Sanuj Suseelan
“ഈ കണ്ണി കൂടി”
പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടൻ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാനത്തെ പേജിൽ എഴുതിയിരുന്ന ചിത്രശാല എന്ന പംക്തിയിൽ ആണ് ഞാൻ ആദ്യമായി ഈ ചിത്രത്തെ പറ്റി കേൾക്കുന്നത്. സാധാരണ നിരൂപണം എഴുതുമ്പോൾ അദ്ദേഹം പ്രധാന കഥാ ശകലങ്ങളും ചിലപ്പോൾ മുഴുവൻ കഥ തന്നെയും തുറന്നെഴുതാറുണ്ടായിരുന്നു. പക്ഷേ ഈ ചിത്രത്തിൽ അദ്ദേഹം പതിവ് തെറ്റിച്ചു. ഒരു നല്ല ചിത്രത്തിന്റെ മനോഹരമായ പരിസമാപ്തി ഈ പംക്തിയിൽ വെളിപ്പെടുത്തി കഥയുടെ ഭംഗി നശിപ്പിക്കാനില്ല എന്ന് അദ്ദേഹം അവസാന വാചകമായി ചേർത്തിരുന്നു. അന്ന് മുതൽ ഞാൻ ഈ ചിത്രം അന്വേഷിച്ചു നടക്കുകയായിരുന്നു. ഒടുവിൽ നാലഞ്ച് വർഷം മുമ്പ് മുംബൈയിൽ ഒറ്റയ്ക്കുണ്ടായിരുന്ന ഒരു രാത്രി ഏഷ്യാനെറ്റിൽ വളരെ വൈകി ഒരു മണിക്ക് സംപ്രേഷണം ചെയ്തപ്പോഴാണ് ഈ ചിത്രം ആദ്യമായി കാണുന്നത്. അതിനു ശേഷം യൂട്യൂബിൽ എത്രയോ തവണ ഈ ചിത്രം വീണ്ടും വീണ്ടും കണ്ടിരിക്കുന്നു. കെ ജി ജോർജിന്റെ കഥയ്ക്ക്‌ എസ് ഭാസുര ചന്ദ്രന്റെ ( ഫ്ലാഷ് / ഉത്സവ മേളം ഇതൊക്കെ എഴുതിയ) തിരക്കഥ. രാമചന്ദ്ര ബാബുവിന്റെ ക്യാമറ. മലയാളത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജോണ്സൻ ആണ് ഈ ചിത്രത്തിനും സംഗീതം പകർന്നിരിക്കുന്നത് .
ഒരു ദുരൂഹ മരണം ..
അതോ ആത്മഹത്യയോ ?

ഈ ചിത്രം കണ്ടവർ ആരും ഇതിന്റെ തുടക്കം മറക്കാനിടയില്ല. തിരക്കുള്ള ഹൈവേയുടെ അരികിലായി വിശാലമായ ഒരു പറമ്പിന്റെ നടുവിലായി ഒരു വലിയ വീട്. തുറന്നു കിടക്കുന്ന ഗേറ്റ് കടന്നു ആ വീട്ടിലേക്കു വരുന്ന മണിയിൽ ( ജഗദീഷ് ) നിന്നാണ് കഥ തുടങ്ങുന്നത്. കുറച്ചു നേരം കോളിംഗ് ബെൽ അടിച്ചു കാത്തു നിന്നിട്ടും ആരെയും കാണാത്തത് കൊണ്ട് ഒരു കുറിപ്പ് എഴുതി ഇട്ടിട്ടു, തുറന്നു കിടന്ന ഗേറ്റും അടച്ചു മണി മടങ്ങുന്നു. രംഗം മാറുന്നില്ല. കുറച്ചു കഴിയുമ്പോൾ വേറൊരാൾ അവിടെയെത്തുന്നു. തോമസ്‌ (ശിവജി). കാഴ്‌ചയിൽ മാന്യനെന്നു തോന്നുന്ന അയാളും ബെൽ അടിച്ചു കുറച്ചു നേരം കാത്തു നിൽക്കുന്നു. പ്രതികരണം ഒന്നും ഇല്ലാത്തതുകൊണ്ട് തുറന്നു കിടന്ന ഒരു ജനാലയിലൂടെ അയാൾ അകത്തേക്ക് നോക്കുന്നു. അകത്തെ രംഗം കണ്ടു പിന്നോട്ട് മാറിയ അയാൾ അതിവേഗം പുറത്തോട്ടു പോകുന്നു. തനിക്കു പരിചയമുള്ള കുമുദം എന്നൊരു സ്ത്രീ അവരുടെ വീട്ടിൽ മരിച്ചു കിടക്കുന്നു എന്ന് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യുന്ന തോമസിനെയാണ് പിന്നെ നമ്മൾ കാണുന്നത്. സംഭവ സ്ഥലത്തെത്തുന്ന പോലീസ് ആ മുറിയിൽ നിന്ന് ഒരു സയനൈഡ്‌ ബോട്ടിൽ കണ്ടെടുക്കുന്നു. പക്ഷേ, അതോടൊപ്പം തന്നെ എന്തോ മൽപിടിത്തം നടന്ന ലക്ഷണങ്ങളും ആ മുറിയിലുണ്ടായിരുന്നു. ആത്മഹത്യയെന്നോ കൊലപാതകമെന്നൊ വേർതിരിച്ചറിയാൻ പറ്റാത്ത ഒരു മരണം.
കുമുദം എന്ന സൂസൻ ഫിലിപ്പ്
കുമുദത്തിന്റെ (അശ്വനി) ജീവിതത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥനായ രവീന്ദ്രൻ (സായി കുമാർ) നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ബാക്കിയുള്ള കഥ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കുമുദത്തിന്റെ മാത്രം കഥയാണ് ഈ സിനിമ പറയുന്നത്. സമൂഹത്തിലെ ഉന്നതന്മാരുമായി മാത്രം ഇടപാട് നടത്തുന്ന ഒരു അഭിസാരികയായിരുന്നു കുമുദം എന്ന് അവളുടെ പിമ്പായ മണിയിൽ നിന്നും അവളെ സന്ദർശിക്കാനെത്തിയ തോമസിൽ നിന്നും രവീന്ദ്രനോടൊപ്പം നമ്മളും അറിയുന്നു. മാതാപിതാക്കളെ ധിക്കരിച്ച് അന്യ മതസ്ഥനായ ഹർഷൻ ( ശ്യാം മോഹൻ ) എന്ന ചിത്രകാരന്റെ ഒപ്പം ഇറങ്ങി പോയ സൂസൻ ഫിലിപ്പ് എന്ന മകളെ പറ്റി അതിനു ശേഷം കൂടുതലൊന്നും അവളുടെ അച്ഛനും അമ്മയ്ക്കും അറിയുമായിരുന്നില്ല. ഒരു തികഞ്ഞ മദ്യപാനി ആയിരുന്ന ഹർഷന്റെ മരണ ശേഷം അവൾ പഴയ പരിചയക്കാരനായ ചാർളിക്കൊപ്പം ആയിരുന്നെന്നും പിന്നീട് വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്തതായി കേട്ടുവെന്നും മടിച്ചു മടിച്ചു അച്ഛൻ പറയുന്നു. ഹർഷന്റെ ഒപ്പം പോയതിൽ പിന്നെ അവർ മകളെ മറക്കാൻ പഠിച്ചിരുന്നു. അല്ലെങ്കിൽ, അവളെ പറ്റി കേട്ട വാർത്തകൾ എല്ലാം അവരെ അതിനു പ്രേരിപ്പിക്കുന്നതായിരുന്നു.
കുമുദത്തിന്റെ ജീവിതത്തിലൂടെ നടന്നു പോയവർ
പരാജയപ്പെട്ട ഒരു കലാകാരനായ ഹർഷൻ ഒടുവിൽ മദ്യത്തെ അഭയം പ്രാപിക്കുന്നു. ജീവിതം ബുദ്ധിമുട്ടിലായി തുടങ്ങിയ അക്കാലത്ത് അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ബിസിനസ്സുകാരനാണ് ചാർളി ( സുരേഷ്). മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഹർഷൻ ഒടുവിൽ ഒരു ദിവസം സൂസനെയും കുട്ടിയേയും ഉപേക്ഷിച്ചു വീട് വിട്ടു പോകുന്നു. ഹർഷനെ അന്വേഷിച്ച് പോയ ചാർളി ഒടുവിൽ അയാളുടെ മരണ വാർത്തയുമായാണ് തിരിച്ചെത്തിയത്‌. മുന്നോട്ടുള്ള വഴിയൊന്നും കാണാതെ പകച്ചു നിന്ന കുമുദത്തിനും മകനും ആശ്രയമാകുന്നു ചാർളി. എന്നാൽ ചാർളിയുടെ മനസ്സിൽ വേറെ പദ്ധതികൾ ഉണ്ടായിരുന്നു. തകർന്നു പോകാൻ തുടങ്ങുന്ന സ്വന്തം ബിസിനസ് രക്ഷിക്കാൻ വേണ്ടി കൌശലക്കാരനായ അയാൾ ഒരു രാഷ്ട്രീയക്കാരന് അവളെ കാഴ്ച വയ്ക്കുന്നു. ആ സംഭവം അവളുടെ ജീവിതം തിരിച്ചു വിടുന്നു. പുതുതായി കിട്ടിയ ധൈര്യത്തിൽ അവൾ വ്യഭിചാരം ജീവിതമാർഗമായി സ്വീകരിക്കുന്നു. മകനെ ബോർഡിങ്ങിൽ നിർത്തിയ ശേഷം അവൾ സ്വന്തം വീട്ടിൽ തന്നെ അതിഥികളെ സ്വീകരിക്കുന്നു. അപ്പോഴേയ്ക്കും ബിസിനസ് പൊളിഞ്ഞു കേസും വഴക്കുമായി ചാർളി ജയിലിലായിരുന്നു. ചാർളിക്ക് ശേഷം ഒട്ടനവധിപേരാണ്‌ അവളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നത്. പക്ഷേ, സ്വന്തംജീവിതവും മറ്റുള്ളവരുടെ ജീവിതവും നിയന്ത്രിക്കാൻ കഴിവുള്ള നിലയിലേക്ക് അവൾ സ്വന്തം മനോനില പരുവപ്പെടുത്തി കഴിഞ്ഞിരുന്നു.
ചില ശത്രുക്കളും
അവളോടുള്ള പലരുടെയും ആർത്തി അവൾക്കു ശത്രുക്കളെയും സൃഷ്ടിക്കുന്നു. കടിഞ്ഞാണ് ഇല്ലാതെയുള്ള ജീവിതത്തിനിടയിൽ സമ്പന്നനായ സൈമണ് മുതലാളി ( തിലകൻ), അവൾ ആദ്യം ജോലി ചെയ്യുന്ന ഹോട്ടൽ മാനേജർ തോമസ്‌ (ശിവജി) തുടങ്ങി പലരെയും അവൾക്കു പിണക്കേണ്ടി വരുന്നുണ്ട്. ജയിലിലായിരുന്ന ചാർളിയും അവൾ മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് പരോളിൽ ഇറങ്ങിയിട്ടുണ്ടായിരുന്നു. സംശയത്തിന്റെ നിഴലിൽ ഒരുപാടു പേർ. പക്ഷേ, ഇവർക്കെതിരെ രവീന്ദ്രന് പ്രത്യേകിച്ച് ഒരു തെളിവും കിട്ടുന്നില്ല.
എങ്ങനെയാണ് കുമുദം മരിച്ചത് ?
ഈ ചോദ്യത്തിനുത്തരം ഇവിടെ ഞാൻ എഴുതുന്നില്ല. ഒരു സ്പോയിലർ ആകും എന്ന് വിചാരിച്ചിട്ടല്ല. അതീവ സങ്കീർണമായ ഒരു പരിണാമഗുപ്തി ഒന്നുമല്ല അത്. പക്ഷേ, തട്ടിയും തടഞ്ഞും ഒഴുകുന്ന ഒരു നദി സമുദ്രത്തിൽ ചേരുമ്പോൾ ഉണ്ടാകുന്ന കലക്കലുകൾ , ചുഴികൾ , അനിവാര്യമായ കൂടിച്ചേരൽ തുടങ്ങിയവ അനുഭവവേദ്യമാക്കുന്ന ഒരു ക്ലൈമാക്സ്‌ ആണ് ഈ ചിത്രത്തിൽ. പറ്റുമെങ്കിൽ കണ്ടു നോക്കൂ.
സംവിധായകൻ പോലും മറന്ന ഒരു സിനിമ

മലയാള സിനിമ കണ്ട ജീനിയസ് ആയ സംവിധായകരുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ അഞ്ചിൽ നിസംശയം പെടുത്താവുന്ന ആളാണ്‌ കെ ജി ജോർജ്. ഇത്രയും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള കലാകാരന്മാർ മലയാള സിനിമയിൽ അധികമുണ്ടാവില്ല. ത്രില്ലറുകളായ യവനിക, ഈ കണ്ണി കൂടി, ഇരകൾ , ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടിപാലം, സ്ത്രീകളെ പറ്റിയുള്ള മനഃശാസ്ത്രപരമായ പഠനം എന്നു വിശേഷിപ്പിക്കാവുന്ന ആദാമിന്റെ വാരിയെല്ല് , സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങി വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന ഒരുപിടി കഥകൾ അദ്ദേഹം തിരശ്ശീലയിൽ ആവിഷ്കരിച്ചു. പക്ഷേ, എന്തോ ചില കാരണങ്ങളാൽ കെ ജി ജോർജിന്റെ ഏറ്റവും മറക്കപ്പെട്ട ഒരു ചിത്രമാണ് ഈ കണ്ണി കൂടി. അദ്ദേഹവുമായുള്ള അഭിമുഖങ്ങളിലോ അദ്ദേഹം എഴുതിയ ഓർമക്കുറിപ്പുകളിലോ ഒന്നും ഈ ചിത്രത്തെ പ്രാധാന്യത്തോടെ പരാമർശിച്ചു കണ്ടിട്ടില്ല. യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നീ ചിത്രങ്ങളോടോ ഒരു പക്ഷേ, അതിനും മുകളിലോ സ്ഥാനം കൊടുക്കാവുന്ന ഒരു ചിത്രമാണ് ഇത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. കഥാ സന്ദർഭങ്ങളിൽ അദ്ദേഹം പാലിച്ച സൂക്ഷ്മത പ്രശംസനീയമാണ്. ഒരുദാഹരണം, ചിത്രത്തിന്റെ തുടക്കത്തിൽ പോലീസ് ഉദ്യോഗസ്ഥർ ആ വീട്ടിലേക്കു കടന്നു വരുന്ന സീൻ. ഗേറ്റ് തുറന്നു കയറാൻ തുടങ്ങുന്ന അവർ മുറ്റത്തേക്ക് നോക്കിയതിനു ശേഷം ഒരടി പിന്നോട്ട് മാറി ഒരു വശത്ത് കൂടി അകത്തേക്ക് കയറുകയാണ്. മണലിലെ വാഹനങ്ങളുടെ ടയർ മാർക്കുകൾ മായാതിരിക്കാൻ വേണ്ടിയാണത്. വിരലടയാളങ്ങളും മണലിൽ പതിഞ്ഞ പാടുകളും ക്യാമറയിൽ ആക്കുന്നത് അധികം ചിത്രങ്ങളിൽ നമ്മൾ കണ്ടിട്ടില്ല. പ്രകടനപരതയിൽ മാത്രം ശ്രദ്ധിക്കുന്ന പുതു തലമുറ കുറ്റാന്വേഷണ ചിത്രങ്ങൾക്ക് ഒരു പാഠപുസ്തകമാണ് ജോർജിന്റെ ചിത്രങ്ങൾ. സംവിധായകൻ തലച്ചോറില്ലാതെ പെരുമാറുന്നത് കൊണ്ടാണ് പലപ്പോഴും ഇലക്ട്രീഷ്യൻമാരെയും ( നാദിയ കൊല്ലപ്പെട്ട രാത്രി ) മെക്കാനിക്കുകളെയും ( ബാബാ കല്യാണി ) പോലുള്ള അഭ്യാസികളെ നമുക്ക് കാണേണ്ടി വരുന്നത്. പോത്തേട്ടൻ ബ്രില്ലിയൻസ് എന്ന് നമ്മൾ വാഴ്ത്തുന്ന ഡീറ്റയിലിങ് ഒരു ആർട്ട് ആയി വർഷങ്ങൾക്കു മുമ്പ് തന്നെ പല ചിത്രങ്ങളിലും കാണിച്ചിട്ടുള്ളയാളാണ് ശ്രീ ജോർജ്.
മറക്കപ്പെട്ട കുറെ അഭിനേതാക്കളും
കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച തെലുങ്ക്‌ നടി അശ്വിനി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. കുമുദം എന്ന സൂസൻ ഫിലിപ്പിന്റെ സങ്കീർണമായ ജീവിതം അശ്വിനി അസാമാന്യ വൈഭവത്തോടെ തിരശീലയിൽ ആവിഷ്കരിച്ചു. മുഖം എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തിൽ അശ്വനി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലേത് പോലെ ദയനീയമായിരുന്നു അവരുടെ അന്ത്യവും. ലങ്ങ് കാൻസർ മൂർശ്ചിച്ചു ഒടുവിൽ ഹൃദയാഘാതം വന്നാണ് അശ്വനി മരിച്ചത്. തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും നായികയായിരുന്ന അവരുടെ അന്ത്യ കർമങ്ങൾക്ക് ഒടുവിൽ തമിഴ് നടൻ പാർഥിപൻ ആണ് സഹായിച്ചത്. ഇനിയും നിങ്ങൾക്ക് ഈ നടിയെ മനസ്സിലായില്ലെങ്കിൽ വിശദീകരിക്കാം. ബോയിംഗ് ബോയിംഗ് എന്ന കോമഡി ചിത്രത്തിലെ ഒരു എയർ ഹോസ്റ്റസിനെ അവതരിപ്പിച്ചത് അശ്വനി ആയിരുന്നു. അശ്വനിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ. ഹർഷനെ അവതരിപ്പിച്ച ശ്യാം മോഹനെ പിന്നെയെങ്ങും കണ്ടതായി ഓർക്കുന്നില്ല. ജീവിതത്തോട് പിടിച്ചു നിൽക്കാൻ പറ്റാതെ തകർന്നു പോകുന്ന ഹർഷനെ തന്മയത്വത്തോടെ ശ്യാം അവതരിപ്പിച്ചു. ചാർളിയെ അവിസ്മരണീയമാക്കിയ ശ്രീ. സുരേഷിനെയും അധികം ചിത്രങ്ങളിൽ കണ്ടിട്ടില്ല. കുറച്ചു വർഷങ്ങൾക്കു അദ്ദേഹം ഈ ലോകം വിട്ടു പോവുകയും ചെയ്തു. ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുരേഷ് അവതരിപ്പിച്ച ചാർളിയാണ്. ലക്ഷ്യം കാണുന്നത് വരെ നിശബ്ദമായി പതുങ്ങിയിരിക്കുന്ന തന്ത്രശാലിയായ ചാർളിയുടെ സ്ഥാനത്ത് അദ്ദേഹത്തെ അല്ലാതെ വേറൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ആ കഥാപാത്രത്തിന്റെ ഭാവ പകർച്ചകൾ അതിമനോഹരമായി അദ്ദേഹം സ്ക്രീനിലേയ്ക്ക് പകർത്തിയിരിക്കുന്നു.
വലിയ നടന്മാരുടെ ചെറിയ വേഷങ്ങളും
റാംജിറാവുവിന് ശേഷം ഗൗരവമുള്ള വേഷങ്ങളിലേക്ക് മാറാൻ ശ്രമിച്ചു കൊണ്ടിരുന്ന സായികുമാറിന്റെ ഒരു സീരിയസ് വേഷമായിരുന്നു ഈ ചിത്രത്തിലെ രവീന്ദ്രൻ എന്ന സബ് ഇൻസ്പെക്ടർ. തിലകനും അത്ര വലിയ വേഷമൊന്നുമായിരുന്നില്ല. ജഗദീഷും രാജൻ പി ദേവും ഉണ്ട് ഈ ചിത്രത്തിൽ.
വാൽക്കഷണം :-
ഇത്തരം വിപ്ലവകരമായ ചിത്രങ്ങൾ പലതും സംഭാവന ചെയ്തിട്ടുള്ള കെ ജി ജോർജിന് ഒടുവിൽ പണമുണ്ടാക്കാൻ മഹാനഗരം പോലുള്ള ഒരു തനി കച്ചവട ചിത്രം നിർമിക്കേണ്ടി വന്നു. അവസാന ചിത്രമായ ഇലവങ്കോട് ദേശം ബോക്സ്‌ ഓഫീസിൽ തകർന്നടിഞ്ഞതിന്റെ ഒരു കാരണത്തെ പറ്റി അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകളിൽ ഇങ്ങനെ പറയുന്നുണ്ട്. ആദ്യ കാലത്ത് തന്റെ കലാമൂല്യമുള്ള ഒരുപാടു ചിത്രങ്ങളിൽ അഭിനയിക്കാൻ വന്നിരുന്ന വന്ന മമ്മൂട്ടി എന്ന നടനായിരുന്നില്ല, മമ്മൂട്ടി എന്ന സൂപ്പർ താരമായിരുന്നു ഇലവങ്കോട് ദേശത്തിൽ അഭിനയിക്കാൻ എത്തിയത് എന്ന്. ഒന്നും പറയാതെ ഒരുപാടു കാര്യങ്ങൾ പറയുന്നു ഈ വാചകങ്ങൾ.
ഈ കണ്ണികൂടി (1990)
കഥ, സംവിധാനം: കെ ജി ജോർജ്
തിരക്കഥ : എസ് ഭാസുര ചന്ദ്രൻ
ക്യാമറ : രാമചന്ദ്ര ബാബു
സംഗീതം : ജോൺസൺ
നിർമാതാവ് : ഔസേപ്പച്ചൻ
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.