സാധാരണ കൂലിയുടെ ജോലിയിൽ നിന്ന് ഇന്ത്യയൊട്ടുക്കും കുപ്രസിദ്ധിയാർജ്ജിച്ച അധോലോക നായകന്റെ ജീവിതം

104

സിദ്ദീഖ് പടപ്പിൽ

കരീം ലാല

രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കാതെ, നിയമത്തിന്റെ മുമ്പിൽ പിടികൊടുക്കാതെ കാണാമറയത്ത് നിന്ന് ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങൾ എന്ന് വേണമെങ്കിൽ അധോലോകത്തെ നിർവചിക്കാം. ആർക്കും ചെന്നെത്തിപ്പെടാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള പാതാളത്തിൽ കഴിയുന്ന ക്രിമിനൽ സംഘം എന്ന ഭാഷാ ശൈലിയിൽ നിന്നാവണം അണ്ടർ വേൾഡ് എന്ന പദം വന്നത്. ഇത്തരം സംഘങ്ങൾക്ക് ഓരോ നേതാവും കാണും. ഡോൺ എന്നാണ് അധോലോക സംഘത്തിന്റെ നേതാവ് അറിയപ്പെടുന്നത്. ബോംബെ അധോലോക മാഫിയ സംഘങ്ങളെ ആസ്പദമാക്കി നിരവധി ബോളിവുഡ് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അമിതാബ് ബച്ചൻ നായകനായ ദീവാർ, സഞ്ജീർ, ഡോൺ തുടങ്ങി പരിന്‍ദ, സത്യ, ദയവാൻ, കമ്പനി, മഖ്ബൂൽ തുടങ്ങിയവ അതിൽ ചിലത് മാത്രം.

1994 ല് മുംബൈയിലെ ഗീർഗാവ് കോടതിയാണ് രംഗം. സ്വത്ത് തർക്കത്തിന്റെ പേരിൽ അകാരണമായി ഒരു സ്ത്രീയുടെ മുഖത്തടിച്ചു എന്ന കേസിലെ വിചാരണയാണ് നടക്കുന്നത്. ആജാനബാഹുവായ ഒരു പഠാൻ തന്റെ സഹചാരിയായ ബഹദാർ ഖാനിന്റെ സഹായത്തോടെ പ്രതിക്കൂട്ടിൽ നിൽക്കുന്നു. മജിസ്‌ട്രേറ്റ് പ്രതിയോട് പേര് ചോദിക്കുന്നു. അത് കേട്ട് അമ്പരന്ന പ്രതി തന്റെ ലെഫ്‌നന്റായ ബഹദാർ ഖാനെ നോക്കി ഗാംഭീര്യമാർന്ന ശബ്ദത്തിൽ മറുചോദ്യം ഉന്നയിക്കുന്നു. ഏതാ ഈ കറുത്ത കോട്ട് ധരിച്ച, എന്റെ പേരറിയാത്ത ഇയാൾ? ഇത് കേട്ട ബഹദാർ ഖാൻ, ആ ആറടിയിലധികം ഉയരമുള്ള അയാളെ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് കോടതിയാണ്, ആ ഉയരത്തിലിരിക്കുന്ന വ്യക്തി ഏറെ ബഹുമാനിക്കപ്പെടേണ്ട മജിസ്‌ട്രേറ്റ് ആണ്. മാന്യത കൈവിടാതെ താങ്കൾ പേര് പറയൂ..
“മേം, അബ്ദുൽ കരീം ഖാൻ ഷേർ ഖാൻ പഠാൻ”
കോടതി : വയസ്സ്?
ഉ : 83
ചോ : താങ്കൾ ഒരു സ്ത്രീയെ അന്യായമായി തല്ലി എന്ന പരാതിയെ കുറിച്ച് താങ്കൾ ബോധ്യവാനാണോ?
ഉ : ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരെ എന്റെ കുടുംബത്തെ സ്ത്രീകളെ അല്ലാതെ മറ്റു സ്ത്രീകളുടെ കണ്ണിലേക്ക് നോക്കിയിട്ട് പോലുമില്ല, എന്നിട്ടല്ലേ തല്ലുന്നത്. ആ സ്ത്രീ നുണ പറയുകയാണ്. ദേഷ്യം കത്തി നിൽക്കുന്ന കണ്ണിലൂടെ അയാൾ ആക്രോശിക്കുകയായിരുന്നു. കൂടുതൽ ചോദ്യങ്ങളില്ലാതെ 2,500 രൂപ ജാമ്യത്തിൽ അയാളെ കോടതി വിട്ടയ്ക്കുകയാണ് ഉണ്ടായതെന്ന് നാഗ്പാഠ സ്റ്റേഷനിലെ മുൻ ഇൻസ്‌പെക്ടർ ബൽജിത് പ്രാമറ് ഓർത്തെടുക്കുന്നു.

ബോംബെ അധോലോകം അടക്കി വാണിരുന്ന ആദ്യ ഡോൺ എന്ന് വിളിക്കപ്പെട്ട കരീം ലാലയായിരുന്നു അത്. 1930 കളിൽ ബോംബെ തുറമുഖത്തെ സാധാരണ കൂലിയുടെ ജോലിയിൽ നിന്ന് ഇന്ത്യയൊട്ടുക്കും കുപ്രസിദ്ധിയാർജ്ജിച്ച അധോലോക നായകന്റെ ജീവിതം അത്ഭുതമുളവാക്കുന്നതാണ്. ആദ്യകാല അധോലോക നായകർ ചെയ്തിരുന്നത് കള്ളക്കടത്തുകളും അല്ലറ ചില്ലറ ഗുണ്ടായിസവുമായിരുന്നെങ്കിൽ പിൽക്കാലത്ത് ഉയർന്നു വന്ന ഡോണുകൾ രക്തച്ചൊരിച്ചിലിന്റെ നടുക്കുന്ന ഓർമ്മകൾ നൽകി നമ്മിൽ ഭീതി പരത്തിയിട്ടുണ്ട്.

ഇന്ത്യാ – പാക്കിസ്ഥാൻ എന്നീ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കുന്നതിന് മുമ്പ് തുടങ്ങുന്നതാണ് ബോംബെ അധോലോക ചരിത്രം. കാർഗോ വിമാനങ്ങളും യാത്രാവിമാനങ്ങളും ഇന്നത്തെ പോലെ സാർവത്രികമാകുന്നതിനും മുമ്പ്. ജോലി തേടി വൻ നഗരങ്ങളിലേക്ക് ആളുകൾ കുടിയേറി പാർത്തിരുന്ന കാലം. ഇന്നത്തെ പാക്കിസ്താനില് നിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും ജോലി തേടി ആളുകൾ ബോംബെയിൽ എത്തിയിരുന്നു. ബോംബെ നഗരത്തിലെ ജോലി സാധ്യത മനസ്സിലാക്കി എത്തിയതാണ്, ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലെ കുനറ് താഴ്വരയിൽ നിന്നും കുടിയേറിയ കരീം ലാലയുടെയും കുടുംബവും.

ഒരു സാധാരണ പഠാൻ കുടുംബത്തിൽ 1911 ലായിരുന്നു അബ്ദുൽ കരീം ഷേർ ഖാൻ എന്ന കരീം ലാലയുടെ ജനനം. 1920 ലാണ് കുടുംബം തെക്കൻ ബോംബെയിലെ ബേണ്ടി ബസാറിൽ താമസമാക്കുന്നത്. ചെറുപ്രായത്തിൽ തന്നെ പിതാവിനോടൊപ്പം ബോംബെ തുറമുഖത്ത് കയറ്റിറക്ക് ജോലിയിൽ പ്രവേശിച്ചു. അക്കാലത്ത് പഷ്‌തോ സംസാരിക്കുന്ന പഠാനികളുടെ സംഘം തന്നെ തുറമുഖങ്ങളിലും പുറത്തും ജോലി ചെയ്തിരുന്നു. ഇവരിലെ ചിലർ ഒരു സംഘടിത ഗുണ്ടാ ഗ്രൂപ്പായും പ്രവർത്തിച്ചിരുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിലും പണമിടപാടുകളിലും പ്രവർത്തിച്ചിരുന്ന മാർവാഡി, ഗുജറാത്തി കച്ചവടക്കാർ, പഠാണികളുടെ സഹായം തേടിയിരുന്നു. വാടകയ്ക്ക് കൊടുത്ത കെട്ടിടത്തിൽ നിന്ന് നിശ്ചിത കാലാവധിക്ക് ശേഷം വാടകക്കാരൻ ഒഴിയാൻ കൂട്ടാക്കാതിരിക്കുന്ന അവസരങ്ങളിൽ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാനാണ് കെട്ടിടയുടമകൾ പഠാണികളുടെ സഹായം തേടിയിരുന്നത്. ആറടിയും അതിലധികവും ഉയരവും തടിയും പേടിപ്പെടുത്തുന്ന മുഖഭാവമുള്ള പഠാൻ ഒന്ന് ഒച്ചവെച്ചാൽ മാത്രം ഭയക്കുന്നവരായിരുന്നു അവർ.

തുറമുഖത്തെ ജോലിയോടൊപ്പം പുറത്ത് ഇത് പോലെ ഭീഷണിപ്പെടുത്തി കാര്യം നേടുന്ന കൂലിത്തല്ലുകാരുടെ വേഷം കൂടി പഠാണികളിൽ വന്ന് ചേർന്നു. പണം വായ്പ കൊടുത്തത് തിരികെ പിടിക്കാനും മാർവാഡികൾ ഇവരുടെ സഹായം തേടിയിരുന്നു.
പതിയെ പതിയെ പഠാൻ ഗ്യാംഗ് ഹഫ്ത പിരിവിലും മറ്റു കുറ്റകൃത്യങ്ങളിലും കൈവെക്കുകയുണ്ടായി. അനധികൃതമായി കച്ചവടമോ ജോലിയോ ചെയ്യുന്ന പാവങ്ങളുടെ ചട്ടിയിൽ കൈയ്യിട്ട് വാരുന്ന ഏർപ്പാടിനെയാണ് ഹഫ്ത എന്ന് പറയുന്നത്. മുൻസിപ്പാലിറ്റി സ്ഥലം കയ്യേറി കച്ചവടം, പോലീസിനെ കബളിപ്പിച്ചു അനധികൃത വരുമാനം ഉണ്ടാക്കുന്നവരൊക്കെ ദിവസം അല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസം പഠാൻ ഗ്യാംഗിന് ഒരു നിശ്ചിത തുക കൊടുത്താൽ പിന്നെ ആ ഭാഗത്ത് അധികൃതർ വരില്ല, അതിനുള്ള സെറ്റപ്പ് കാശ് പിടുങ്ങുന്ന ഗുണ്ടകൾ ചെയ്തിരിക്കും. ഹഫ്ത പിരിവിന് പുറമേ മദ്യ വില്പന, മയക്കുമരുന്ന് കച്ചവടം, തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലും പഠാണികൾ ഏർപ്പെട്ടു തുടങ്ങി.

പഠാൻ ഗ്യാംഗിൽ എത്തപ്പെട്ട കരീം ലാല 1940 ഓടെ അവരുടെ നേതാവായി വളർന്നു. നാല്പത് മുതൽ 1975 വരെ ബോംബെ അധോലോക ഡോൺ ആയി വിരാജിച്ച കരീം ലാലയുടെ സതീർത്ഥരാണ് ഹാജി മസ്താനും വരതരാജൻ മുതലിയാരും. ഒരു ഭാഗത്ത് കരീം ലാല സംഘം ഇത്തരം കുറ്റകൃത്യങ്ങളിലൂടെ അധോലോകം ഭരിച്ചപ്പോൾ തുറമുഖത്തെത്തുന്ന സ്വർണ്ണവും വെള്ളിയും ഇലക്ട്രോണിക്സ് ഉപകരണ കള്ളക്കടത്തുമായി ഹാജി മസ്താൻ ഉയർന്നു വന്നു. ഔട്ടർ ബോംബെ കേന്ദ്രീകരിച്ചു മദ്യ ഇടപാടുകളും ഗുണ്ടാപ്രവർത്തനവുമായാണ് മുതലിയാർ കുപ്രസിദ്ധി നേടിയത്.

എഴുപതുകളുടെ പകുതിയോടെ ആരോഗ്യകാരണങ്ങളാൽ പിൻവലിഞ്ഞ ലാല തന്റെ കസേര, അനന്തരവൻ സമദ് ഖാനെ ഏൽപ്പിക്കുകയായിരുന്നു. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ലാല, ഡോംഗ്രിയിൽ ചെറുകിട ഹോട്ടലുകളും ട്രാവൽ ഏജൻസികളും നടത്തി ശിഷ്ടകാലം ഒതുങ്ങി കഴിഞ്ഞു. സിനിമാമേഖലയിലടക്കം ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്ന ലാലയുടെ വീട്ടിൽ സംഘടിപ്പിച്ചിരുന്ന മെഹ്ഫിലുകളിൽ പലരും പങ്കെടുത്തിരുന്നു. സ്നേഹസമ്പന്നനും ആശ്രിത സംരക്ഷകനുമായ ലാല സുഹൃത്തുക്കളുടെ നമ്പറുകൾ സൂക്ഷിച്ചിരുന്ന പുസ്തകത്തിൽ അവരുടെയൊക്കെ ജന്മദിനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നുവത്രെ. ഓരോ ജന്മദിനവും മറക്കാതെ ഫോൺ വിളിച്ചു ആശംസ അറിയിച്ചിരുന്നവരിൽ സമൂഹത്തിലെ ഉന്നതന്മാരും പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. രണ്ട് വിവാഹം കഴിച്ച ലാലയ്ക്ക് പിൻഗാമിയായി ആൺ മക്കൾ ഇല്ലായിരുന്നു.
പഠാൻ ഗ്യാംഗ് നിയന്ത്രിച്ചിരുന്ന അനന്തരവൻ സമദ് ഖാന്റെ സംഘം അവർക്ക് ഭീഷണിയായി ഉയർന്ന് വന്ന കൊങ്കണി ഗ്യാങ്ങുമായി 1985 ഓടെ തർക്കങ്ങളും പരസ്പര അക്രമങ്ങളും പതിവായി. പക ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ സാബിർ ഇബ്രാഹിം കസ്‌ക്കർ ന്റെ കൊലപാതകത്തിൽ വരെ ചെന്നെത്തി. ഹാജിമസ്താൻ അടക്കം പല പ്രമുഖരും ഒത്ത് തീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ദാവൂദ് സംഘം സമദ് ഖാനെ കൊലപ്പെടുത്തിയതിലൂടെ നഗരത്തിൽ നിന്ന് പഠാൻ ഗ്യാംഗ് നാമാവശേഷമാകുകയായിരുന്നു. തൊണ്ണൂറാം വയസ്സിൽ, 2002 ഫിബ്രവരി 19 ന് കരീം ലാലയും മരണപ്പെട്ടതോടെ ബോംബെ മഹാനഗരം സാക്ഷിയായ ആദ്യത്തെ അധോലോക നായകന്റെ ജീവിതവും പൂർണ്ണമായി.