കൊലയാളിത്തിമിംഗലം എന്നറിയപ്പെടുന്ന ഓർക്ക

അറിവ് തേടുന്ന പാവം പ്രവാസി

തിമിംഗല ഗ്രൂപ്പിലെ അംഗമായ ഡോൾഫിൻ കുടുംബത്തിൽ (ഡെൽഫിനിഡെ) വലുപ്പത്തിൽ ഏറ്റവും കൂടിയ വിഭാഗമാണ് ഓർക്കകൾ. 23 മുതൽ 32 അടി വരെ നീളവും , 6000 കിലോ വരെ ഭാരവും വയ്ക്കുന്ന സസ്തനികളായ ഇവ സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് . കറുപ്പും , വെളുപ്പും ഇടകലർന്ന രൂപം കാരണം ഇവയെ സമുദ്രത്തിൽ പെട്ടെന്നു തന്നെ തിരിച്ചറിയാം. തണുപ്പുകൂടിയ മേഖലകളിലാണ് ഇവയുടെ അധിവാസമെങ്കിലും ഭൂമധ്യരേഖയ്ക്കു സമീപമുള്ള സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്.

ഒട്ടേറെ കടൽജീവികളെ ഭക്ഷണമാക്കുന്ന ഓർക്കകൾ സംഘമായാണ് വേട്ടയാടാറുള്ളത്. ഒരു വേട്ടസംഘത്തിൽ 40 ഓർക്കകൾ വരെയുണ്ടാകാം. പലതരം മീനുകൾ, പെൻഗ്വിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ എന്തിനു ചിലപ്പോളൊക്കെ മറ്റുതിമിംഗലങ്ങൾ വരെ ഇവയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞു ഭക്ഷണമാകാറുണ്ട്. നാലിഞ്ചു നീളമുള്ള പല്ലുകൊണ്ട് സീലുകളെ ഐസിൽ നിന്നു കടിച്ചെടുക്കാൻ ഇവയ്ക്കു വല്ലാത്ത കഴിവാണ്.

തികഞ്ഞ സമൂഹജീവികളാണ് ഓർക്കകൾ. കുടുംബത്തിലെ കുട്ടികളെ എല്ലാം പെൺ ഓർക്കകളാണ് നോക്കാറുള്ളത്. മറ്റു പ്രായം കുറഞ്ഞ പെൺ ഓർക്കകൾ ഇതിനു സഹായം നൽകും. ഒരു പെൺ ഓർക്ക ഓരോ മൂന്നു മുതൽ പത്തു വർഷം വരെയുള്ള കാലയളവിൽ ഗർഭം ധരിക്കാറുണ്ടെന്നാണു കണക്ക്. 17 മാസം വരെ ഗർഭകാലം നീണ്ടു നിൽക്കും. പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാകാറുള്ളത്. പ്രസവശേഷം രണ്ടു വർഷം വരെ കുട്ടി ഓർക്കകൾ അമ്മയെ ചുറ്റിപ്പറ്റി കുടുംബത്തിൽ തന്നെ കഴിയും. ചിലത് കുടുംബം ഉപേക്ഷിച്ചുപോയി വേറെ കൂട്ടത്തിൽ കൂടാറുമുണ്ട്.

വളരെ ബുദ്ധികൂർമതയുള്ള ജീവികളായ ഓർക്കകൾ വേട്ടയാടുന്നതിലും ഈ ശേഷി കാട്ടാറുണ്ട്. വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ഇവയുടെ രീതി കരയിൽ ചെന്നായ്ക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്നവരിൽ നിന്നു വേട്ടയാടലിന്റെയും , ഭക്ഷണശൈലിയുടെയും ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു. ഇവ തമ്മിൽ ആശയ വിനിമയം നടത്തുന്നത് പ്രത്യേക കരച്ചിൽശബ്ദങ്ങൾ പുറപ്പെടുവിച്ചാണ്.

ഡോൾഫിനുകളെപ്പോലെ ഇവയെയും സീക്വേറിയങ്ങളിലും മറ്റു വിനോദ പരിപാടികളിലും മനുഷ്യർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഓർക്കകൾ അധികകാലം ജീവിക്കില്ലെന്ന് ജന്തുശാസ്ത്ര വിദഗ്ധർ പറയുന്നു. ഒരു ദിവസം അൻപതിലധികം കിലോമീറ്റർ ദൂരം നീന്തുകയും നൂറടി മുതൽ 500 അടി വരെ ഡൈവ് ചെയ്യുകയും ചെയ്യുന്ന ഇവയ്ക്ക് കൃത്രിമ വാസസ്ഥലങ്ങളിൽ ഈ സാഹചര്യങ്ങൾ ലഭിക്കാറില്ല. ഇത്തരത്തിൽ കഴിയുമ്പോൾ ഇവയ്ക്ക് മാനസിക സമ്മർദ്ദമേറുമെന്നും ഇവ സ്വയം മുറിപ്പെടുത്താനും മറ്റും ശ്രമിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിൽ തടങ്കല്ലിൽ കഴിഞ്ഞ ഓർക്കകളിൽ അതിപ്രശസ്തനാണ് ടിലികും എന്ന ഓർക്ക. രണ്ട് ട്രെയിനർമാരെ കൊന്നതാണ് ടിലികുമിനെ കുപ്രസിദ്ധനാക്കിയത്. 2013ൽ പുറത്തിറങ്ങിയ ബ്ലാക്ക്ഫിഷ് എന്ന ഡോക്യുമെന്ററിയിൽ ടിലികുമിന്റെ കഥ വിവരിക്കുന്നു. തടങ്കലിൽ കഴിയവേ നേരിട്ട കഷ്ടപ്പാടുകളും , മാനസിക സമ്മർദ്ദങ്ങളുമാണ് ടിലികുമിനെ മനുഷ്യരുടെ നേർക്ക് ക്രൂരൻമാരാക്കിയതെന്ന് ഡോക്യുമെന്ററി പറയുന്നു.

ലോകമെമ്പാടും എല്ലാ സമുദ്രങ്ങളിലുമായി അരലക്ഷത്തോളം ഓർക്കകളുണ്ട്. മത്സ്യബന്ധന നെറ്റുകളിലും മറ്റും ഇവ ഇടയ്ക്കിടെ പെടാറുണ്ട്. ഗ്രീൻലാൻഡ്, ജപ്പാൻ, ഇന്തൊനീഷ്യ, കരീബിയൻ ദ്വീപുകൾ, റഷ്യ തുടങ്ങിയിടങ്ങളിൽ ഇവയെ വേട്ടയാടാറുണ്ട്. ഭൂമിയിലെ ഏറ്റവുംവലിയ ജീവിയായ നീലത്തിമിംഗിലത്തെ ജലോപരിതലത്തിലെത്തിച്ച് ശ്വാസംമുട്ടിക്കുക, അവയുടെ വായിലേക്ക് തലകയറ്റി നാവുപിഴുതെടുത്ത് ചോരയോടെ രുചിക്കുക, സ്രാവുകളുടെ കരൾ തുരന്നെടുത്ത് മറ്റ് ഓർക്കക്കൂട്ടങ്ങൾക്ക് വിരുന്നൊരുക്കുക.
കൊലയാളിത്തിമിംഗിലമെന്നറിയപ്പെടുന്ന ഓർക്കകളിൽ ഈയിടെ കണ്ടുവരുന്ന ഭയാനകമായ പെരുമാറ്റരീതികളിൽ ചിലതാണിത്. മനുഷ്യരിലെ സീരിയൽ കില്ലർമാർ വരെ തോറ്റുപോകുന്ന കടൽക്രൂരതകൾ ആണ് ഇവർ ചെയ്യുന്നത് എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മത്സ്യബന്ധനബോട്ടുകളെ ആഴത്തിൽ വലിച്ചുകൊണ്ടുപോവുക, പോർപോയിസുകളെയും (കടൽപ്പന്നികളെ) , സാൽമണുകളെയും പന്തുതട്ടുംപോലെ എറിഞ്ഞു കളിക്കുക.ഓർക്കകളുടെ വിനോദങ്ങളും പേടിപ്പെടുത്തുന്നതാണ്.

മസ്തിഷ്ക വികാസത്തിന്റെയും ബുദ്ധിയുടെയും കാര്യത്തിൽ മനുഷ്യൻ കഴിഞ്ഞാൽ രണ്ടാമതാണ് ഓർക്കകൾ. ഐ.യു.സി.എൻ. പട്ടികപ്രകാരം നിലവിൽ ലീസ്റ്റ് കൺസേൺ വിഭാ​ഗത്തിലാണ് ഓർക്കകൾ ഉൾപ്പെടുന്നത്. ആൺ തിമിം​ഗലങ്ങൾക്ക് 10 മീറ്ററോളം നീളവും 9,800 കിലോ​ഗ്രാം ഭാരവുമുണ്ടാകും. പെൺ തിമിം​ഗലങ്ങൾക്ക് 8.5 മീറ്റർ നീളവും ആണുങ്ങളെക്കാൾ ഭാരക്കുറവുമുണ്ടാകും. ​ഗ്രീൻലൻഡ് പോലെയുള്ള രാജ്യങ്ങളിൽ ഇപ്പോഴും ഓർക്കകളെ വേട്ടയാടുന്നുണ്ട്. വലിയ തിമിം​ഗലങ്ങളെ ഇരയാക്കുന്നത് കൊണ്ട് ഇവയെ കില്ലർ വെയിലുകളെന്നും വിളിക്കുന്നു.

 

You May Also Like

നിങ്ങളുടെ ബൈക്കിന് മൈലേജ് കൂട്ടാൻ ചില വിദ്യകൾ

നിങ്ങളുടെ ബൈക്കിന് മൈലേജ് കൂട്ടാൻ ചില വിദ്യകൾ⭐ അറിവ് തേടുന്ന പാവം പ്രവാസി ????മൈലേജ് ബൈക്കുകളോടാണ്…

ദീർഘ നാൾ ഓടാതെ പോർച്ചിൽ കയറ്റി ഇടാറുള്ള വാഹനങ്ങൾ നല്ല കണ്ടീഷനിൽ സൂക്ഷിക്കാൻ ഇടയ്ക്ക് ഇടയ്ക്ക് ചെയ്യേണ്ട ചില കാര്യങ്ങൾ

കുറച്ച് നാൾ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളുടെ വൈപ്പർ ബ്ലേഡ് പൊക്കി വയ്ക്കണമെന്ന് പറയുന്നത് എന്ത് കൊണ്ട്…

ഒറ്റനോട്ടത്തില്‍ വഴിതെറ്റിക്കുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും.

എട്ട് പുരുഷന്മാര്‍ ചേര്‍ന്ന് പത്ത് മണിക്കൂറുകൊണ്ട് ഒരു മതില്‍ നിര്‍മ്മിച്ചു. എങ്കില്‍ നാല് പേര്‍ക്ക് ആ മതില്‍ നിര്‍മ്മിക്കാന്‍ എത്ര സമയം വേണം?

ഭൂരിഭാഗം മണ്ണുമാന്തി യന്ത്രങ്ങളുടെയും നിറം മഞ്ഞയാണ് കാരണമെന്ത് ?

എന്താണ് ഹൈഡ്രോളിക്സ് (Hydraulic )? ഭൂരിഭാഗം മണ്ണുമാന്തി യന്ത്രങ്ങളുടെയും നിറം മഞ്ഞയാണ് കാരണമെന്ത്? ????ഒഴുകുന്ന പദാർഥങ്ങളാണ്…