എന്ത് കൊണ്ട് പാലാക്കാർ മാണിയെ സ്നേഹിച്ചപോലെ മകനെ സ്നേഹിക്കുന്നില്ല ?

71

പാലക്കാരിയും ടെലിവിഷൻ അവതാരകയുമായ Ann Palee യുടെ സോഷ്യൽ മീഡിയ കുറിപ്പ്

പാലായെപ്പറ്റിയും പൂഞ്ഞാറിനെപ്പറ്റിയുമൊക്കെ പലരും ചോദിക്കുന്നു. എന്ത് കൊണ്ട് പാലാക്കാർ ജോസ് കെ മാണിക്ക് വിജയം നൽകിയില്ല എന്ന് പാലായിലുള്ളവർ തന്നെ പറയുന്നുണ്ട്.
സർനെയിം കൊണ്ട് മാത്രം ഇറങ്ങി പ്രവർത്തിക്കാൻ കഴിയുന്ന മണ്ഡലമല്ല പാലാ, തലമുറകളായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് അനുഭവം പുലർത്തുന്ന കുറേയാളുകൾ കൂടിയാണ് പാലാ. അവിടെ പലപ്പോഴും കെ എം മാണിയെന്ന രാഷ്ട്രീയനേതാവ് ചേർത്ത് വെച്ചത് കേരളപക്ഷമെങ്കിലും കോൺഗ്രസ് എന്ന വലിയസംഘടനയുടെ മേലുള്ള ജനവിശ്വാസമായിരുന്നു.

ഏറിയും കുറഞ്ഞും ഒപ്പം നിന്നവരുടെ തലമുറകൾ മാറുമ്പോളും പാലായിൽ എല്ലാവര്ക്കും അടുത്തുചെല്ലാവുന്ന, സ്വീകാര്യനായ ഒരു മുഖമായിരുന്നു അദ്ദേഹം. ആ ആത്മവിശ്വാസവും ധൈര്യവും ജോസ് കെ മാണിയിൽ കാണുവാൻ പാലാക്കാർക്ക് കഴിഞ്ഞില്ല. രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഇത്രവർഷങ്ങൾ ആയിട്ടും പാലായിലെ ഒരു household name ആകുവാൻ ജോസ് കെ മാണിക്ക് സാധിച്ചിരുന്നില്ല.

AROUND PALA - Biostatisticsആദ്യമായി കാണുന്ന ഒരാളിൽ പോലും ‘മാണിസാർ എന്താണ് ചെയ്തു തരേണ്ടത്?’ എന്ന് ചോദിച്ചു കൊണ്ട് നില്പിലും നോട്ടത്തിലും ഗാംഭീര്യം തുളുമ്പുന്ന ഒരതികായൻ തന്നിലേക്ക് വിധേയത്വം തോന്നിപ്പിക്കുന്ന ഓറ സൃഷ്ടിച്ചിരുന്നു. പിന്നൊരു തവണ കാണുമ്പോൾ ആളുകളുടെ നാവിൽ മാണി സാർ എന്നുള്ള വിളി ഉറപ്പു വരുത്തിയ അരനൂറ്റാണ്ടുണ്ട് പാലായ്ക്ക്. അതേ മാണിസാർ തന്നെ മണ്ഡലത്തിലെ ഏതു വീട്ടിലെയും മരണത്തിൽ അവരെക്കാൾ നെഞ്ചുപൊട്ടി കരയുന്നതും കാണാം. ആ കണ്ണീരും പാലായിലെ ജങ്ങൾക്കു അദ്ദേഹത്തിനെ കൂടുതൽ സ്നേഹിക്കാനേ കാരണമാക്കിയുള്ളൂ. വർഷങ്ങളുടെ കണക്കുപുസ്തകത്തിൽ മാണി സാർ റബ്ബർപാല് പോലെ അവിടുള്ളവരുടെയിടയിൽ ഒട്ടിക്കിച്ചേർന്നു നിന്നു.

എന്നാൽ അദ്ധേഹത്തിന്റെ മകനാവട്ടെ, ആ ശരീരഭാഷയോ വാക്ചാതുരിയോ പ്രകടിപ്പിക്കാൻ കഴിയാത്തവണ്ണം പലതവണ ജനങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു. മറ്റെന്തിനേക്കാളും ചങ്കുറപ്പിനെ ആദരിക്കുന്ന പാലാക്കാർ ആ perplexity കണ്ടപ്പോൾ ആദ്യം സംശയിച്ചു, ഏറ്റവുമൊടുവിൽ ഇപ്പോൾ അതിൽ വിശ്വസിക്കണ്ടാന്ന് തന്നെ തീരുമാനിച്ചു. കേരളചരിത്രത്തിലെ ആദ്യ പ്രതിപക്ഷനേതാവായ പി ടി ചാക്കോയുടെ മകനായ പി സി തോമസിനെ ഇരുപതു വര്ഷം സ്നേഹിച്ചപോലുള്ള ഭാഗ്യമൊന്നും ജോസ് കെ മാണിക്കുണ്ടായില്ലെന്ന് സാരം. ഇനി രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാത്ത മോൻസ് ജോസെഫിനെപ്പോലെയോ റോഷി അഗസ്റ്റിനെപ്പോലെയോ ആകാനും ജോസ് കെ മാണിക്ക് പറ്റിയില്ല. വർഷങ്ങളോളം ഒരേസമയം ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് അവരിലൊരാൾ എന്ന് തോന്നിപ്പിക്കാനും മുന്നോട്ട് നിന്ന് അവരെ നയിക്കുന്ന ആൾ എന്ന് ധൈര്യം കൊടുക്കാക്കാനും വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ വന്നവർക്ക് സാധിച്ചപ്പോൾ ജോസ് കെ മാണിക്ക് അവിടെയും പതറി.

ഇതിനിടയിൽ പാർട്ടിയിലെ പിണക്കങ്ങളും തർക്കങ്ങളും പരിഹരിക്കുമ്പോൾ സ്വന്തം താല്പര്യങ്ങൾക്കാണ് അദ്ദേഹം മുൻ‌തൂക്കം നൽകിയതെന്നും ആരോപണങ്ങൾ ഉയർന്നു.ഇത്തവണ പാലാക്കാരുടെ dialectical thinking മറ്റൊരു രാഷ്ട്രീയപരിണാമത്തിനാണ് സമ്മതം മൂളിയത്. വർഷങ്ങളോളം പാലായിലെ രാഷ്ട്രീയത്തിൽ പരിചിതനായ, ചുരുങ്ങിയ കാലത്തെ MLA സ്ഥാനം കൊണ്ട് ഒരിക്കൽക്കൂടി പാലക്കാരോട് അടുത്ത മാണി സി കാപ്പൻ സ്കോർ ചെയ്യുകയും ചെയ്തു, അദ്ദേഹം അർഹിച്ച വിജയം.

നിത്യേന രാഷ്ട്രീയം സംസാരിക്കുന്ന സ്വഭാവമൊന്നും പാലയിലില്ല. എന്നാൽ നിരീക്ഷണങ്ങളും അതില്നിന്നുയരുന്ന തീരുമാനങ്ങളും ഉണ്ട് താനും. അതിപ്പോ വർഷങ്ങളോളം തെരഞ്ഞെടുത്ത വ്യക്തിയാണെങ്കിലും പരിധി വിട്ടുള്ള വാക്കുകളും താൻപോരിമയും ഉണ്ടെന്ന് തോന്നിയാൽ പണി പൂഞ്ഞാറിലും കിട്ടും എന്ന് മെല്ലെ മാത്രം പറയുന്നവർ, പാലക്കാർ. ഇതിനെല്ലാമിടയിലും ബിജെപി വോട്ട് അങ്ങോട്ട് മറിഞ്ഞു ഇങ്ങോട്ട് ചെരിഞ്ഞു എന്നൊക്കെ പറയുന്നവർ പാലായുടെ ബിജെപി ചരിത്രം കൂടി നോക്കുക, ഒരു പത്ത് വർഷം മുൻപ് വരെയും അവരൊക്കെ ആരായിരുന്നുവെന്നും ചിന്തിക്കുക, ഉത്തരം കിട്ടും.