കിഷോർ ദാ – ഉന്മാദത്തെ പ്രണയിച്ച ഗാന സാമ്രാട്ട്
സിദ്ദീഖ് പടപ്പിൽ
കിഷോർ കുമാർ എന്ന അനുഗ്രഹീത സംഗീത പ്രതിഭയെ കുറിച്ച് എന്തെഴുതാനാണ്. നടൻ, സംഗീത സംവിധായകൻ, പാട്ടുകാരൻ, ഗാന രചയിതാവ്, സിനിമാ സംവിധായകൻ, നിർമ്മാതാവ് തുടങ്ങി സിനിമയും സംഗീതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ അതുല്യ പ്രതിഭ. അരങ്ങ് വിട്ടൊഴിഞ്ഞു പോയിട്ട് മൂന്നര പതിറ്റാണ്ടോളമായി. ഇന്നും പുതുതലമുറയിലെ കുട്ടികൾക്ക് പോലും കിഷോർ ദാ ആരെന്ന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ഇന്നും ഏത് എഫ് എം റേഡിയോ തുറന്നാലും ആ സ്വരമാധുര്യം കേൾക്കാത്തവരുണ്ടാവില്ല. ന്യൂ ജെൻ യുവാക്കൾ ആസ്വദിക്കുന്ന ആൽബം റീമേക്ക് ഗാനങ്ങളിൽ പലതും കിഷോർ ദായുടെ കഴിവ് കൊണ്ട് മാത്രം ഹിറ്റായ പഴയ ഗാനങ്ങളായിരിക്കും.
1946 ൽ ബോംബേ ടാക്കീസിന്റെ ഒരു ചിത്രത്തിൽ കോറസ്സായി പാടാൻ അവസരം ലഭിച്ച അബ്ഹാസ് കുമാർ, ജേഷ്ഠൻ അശോക് കുമാറിന്റെ ഇഷ്ടത്തിന് വഴങ്ങിയാണ് കിഷോർ എന്ന പേര് സ്വീകരിക്കുന്നത്. ബോംബെ ടാക്കീസ് നിർമിച്ചിരുന്ന മിക്ക സിനിമകളിലും നായകനായി തിളങ്ങിയിരുന്ന അശോക് കുമാറിന്റെ താര പ്രൗഢിയിൽ താമസിക്കാനാണ് മദ്ധ്യപ്രദേശിലെ ഖാണ്ഡവാ എന്ന പട്ടണത്തിൽ നിന്നും ഗാംഗുലി കുടുംബം ബോംബെക്ക് ട്രെയിൻ കയറിയത്. അബ്ഹാസ് (കിഷോർ) കുമാറിന്റെ അച്ഛൻ, ഖാണ്ഡവായിലെ പ്രഭു കുടുംബാംഗമായ കമവിസ്‌ദാർ ഗോഖലെയുടെ കുടുംബ വക്കീലായിരുന്നു. ബാംഗാളിൽ നിന്ന് ഖാണ്ഡവയിലെത്തിയ കിഷോറിന്റെ ഇന്റർ മീഡിയേറ്റ് പഠനം ഇൻഡോറിൽ ആയിരുന്നു. പതിനാറാം വയസ്സിൽ മൂത്ത സഹോദരൻ അശോകിന്റെ താൽപര്യത്തിൽ കോറസ് പാടിയ കിഷറിന്ന് ആ വർഷം തന്നെ ശിക്കാരി എന്ന സിനിമയിൽ അഭിനയിക്കാനും അവസരം കിട്ടി. 1948 ൽ ഇറങ്ങിയ സിദ്ദി (Ziddi) സിനിമയിൽ സംഗീത സംവിധായകൻ ഖേംച്ചന്ദ് പ്രകാശ്, കിഷോറിനെ കൊണ്ട് ഒരു ഗാനം പാടിപ്പിച്ചുവെങ്കിലും സംഗീതം അഭ്യസിക്കാത്ത കുഞ്ഞു കിഷോറിന്റെ നക്ഷത്രം അന്ന് തെളിഞ്ഞിരുന്നില്ല.
പിന്നീടുള്ള വർഷങ്ങളിൽ നിരവധി സിനിമകളിൽ കിഷോർ വേഷമിട്ടു. അഭിനയത്തേക്കാളേറെ പാട്ടിനെ ഇഷ്ടപ്പെട്ടിരുന്ന കിഷോർ, സെഹ്‌ഗാളിന്റെ ആരാധകനായിരുന്നു. ജേഷ്ഠൻ അശോകിന്റെ സഹായത്താൽ നിരവധി സിനിമകളിൽ അവസരം ലഭിച്ചുവെങ്കിലും 1954 വരെയുള്ള കാലയളവിൽ കിഷോർ അഭിനയിച്ചു വിജയിച്ച ചിത്രം ഒന്നോ രണ്ടോ മാത്രമായിരുന്നു. ഇതേ കാലയളവിൽ കുറേ സിനിമകളിൽ പാടാൻ അവസരം ലഭിച്ചുവെങ്കിലും സലീൽ ചൗധരിയെ പോലുള്ള മുൻനിര സംഗീത സംവിധായകന്മാർ, സംഗീത പാരമ്പര്യമില്ലാ എന്ന കാരണത്താൽ അവസരം നൽകാൻ തയ്യാറായില്ല. എന്നാൽ 1954 മുതൽ 66 വരെ കിഷോർ അഭിനയിച്ച മിക്ക പടങ്ങളും സാമ്പത്തികമായി വിജയിച്ചു. ഇതേ കാലയളവിൽ കിഷോറിന്റെതായി നിരവധി ഹിറ്റ് ഗാനങ്ങൾ പിറവിയെടുത്തു.
സംഗീതം അഭ്യസിക്കാത്ത, ശാസ്ത്രീയ സംഗീത പരിശീലനം ലഭിക്കാത്ത ഒരാൾ തന്റെ അടങ്ങാത്ത വാഞ്ചനയുടെ ബലം കൊണ്ട് മാത്രം നേടിയെടുത്തതാണ് ഹിന്ദി സിനിമയിലെ അതുല്യ ഗായകൻ എന്ന സ്ഥാനം. ജേഷ്ഠൻ അശോകിന് കിഷോറിനെ സിനിമാ നടനാക്കണമെന്നായിരുന്നു ആഗ്രഹം. കിഷോർ പാടുന്നതിൽ താല്പര്യമിലായിരുന്നു. അക്കാലത്തൊരിക്കൽ അശോകിനെ കാണാൻ വീട്ടിൽ വന്ന എസ് ഡി ബർമൻ, അകത്ത് നിന്ന് കിഷോർ സൈഗാളിന്റെ പാട്ട് അനുകരിച്ചു പാടുന്നത് കേൾക്കാനിടയായി. സ്വതസിദ്ധമായ ശബ്ദത്തിൽ പാടാനും ഒരാളെയും അനുകരിക്കാതിരിക്കാനും ബർമൻ കിഷോറിനെ ഉപദേശിച്ചു. ദേവാനന്ദിന് വേണ്ടി മുകേഷ് കുമാർ ആയിരുന്നു അക്കാലത്ത് പാടിയിരുന്നതെങ്കിലും ബർമൻ കിഷോറിന് അവസരം കൊടുത്തു. ടാക്സി ഡ്രൈവർ, പേയിങ് ഗസ്റ്റ് പോലുള്ള സിനിമകളിലെ ഹിറ്റ് ഗാനങ്ങളിലൂടെ കിഷോർ ഗായകനെന്ന നിലയിൽ ഏറെ ശ്രദ്ദിക്കപ്പെട്ടു. ഹാഫ് ടിക്കറ്റ് എന്ന സിനിമയുടെ ഗാനം റിക്കോർഡ് ചെയ്യുന്ന സമയത്ത് ബോംബെയിൽ എത്താൻ സാധിക്കാത്ത ലത മങ്കേഷ്‌ക്കറിന് പകരം സ്ത്രീ ശബ്ദത്തിൽ ആ ഭാഗം പാടി തകർത്ത് ഏവരെയും കിഷോർ ഞെട്ടിച്ചു.
സകലകലാ വല്ലഭനെന്ന അപരനാമം കൂടിയുള്ള കിഷോറിന്റെ ചില കിറുക്കുകളും സിനിമാലോകം അക്കാലത്ത് പാടി നടന്നിരുന്നു. മന് മൗജി എന്ന സിനിമയിലെ സറൂറത്ത് സറൂറത്ത് ഹേ എന്ന ഗാന ചിത്രീകരണത്തിൽ കാണുന്ന എല്ലാ വികൃതികളും ഉൾകൊള്ളുന്ന ഒരു ‘വട്ട്’ കിഷോർ ദാ യുടെ ജീവിതത്തിലും നിഴലിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. തന്റേതായ മേഖലയിൽ മികവ് തെളിയിച്ച കലാകാരനാണെങ്കിലും ജീവിതത്തിൽ അന്തർമുഖനും ഒരുപാട് വ്യത്യസ്ത സ്വഭാവത്തിനുടമയായിരുന്നുവത്രെ. ഒറ്റയ്ക്ക് കഴിയാൻ ഇഷ്ടപ്പെടുകയും സസ്യജാലങ്ങൾ വളർത്തി, ഓരോ ചെടികൾക്കും പേരിടുകയും അവയോട് സംസാരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിൻറെ ശീലമായിരുന്നത്രെ.
രാജേഷ് ഖന്ന അഭിനയിച്ച് ഹിറ്റായ ആനന്ദ് എന്ന സിനിമയിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് കിഷോർ കുമാറിനെ ആയിരുന്നു. സിനിമയുമായി ഒപ്പ് വെക്കാൻ സിനിമയുടെ സംവിധായകൻ ഋഷികേഷ് മുഖർജി, കിഷോറിന്റെ വീട്ടിലെത്തിയപ്പോൾ പാറാവുകാരൻ മുഖർജിയെ അകത്തേക്ക് കടത്തി വിട്ടില്ലത്രെ. കടത്തി വിടാത്തതിന്റെ കാരണം, ആയിടയ്ക്ക് അഭിനയിച്ച ഒരു സിനിമയുടെ നിർമാതാവായ ബംഗാളി പറഞ്ഞ തുക നൽകിയിരുന്നില്ല, അത് കൊണ്ട് ഒരു ബംഗാളി വന്നാലും അകത്തേക്ക് കയറ്റി വിടരുതെന്ന് പാറാവുകാരന്ന് കിഷോറിന്റെ ആജ്ഞ ഉണ്ടായിരുന്നു. അത് വഴി ആ അവസരം നഷ്ടപ്പെടുത്തി. പറഞ്ഞുറപ്പിച്ച തുക തന്റെ സെക്രട്ടറിക്ക് ലഭിച്ചു എന്ന് ഉറപ്പിച്ചതിന്ന് ശേഷം മാത്രമേ ആള് അഭിനയമോ പാട്ടോ ആരംഭിക്കുകയുള്ളൂവത്രെ. സ്വന്തം ബംഗ്ളാവിന്റെ ഗേറ്റിൽ Beware of Kishore Kumar എന്ന് സ്വയം എഴുതി വെച്ചതും കിഷോറിന്റെ കിറുക്കകളിൽ ചിലതാണ്.
സ്‌കൂൾ പഠന കാലത്ത് കിഷോറിന്റെ ശബ്ദത്തിൽ വന്ന മാറ്റം സഹോദരൻ അശോക് ഓർക്കുന്നതിങ്ങനെ. അന്നൊരു ദിവസം ചെറിയൊരു അപകടത്തിൽ കിഷോറിന്റെ കാൽ വിരലിൽ പരുക്ക് പറ്റി. മുറിഞ്ഞു പോയ വിരലിന്റെ വേദന സഹിക്കാതെ ഒരു മാസത്തോളം നിർത്താതെ കരഞ്ഞുവത്രേ. കാലിലെ പരിക്ക് ഭേദമായപ്പോഴേക്കും ശബ്ദത്തിൽ വലിയ മാറ്റം വന്നു പോലും. ഇത് കിഷോറിന്ന് ലഭിച്ച അനുഗ്രഹമാണെന്ന് അശോക് പറഞ്ഞു വെക്കുന്നു.
സ്വജീവിതത്തിൽ പല മുഹൂർത്തങ്ങളും സിനിമയിൽ ഉൾപെടുത്താൻ കിഷോർ ശ്രദ്ദിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൽതി കാ നാം ഗാഡി എന്ന സിനിമയിലെ പാഞ്ച് രുപയ്യ ബാറ അണാ എന്ന ഗാനം ഇൻഡോറിലെ കോളേജ് കാന്റീനിലെ അനുഭവം വെച്ച് ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടതാണത്രേ. നടൻ രാജേഷ് ഖന്നയും ഡാനി ഡെൻസോങ്പ്പ യുമായിരുന്നു കിഷോറിന്റെ സുഹൃത്തുക്കൾ. സഭാകമ്പം ഏറെയുണ്ടായിരുന്നു കിഷോർ ദാ സ്റ്റേജ് ഷോകളിൽ നിന്ന് ഒളിച്ചോടുമായിരുന്നു.
സത്യജിത് റേയുടെ അനന്തരവളും ബംഗാളി നടിയുമായ റുമ ഗുഹയെ ആയിരുന്നു കിഷോർ ആദ്യം കല്യാണം കഴിച്ചത്. 1950 ൽ ആരംഭിച്ച ദാമ്പത്യം അമിത് കുമാർ എന്ന മകൻ ജനിച്ച ശേഷം 1958 ൽ അവസാനിച്ചു. ഒട്ടും തെളിച്ചമില്ലാത്ത ആദ്യ വിവാഹത്തിന് ശേഷം കിഷോർ മധുബാല യെ വിവാഹം കഴിച്ചു. ഹൃദയ സംബന്ധമായ അസുഖം കൊണ്ട് വലഞ്ഞിരുന്ന മധുബാലയോട് കിഷോറിന് കടുത്ത പ്രണയമായിരുന്നു. മുസ്ലിമായ മധുബാലയെ വിവാഹം ചെയ്യുന്നതിൽ കുടുംബം മൊത്തം എതിർപക്ഷത്തായിട്ടും അതൊന്നും ഗൗനിക്കാതെ കരീം അബ്ദുൽ എന്ന പേര് സ്വീകരിക്കുകയും മധുബാലയെ 1960 ൽ വിവാഹം ചെയ്യുകയും ചെയിതു. 1969 ൽ മധുബാല അസുഖം മൂലം മരണപ്പെട്ടു. മധുബാലയുടെ മരണം ഒരു വേള കിഷോറിനെ തളർത്തിയെങ്കിലും അതേ വർഷം തന്നെയാണ് ഗായകൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും എന്നത് യാദൃശ്ചികമായിരിക്കാം.
രാജേഷ് ഖന്നയ്ക്കും അമിതാഭ് ബച്ചനും വേണ്ടി പാടിയ നിരവധി ഗാനങ്ങൾ ഹിറ്റാവുകയും ധാരാളം അവാർഡുകളും നേടിക്കൊടുത്തതും 70 കൾക്ക് ശേഷമായിരുന്നു. 76 ൽ നടി യോകീത ബാലിയെ വിവാഹം ചെയ്തുവെങ്കിലും 2 വർഷം കഴിഞ്ഞു വിവാഹ മോചനം നേടിയ യോകീത അതേ വർഷം തന്നെ നടൻ മിഥുൻ ചക്രവർത്തിയുടെ ഭാര്യയുമായി. കിഷോറിന്ന് മിഥുൻ ചക്രവർത്തിയോടുള്ള അനിഷ്ടം അമിതാഭ് ബച്ചനോടും വളരാൻ കാരണമായി. രണ്ട് പേർക്ക് വേണ്ടിയും പാടില്ല എന്ന വാശി സിനിമാ ലോകത്ത് ഷബീർ കുമാറിനെയും മുഹമ്മദ് അസീസിനെയും പോലുള്ളവർക്ക് വളരാൻ സഹായകമായി. 1980 ൽ തന്നെക്കാളും 22 വയസ്സ് കുറഞ്ഞ, അക്കാലത്തെ ഏറ്റവും സുന്ദരിയുമായ യുവ നടി, ലീന ചന്ദ്രവർക്കറെ കിഷോർ ദാ വിവാഹം കഴിക്കുകയുണ്ടായി. 1987 ൽ അസുഖബാധിതനായി മരണപെടുമ്പോൾ സുമിത് കുമാർ എന്ന മകൻ കൂടി ജനിച്ചിരുന്നു.
ഖാണ്ഡവായിലെ “ഗൗരി കുഞ്ച്” എന്ന കുടുംബ വീടിനോട് ഇഴുകി ചേർന്നതായിരുന്നു. തിരക്കൊഴിഞ്ഞ വേളകളിൽ ഇൻഡോറിന് അടുത്തുള്ള വീട് സന്ദർശിക്കാൻ സമയം കണ്ടെത്തി. മരണപ്പെടുമ്പോൾ ശേഷക്രിയകൾ ഈ വീട്ടിൽ വെച്ചായിരിക്കണമെന്നതും കിഷോർ ദാ യുടെ അന്ത്യാഭിലാഷമായിരുന്നു.