1990 ഫെഡറേഷന് കപ്പ് ഫൈനല്‍.കേരളാ പോലീസ് സല്‍ഗോക്കറിനെ നേരിടുന്നു.കേരളാ പോലീസിന്‍െറ ജയത്തിനായി തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 40000 കാണികള്‍ ആര്‍ത്ത് വിളിക്കുന്നു.കേരളാപോലീസിന്െറ ഒരു ജയം അവരെല്ലാം സ്വപ്നം കാണുകയാണ്.അപ്പോഴാണ് റൈറ്റ് ഫുള്‍ബാക്കായ ഷറഫലിയുടെ പാസ്സ് എൈഎം വിജയനെ തേടിയെത്തുന്നത്. വിജയനത് പാപ്പച്ചന് മറിച്ച് കൊടുക്കുന്നു.പാപ്പച്ചനത് ഗോളിലേക്ക് തിരിച്ച് വിടുന്നു. 2-1 ന് കേരളാപോലീസ് ചരിത്രത്തിലാദ്യമായി ഫെഡറേഷന് കപ്പില്‍ മുത്തമിടുമ്പോള്‍ ഷറഫലി എന്ന റൈറ്റ് ബാക് അതിലെ നിര്‍ണായക ശക്തിയായിരുന്നു.
യു ഷറഫലി- കേരളം കണ്ട ഏറ്റവും മികച്ച ഓവര്‍ലാപ്പിങ് ഡിഫന്െറര്.ഇരിഞ്ഞാലകുട ക്രൈസ്റ്റ് കോളേജില്‍ നിന്നുദിച്ചയുര്ന്ന മറ്റൊരു പൊന്മുത്ത്… സബ്ജൂനിയര് ലെവലില്‍ കേരളത്തിനായി കളിച്ച ഷറഫലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി , 1983 ല്‍ ഓള് ഇന്ത്യാ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാകുമ്പോള് അവരുടെ പ്രധാന താരമായിരുന്നു.1984 ല്‍ കേരളാ പോലീസ് രൂപികരിച്ചപ്പോള്‍ പോലീസ് ടീമിലെത്തി…. ചെറിയ ഇടവേളകളില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിനും മോഹന്‍ബഗാനും കളിച്ചതൊഴിച്ചദ്ദേഹമെന്നും കേരളാ പോലീസിന്‍െറയും കേരളത്തിന്‍െറയും അവിഭാജ്യ ഘടകമായിരുന്നു.സന്തോഷ് ട്രോഫി ഫൈനലുകളില്‍ പലവട്ടം കേരളം തോറ്റപ്പോള്‍ അദ്ദേഹം കണ്ണീരടക്കിയിക്കുണ്ട്… പക്ഷേ 1992 ലും 93 ലും കേരളം ചാമ്പ്യന്മാരയപ്പോള് അദ്ദേഹം വിജയാരവങ്ങളാല്‍ പൊട്ടിതെറിച്ചു. 1986 ജനുവരിയില്‍ കൊറിയക്കെതിരെ നെഹ്റുട്രോഫിയില്‍ ആണദ്ദേഹത്തിന്െറ ഇന്ത്യന്‍ ജഴ്സിയിലെ അരങ്ങെറ്റം. പത്ത് വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ടീമിന്‍െറ അവിഭാജ്യ ഘടകമായിരുന്നു…1993 ല്‍ സൂപ്പര്‍ സോക്കര്‍ കപ്പില്‍ ഇന്ത്യയുടെ നായകനായിരുന്നു…സാഫ് ഗെയിംസ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗവുമായിരുന്നു.
എൈഎം വിജയന് , സിവി പാപ്പച്ചന് തുടങ്ങി ഒരുപാട് കേരളാ ലെജന്െററി ഫുട്ബോളര്‍മാരുടെ പ്രചോദനമായിരുന്നു അദ്ദേഹം .ഈ വര്‍ഷമാണ് അദ്ദേഹം കേരളാ പോലീസില്‍ നിന്ന് വിരമിച്ചത്…RRRF കമ്മാന്െറന്െറ് ആയിരുന്നു വിരമിക്കുമ്പോള്‍ അദ്ദേഹം .വിരമിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളിന്നും ഓര്‍മ്മയിലുണ്ട്… ”ഫുട്ബോളിനായി എന്തെങ്കിലും ചെയ്യണം”.കേരളത്തിനായി കളിച്ച മറ്റു താരങ്ങള്‍ക്കൊപ്പം ഒരു ഫുട്ബോള്‍ അക്കാദമി തുടങ്ങണമെന്ന മോഹവും അദ്ദേഹം പങ്ക് വയ്ക്കുകയുണ്ടായി. ‘അടിമുടി ഫുട്ബോളറായൊരാള്’ അങ്ങനെയാണെനിക്കദ്ദേഹത്തെ വിശേഷിപ്പിക്കാനാകുക.