കാവുകൾ രൂപപ്പെടുന്നത്

68

പള്ളിക്കോണം രാജീവ്

കാവുകൾ രൂപപ്പെടുന്നത്.

നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന കാവുകൾ കാടിൻ്റെ ചെറിയ പതിപ്പാണ്. ഇന്നു നിലവിലുള്ള വിവിധ ആരാധനാസമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് രൂപം കൊണ്ടതാണ് കാവുകൾ എന്ന പൊതുധാരണയാണുള്ളതെങ്കിലും അതത്ര ശരിയാണെന്നു തോന്നുന്നില്ല. മനുഷ്യസമൂഹത്തിൻ്റെ നീണ്ട കാലത്തെ പ്രയാണത്തിനിടയിൽ വിശ്വാസ ആരാധനകൾക്കിടയിൽ സംഭവിച്ച പരിവർത്തനങ്ങളുടെ ചരിത്രം കാവുകളിൽ നിന്ന് കണ്ടെത്താൻ കഴിയും.

ആധുനികമനുഷ്യൻ കാടുകൾ വെട്ടിത്തെളിച്ച് കൃഷിയിടമായും പാർപ്പിടസ്ഥാനമായും മാറ്റുന്നതിനിടയിൽ ചിലയിടങ്ങൾ കാടായി തന്നെ നിലനിർത്തിയിട്ടുണ്ട്. അത് പരിസ്ഥിതിസംരക്ഷണത്തിനായും അപൂർവ്വവൃക്ഷങ്ങളുടെ സ്ഥാനിൽപ്പിനായും മറ്റു ജീവികൾക്ക് ആവാസസ്ഥാനമെന്ന കരുതലിനായും കാടായി വിട്ടതാണ് എന്നു കരുതേണ്ടതില്ല; അങ്ങനെയൊക്കെ നമ്മുക്ക് ഇന്ന് വ്യാഖ്യാനിക്കാമെങ്കിലും.

എല്ലാത്തരം കാവുകളും ഇത്തരത്തിലാണ് രൂപപ്പെട്ടത് എന്നു വാദിക്കാനുമാവില്ല. ഇടനാട്ടിൽ കാണപ്പെടുന്ന വിസ്തൃതിയേറിയ കാവുകൾ ഒട്ടുമിക്കവയും മനുഷ്യവാസം ആരംഭിച്ചതു മുതൽ ഇത്തരത്തിൽ “ഉപേക്ഷിക്കപ്പെട്ട” സംരക്ഷിതവനങ്ങളാണ്. എന്നാൽ തറവാടുകളുടെ പുരയിടങ്ങളോടു ചേർന്നു കാണപ്പെടുന്ന ചെറിയ സർപ്പക്കാവുകൾ രൂപപ്പെട്ടത് ഇത്തരത്തിലാണെന്ന് നിർബന്ധവുമില്ല.

എന്തുകൊണ്ടാണ് കാടുവെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചപ്പോൾ ഇത്തരത്തിൽ നാലോ അഞ്ചോ അതിലുമേറെയോ വിസ്തൃതിയുള്ള പ്രദേശങ്ങൾ ഒഴിവാക്കി വിടുന്നത് എന്നു ചിന്തിച്ചാൽ കാവുകൾ രൂപപ്പെടുന്നതിനുള്ള കാരണങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും.
ചരിത്രാതീതകാലത്തെ പൂർവ്വികജനതയുടെ ആചാരഅനുഷ്ഠാനങ്ങളിലോ ജിവിതരീതികളിലോ അജ്ഞരായ നാഗരികമനുഷ്യരാണ് കാടുകയ്യേറി കാർഷികവൃത്തിയും തുടർന്ന് അധിവാസവും ആരംഭിക്കുന്നത്.

നൂറുകണക്കിന് തലമുറകൾക്ക് പിന്നിലേയ്ക്കുള്ള സ്മരണകൾ കൈമാറി കൈമാറി സൂക്ഷിക്കാനാവാതെ വന്നതിനാൽ ഈ സാംസ്കാരികധാരയുടെ ഇടക്കണ്ണികൾ മുറിഞ്ഞുപോയിരുന്നു. എങ്കിലും പ്രാചീന മനുഷ്യൻ അനുഷ്ഠിച്ചു പോന്ന പല ആചാരങ്ങളും രൂപമാറ്റങ്ങളോടെ ലഘൂകരിക്കപ്പെട്ട നിലയിൽ പിന്നീടും നിലനിൽക്കുന്നു എന്നതിനും നേരിട്ടുള്ള ഉദാഹരണങ്ങളുണ്ട്.
പ്രാചീനമനുഷ്യൻ്റെ ഗോത്രാരാധനാ സമ്പ്രദായങ്ങൾക്ക് പല കാലങ്ങളിലായി രൂപാന്തരങ്ങൾ സംഭവിച്ചാണ് ഇന്നുള്ള ക്ഷേത്രസംസ്കാരത്തിലേക്കു വരെ എത്തിച്ചേർന്നത് എന്നു നിരീക്ഷിക്കാവുന്നതാണ്. പ്രകൃതിയെയും പൂർവ്വികരുടെ ആത്മാക്കളെയും ആരാധിച്ചിരുന്ന ഗോത്രസമൂഹങ്ങൾ അവർ കൂട്ടായി വസിച്ചിരുന്ന വനമേഖലയിലോ താഴ്‌വരപ്രദേശത്തോ സമതലത്തിലോ തെരഞ്ഞെടുത്ത സ്ഥലങ്ങൾ ആരാധനയ്ക്കായി മാറ്റി വച്ചിരുന്നു. മുനിയറ (Dolman), പഴുതറ (Dolmanoid Cist), കല്ലറ (Buried Cist) എന്നൊക്കെ പുരാവസ്തുഗവേഷകൾ പേരിട്ടു വിളിക്കുന്ന ശിലാനിർമ്മിതികളും നടുകല്ല് (Menhir) എന്ന സ്മാരകശിലകളും തുടങ്ങി വിവിധ തരം ശിലായുഗ അവശേഷിപ്പുകൾ ഇത്തരം സ്ഥലങ്ങളിൽ കാണാനാവും. അക്കാലത്തെ ശവസംസ്കാരരീതിയുടെയും തുടർന്നു വരുന്ന പൂർവ്വികാരാധനയുടെയും ലക്ഷ്യങ്ങളാണ് ഇവയൊക്കെയും. അക്കാലത്തെ ഗോത്രജനതയുടെ “പ്രാകൃതമായ” ആചാരാനുഷ്ഠാനങ്ങൾ ഈ സ്മാരകങ്ങളുടെ മുന്നിലാവാം അരങ്ങേറിയിരുന്നത്. പൂർവ്വികരുടെ ആത്മാക്കൾക്ക് നാശമില്ല എന്നും ആത്മാക്കൾ സദാ തങ്ങൾക്ക് സംരക്ഷണമേകുന്നു എന്നും കരുതിയാണ് ആത്മാക്കളെ പ്രീതിപ്പെടുത്തുന്നതിനായി ഇതു നടത്തിയിരുന്നത്. പൂർവ്വികരുടെ ഇഷ്ടഭക്ഷണപദാർത്ഥങ്ങൾ സമർപ്പിച്ചും ബലി നൽകിയും ആട്ടവും കൊട്ടും പാട്ടും നടത്തിയുമൊക്കെയാവാം ഈ പ്രീതിപ്പെടുത്തലുകൾ സാധ്യമാക്കിയിരുന്നത്. കാലാന്തരത്തിൽ ഈ ഗോത്രസമൂഹങ്ങൾക്ക് പ്രകൃതിദുരന്തങ്ങളെ തുടർന്നോ മറ്റു ഗോത്രങ്ങളുടെ ആക്രമണങ്ങളെ തുടർന്നോ ഈ സ്ഥലങ്ങൾ വിട്ടുപോകേണ്ടി വന്നതിനാൽ ഈ ആരാധനാസ്ഥാനങ്ങൾ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടാവും.

ഇത്തരത്തിൽ കുടിയിറക്കപ്പെട്ടവരുടെ പിന്മുറക്കാർ ആണ്ടോടാണ്ട് ഈ പൂർവ്വികസ്ഥാനങ്ങളിലെത്തി ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കുന്ന തരത്തിലേക്ക് ഈ ആരാധനാസമ്പ്രദായങ്ങൾ പരിമിതപ്പെട്ടു എന്നാണ് കരുതേണ്ടത്. തലമുറകൾ കഴിയവേ മറ്റു പുറംസംസ്കാരങ്ങളുടെ സ്വാധീനത്തിൽപെട്ട് പഴയ ആചാരങ്ങൾക്ക് ലോഭം സംഭവിക്കുകയും അവയുടെ ആവിർഭാവത്തെയും സങ്കല്പത്തെയും കുറിച്ചുള്ള ധാരണകൾ മായ്ക്കപ്പെട്ടു പോവുകയും ചെയ്തു.
പിന്നീട് അനേക തലമുറകൾക്ക് ശേഷമാണ് നാട്ടിൻപുറത്തു നിന്നുള്ള മനുഷ്യർ തങ്ങളുടെ അറിയപ്പെടാത്ത പൂർവ്വികരുടെ ആദിമസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്. തങ്ങൾക്ക് തികച്ചും അപരിചിതരായ മറ്റേതോ മനുഷ്യരുടെ വാസസ്ഥലമായി മാത്രം കാണാനാവുന്ന തരത്തിൽ സ്മൃതിമണ്ഡലത്തിൽനിന്ന് എപ്പോഴേ എല്ലാം മായ്ക്കപ്പെട്ടിരുന്നുവല്ലോ… എങ്കിലും ബഹുമാനിക്കപ്പെടേണ്ടതും ഭയഭക്തിയോടെ ആരാധിക്കപ്പെടേണ്ടതുമായ ഏതോ ആരാധനാമൂർത്തികൾ ഈ ശിലാ നിർമ്മിതികളോട് ചേർന്ന് ഉണ്ടാവാമെന്ന് ഈ പുതിയ കുടിയേറ്റക്കാർക്ക് ബോധ്യപ്പെട്ടു. അപ്പോഴേക്കും അന്യദേശത്തു നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ദേവതാസങ്കല്പങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും അവർ വിധേയരായി കഴിഞ്ഞിരുന്നു.

കാട്ടിനുള്ളിൽ കാണപ്പെട്ടിരുന്ന ഈ ആരാധനാസ്ഥാനങ്ങളെ അഥവാ ശവസംസ്കാരഭൂമിയെ നിലനിർത്തി അതിന് പുറത്തുള്ള കാടൊക്കെയും കൃഷിയിടമാക്കുകയാണുണ്ടായത്. കാലക്രമേണ തങ്ങളുടെ സംസ്കാരത്തിൽ പെട്ട പുതിയ ആരാധനാമൂർത്തികൾക്ക് ഈ കാവുകളിൽ സ്ഥാനം നൽകുകയും പുതിയ തരത്തിലുള്ള ആചാരങ്ങൾ പുനരാംരംഭിക്കുകയും ചെയ്തു പോന്നു.
വിശ്വാസാനുഷ്ഠാനങ്ങളിൽ ഗോത്രാചാരങ്ങൾ എന്നതു മാറി മതങ്ങളുടെ സ്വാധീനം കടന്നുവന്നതോടെയാണ് പുതിയ ദേവതാസങ്കല്പങ്ങൾക്കും ഈ കാവുകളിൽ ഇടം കിട്ടിത്തുടങ്ങിയത്. ആദിമതങ്ങളായ ജൈന-ബുദ്ധ ധാരകളുടെ സ്വാധീനത്താൽ പത്തിനി, യക്ഷി, ഗന്ധർവ്വൻ തുടങ്ങിയവയും അതിനു ശേഷം വൈദികമതത്തിൻ്റെ കടന്നുവരവോടെ വനദുർഗ്ഗയും നാഗദേവതകളും എത്തിച്ചേർന്നു. ഇവയെല്ലാം പരസ്പരം ബന്ധുത്വത്തോടെ “മതസ്പർദ്ധ”യോ “ഉച്ചനീചത്വ”മോ കൂടാതെ വിവിധ തരം ആരാധനകൾ ഏറ്റുവാങ്ങി കാവുകളിൽ കഴിഞ്ഞുകൂടി.

അന്ത്യാളൻ, അയലച്ചി, ചാത്തൻ, മറുത, കരിങ്കുറ്റിയാൻ, വല്യച്ചൻ എന്നു തുടങ്ങി വിവിധ രൂപഭാവങ്ങളിൽ ഗോത്രദേവതകളായി പലരും ഒപ്പം ചേർന്നു. പല ഗോത്രദേവതകളും ഇതിഹാസപുരാണങ്ങളിലേക്ക് ചേർന്ന് രൂപഭാവങ്ങളിൽ പരിഷ്കരിക്കപ്പെട്ടു. ദുർഗ്ഗയുടെ വിവിധ ഭാവങ്ങളിലുള്ള പ്രതിഷ്ഠകളും ഘണ്ഠാകർണ്ണനും അനന്തനും വാസുകിയുമൊക്കെയായി വൈദിക ബ്രാഹ്മണവിധികളിൽ ഒതുങ്ങുന്ന വിധം പരിഷ്കരിക്കപ്പെടുകയും ആചാരാനുഷ്ഠാനങ്ങൾ അത്തരത്തിലായിത്തീരുകയും ചെയ്തു.
കാവുകളെ പോലെ തന്നെ തുറസ്സായ സ്ഥലങ്ങളിലും ഗോത്രാരാധനാരീതികൾ നിലനിന്നിരുന്ന തറകളും ഇത്തരം പരിവർത്തനങ്ങൾക്ക് വിധേയമായി. മുൻകാലത്ത് ഗോത്രരാധന നടത്തിയിരുന്ന ജനവിഭാഗങ്ങളും അവരുടെ പുരോഹിതരും പുതിയ രീതികൾക്ക് വഴിമാറിക്കൊടുത്തു.

കാവുകളും തറകളും കേന്ദ്രീകരിച്ച് നടന്നു വന്നിരുന്ന ആചാരനുഷ്ഠാനങ്ങൾ ചിലയിടങ്ങളിൽ അതിന് പുറത്തേയ്ക്ക് മാറ്റി നടത്തുന്നതിന് പഴയ ഉടമകൾക്ക് അനുമതി കിട്ടി. കാവുകളും തറകളും പ്രാകൃത (primitive) ആചാരങ്ങൾ വിട്ട് സംസ്കൃത (reformed) ആചാരങ്ങളിലേക്ക് പുരോഗമിക്കുകയും ക്ഷേത്രസങ്കല്പത്തിലേക്ക് പരിഷ്കരിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ മാറിയ ക്ഷേത്രങ്ങളിൽ ചില അവകാശങ്ങൾ അനുവദിച്ചു കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട പഴയ ഗോത്രാരാധകർ തങ്ങളുടെ രീതിയിലുള്ള ആചാരങ്ങൾ സങ്കേതത്തിനോട് ചേർന്ന് വർഷത്തിലൊരിക്കലെങ്കിലും നടത്തുന്നതിനുള്ള അനുമതി നേടിയെടുത്തു.

ഇന്നും ചില ക്ഷേത്രസങ്കേതങ്ങളോടു ചേർന്ന് ശിലായുഗസംസ്കാരത്തിൻ്റെ അവശേഷിപ്പുകൾ കണ്ടെത്താൻ സാധിക്കുന്നത് അവിടമൊക്കെയും പ്രാചീന മനുഷ്യരുടെ പൂർവ്വികാരാധനാ സ്ഥാനമായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നതാണ്.
പൂർണ്ണമായും സംരക്ഷിക്കപ്പെട്ട കാവുകളായി തന്നെ നിലനിന്നവ വനത്തിൻ്റെ ചെറിയ മാതൃകയായി അവശേഷിച്ചു. അവിടെയും ആരാധനാസമ്പ്രദായങ്ങൾ പരിഷ്കരിക്കപ്പെട്ട് ഉത്തരേന്ത്യൻ ഇതിഹാസ കഥാപാത്രങ്ങളുടെ പേരുകൾ സ്വീകരിച്ചുവെങ്കിലും പഴയ ഗോത്രാരാധനക്കാർക്ക് തങ്ങളുടെ വല്യച്ചൻ തന്നെയായി തുടർന്നു. രണ്ടും തർക്കങ്ങൾക്കിടയില്ലാതെ പൊതുസമൂഹം അംഗീകരിക്കുകയും ചെയ്തു.

വലിയ പുരയിടങ്ങളോടു ചേർന്ന് സർപ്പക്കാവുകളും ചില പ്രത്യേക ദ്രാവിഡസമൂഹങ്ങളുടെ സർപ്പാരാധനയുടെ പിന്തുടർച്ചയെന്ന വിധം നിലനിന്നുപോന്നു. ഇതൊക്കെയും ശിലായുഗകാലത്തോളം എത്തിപ്പെടുന്ന പൂർവ്വികാരാധനാ സ്ഥാനമാണെന്ന് വാദിക്കാനുമാവില്ല.മനുഷ്യൻ്റെ കയ്യേറ്റം മൂലം പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്പ് അപകടത്തിലായിരിക്കുന്ന വർത്തമാനകാലത്ത് കാവുകളുടെ സംരക്ഷണത്തിന് പ്രസക്തിയുണ്ട്. പ്രകൃതി ആത്മീയ അനുഭവമായിരുന്ന പഴയകാല നന്മകളുടെ വീണ്ടെടുപ്പിന് കാവുകളുടെ സാന്നിധ്യവും അവിടങ്ങളിൽ ഇന്നും നടക്കുന്ന ആചാരാനുഷ്ഠാനങ്ങളും പ്രചോദനമേകുന്നതുമാണ്.
(ചിത്രത്തിൽ രാമപുരം കുറിഞ്ഞി ക്കാവിലെ പുരുഷന്മാരുടെ താലം)