണ്ടിത്താവളം കവല നല്ല ടൗണായി . മികച്ച റോഡ് വന്നു. ബസ്സ്റ്റാൻഡ് വന്നു. കടകമ്പോളങ്ങൾ കൂടി .ഒരുപാട് ഹോട്ടലുകളും, ഫാസ്റ്റ്ഫുഡ് റസ്റ്റോറൻറുകളും, പൊറോട്ടോ സ്റ്റാളുകളും വന്നു. ടൗണിന്റെ മേലെ ആകാശത്തിന് കുറുകെ പുഗലൂർ – മാടക്കത്തറ, ഉദുമൽപ്പേട്ട – കഞ്ചിക്കോട്- മാടക്കത്തറ 440 KV വൈദ്യുതി ലൈനുകളും എത്തി. മീനാക്ഷിപുരം അതിർത്തി കടന്ന് എണ്ണമറ്റ പാൽ ടാങ്കർ ലോറികൾ ഈ വഴി ചീറിക്കടന്നു. പക്ഷെ ഇവക്കൊന്നും കണ്ണപ്പന്റെ ഇഢലിയെ തോൽപ്പിക്കാനായില്ല. കണ്ണപ്പന്റെ ഇഢലിക്കടക്ക് ഡിസ്പ്ളേബോർഡ് അന്നുമിന്നുമില്ല. കഴിഞ്ഞ അരനൂറ്റാണ്ടിലെ പല തലമുറകൾ കടന്ന് ഇപ്പോഴിലുള്ളവരിലും ആ രുചി പകർന്നെത്തിയിരിക്കുകയാണ്. സായാഹ്നത്തിലെ വണ്ടിത്താവളം ടൗണിലെ ആൾക്കൂട്ടത്തിലും കണ്ണപ്പന്റെ കടയിൽ ഇഢലിക്കായി നല്ല തിരക്ക്. കടയിലെ ഭിത്തിയിൽ പൂമാലയിട്ട് സൂക്ഷിച്ചിട്ടള്ള ഫോട്ടോ ഫ്രെയിമിനകത്ത് നിന്നും എല്ലാം കണ്ട് കണ്ണപ്പൻ പുഞ്ചിരിച്ചു നിൽക്കുന്നു.
താഴെ ഫോട്ടോ: വണ്ടിത്താവളം കണ്ണപ്പൻ ഇഢലിക്കട വിവിധ ദൃശ്യങ്ങൾ.

**