ഞാനൊരു വികാര ജീവിയല്ല: നടനാണ് !

292

കെ. പി. ഉമ്മർ
••••••••••••••
“ഞാനൊരു വികാര ജീവിയല്ല: നടനാണ്!”

ആർ. ഗോപാലകൃഷ്ണൻ 

“ശാരദേ, ഞാനൊരു വികാര ജീവിയാണ്!” മൂലധനം എന്ന ചിത്രത്തിലെ എന്ന ഡയലോഗ് ഇന്നും മിമിക്രി വേദികളില് മുഴങ്ങി കേള്ക്കാം. ഇത് കെ പി ഉമ്മർ എന്ന നടനെ പുതുതലമുറക്കു മുന്നിൽ വക്രീകരിച്ചു അവതരിപ്പിക്കുന്ന ഒരു ലളിതവൽക്കരണം മാത്രമാണ്. ഉമ്മറിൻ്റെ എത്ര എത്ര കഥാപത്രങ്ങൾ… അഭിനയ മുഹൂർത്തങ്ങൾ… അദ്ദേഹത്തിൻ്റെ 18-ാം ചരമവാർഷിക ദിനം, ഇന്ന്. സ്മരണാഞ്ജലികൾ!

‘സുന്ദര വില്ലൻ’ എന്നൊരു പേരും സിനിമയിൽ ഉമ്മറിനു കിട്ടിയിട്ടുണ്ട്. നാടക നടനായിരുന്ന ഇദ്ദേഹം 1960 – 70-കളിൽ ‘സുന്ദരനായ’ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്കളങ്കനായ കുടുംബക്കാരനായും അഭ്രപാളിയിൽ തിളങ്ങി. വില്ലൻ നടൻമാരിലൊരാളായിരുന്നു കെ.പി.ഉമ്മർ എന്ന് പൊതുവെ പറഞ്ഞാൽ തെറ്റില്ല.

Image result for kp ummerകോഴിക്കോട് ജില്ലയിലെ *തെക്കേപ്പുറം എന്ന നഗര പ്രാന്തത്തിലുള്ള പ്രദേശത്ത് 1929 ഒക്ടോബർ 11-ന് കച്ചിനാംതൊടുക പുരയിൽ ഉമ്മർ എന്ന കെ.പി. ഉമ്മർ ജനിച്ചു. ( *തെക്കേപ്പുറം:- അറബിക്കടലിനു കിഴക്കും കോഴിക്കോടു് നഗരത്തിനു പടിഞ്ഞാറും കല്ലായിപ്പുഴക്കു വടക്കും വെള്ളയിൽ കടപ്പുറത്തിനു തെക്കും സ്ഥിതി ചെയ്യുന്ന ഒരു ജനനിബിഡമായ സ്ഥലം.)

ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ടതിനാല് അമ്മാവന്റെ സംരക്ഷണത്തിലാണ് ഉമ്മര് വളർന്നത്. വളരെ യാദൃച്ഛികമായാണ് ഉമ്മര് അഭിനയരംഗത്തെത്തുന്നത്. ആരാണപരാധി എന്ന നാടകത്തില് ജമീല എന്ന സ്ത്രീയുടെ വേഷം കെട്ടിയാണ് ആദ്യമായി അദ്ദേഹം നാടകത്തിൽ അഭിനയിക്കുന്നത്. പൊതുവെ സ്ത്രീകള് വേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന ആ കാലത്ത് ജമീല എന്ന ആ കഥാപാത്രം ചർച്ചാ വിഷയമായി. അത് അദ്ദേഹത്തെ തറവാട്ടിൽ നിന്നും പുറത്താക്കുന്നതിൽ വരെ എത്തിച്ചു, ഈ നാടകത്തിലെ വേഷം ചെയ്യാൻ ഉമ്മറിനെ നിർബന്ധിച്ച മുന് മന്ത്രി പി പി ഉമ്മര്ക്കോയ ഇടപെട്ടാണ് അദ്ദേഹത്തിന്റെ അമ്മാവനെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത്.

Image result for kp ummerനാടക രംഗത്ത് തുടർന്ന അദ്ദേഹം, കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ് എന്ന നാടകത്തിലെ ഹാജിയാരുടെ വേഷത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കെ ടിയുടെ തന്നെ മനുഷ്യന് കാരാഗൃഹത്തിലാണ്, കറവവറ്റ പശു തുടങ്ങിയ നാടകങ്ങളിലുടെയും ഉമ്മര് നാടകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചു. പ്രസിദ്ധ ഫുട്ബോള് കളിക്കാരന് ഒളിംപ്യന് റഹ് മാന് അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ചെറുപ്പകാലം മുതൽ ഫുട്ബോൾ ഒരാവേശമായി കൊണ്ടു നടന്ന ഉമ്മർ, 1950കളില് കോഴിക്കോട്ടെ ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ സജീവ സാന്നിധ്യമായിരുന്നു.

കെ ടി മുഹമ്മദിന്റെ നാടകങ്ങൾ സമ്മാനിച്ച ഖ്യാതി അദ്ദേഹത്തെ താമസിയാതെ തന്നെ കെ. പി. എ. സി.-യിലെത്തിച്ചു. കെ.പി.എ.സി. നാടക ട്രൂപ്പുകളിൽ ഒരു സജീവ നടനായി അഭിനയ ജീവിതത്തിലേയ്ക്ക് വന്നു; പ്രൊഫഷണൽ നാടകവേദികളും ആസ്വാദകാരും ഉമ്മറിലെ നടനെ തിരിച്ചറിഞ്ഞത് കെ പി എ സിയിൽ അദ്ദേഹമഭിനയിച്ച നാടകങ്ങളിലൂടെയായിരുന്നു. പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, അശ്വമേധം തുടങ്ങി ഒരു പിടി നാടകങ്ങളില് സജീവമായി നില്ക്കുന്നതിനിടെയാണ് 1956 ൽ ഭാസ്‌ക്കരന് മാഷിന്റെ ”രാരിച്ചന് എന്ന പൗരനി’ലൂടെ സിനിമയിലെത്തുന്നത്. ആദ്യകാലങ്ങളിൽ ഉമ്മര് ‘സ്നേഹജാൻ’ എന്ന പേരിലായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. പിന്നീട് സ്വർഗ്ഗരാജ്യം, ഉമ്മ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹം നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കെ പി എ സിയിൽ സജീവമായി തുടരുകയും ചെയ്തു.

Image result for kp ummerഇദ്ദേഹം 1965-ൽ എം.ടിയുടെ ‘മുറപ്പെണ്ണി’ലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വിധം ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. പ്രേം നസീറിന്റെ അനിയന്റെ കഥാപാത്രമാണ് (നെഗറ്റീവ് ടച്ചുള്ള സുന്ദരൻ) ഉമ്മറിന് ലഭിച്ചത്. 1966-ൽ ഇറങ്ങിയ ‘കരുണ’ അദ്ദേഹത്തിന്റെ കരിയർ മാറ്റിമറിച്ചു. കെ. പി. എ. സി.-യിൽ വച്ചേ ഉമ്മറിനെ പരിചയമുണ്ടായിരുന്ന ദേവരാജൻ മാസ്റ്ററാണ് അദ്ദേഹത്തെ കരുണക്കായി നൃത്ത സംവിധായകനായ കെ. തങ്കപ്പന് ((ഇതിന്റെ നിർമ്മാതാവ്) ശുപാർശ ചെയ്തതത്. ‘കരുണ’യിലെ ഉപഗുപ്തൻ ശ്രദ്ധിക്കപ്പെട്ടതോടെ ഉമ്മറിനു കൂടുതൽ വേഷങ്ങൾ ലഭിച്ചു. ‘നഗരമേ നന്ദി’യിലെ വില്ലന്കഥാപാത്രം ഉമ്മറിനു പിന്നീട് തുടർച്ചയായി വില്ലൻ വേഷങ്ങൾ നേടിക്കൊടുത്തു. പ്രേംനസീറിന്റെ സ്ഥിരം പ്രതിനായകനായി ഉമ്മർ അവരോധിക്കപ്പെട്ടു.

1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. ‘ഡിറ്റക്ടീവ് 909 കേരളത്തിൽ’ (1970) എന്നൊരു ചിത്രത്തിൽ നായകനായി എങ്കിലും ചിത്രം വിജയിക്കാതെ പോയത് അദ്ദേഹത്തെ വീണ്ടും വില്ലൻ വേഷങ്ങളിലും ഉപനായക വേഷങ്ങളിലും തിരികെ കൊണ്ടെത്തിച്ചു.

Related imageഐ വി ശശിയുടെ ‘ഉത്സവ’മാണ് വില്ലൻ കഥാപാത്രങ്ങളിൽ നിന്നും ഉമ്മറിനെ പ്രധാന വേഷത്തിലേക്ക് കൊണ്ടു വന്നത്. പിന്നീടദ്ദേഹം ക്യാരക്റ്റർ റോളുകളിലേക്ക് മാറി.

ഭാര്യമാർ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂർ ഡീലക്സ്, സി.ഐ.ഡി നസീർ, അർഹത, ആലിബാബയും 41 കള്ളൻമാരും, ഓർക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാർ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ്. ഏഷ്യാനെറ്റ് ടിവി ചാനലിലെ പേയിംഗ് ഗസ്റ്റ് എന്ന സീരിയലിലും അവസാന കാലത്ത് ഇദ്ദേഹം ഒരു കൈ നോക്കി.

അറുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ തുടക്കം കുറിച്ച കെ പി ഉമ്മർ തൊണ്ണൂറുകളുടെ അവസാനം വരെ സിനിമയിൽ നിലനിന്നു. ഫാസിലിന്റെ ഹരികൃഷ്ണൻസ് ആണ് അവസാന ചിത്രം. സംഗീത നാടക അക്കാദമി അവാര്ഡ്, തിക്കോടിയന് അവാര്ഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടി വന്നു.

72-ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2001 ഒക്ടോബർ 29-ന് ചെന്നൈയിലെ വിജയ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്. മകൻ റഷീദും ചലച്ചിത്രനടനാണ്.
പ്രസിദ്ധ ഫുട്ബോള് കളിക്കാരന് ഒളിംപ്യൻ റഹ്മാൻ, ഉമ്മറിന്റെ അമ്മാവനായിരുന്നു.


ഉമ്മറെ കുറിച്ചു ഹമീദ് സയിദ് എഴുതുന്നു

വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കാൻ കഴിയുന്നതൊരു സിദ്ധിയാണ്. അതിൽ, ഉമ്മുക്ക എന്ന് സിനിമ ലോകം വിളിച്ച കെ.പി.ഉമ്മറിന്റെ വൈഭവം വേറിട്ടതായിരുന്നു. പുസ്തകങ്ങളും രുചിയുള്ള ഭക്ഷണവും ഏറെ ഇഷ്ടമുള്ളയാളായിരുന്നു.

Related imageതമിഴനാട് വൈദ്യുതി വകുപ്പിന്റെ കൽക്കരി കോൺട്രാകറായിരുന്ന എനിക്ക് അറു വർഷം മിക്കവാറും എല്ലാ മാസവും ചെന്നൈ യാത്രയുണ്ടാവും. അവിടെയുണ്ടാകുന്ന ദിവസങ്ങളിലെ വൈകുന്നേരങ്ങൾ അധികവും ഉമ്മുക്കയോടൊത്താവും. എനിക്ക് തികച്ചും അന്യമായിരുന്ന മലയാള സിനിമയിലെ അന്തർനാടകങ്ങൾ സംസാര ചതുരനായ ഉമ്മുക്ക വിവരിക്കുമ്പോൾ സാമാന്യം വാചകമടിക്കാരനായ എനിക്ക് പോലും കേൾവിക്കാരനാകാനേ കഴിഞ്ഞിരുന്നുള്ളു.

പരന്ന വായന ഉമ്മുക്കയ്ക്ക് ആരെയും കേൾവിക്കാരാക്കാനുള്ള കഴിവ് നൽകിയിരുന്നു.
ചെറിയ തമാശ കേട്ടാൽ പോലും ആ വലിയ സുന്ദരമായ ശരീരം കുലുക്കി ഉച്ചത്തിൽ ചിരിക്കുന്നത് മറക്കാനാവില്ല. എത്ര അടുപ്പമുണ്ടെങ്കിലും തന്റെ അഭിപ്രായങ്ങൾ മറയില്ലാതെ പറയുമായിരുന്നു. തിരിച്ച് പറയാനുള്ള സ്വാതന്ത്ര്യം മാനിച്ചിരുന്ന മാന്യനുമായിരുന്നു.
ചെന്നൈ വടപളനിയിലെ ഹോട്ടൽ മുറിയിലോ, അധികം ദൂരെയല്ലാത്ത മഹാലിംഗപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലോ ആകും സൊറ പറയൽ.
എത്രയെത്ര രസകസരങ്ങളായ വൈകുന്നേര കഥകൾ….ഇനിയും എഴുതാം വേണമെങ്കിൽ.

ഞാനദ്ദേഹത്തെ ആദ്യമായ് കാണുന്നത് പ്രശസ്ത പിന്നണി ഗായകനായ എസ്. പി.യുടെ ‘കോദണ്ഡപാണി’ എന്ന സ്റ്റുഡിയോയിൽ ഒരു പടത്തിന്റെ ഡബ്ബിംഗിനിടയിലാണ്.
ചിത്രത്തിന്റെ നിർമ്മാതാവ് എന്റെ സുഹൃത്തായ ഷെരീഫ്. സംവിധായകൻ മറ്റൊരു മിത്രമായ തുളസീദാസ്. ദേവനായിരുന്നു നായകൻ. അദ്ദേഹത്തിന്റെ (ഉമ്മുക്കയുടെ) സുഹൃത്തായഭിനയിച്ച നടന് ഡബ്ബ് ചെയ്യാനാണ് ഞാൻ ചെന്നത്. ആ സൗഹൃദം ദീർഘകാല ബന്ധമായി.

Image result for kp ummerഉമ്മുക്ക സിനിമയിൽ നിന്ന് ഏതാണ്ട് പൂർണ്ണമായ് പുറത്തായ സമയമായിരുന്നു അത്.
ഒരു ദിവസം എന്നെ ഹോട്ടലിലേക്ക് വിളിച്ചിട്ട് പറഞ്ഞു: “രണ്ടു ദിവസം കേരളത്തിലാണ്. ഒരു ചെറിയ വേഷം ചെയ്യുന്നു. കാണാനാവില്ല. വന്നിട്ട് വീട്ടിൽ കാണാം” എന്ന് പറഞ്ഞു. രണ്ട് ദിവസശേഷമുള്ള കൂടിക്കാഴ്ചയിൽ സ്വാഭാവികമായും കേരളത്തിൽ അഭിനയിച്ച പുതിയ പടത്തിലെ സെറ്റിലെ വിശേഷങ്ങളായിരുന്നു.

സീനിയർ താരമെന്ന നിലയിൽ നായക നടൻ വരെ ഉമ്മുക്കയോട് അതീവ ആദരവിലാണ്.
ഉച്ചനേരം ഷൂട്ടിങ് ബ്രേക്ക്. നായകന്റെ പ്രൈവറ്റ് സെക്രട്ടറി ഒരു ചെറിയ പൊതി കൊണ്ട് വന്ന് നായകന് കൊടുക്കുന്നു. കൗതുകത്തോടെ ഉമ്മുക്ക നോക്കുമ്പോൾ നമസ്കാരത്തിനുള്ള പ്രത്യേക പായയായിരുന്നു അത്. നായക നടൻ സെറ്റിന്റെ അരികിൽ നമസ്കരിച്ചു മടങ്ങിയെത്തിയ ഉടൻ ഉമ്മുക്ക പ്രതികരിച്ചത്രേ.”സുഹൃത്തേ, താങ്കളേക്കാൾ വലിയ നായക നടന്മാരായിരുന്ന ദിലീപ്കുമാറും, പ്രേംനസീറും കാണിച്ചിട്ടില്ലാത്ത കോപ്രായമാണിത്! പരസ്യമായ് വേണ്ടിയിരുന്നില്ല!” ഉമ്മുക്കാന്റെ ഭാഷയിൽ പറഞ്ഞാൽ നായകന്റെ മുഖത്ത് സപ്തവർണ്ണം!

വിട പറഞ്ഞ ആ പ്രിയ കലാകാരന് എന്റെ ആദരങ്ങൾ.
………………………

Lucius Miranda

കുമാരൻ ആശാന്റെ കൃതിയെ അവലംബിച്ച്, നൃത്തസംവിധായകനായ കെ. തങ്കപ്പൻ ഗിരിമൂവീസിനുവേണ്ടി നിർമ്മിച്ച ‘കരുണ’ യിലെ ഉപഗുപ്തന്റെ വേഷത്തിൽ നായക കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. ആ പടം ഞാൻ കണ്ടതാണ്. 1966-ൽ ആയിരുന്നു. ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ അഭിനയം.വാസവദത്തക്ക് സന്യാസിയായ ഉപഗുപ്തനോട് തോന്നുന്ന അഭിനിവേശം ചഞ്ചല ചിത്തനാകാതെ അദ്ദേഹം കൈകാര്യം ചെയുന്നത് വളരെ തന്മയത്വത്തോടെയാണ് ഉമ്മർ അവതരിപ്പിച്ചത്. ഗാംഭീര്യമുളവാക്കുന്ന ഇത്തരം നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉമ്മർ പിൽക്കാലത്തു സ്ഥിരം വില്ലനായിപ്പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. മലയാള സിനിമക്ക് പ്രതിഭാധനനായൊരു നായക നടനെയാണ് തന്മൂലം നഷ്ടമായത് എന്നതിൽ സംശയമില്ല.