കർഷക സമരം എന്തിനു വേണ്ടി ?
കാർഷിക ബില്ലിനെ കുറിച്ച് ബാക്കി കാര്യങ്ങൾ നേരത്തെ എഴുതണമെന്നു കരുതിയെങ്കിലും രാഷ്ട്രീയ കോലാഹലങ്ങളിൽ ശ്രദ്ധ അമിതമായി പോയത് മൂലം സാധിച്ചില്ല.അതിന്റെ അനുബന്ധമായി ചില കാര്യങ്ങൾ കൂടി എഴുതട്ടെ.ഒരു കാര്യം പ്രത്യേകമായി പറയട്ടെ ഇത് ഏറ്റവും ഗുരുതരമായി ബാധിക്കാൻ പോകുന്നത് കേരളമാണെന്നു കൂടി ഓർക്കുക.
ഏതു എക്കണോമിക്കും മൂന്നു ലെഗ് ഉണ്ട്.ഉത്പാദനം -വിതരണം-ഉപഭോഗം. ഇതിൽ ഏറ്റവും അവസാന ഭാഗത്തുള്ള ഉപഭോക്താവാണ് എന്ത് പരിഷ്കാരത്തിന്റെയും നേട്ടം അല്ലെങ്കിൽ കോട്ടം പൂർണമായി ഏറ്റെടുക്കേണ്ടി വരിക.ഒരു പെർഫെക്റ്റ് സിസ്റ്റത്തിൽ മൂന്ന് കൂട്ടരും പരസ്പര പൂരകമായി ജീവിക്കുമ്പോൾ എക്കണോമി വിര്ച്വസ് സൈക്കിൾ എന്ന അവസ്ഥയിൽ എത്തും.ഇതിൽ ഈ ചെയിൻ പൊട്ടിയാൽ ആദ്യവും അവസാനവും നിൽക്കുന്ന കൂട്ടർ പടുകുഴിയിൽ വീഴും എക്കണോമി തകരും. ഇതാണ് വസ്തുത.
ഇപ്പോൾ വന്ന കാർഷിക ബില്ലിന്റെ ഉദ്ദേശം ഇതിലെ വിതരണം എന്ന ലെഗിലെ ലാഭം നേടിയെടുക്കാൻ,കുറച്ചു കുത്തകകളിലേക്കു മാത്രം കണ്സോളിഡേറ്റ് ചെയ്തു ലാഭം അവർക്കു മാത്രം പരിമിതപ്പെടുത്താൻ ഉള്ള ഒന്നാണ്. ഇന്ത്യയിൽ വിതരണം അല്ലെങ്കിൽ വ്യാപാരം പരമ്പരാഗത ഫിസിക്കൽ ചന്ത ആണ്.അത് വളരെ ലോ കോസ്റ്റ് ഉള്ള ഒരു അവികസീത വാല്യൂ ചെയിൻ ആണ്.അത് മൂലം ഏകദേശം 50 കോടിയോളം മനുഷ്യരുടെ ജീവിതമാർഗം ഉണ്ടാകുന്നു.ഏറ്റവും ശ്രദ്ദേയമായ കാര്യം ഇന്ത്യൻ സാഹചര്യത്തിൽ മൂന്ന് കൂട്ടരും ഒരേ സമയം ഉല്പാദകനും വിതരണക്കാരനും ഉപഭോക്താവും ആണ്.അതാണ് യാഥാർഥ്യം.അത് കൊണ്ട് തന്നെ പശുവും അതിന്റെ മേലുള്ള ചെള്ള് തിന്നു ജീവിക്കുന്ന പക്ഷിയും പോലെയുള്ള ജൈവിക ബന്ധം ആണ് കൃഷിക്കാരനും മണ്ടിയും ഉപഭോക്താവും തമ്മിൽ.
മണ്ഡി എന്നത് “അമേരിക്കൻ മോഡലുകാർ ” പറയുന്നത് പോലെ കുറെ ഷൈലോക്ക് ഏജന്റുമാർ അല്ല.കര്ഷകന് വേണ്ടി മാർക്കറ്റ് പ്ലേസ് ഉണ്ടാക്കി,താത്കാലിക സ്റ്റോറേജ് വളരെ തുച്ഛമായി വാടകക്കും അല്ലാതെയും മൈന്റൈൻചെയ്യുന്ന ,ആയിരക്കണക്കിന് ലോറികൾ,കാളവണ്ടികൾ ഒക്കെ വന്നു പോകാവുന്ന രീതിയിൽ ഒരു തരം ക്രൂഡ് എഫിഷ്യന്സി ഉള്ള മഹാ പ്രസ്ഥാനങ്ങൾ ആണ്.അത് മക്കിൻസി പോലും അത്ഭുതം എന്നാണ് പറയുന്നത്.കാരണം അത്തരത്തിൽ ഒന്ന് ആധുനികമായ രീതിയിൽ വിഭാവനം ചെയ്തു നടപ്പിലാക്കാൻ ആയിരക്കണക്കിന് കോടി രൂപ ഉണ്ടെങ്കിലും സാധിക്കില്ല. മുംബയിൽ കാണുന്ന ഡബ്ബ വാല പോലെ.ഡബ്ബാവാല ഒരു ഊണിന്റെ കാശ് ഒരു മാസം അവർക്കു കൊടുത്താൽ 100 കിലോമീറ്റർ അകലെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ഓഫീസിൽ ഉച്ചക്ക് എത്തിക്കും.പകരം ഇപ്പോൾ ഉണ്ടായ സ്വിഗി,സൊമാറ്റോ നോക്കൂ. എന്നിട്ട് രണ്ടിന്റെയും കോസ്ററ് എഫിഷ്യന്സി നോക്കൂ. ഡബ്ബാ വാലകൾ ഹോട്ടലുകൾ പൂട്ടിക്കുന്നില്ല, സ്വന്തം കോൺട്രാക്ട് ഹോട്ടലുകൾ നടത്തുന്നുമില്ല.
APMC എന്ന സമ്പ്രദായം മൂലം മാത്രമാണ് കേരളത്തിന് ആവശ്യമായ അരി,ഗോതമ്പ്,മറ്റു ധാന്യങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്നത് എന്ന് കുറച്ചു വര്ഷങ്ങള്ക്കു മുൻപുണ്ടായ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ നിന്നും മനസിലാകും.ഏകദേശം 80 രൂപയിൽ നിന്നും 240 രൂപയിലേക്കു തുവര,ഉഴുന്ന് ഒക്കെ കഷ്ടിച്ച് മൂന്നു മാസങ്ങൾ കൊണ്ട് കുതിച്ചു കയറി.അതിന്റെ കാരണം പഠിച്ച സർക്കാർ ഏജൻസികൾ തന്നെ ഗ്രാമീണ കാർഷിക വിപണികളിൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥ മൂലം,FCI ഗോഡൗൺ മറ്റു സ്വകാര്യ കമ്പനികൾക്ക് ലീസ്കൊടുത്തതുമെന്നാണ് കണ്ടെത്തിയത്. തുടർന്നുണ്ടായ കർഷക മരണങ്ങൾ ഈ ഉയർന്ന വില ഉള്ളപ്പോൾ പോലും കർഷകർക്ക് പ്രയോജനം കിട്ടിയില്ല എന്നുള്ളതിന്റെ ശാസ്ത്രീയമായ തെളിവാണ്.APMC യിൽ പൂഴ്ത്തിവെയ്പു നടക്കില്ല,കാരണം ഉത്പന്നങ്ങൾ വില കൊടുത്തു വാങ്ങി സ്റ്റോർ ചെയ്തു ലാഭമെടുക്കാൻ ഉള്ള സാമ്പത്തിക ശേഷി മന്ദിയിലെ ഏജന്റായവർക്ക് ഇല്ല.ദൂരെ മികച്ച വില കിട്ടുമെന്ന് അറിയാമെങ്കിലും മുതൽ മുടക്കി അവിടെ എത്തിച്ചു ലാഭമെടുക്കാൻ അവർക്കു കഴിയില്ല,അതിനുള്ള സാമ്പത്തിക ,മാനേജേരിയൽ ഇന്പുട് ഇല്ലാ താനും.
കർഷകർക്ക് കൊടുക്കുന്ന ഒരു ഇൻഷുറൻസ് ആയിരുന്നു APMC വരെയെത്തിച്ചാൽ താങ്ങു വിലയ്ക്ക് അവന്റെ വിയർപ്പിന്റെ ഉത്പന്നം വിൽക്കാൻ ആക്കുമെന്നത്. പ്രാചീന കാലത്തു കേരളത്തിലെ സ്പൈസസ് യൂറോപ്പിൽ തീന്മേശയിൽ എത്തിയത് പോലെ,ഒമാനിലെ വ്യാപാരികൾ ട്രേയ്ഡ് വിൻഡ് വഴി കേരളത്തിൽ വന്നു വാങ്ങി കൊണ്ടുപോയിരുന്നതു പോലെയുള്ള ഒരു സപ്ലൈ നെറ്റ്വർക്ക് ഇപ്പോൾ തന്നെ ആന്ധ്രയിലെ അരി മുതൽ കശ്മീരിലെ ആപ്പിൾ വരെ നമുക്ക് എത്തിക്കുന്ന സംവിധാനത്തിൽ ഉണ്ട്.അതിൽ കോടിക്കണക്കിനു മനുഷ്യർ തൊഴിൽ കണ്ടെത്തുന്നു,ഉപഭോക്താവും ഉല്പാദകനും വിതരണം ചെയ്യുന്നവനും പരസ്പരം കോമ്പ്രോമിസ് ചെയ്തു ജീവിക്കുന്നു.ആ വ്യവസ്ഥയെ തകർത്തു കൊണ്ട് ഇടയിൽ ഉള്ള ലാഭം മാത്രം ഉന്നമിട്ടു രണ്ടു കൂട്ടരെയും സ്വന്തം ലാഭം പോലെ ഇടത്തോട്ടും വലത്തോട്ടും വലിച്ചു കീറുന്ന പരിപാടി ആണ് ലക്ഷ്യം. മണ്ടികൾ ഇല്ലാതെ ആകുമ്പോൾ കർഷകൻ കർഷക തൊഴിലാളി ആയി സ്വന്തമായുള്ള കൃഷിഭൂമി ഒരു കുത്തകയ്ക്കു വേണ്ടി കൊടുത്ത് അവിടെയുള്ള തുറന്ന തടവറയിൽ ജീവിക്കുന്ന വ്യവസ്ഥിതി ഉണ്ടാകും .ലക്ഷക്കണക്കിന് ഹെക്റ്റർ കൃഷി ഭൂമി വിർച്വൽ ആധാരം വഴി അംബാനിയും ആമസോണും സ്വന്തമാക്കി”കൃഷി”ചെയ്യും.ലോകത്തിലെ ഏറ്റവും വലിയ കർഷക തൊഴിലാളി ആർമി സ്വന്തമായുള്ള “കർഷക ചക്രവർത്തി ” കൃഷി ഭൂമി കര്ഷകന് എന്നുള്ള ലോകാരംഭം മുതലുള്ള സമവാക്യം പൊളിച്ചെഴുതും.അതിനെ വെറുതെ കോൺട്രാക്ട് ഫാർമിംഗ് എന്ന് വിളിച്ചു ട്രിവിയലൈസ് ചെയ്യുന്നവർക്ക് അറിയില്ല അവർക്കു ഭരണകൂടത്തെ മുട്ടിൽനിർത്താൻകഴിയുമെന്ന്.കുപ്രസിദ്ധമായ ബംഗാൾ ക്ഷാമം എങ്ങിനെ ഉണ്ടായി എന്ന് വായിച്ചാൽ കുറെയൊക്കെ മനസിലാകും.
കുറെ ആധുനിക പോസ്റ്മാൻസ് പറയുന്നത് കേട്ടു നല്ല സ്റ്റോറേജ് സൗകര്യം ഉള്ളത് മൂലം നമുക്ക് വർഷത്തിൽ എല്ലാ കാലത്തും കുറഞ്ഞ വിലക്ക് സാധനം ലഭ്യമാകും എന്ന്.ഉട്ടോപ്യൻ എന്നേ പറയാനുള്ളൂ.ലാഭം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംവിധാനത്തിലും ഇന്ന് വരെയും കാണാത്ത ഒന്നിനെകുറിച്ചാണ് ഇവരുടെ സുഭാഷിതം.ഓർഗനൈസ്ഡ് റീറ്റെയ്ൽ ചെയ്ൻ മോഡൽ തന്നെ SALES PER SQUARE FOOT / COST PER SQUARE FOOT എന്ന ഗോൾഡൻ റൂൾ അടിസ്ഥാനമാക്കിയാണ്.വില കുറയുന്ന ഉൽപ്പന്നത്തിന് മാർജ്ജിനും കുറവല്ലേ കിട്ടൂ ,അല്ലെങ്കിൽ അത്രയും വോളിയം വിൽക്കണം ,അപ്പോൾ ഏരിയ കൂടുതൽ വേണം ,അത് കോസ്ററ് എഫിഷ്യന്സി കുറയ്ക്കും.ഇതാണ് വാസ്തവം.അത് കൊണ്ടാണ് സൂപ്പർ മാർക്കറ്റിൽ വെറുതെ കൊണ്ട് കൊടുത്താലും ചക്ക വില്കാത്തത് എന്ന് ഉദാഹരണം.
താങ്ങു വില ,എ പി എം സി എന്നിവ ഇല്ലാതെയാകുമ്പോൾ റേഷനിങ് നിന്ന് പോകും.നമുക്ക് കിട്ടുന്ന അരിയുടെ അളവാണ് റേഷൻ എന്ന് വിവരം കെട്ടവർ പറയും.കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചാൽ അരി വില കൂടുമെന്നത് വ്യക്തമായ തെളിവ് ഇപ്പോൾ തന്നെ ഉണ്ട്. FCI ഗോഡൗണിൽ ഇരിക്കുന്ന ഭക്ഷ്യ ധാന്യത്തിന്റെ വില ഇപ്പോൾ കൊറോണ കാലത്ത് എങ്കിലും മനസിലാകാത്തവനെ ഒന്നും ബോധ്യപ്പെടുത്താൻ ആവില്ല.ഒരു ക്രോപ് ഫെയ്ല്യാർ ,ഒരു യുദ്ധം ,ഒരു വരൾച്ച ,പ്രളയം എന്നിവ ഇനി കുറെ മനുഷ്യരെ തുടച്ചു നീക്കും.കാരണം സർക്കാർ റേഷൻ ഇല്ലാതെയാകും. ആമസോണിനു സൗജന്യ റേഷൻ കൊടുക്കാൻ കഴിയില്ലല്ലോ?