ഒരുകാലത്ത് ചാക്കോച്ചൻ ഉണ്ടാക്കിയ തരംഗം പിന്നീട് വന്ന വേറെ ഒരു നടനും ഉണ്ടാക്കിയിട്ടില്ല

415

Prasanth O P

ഒരു നടനെന്ന നിലയിൽ സ്വപ്നതുല്യമായ തുടക്കം.. 1997-ൽ നായകനായ ആദ്യ സിനിമ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ്‌, ആ ഒരു സിനിമയിലൂടെ തന്നെ ഒരുപാട് യുവതി യുവാക്കളുടെ മനസ്സിൽ സ്ഥാനം നേടുക.. കൂടുതലും യുവതികൾക്കിടയിൽ.. തുടർന്ന് വന്ന നക്ഷത്രതാരാട്ടു, മയില്പീലിക്കാവ് എന്നീ സിനിമകളും അനിയത്തിപ്രാവ് ലെവലിൽ വന്നില്ലെങ്കിലും ഹിറ്റ്‌ ആവുന്നു.. പിന്നീട് മലയാളത്തിലെ രണ്ടു വലിയ സൂപ്പർതാരങ്ങളുടെ കൂടെ ഒരുമിച്ചു അഭിനയിക്കാൻ ഹരികൃഷ്ണൻസിലൂടെ സാധിക്കുന്നു… വേറെ ഒരു തുടക്കക്കാര നടനും ഇത്ര ഭാഗ്യം ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം..
1999-ൽ “നിറം” എന്ന സിനിമ ഇറങ്ങി ക്യാംപസുകളിൽ തരംഗമായി.. സോഷ്യൽ മീഡിയാസും മറ്റും ഇല്ലാതിരുന്ന കാലത്ത് ഈ സിനിമകളിലൂടെ ചാക്കോച്ചൻ ഉണ്ടാക്കിയ തരംഗം പിന്നീട് വന്ന വേറെ ഒരു നടനും ഉണ്ടാക്കിയിട്ടില്ല എന്ന് തന്നെ പറയാം..

ബോളിവുഡ് മാഗസിൻ “ഫിലിം ഫെയ്‌റിന്റെ ” 1999 ഓഗസ്റ്റ് എഡിഷന്റെ കവർ ഫോട്ടോയിൽ വരെ ചാക്കോച്ചന്റെ കവർ ഫോട്ടോ വരികയുണ്ടായി..

പ്രിയം, സത്യം ശിവം സുന്ദരം, ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട്, കല്യാണരാമൻ തുടങ്ങിയവയാണ് കരിയറിന്റെ ആദ്യ ഘട്ടത്തിൽ ചാക്കോച്ചനെ തേടിയെത്തിയ വിജയങ്ങൾ.
കൂടുതലായും റൊമാന്റിക് വേഷങ്ങൾ ചെയ്ത ആ കാലത്ത് കുറച്ചെങ്കിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്തത് നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, കല്യാണരാമൻ,ഈ സ്നേഹതീരത്ത്, ജലോത്സവം തുടങ്ങിയവയിലാണ്.. പടം വിജയമായില്ലെങ്കിലും പുത്തൂരം പുത്രി ഉണ്ണിയാർച്ചയിലൂടെ ഒരു ചരിത്ര വേഷവും ചെയ്യാനായി..
ഈ സ്നേഹതീരത്ത് എന്ന സിനിമയിലെ പ്രകടനത്തിന് കേരള സ്റ്റേറ്റ് അവാർഡ്‌സിൽ സ്പെഷ്യൽ ജൂറി അവാർഡ് വാങ്ങാനും ചാക്കോച്ചന് സാധിച്ചു.. ആ വർഷത്തെ മികച്ച നടൻ മമ്മൂക്ക ആയിരുന്നു എന്നും ഓർക്കണം..അധികം പേരും ഇപ്പോഴും ഈ സ്നേഹതീരത്ത് എന്ന സിനിമ കണ്ടിട്ടുണ്ടാവില്ല.. ചാക്കോച്ചന്റെ ഒരു കിടിലൻ പ്രകടനമായിരുന്നു ഇതിൽ..
2006 മുതൽ സിനിമയിലെ ഒരു ഗ്യാപ്പിനു ശേഷം 2009 ൽ ഗുലുമാൽ(അതിനു മുൻപ് ലോലിപോപ്, ട്വന്റി 20 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ) എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചൻ മടങ്ങി വന്നത്.. തുടർന്ന് ഒരുപിടി ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാവാൻ ചാക്കോച്ചന് സാധിച്ചു.. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചൻആദ്യമായി ഒരു മേക്കോവർ നടത്തിയത് എന്ന് പറയാം .

തുടർന്ന് എന്റെർറ്റൈനെർസ്, എക്സ്പെരിമെന്റൽ, തുടങ്ങി കുറെയേറെ ചിത്രങ്ങളിൽ ചാക്കോച്ചൻ ഭാഗമായി .. നടൻ എന്ന നിലയിൽ ചാക്കോച്ചനെ മലയാള സിനിമ വീണ്ടും വിധം ഉപയോഗപെടുത്തിയതും രണ്ടാം വരവിലാണ്. പ്രണയനായകൻ ഇമേജിൽ നിന്ന് പുറത്ത് കടന്ന്, വ്യത്യസ്തമായ കഥാപാത്രങ്ങളുമായി അദ്ദേഹം സജീവമായതും ഈ ഘട്ടത്തിൽ തന്നെ.സ്പാനിഷ് മസാല, ഗോഡ് ഫോർ സെയിൽ, ട്രാഫിക്, സീനിയർസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രതിനായക സ്വഭാവമുള്ള വേഷങ്ങളും ചാക്കോച്ചൻ ഗംഭീരമാക്കി. ചിറകൊടിഞ്ഞ കിനാവുകൾ പോലെയുള്ള സ്പൂഫ് പടങ്ങളുടെ ഭാഗമാവാനും സാധിച്ചു. കൊന്തയും പൂണുലും, ട്രാഫിക്, ഗോഡ് ഫോർ സെയിൽ, സീനിയർസ്, ലോർഡ് ലിവിങ്സ്റ്റൺ, മധുരനാരങ്ങ, ഹൌ ഓൾഡ്‌ ആർ യു, വലിയ ചിറകുള്ള പക്ഷികൾ, വിശുദ്ധൻ, വേട്ട, വർണ്യത്തിൽ ആശങ്ക, ടേക്ക് ഓഫ്, രാമന്റെ ഏദന്തോട്ടം, അള്ളു രാമേന്ദ്രൻ, വൈറസ് തുടങ്ങിയവ നടൻ എന്ന നിലയിൽ ചാക്കോച്ചന്റെ മികച്ച പ്രകടനം അടയാളപെടുത്തിയ ചിത്രങ്ങളാണ്. വലിയ ചിറകുള്ള പക്ഷികളിലെ അഭിനയത്തിന് “ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ക്വീൻസ്ലാൻഡ് “ഇൽ മികച്ച നടനുള്ള അവാർഡും ലഭിച്ചു. ടേക്ക് ഓഫിലെ ഷഹീദും, രാമന്റെ ഏദന്തോട്ടത്തിലെ റാം മേനോനും, വൈറസിലെ ഡോക്ടർ സുരേഷ് രാജനും അത്രമേൽ സ്വാഭാവികമായത് ചാക്കോച്ചന്റെ പ്രതിഭ കൊണ്ട് കൂടിയാണ്. രണ്ടാം വരവിൽ കൊച്ചവ്വ പൗലോയിലൂടെ ചാക്കോച്ചൻ നിർമാതാവുമായി. ഇപ്പോൾ ചാക്കോച്ചന്റേതായി പുരോഗമിക്കുന്നതും പ്രഖ്യാപിക്കപ്പെട്ടതുമായ ചിത്രങ്ങളും വലിയ പ്രതീക്ഷ സമ്മാനിക്കുന്നവയാണ്.

ചാക്കോച്ചൻ ഒരു വിധം പ്രമുഖ സംവിധായകരുടെ കൂടെയും നടന്മാരുടെ കൂടെയും അഭിനയിച്ചു.. ഒരു ഫുൾ ആക്ഷൻ /മാസ്സ് മൂവി ഒഴികെ ഒരു വിധം റോളുകളും ചെയ്തു….

1997 മുതൽ 2019വരെ 21 ലേറെ വർഷങ്ങൾ 88ൽ പരം സിനിമകൾ.. ഇപ്പോഴും അതെ എനെർജിയോടെ ഫുൾ ആക്റ്റീവ് ആയി സിനിമ മേഖലയിൽ സജീവമായി തന്നെ നിൽക്കുന്ന ചാക്കോച്ചന് പിറന്നാൾ ആശംസകൾ