പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ് ചിത്രയുടെ പേരിലെ കെ. എസ് എന്താണ് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
1963 ജൂലൈ 27-ന് സംഗീതജ്ഞനും ,അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും , ശാന്താകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി ജനിച്ച ചിത്ര പേരിന് ഒപ്പം മാതാപിതാക്കളുടെ പേരും കൂടി ചേർത്ത് “കൃഷ്ണൻ നായർ ശാന്തകുമാരി ചിത്ര ” എന്നറിയപ്പെടാൻ തുടങ്ങി.സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കെ ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു.മലയാളികള്‍ക്ക് വാനമ്പാടിയെന്നാല്‍ മുഖം നിറയെ പുഞ്ചിരിയുള്ള ഈ പാട്ടുകാരിയാണ്. ഈണങ്ങള്‍ കൊണ്ട് കേരളക്കരയാകെ തന്‍റെ ശബ്ദത്തില്‍ കെട്ടിയിട്ട ഗായിക കെ.എസ് ചിത്ര മലയാളം, തമിഴ്,തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി പാടാത്ത ഭാഷകളില്ല. വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ , ചലച്ചിത്രങ്ങൾക്ക് വേണ്ടിയും , ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്.
മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും , വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രക്ക് ലഭിച്ചു.എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക്ക് അവസരം നൽകിയത്. അദ്ദ്ദേഹത്തിന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്‍റെ നഷ്ടം ആയിരുന്നു.
രാധാകൃഷ്ണന്‍റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച “നീ താനേ അന്തക്കുയിൽ” എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. ആറ് തവണ കേന്ദ്ര സർക്കാരിന്‍റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു.
തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും “സംഗീത സരസ്വതി”, ” ചിന്നക്കുയിൽ” , “കന്നഡ കോകില”,”പിയ ബസന്തി “, ” ഇന്ത്യയുടെ കൊച്ചു വാനമ്പാടി”, “കേരളത്തിന്‍റെ വാനമ്പാടി” എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. നാല് തവണ തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മൂന്ന് തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.
കെ എസ് ചിത്രയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ കൃഷ്‍ണ ഡിജിഡിസൈൻ എന്ന റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുണ്ട്. എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം.പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് ലഭിച്ച ഏകമകൾ നന്ദന, 2011 ഏപ്രിൽ 14-ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണു മരിച്ചു.