കൊടുവള്ളി എസ്റ്റേറ്റ് തന്നെ വിമാനത്താവളത്തിന് വേണമെന്ന നിർബന്ധത്തിനു പിന്നിൽ എന്ത് ?

112

( 2016 ൽ ഇന്നത്തെ കേന്ദ്രമന്ത്രി വി മുരളിധരൻ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്താണ് ഈ പോസ്റ്റ് )

കെ.പി.യോഹന്നാന്‍ കൈവശം വച്ചിരിക്കുന്ന, പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കുന്നു എന്നുള്ള അങ്ങയുടെ പ്രസ്താവന കാണാനിടയായി. സര്‍ക്കാര്‍ ഭൂമി അനധികൃത മാര്‍ഗത്തിലൂടെ സ്വന്തമാക്കിയശേഷം അത് സര്‍ക്കാരിനുതന്നെ വില്‍പന നടത്തി അതിലൂടെ നേട്ടം കൊയ്യാനുള്ള ശ്രമമാണ് ചെറുവള്ളി എസ്റ്റേറ്റ് കൈമാറാമെന്ന കെ.പി.യോഹന്നാന്റെ തീരുമാനത്തിനു പിന്നിലുള്ളതെന്ന് അങ്ങയെ അറിയിക്കട്ടെ. സര്‍ക്കാര്‍ ഭൂമിയെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ള ഭൂമി, കെ.പി.യോഹന്നാന്റേതെന്ന നിലയില്‍ ഏറ്റെടുക്കാനും വിമാനത്താവളം സ്ഥാപിക്കുമ്പോള്‍ അതില്‍ പങ്കാളിത്തം നല്‍കാനുമുള്ള നീക്കം ബോധപൂര്‍വമാണോയെന്നറിയാന്‍ താല്‍പര്യമുണ്ട്.

2200 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അത് സംസ്ഥാനത്ത് ഇത്തരത്തില്‍ തോട്ടം എന്ന പേരില്‍ വന്‍കിടക്കാര്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.
ഇതിലൂടെ സംസ്ഥാനത്തിന് 25,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുന്ന അഴിമതിക്കാണ് കളമൊരുങ്ങുന്നത്. കേരളത്തില്‍ ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച വിവാദം ആരംഭിച്ചിട്ട് കാലങ്ങളായെന്നു അങ്ങേയ്ക്ക് അറിയാമല്ലോ. ഹാരിസണിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച ഒരു കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2013 ഫെബ്രുവരി 28ന് സര്‍ക്കാരിന് ഹാരിസണിന്റെ കൈവശമുള്ള ഭൂമി റവന്യൂ ഭൂമിയാണെന്നു പൂര്‍ണ ബോധ്യം ഉണ്ടെങ്കില്‍ സര്‍ക്കാരിനോ സര്‍ക്കാര്‍ നിയമിക്കുന്ന അധികാരികള്‍ക്കോ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം ഏറ്റെടുക്കാവുന്നതാണെന്നും രണ്ടു മാസത്തിനകം ഇതിനു നടപടി തുടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു.

കോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ ഓഫിസറും എറണാകുളം ജില്ലാ കളക്ടറുമായ എം.ജി.രാജമാണിക്യം ഹാരിസണിന്റെ ഭൂമിക്ക് കൈവശാവകാശ, പ്ലാന്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്നും മരം മുറിക്കരുതെന്നും ഭൂമി കൈമാറ്റം ചെയ്യരുതെന്നുമുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തി. കേരളത്തിലെ നാലു ജില്ലകളിലായി ഹാരിസണിന്റെ 25,000 ഏക്കര്‍ ഭൂമിയെ സംബന്ധിച്ച് സ്പെഷല്‍ ഓഫീസര്‍ സ്ഥലപരിശോധന നടത്തുകയും ഹാരിസണിനെതിരേ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം സര്‍ക്കാര്‍ ഭൂമി എന്ന നിലയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നാലു ജില്ലകളിലായി പരിശോധന നടത്തിയ സ്പെഷ്യല്‍ ഓഫീസര്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന 29,185 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു ഹാരിസണ്‍ പ്രതിനിധികള്‍ക്ക് നോട്ടീസ് കൈമാറി. ഇതോടൊപ്പമായിരുന്നു വിറ്റ ഭൂമികള്‍ തിരിച്ചു പിടിക്കാനുള്ള നടപടികളും ആരംഭിച്ചത്.

2005ലാണ് ഹാരിസണ്‍ മലയാളം ചെറുവള്ളി എസ്‌റ്റേറ്റ് കെ.പി.യോഹന്നാന് വിറ്റത്. കാഞ്ഞിരപ്പള്ളിയിലെ മണിമലയിലും ഏരുമേലിയിരുമായി വ്യാപിച്ചുകിടക്കുന്ന 2200 ഏക്കര്‍ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ വില്‍പ്പന നിയമവിരുദ്ധമാണെന്നുകണ്ട് കോട്ടയം ജില്ലാ കലക്ടര്‍ ചെറുവള്ളി എസ്‌റ്റേറ്റിന്റെ പോക്കുവരവ് റദ്ദാക്കുകയുണ്ടായി. തുടര്‍ന്ന് ഇതിനെ ചോദ്യം ചെയ്ത് കെ.പി.യോഹന്നാനുവേണ്ടി ഗോസ്പല്‍ ഫോര്‍ ഏഷ്യ ഹൈക്കോടതിയെ സമീപിച്ചു. ഭൂമി വില്‍ക്കാനുള്ള അവകാശം ഹാരിസണ്‍ മലയാളം കമ്പനിക്കില്ലെന്നു കാണിച്ച് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. അവകാശം തെളിയിക്കാന്‍ കെ.പി.യോഹന്നാന്‍ ഹാജരാക്കിയ രേഖകള്‍ വസ്തുതാപരമായി ശരിയല്ലെന്നും ഭൂമിയുടെ സ്ഥിരിവിവര കണക്ക് ഇതില്‍ വ്യക്തമല്ലെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

ഹാരിസണ്‍ മലയാളം മറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരേ ഹാരിസണ്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഭൂമി ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടോയെന്നു സര്‍ക്കാര്‍ ആദ്യം തെളിയിക്കണമെന്നു കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറുടെ നിയമനാധികാരം സംബന്ധിച്ച വിശദ വിവരം ഹൈക്കോടതിയെ അറിയിച്ചു. ഈ വിഷയം ഇപ്പോള്‍ കോടതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതുവരെ തല്‍സ്ഥിതി തുടരണമെന്നും പറഞ്ഞിട്ടുണ്ട്. അതേ സമയം ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിച്ച സ്പെഷ്യല്‍ ഓഫീസറുടെ നടപടിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു.

ഹാരിസണ്‍ കോടതി വ്യവഹാരങ്ങളിലൂടെ ഏറ്റെടുക്കല്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കി ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കണമെന്ന് റവന്യൂ വകുപ്പിനു വേണ്ടി സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി നേരത്തേ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു.യാഥാര്‍ഥ്യങ്ങള്‍ ഇതായിരിക്കേ, ഹാരിസണ്‍ കമ്പനിക്കും കെ.പി.യോഹന്നാനും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഇത്തരത്തില്‍ ഹാരിസണ്‍ മലയാളവും മറ്റുചില കമ്പനികളും പാട്ടക്കരാര്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സ്വന്തമാക്കിവച്ചിരിക്കുന്ന വന്‍കിടതോട്ടങ്ങളുടെ ഉടമാവകാശത്തെ ബാധിക്കുന്ന തീരുമാനം കൈക്കൊള്ളുന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്.

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം പണിയാനും വിമാനത്താവളത്തില്‍ കെ.പി.യോഹന്നാന് പങ്കാളിത്തം നല്‍കാനുമുള്ള നീക്കത്തിലൂടെ കെ.പി.യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സര്‍ക്കാര്‍തന്നെ സമ്മതിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഈ തീരുമാനത്തിലൂടെ അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയുടെ ഉടമാവകാശം സര്‍ക്കാരിന് നഷ്ടപ്പെടാനുമിടയാകും. സെന്റ് ഒന്നിന് 5000 രൂപ വീതം കണക്കാക്കിയാലും 25,000 കോടി രൂപയുടെ അഴിമതിയാണ് ഇതിലൂടെ നടക്കുക. എരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിനു പിന്നില്‍ ശബരിമലയിലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട താല്‍പര്യങ്ങളല്ല ഉള്ളതെന്ന് ഇതില്‍നിന്നും വ്യക്തമാണ്. ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുത്തുകയും അതിലൂടെ കോടികളുടെ അഴിമതി നടത്താനുമുള്ള നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയുകതന്നെ വേണമെന്ന് അഭ്യര്‍ഥിക്കുന്നു..