കിമാകി മറുഗെ താരമായതെങ്ങനെ?

194

കിമാകി മറുഗെ താരമായതെങ്ങനെ?

2005 സെപ്റ്റംബറിൽ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കിനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന കെനിയൻ എയർവേയ്സ് വിമാനത്തിൽ കിമാനി ങാങ്ക മറുഗെ (Kimani Ng’ang’a Maruge)
എന്നൊരു ‘കുട്ടിയും’ ഉണ്ടായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അവൻ, തൻെറ സ്കൂളിലെ ‘ഹെഡ് ബോയ്’ ആയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കാനാണ് അവൻ പോയത്.

ആള് ചില്ലറക്കാരനല്ല. ഇതിനകം അവൻ ലോകമെമ്പാടും താരപരിവേഷം നേടിക്കഴിഞ്ഞിരുന്നു; ലോകചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രൈമറി വിദ്യാർത്ഥി ആയിരുന്നു, അവൻ. വയസ്സ് 84.

2002ലാണ് കെനിയിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കിയത്. ഇതിനെത്തുടർന്ന് സ്കൂളിൽ പോകാത്ത കുട്ടികളെ ബോധവൽക്കരണത്തിലൂടെ സ്കൂളിലെത്തിക്കാൻ വ്യാപകമായ ശ്രമങ്ങൾ നടന്നു. ഇതിന്റെ ആവേശത്തിൽ മറുഗെ ഒരു തീരുമാനമെടുത്തു; തനിക്കും സ്കൂളിൽ പോകണം! പഠിച്ചാൽ ബൈബിൾ വായിക്കുകയും, കണക്കുകൾ സ്വയം കൂട്ടുകയും ചെയ്യാം.

1920ൽ ജനിച്ചു എന്ന് അവകാശപ്പെടുന്ന മറുഗെ, കെനിയയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ 1950കളിൽ നടന്ന മൗ മൗ (Mau Mau) എന്ന സായുധ സമരത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. മറുഗെയുടെ മുപ്പത് കൊച്ചു മക്കളിൽ രണ്ടുപേർ അപ്പോഴും സ്കൂളിൽ പഠിക്കുന്നുണ്ടായിരുന്നു.

തന്റെ കൊച്ചു മക്കൾ പഠിക്കുന്ന സ്കൂളിൽ തന്നെയാണ് മറുഗെയും പ്രവേശനം തേടിയത്. എങ്ങനെയും അദ്ദേഹത്തെ ഒഴിവാക്കാൻ അധ്യാപകർ ആവതും ശ്രമിച്ചു. എന്നാൽ അദ്ദേഹം തന്റെ പിടിവാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാനായി അവരിൽ ഒരാൾ പറഞ്ഞു, “സ്കൂളിൽ പഠിക്കണമെങ്കിൽ കൊച്ചു കുട്ടികളെപ്പോലെ ഷോർട്സും ടൈയും ഒക്കെ ധരിക്കേണ്ടി വരും.”

അതുകേട്ട് മറുഗെ പിന്മാറി എന്നാണ് അധ്യാപകർ കരുതിയത്. എന്നാൽ, സ്കൂൾ തുറക്കുന്ന ദിവസം അദ്ദേഹം കൊച്ചു കുട്ടികളെപ്പോലെ വേഷം ധരിച്ച് സ്കൂളിലെത്തി. മറുഗെയുടെ വാശിക്കുമുന്നിൽ സ്കൂൾ അധികൃതർക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ അദ്ദേഹം, സ്കൂളിൽ പ്രവേശനം നേടുന്ന ഏറ്റവും പ്രായം കൂടിയ ‘കുട്ടി’ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയായി (2004).

ക്ലാസിൽ ഒരു മാതൃകാ വിദ്യാർത്ഥി ആയിരുന്നു, മറുഗെ. കൃത്യമായി ഹോം വർക്ക് ചെയ്യുന്ന, സഹപാഠികളെ പ്രോത്സാഹിപ്പിക്കുന്ന, കൂട്ടുകാരുടെയൊപ്പം കളിക്കുന്ന, അധ്യാപകരെ ബഹുമാനിക്കുന്ന മറുഗെ അങ്ങനെ രണ്ടാം ക്ലാസിൽ എത്തിയപ്പോഴേ ഹെഡ് ബോയ് ആയി.

തുടർന്ന് അന്താരാഷ്ട്ര തലത്തിൽ വാർത്താ താരം ആയെങ്കിലും മറുഗെയുടെ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു. 2008ൽ തെരഞ്ഞെടുപ്പിനെത്തുടർന്ന് കെനിയയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ അദ്ദേഹത്തിന്റെ വീടും വസ്തുക്കളും കൊള്ളയടിക്കപ്പെട്ടു. ഒരു വൃദ്ധസദനത്തിൽ അഭയം തേടിയെങ്കിലും, പഠനം തുടരാനുള്ള അദമ്യമായ ആഗ്രഹം കാരണം അദ്ദേഹം വീണ്ടും സ്കൂളിലെത്തി.

2009 ഓഗസ്റ്റ് 9ന് അദ്ദേഹം മരണമടഞ്ഞു. 2011ൽ മറുഗെയുടെ ജീവിതം ആസ്പദമാക്കി The First Grader എന്ന ബ്രിട്ടീഷ് ചിത്രം പുറത്തിറങ്ങി. 2015 ജനുവരി 12ന് – മറുഗെ ആദ്യമായി സ്കൂളിൽ പോയതിൻ്റെ പതിനൊന്നാം വാർഷിക ദിനത്തിൽ – അദ്ദേഹത്തിന്റെ ബഹുമാനാർഥം ഗൂഗിൾ ഹോംപേജിൽ ഒരു ‘ഡൂഡിൽ’ പ്രസിദ്ധീകരിച്ചു.

കിമാനി ങാങ്ക മറുഗ ഒരു പ്രതീകമാണ്; പ്രായം എത്ര കുടിയാലും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അടങ്ങാത്ത തൃഷ്ണയുടെ.