സാധാരണ ഇരയെ വിഴുങ്ങാറുള്ള പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇരയായ തവളകളെ ക്രൂരമായി ഭക്ഷണമാക്കുന്ന കുക്രി പാമ്പുകളുടെ രീതി എങ്ങനെയാണ് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉തവളയെ പിടിച്ചാലുടൻ അവയെ വിഴുങ്ങുന്ന ജീവികളാണ് പാമ്പുകൾ. പാമ്പിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന തവളകളെയും അപൂര്‍വമായി കാണാം.എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് തായ്‌ലൻഡിലെ ഒരു വിഭാഗം പാമ്പുകൾ തവളകളെ ഭക്ഷിക്കുന്നത്. ഏഷ്യന്‍ കുക്രി എന്ന പേരിലറിയപ്പെടുന്ന ഈ പാമ്പുകളുടെ ഭക്ഷണ ശീലം ലോകത്തെ മറ്റെല്ലാ പാമ്പുകളില്‍ നിന്നും വിഭിന്നമാണ്. ഇരയായ തവളകളെ ജീവനോടെ തന്നെ തുരന്നു ആന്തരികാവയവങ്ങള്‍ ഭക്ഷിക്കുകയാണ് ഇവ ചെയ്യുക.
മേല്‍ത്താടിയിലെ കത്തി പോലുള്ള പല്ലുകളാണ് ഈ പാമ്പുകളെ വ്യത്യസ്ത ഭക്ഷണ രീതിക്ക് പ്രാപ്തമാക്കുന്നത്. തവളകളെ നോട്ടമിട്ട് കഴിഞ്ഞാല്‍ അവയെ പിടികൂടി വയറിന്‍റെ കീഴ്ഭാഗത്തായി ഈ പാമ്പുകള്‍ തുരക്കാന്‍ തുടങ്ങും. തുരന്ന ശേഷം ആന്തരിക അവയവങ്ങള്‍ ഓരോന്നായി ഭക്ഷിക്കാന്‍ തുടങ്ങും. ഈ സമയമെല്ലാം ഇരയാക്കപ്പെടുന്ന തവളകള്‍ക്ക് ജീവനുണ്ടാകും എന്നാണ് ഏറ്റവും ദയനീയമായ കാര്യം. ഈ പാമ്പുകള്‍ മനുഷ്യര്‍ക്ക് ഒരു തരത്തിലും ഉപദ്രവം ഏല്‍പ്പിക്കുന്നവയല്ല.ഹെന്‍റിക് ബ്രിന്‍സോ എന്ന ഗവേഷകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പാമ്പുകളുടെ വേട്ടയാടല്‍ രീതി ഇത്രയധികം വിശദമായി നിരീക്ഷിച്ചത്. ലോകത്ത് മറ്റൊരു പാമ്പും ഇരയെ ഇത്ര ക്രൂരമായി ഭക്ഷണമാക്കാറില്ല.
ഇരയുടെ വയറിനകത്ത് പൂര്‍ണ്ണമായും തല അകപ്പെട്ട രീതിയിലാണ് ഭക്ഷണ സമയത്ത് ഈ പാമ്പുകളെ കാണാനാകുക. ചില സന്ദര്‍ഭങ്ങളില്‍ മണിക്കൂറുകളോളം ഈ ഭക്ഷണപ്രക്രിയ നീണ്ടു പോകും. എന്ത് കൊണ്ടാണ് ഇരയെ ഇവ തുരന്ന് തിന്നാന്‍ കാരണമെന്ന് ഗവേഷകര്‍ പഠനങ്ങൾ നടത്തി കണ്ടെത്തിയിട്ടുണ്ട്. ഒന്നാമതായി ഡുറ്റാഫ്രിനസ് മെലാനോസ്റ്റികസ് എന്നയിനത്തില്‍ പെട്ട തവളകളെയാണ് ഈ പാമ്പുകള്‍ തുരന്നു തിന്നാറുള്ളത്. അതീവ വിഷമുള്ള ഇനത്തില്‍ പെട്ടവയാണ് ഈ തവളകള്‍. തൊലിപ്പുറമെ വിഷമുള്ള ഈ തവളകളെ തിന്നുന്നത് പാമ്പിന് അപകടകരമായി തീരും. അതുകൊണ്ടാണ് വരിഞ്ഞുമുറുക്കിയ ശേഷം വിഷമില്ലാത്ത ഭാഗമായ അടിവയറ്റില്‍ കുക്രി പാമ്പുകള്‍ തുരക്കുന്നതും ഇതുവഴി ഉള്ളിലെത്തി ആന്തരികാവയവങ്ങള്‍ ഭക്ഷിക്കുന്നതും.
ഈ പോരാട്ടത്തില്‍ തവളകള്‍ വെറുതെ അങ്ങ് കീഴടങ്ങില്ല.
3 ഇഞ്ച് വരെ വലുപ്പമുള്ള ഈ തവളകള്‍ പാമ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വിഷം ചീറ്റുന്നതുള്‍പ്പടെയുള്ള പല മാര്‍ഗങ്ങളും അവലംബിക്കാറുണ്ട്. ചിലപ്പോഴെല്ലാം ഇത് വിജയിക്കുകയും ചെയ്യും. എങ്കിലും പലപ്പോഴും കനത്ത പോരാട്ടത്തിനിടിയില്‍ തവള കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ പാമ്പിന്‍റെ ചുറ്റിവരിയല്‍ മൂലം ശ്വാസം മുട്ടി അനങ്ങാന്‍ കഴിയാതാവുകയോ ആണു ചെയ്യുക.ഇരകളും , പാമ്പുകളും തമ്മില്‍ പോരാട്ടം നടന്ന സ്ഥലം രക്തം കൊണ്ട് നിറഞ്ഞ് കോഴിപ്പോരിന്‍റെ കളം പോലെയാണ് കാണപ്പെടുക.ഈ പാമ്പുകൾക്ക് കുക്രി പാമ്പുകൾ എന്ന് പേര് വരാൻ കാരണം മൂര്‍ച്ചയേറിയ വാള്‍ പോലുള്ള പല്ലുകളാണ് . കേരളത്തില്‍ പോലും പ്രശസ്തമായ നേപ്പാളി ഗൂര്‍ഖകളുടെ പരമ്പരാഗത ആയുധമായ കത്തിക്ക് പറയുന്ന പ്രാദേശിക പേരാണ് കുക്രി.
ഈ കത്തി പോലെ മൂര്‍ച്ചയുള്ള പല്ലുള്ളതിനാലാണ് ഈ പാമ്പുകള്‍ക്ക് സമാനമായ പേര് ലഭിച്ചതും. മനുഷ്യരെ ഇവ ഉപദ്രവിക്കില്ലെങ്കിലും അബന്ധത്തില്‍ കടിയേറ്റാല്‍ ആഴത്തില്‍ മുറിവേല്‍ക്കാനും , ചോര വാര്‍ന്ന് പോകാനും സാധ്യതയുണ്ട്. കഴിക്കുന്ന സമയത്ത് രക്തം കട്ട പിടിയ്ക്കാതിരി ക്കാനുള്ള സ്രവം ഇവയുടെ പല്ലില്‍ നിന്ന് രക്തത്തിലെത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.