കെജ്‌രിവാളിനെ ആര്‍.എസ്.എസ് ആലയത്തില്‍ കൊണ്ടുപോയി കെട്ടുന്ന ‘ന്യൂനപക്ഷ സംരക്ഷ’കരോട് കുറച്ചു ചോദ്യങ്ങള്‍

0
92

ഷമീം ഹംസ

സെന്‍സിറ്റീവ് വിഷയങ്ങളിലെ കെജ്രിവാളിന്റെ ഓരോ നിലപാടുകളെയും തലനാരിഴ പരിശോധിച്ചു (??!) അദ്ദേഹത്തെ ആര്‍.എസ്.എസിന്റെ ആലയത്തില്‍ കൊണ്ടുപോയി കെട്ടുന്ന ചില ‘ന്യൂനപക്ഷ സംരക്ഷ’കരോട് കുറച്ചു ചോദ്യങ്ങള്‍:

  • സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഭഗല്‍പൂര്‍,മീററ്റ്, ബോംബെ, ആസാം പോലുള്ള ആയിരക്കണക്കിന് കലാപങ്ങളെ നിങ്ങള്‍ മറന്നു പോയോ? ഈ കലാപങ്ങള്‍ നടക്കുമ്പോഴെല്ലാം അവിടങ്ങളില്‍ നിങ്ങള്‍ ഇന്ന് ‘രക്ഷകരായി’ പറയുന്ന കോണ്‍ഗ്രസ്സ് ഭരണത്തിലുണ്ടായിരുന്നില്ലേ? അല്ലെങ്കില്‍ കലാപാനന്തരം കോണ്‍ഗ്രസ്സ് അവിടങ്ങളില്‍ ഭരണത്തില്‍ വന്നിരുന്നില്ലേ? ആയിരക്കണക്കിന് മുസ്ലിംകളെ കൊന്നൊടുക്കിയ ഈ കലാപങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ (പോവട്ടെ, നമ്മുടെ നാട്ടില്‍ നടന്ന ഒന്നാം മാറാട് കലാപ വിഷയം മാത്രമെടുക്കുക) കലാപകാരികള്‍ക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കാനോ ഇരകള്‍ക്ക് നീതിയോ നഷ്ടപരിഹാരമോ നല്‍കാനോ കഴിയാത്ത കോണ്‍ഗ്രസ്സിനെയാണോ നിങ്ങള്‍ കെജ്രിവാളിനെക്കാള്‍ യോഗ്യരായി കാണുന്നത്? കലാപസമയത്ത് കെജ്രിവാള്‍ മൌനിയായിരുന്നു, ഒന്നും ചെയ്തില്ല എന്നൊക്കെ പറയുന്ന നിങ്ങള്‍ക്ക് ധൈര്യമുണ്ടോ അന്നത്തെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുടെ അന്നത്തെ ചെയ്തികളുടെ ചരിത്രമെടുത്ത് പരിശോധിക്കാന്‍?
  • ഹിന്ദുത്വ വാദികളുടെ വോട്ടിന് വേണ്ടി ആദ്യം ബാബരി മസ്ജിദ് അവര്‍ക്കായി തുറന്നു കൊടുക്കുകയും ശേഷം ശിലാന്യാസത്തിനായി അവര്‍ക്ക് അനുവാദം നൽകുകയും ചെയ്തുകൊണ്ട് ആര്‍.എസ്.എസ്സിന്റെ രാമക്ഷേത്രം എന്ന ആശയത്തിന് തന്നെ ബലം നല്‍കിയത് ഈ കോണ്‍ഗ്രസ്സ് അല്ലായിരുന്നോ? മുളയിലേ നുള്ളിക്കളയാമായിരുന്ന ഈ സംഭവത്തെ പല ഘട്ടങ്ങളിലും ജ്വലിപ്പിച്ചു നിര്‍ത്തിയത് അവരുടെ നിസ്സംഗതയും പരോക്ഷ പിന്തുണയുമായിരുന്നു എന്നു നിങ്ങൾക്കറിയാഞ്ഞിട്ടാണൊ? അവസാന നിമിഷം, ‘ആര്‍.എസ്.എസ്സുകാരനായ’ ആ മുഖ്യമന്ത്രിയെ വിശ്വസിക്കുന്നു എന്നും പറഞ്ഞ് ബാബരി പള്ളിയെ ലക്ഷകണക്കിന് വരുന്ന കര്‍സേവകര്‍ക്ക് വിട്ടു കൊടുത്ത് ഒരു ഡിസംബര്‍ 6 ന്റെ പകലില്‍ പള്ളി നിലംപരിശാവുന്നത് വരെ മാനിയായിരുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയെ ആര്‍.എസ്.എസ്സിന്റെ ബി.ടീം എന്നു വിളിക്കാന്‍ പൊങ്ങാത്ത നിങ്ങളുടെ നാവ് എത്ര അനായാസമായി കെജ്രിവാളിനെതിരെ ശബ്ദിക്കുന്നു?
  • മെക്കാ മസ്ജിദ് സ്ഫോടനം പോലുള്ള നിരവധി തീവ്രവാദ കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാലങ്ങളോളം മുസ്ലിം യുവാക്കളെ ഫേക്ക് തെളിവുകളുണ്ടാക്കി തടവറകളില്‍ കൊണ്ടിടുമ്പോഴും മാനിയായിട്ട് തന്നെയായിരുന്നില്ലേ കോണ്‍ഗ്രസ്സിന്റെ നില്‍പ്പ്? കെജ്രിവാളിന്റെ നിസ്സംഗതയെ (?) ചോദ്യം ചെയ്യുന്ന നിങ്ങള്‍ ഈ മുസ്ലിം ചെറുപ്പക്കാര്‍ കോണ്‍ഗ്രസ്സ് ഭരണകാലത്ത് ജയിലറകളില്‍ അനുഭവിച്ച യാതനകളുടെയും കൊടിയ പീഡനങ്ങളുടെയും കഥകള്‍ സൗകര്യപൂര്‍വ്വം മറക്കുകയാണോ? തന്റെ വൃക്ഷണത്തില്‍ കയറു കെട്ടി അതിന്റെ ബലത്തില്‍ തലകീഴായി തൂക്കിയിട്ടു പീഡിപ്പിക്കപ്പെട്ട യുവാവ് പറഞ്ഞത് എന്നെ അന്നങ്ങനെ ചെയ്തത് കോണ്‍ഗ്രസ്സിന്റെ പോലീസ് ആയിരുന്നു എന്നല്ലേ? അഫ്സല്‍ ഗുരുവിന് വാദിക്കാന്‍ വക്കീലിനെ നല്‍കാതെ തുടര്‍ച്ചയായ പീഡനങ്ങള്‍ നടത്തി അവസാനം തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയെടുത്ത് അത് പ്രചാരണ ആയുധമാക്കി ആഘോഷിച്ചത് ഇതേ കോണ്‍ഗ്രസ്സ് അല്ലായിരുന്നോ? അവര്‍ക്ക് നൽകിയ ഒരു ഇളവും എന്തേ നിങ്ങള്‍ ഇത്തരം ഒരു ക്രൂരതയും ചെയ്യാത്ത കെജ്രിവാളിന് നൽകാന്‍ തയ്യാറാവാത്തത്?
  • കോണ്‍ഗ്രസ്സിന്റെ നിഷ്ക്രിയത്വം കാരണമല്ലേ ഗുജറാത്ത് കലാപ കേസിലോ, ബാബരി പള്ളി തകര്‍ക്കല്‍ കേസിലോ അര്‍ഹതപ്പെട്ട ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാതെ പോയത്? കലാപക്കേസില്‍ വ്യക്തമായ തെളിവുകളുമായി പോലീസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ മുന്നോട്ട് വന്നിട്ട് പോലും മോഡി-ഷാമാരെ കുടുക്കാന്‍ ഫാസിസത്തിനെതിരെ പോരാടുന്നു എന്നു നിങ്ങള്‍ പറയുന്ന കോണ്‍ഗ്രസ്സ് താല്‍പര്യം കാണിച്ചിരുന്നോ? ബാബരി പള്ളി പൊളിച്ചതിന് ശേഷം ഏകദേശം 15 വര്‍ഷത്തോളം കാലം ഭരണത്തിലുണ്ടായിട്ടും കുറ്റക്കാരെ ഒരു ദിവസമെങ്കിലും ജയിലിടാന്‍ എന്തേ കോണ്‍ഗ്രസ്സിന് ആത്മാർത്ഥത ഇല്ലാതെ പോയത്? ഈ കേസുകളില്‍ കുറ്റക്കാര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തെ ജയില്‍ ശിക്ഷയെങ്കിലും വാങ്ങിക്കൊടുക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിരുന്നു എങ്കില്‍ ഇന്ന് ഭരിക്കുന്ന പാര്‍ട്ടിയോ പ്രധാനമന്ത്രിയോ രാജ്യത്ത് ഉണ്ടാവുമായിരുന്നോ? ഇതെല്ലാമറിഞ്ഞിട്ടും ഇതിലൊന്നും പങ്കില്ലാത്ത, ഇതുവരെ ഒരു ചെറിയ സംസ്ഥാനത്ത് മാത്രം സ്വാധീനമുള്ള കെജ്രിവാളിന് മേല്‍ കുതിര കയറാനാണല്ലോ നിങ്ങള്‍ക്കിഷ്ടം?

  • ബി.ജെ.പി. ഭരണകാലത്ത് കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ നടന്ന വ്യാപം കേസ് പോലുള്ള അഴിമതികളില്‍ തുടര്‍ന്ന് തങ്ങള്‍ ഭരണത്തില്‍ വന്നതിനു ശേഷം കേന്ദ്ര ഏജന്‍സികളെ വെച്ചു നല്ല രീതിയില്‍ ഒരു അന്വേഷണം നടത്താന്‍ എന്തേ കോണ്‍ഗ്രസ്സിന് കഴിയുമായിരുന്നില്ലേ? പകരം അത്തരം കേസുകളെല്ലാം ഡൈല്യൂട്ട് ചെയ്തു ബി.ജെ.പി.യുടെ നേതാക്കളെ രക്ഷിപ്പിച്ചെടുത്ത കഥകളെ കുറിച്ച് തുറന്നെഴുതാന്‍ കെജ്രിവാളിനെ ഇഴ കീറി പരിശോധിക്കുന്ന നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

  • ഇന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ചുമത്തപ്പെടുന്ന യു‌എ‌പി‌എയുടെയും പോട്ടയുടെയുമെല്ലാം ശില്പികള്‍ ആരാണ്? യു‌എ‌പി‌എ നിയമത്തില്‍ അതീവഗുരുതരമായ ഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍, നിയമത്തിനെതിരെ വോട്ട് ചെയ്യുന്നതിന് പകരം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി ആ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് കോണ്‍ഗ്രസ്സ് സഹായിക്കുകയാണ് ചെയ്തത് എന്നു പറയാന്‍ പൗരത്വ ബില്ലിനെതിരെ വോട്ട് ചെയ്തിട്ടും കെജ്രിവാളിനെ CAA വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്ക് എന്തേ കഴിയാതെ പോവുന്നു?

  • ബോംബെ തീവ്രവാദ ആക്രമണം നിങ്ങള്‍ക്കോര്‍മ്മയുണ്ടോ? കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്നത് അന്ന് കോണ്‍ഗ്രസ്സ് ആയിരുന്നില്ലേ? മഹാരാഷ്ട്ര പോലീസിലെ കര്‍ക്കരെയടക്കമുള്ള ചില നല്ല ഉദ്യോഗസ്ഥരെ ഇല്ലാതാക്കാനായിരുന്നു ആ ആക്രമണമെന്ന് പലരും പറഞ്ഞിട്ടും അത് മുഖവിലക്കെടുക്കാനോ അന്വേഷിക്കാനോ കോണ്‍ഗ്രസ്സ് തയ്യാറായിരുന്നോ? ഈ ആവശ്യം ഉന്നയിച്ച കോണ്‍ഗ്രസ്സിന്റെ മന്ത്രിയായിരുന്ന അബ്ദുറഹ്മാന്‍ ആന്തുലെയെ രാജിവെപ്പിച്ച് പാര്‍ട്ടിയില്‍ നിന്നകറ്റി നിര്‍ത്തിയത് ആരെ സുഖിപ്പിക്കാന്‍ ആയിരുന്നു എന്നു കെജ്രിവാളിന്റെ ബി.ജെ.പി. ബന്ധം ചുഴിഞ്ഞന്വേഷിക്കുന്നവര്‍ എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
    ഈ പട്ടിക ഇനിയും നീളുകയാണ്…

എന്നിരുന്നാലും, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 239AA പ്രകാരം പോലീസില്‍ യാതൊരുവിധ അധികാരവുമില്ലാത്ത കെജ്രിവാള്‍ മോഡി-ഷാമാരുടെ മേല്‍നോട്ടത്തില്‍ നടന്ന കലാപസമയത്ത് നിസ്സഹായനായി നില്‍ക്കേണ്ടി വന്നതിനെ നമുക്ക് ചോദ്യം ചെയ്യാം,
താങ്കള്‍ക്ക് ഹനുമാന്‍ ചാലിസ ചൊല്ലാനറിയുമോ എന്നു ഒരു ചാനല്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ അത് ചൊല്ലിക്കൊടുത്തതിനെ നമുക്ക് ചോദ്യം ചെയ്യാം,

ഇന്ത്യാ ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത രീതിയില്‍ കലാപ ഇരകള്‍ക്ക് സഹായവും നഷ്ടപരിഹാരവും എത്തിച്ചു കൊടുത്തിട്ടും കലാപത്തിലെ സങ്കടപ്പെടുത്തുന്ന കഥകള്‍ പറഞ്ഞു അദ്ദേഹത്തെ ചോദ്യം ചെയ്യാം,
ഷഹീന്‍ഭാഗ് സമരത്തെ തിരഞ്ഞെടുപ്പ് സമയത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ബി.ജെ.പി.ഉപയോഗിച്ചപ്പോള്‍ അതിനെ കുറിച്ച് നിശബ്ദനായതിനെ നമുക്ക് ചോദ്യം ചെയ്യാം.

അതാവുമ്പോള്‍ അത്യാവശ്യം പബ്ലിസിറ്റിയും കിട്ടും, ആരെയും പേടിക്കേണ്ടതുമില്ല !!
രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇതെല്ലാം ഉപയോഗിയ്ക്കുന്ന നിങ്ങള്‍ക്ക് ചരിത്രം മാപ്പ് നല്കാതിരിക്കട്ടെ !!