സമ്പന്നരായ കാസ്റോട്ടുകാർ വിചാരിച്ചാൽ ഒന്നല്ല ഒരുപാട് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ അവിടെ ഉയരും

240

മംഗലാപുരം നഗരത്തിൻ്റെ 18 കിലോമീറ്റർ ചുറ്റളവിൽ കെ.എം.സി, ഫാദർ മുള്ളേർസ്, യേനപ്പോയ, കെ.എസ്.ഹെഗ്ഡെ(നിട്ടെ), എ.ജെ, ശ്രീനിവാസ്,കണച്ചൂർ അക്കാഡമി എന്നിങ്ങനെ 7 മെഡിക്കൽ കോളേജുകളും വെൻലോക്ക്, ഇന്ത്യാന, തേജസ്വിനി, ഒമേഗ, യൂണിറ്റി പോലുള്ള മികച്ച ഹോസ്പിറ്റലുകളും അടങ്ങുന്നതാണ് മംഗലാപുരത്തെ പ്രധാന ചികിൽസാ സംവിധാനങ്ങൾ. പിന്നെ ഉഡുപ്പിക്കടുത്തുള്ള മണിപ്പാൽ ഹോസ്പിറ്റലുമുണ്ട്. ഇതിൽ വെൻലോക്ക് ഹോസ്പിറ്റൽ ഒഴികെ ബാക്കിയൊന്നും സർക്കാർ സംവിധാനങ്ങളല്ല. മംഗലാപുരത്തേക്ക് ചികിത്സ തേടിപ്പോയിട്ടുള്ള മലയാളികളോട് ചോദിച്ചാൽ ഇപ്പറഞ്ഞ സ്വകാര്യ ഹോസ്പിറ്റലുകളിൽ ഏതെങ്കിലും ഒന്നിൻ്റെ പേരായിരിക്കും പറയുക. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ കാറുകളൊക്കെ കേരളത്തിൽ ആദ്യമിറങ്ങുന്ന നാടാണ് കാസറഗോഡ്. കേരളത്തിൽ മറ്റൊരിടത്തും കാണാത്തത്ര അത്യാഡംബര ഭവനങ്ങളുള്ള നാടാണ് കാസറഗോഡ്. സമ്പന്നരായ കാസ്റോട്ടുകാർ വിചാരിച്ചാൽ ഒന്നല്ല ഒരുപാട് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ ഇവിടെ ഉയരും. ഇത്തരത്തിലുള്ള ചർച്ചകളും പൊതുജന കൂട്ടായ്മകളും ഈ അവസരത്തിലെങ്കിലും ഉയർന്ന് വരണം. കാരണം ഇതുവരെ നമ്മുടെ 7 സഹോദരങ്ങളുടെ ജീവനാണ് റോഡ് അടച്ചതിനാൽ ചികിത്സ കിട്ടാതെ നഷ്ടപ്പെട്ടത് ഇത് കൊറോണ ബാധിച്ച് ഇതുവരെ കേരളത്തിൽ മരിച്ചവരെക്കാളും വലിയ സംഖ്യയാണ്.ഈ വിഷയത്തിൽ പോസിറ്റീവായ ചർച്ചകളും സംവാദങ്ങളും നടക്കട്ടെ. ഉക്കിനടുക്കയിൽ കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജ് തന്നെ വരട്ടെ. പെരിയ കേന്ദ്ര സർവ്വകലാശാലയിലും മെഡിക്കൽ കോളേജ് കൊണ്ടുവരാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാവട്ടെ. സ്വകാര്യ മേഖലയിൽ പൊതുജന കൂട്ടായ്മയിലൂടെയും മറ്റും ഏറ്റവും മികച്ച ആശുപത്രികൾ വരട്ടെ. തലപ്പാടി ബോർഡർ കടന്ന് ഒരു ആംബുലൻസ് പോലും പോവേണ്ടാത്ത ഒരു സ്ഥിതി കാസ്റോട്ട് ഉണ്ടാവട്ടെ.