കൊക്കർണി (കൊക്കരണി)’ അഥവാ വാലൻ കിണർ !

65

Ayisha Kuttippuram

*കൊക്കർണി (കൊക്കരണി)’ അഥവാ വാലൻ കിണർ !

കിണറുകൾക്കു സമാനമായ ഒരുതരം ജലസ്രോതസുകളാണ്. കുളത്തെക്കാൾ ചെറുതും എന്നാൽ കിണറുകളേക്കാൾ വലുതുമാണ് ഇവ. കിണറുകളിലെപ്പോലെ ‘കൊക്കർണി’കളിൽ വെള്ളം കോരിയെടുക്കുന്നതിനുള്ള കപ്പിയോ കയറോ ഉണ്ടാവുകയില്ല. പകരം, വെള്ളം എടുക്കുന്നതിനായി അടിത്തട്ടിൽ വരെ ഇറങ്ങിച്ചെല്ലുവാൻ സാധിക്കുന്ന വിധത്തിലുള്ള ചവിട്ടുപടികളാണ് ഇവയ്ക്കുണ്ടാവുക. കടുത്ത വേനൽക്കാലങ്ങളിൽ, പ്രദേശത്തെ മറ്റു ജലസ്രോതസുകൾ വറ്റിവരണ്ടാൽപ്പോലും ‘കൊക്കർണി’കളിൽ ആവശ്യത്തിനു ജലലഭ്യതയുണ്ടാകും.
പൊതുവെ, പ്രദേശത്ത് ലഭ്യമായതിൽ ഏറ്റവും ശുദ്ധമായ ജലസ്രോതസും ഇതു തന്നെയായിരിക്കും. അത്രയ്ക്ക് സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് ‘കൊക്കർണി’കളുടെ സ്ഥാനനിർണ്ണയവും നിർമ്മാണവും നടത്തിയിരുന്നത്. ക്ഷേത്രസംബന്ധമായ പൂജാദികാര്യങ്ങൾക്ക് ഇവയിൽ നിന്നുള്ള ജലമാണ് ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ടു തന്നെ കൂടുതലായും ക്ഷേത്രങ്ങളോടനുബന്ധിച്ചും, സമാനസദൃശമായ മറ്റിടങ്ങളിലുമാണ് ഇവ കണ്ടുവരുന്നത്. വൃത്തരൂപത്തിലും, ചതുരാകൃതിയിലും, ഷ്ടഭുജാകൃതിയിലും ഒക്കെ ‘കൊക്കർണി’കളുടെ നിർമ്മിതി കാണാറുണ്ട്. ഏറെയിടങ്ങളിലും മനുഷ്യർ ഭൂമിയിൽ വരുത്തിയിട്ടുള്ള രൂപവ്യതിയാനങ്ങളിൽ ഇവ മൂടപ്പെട്ടു. അപൂർവ്വം ചിലയിടങ്ങളിൽ ഇപ്പോഴും ‘കൊക്കർണി’കൾ എന്നറിയപ്പെടുന്ന ഇത്തരം ജലസ്രോതസ്സുകൾ ഉപയോഗക്ഷമമായും അല്ലാതെയും അവശേഷിക്കുന്നുണ്ട്.