ഓർമ്മകളിൽ കുതിരവട്ടം പപ്പു
പദ്മനാഭൻ തിക്കോടി
കോഴിക്കോടിനേയും താമരശ്ശേരിയേയും വിശ്വപ്രസിദ്ധമാക്കിയ,കോഴിക്കോടന്‍ സ്ലാങ്ങിലുള്ള സംഭാഷണരീതിയും പ്രത്യേക ശാരീരികഭാഷയും കൊണ്ട് മലയാളികളായ പ്രേക്ഷകഹൃദയങ്ങളെ ഇദ്ദേഹം കീഴടക്കി. ചിരിയുടെതായ ലോകത്തില്‍ ഇമ്മിണി ബെല്ല്യ ചിരിയുടെ ഉടമയായിരുന്നു പപ്പു എന്ന പദ്മദളാക്ഷന്‍.. . നീട്ടിയും കുറുക്കിയുമുള്ള സ്വതസിദ്ധമായ ശൈലിയിലുള്ള ചേഷ്ടകളും സംഭാഷണങ്ങളും പ്രേക്ഷക മനസ്സില്‍ ഇന്നും സജീവം.
കുട്ടിക്കാലം മുതലേ അഭിനയത്തില്‍ താല്പര്യം പ്രകടിപ്പിച്ച പത്മദളാക്ഷന്റെ ആദ്യത്തെ മികച്ച നാടക പ്രകടനം പതിനേഴാം വയസ്സിലായിരുന്നു. കുഞ്ഞാണ്ടി, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ.ടി. മുഹമ്മദ് എന്നിവരുടെ ടീമില്‍ സജീവമായിരുന്ന പപ്പു നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കൂടുതലും അമേച്വര്‍ നാടകങ്ങള്‍. കുപ്പയില്‍നിന്നു സിനിമയിലേക്ക് എന്ന നാടകത്തിലെ പപ്പുവിന്‍റെ അഭിനയം ശ്രദ്ധയില്‍ പെട്ട സംവിധായകനായ രാമു കാര്യാട്ടാണ് ഇദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത്. അരങ്ങേറ്റം 1963 ൽ പുറത്തിറങ്ങിയ മൂടുപടം എന്നചിത്രത്തിലൂടെ. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയ (സംവിധാനം എ.വിന്‍സെന്റ്) ത്തിലൂടെയാണ് കുതിരവട്ടം പപ്പു ശ്രദ്ധിക്കപ്പെടുന്നത്.
[ ഇതിലെ കഥാപാത്രത്തിന്റെ പേരായ പപ്പുവിനെയാണ് പത്മദളാക്ഷന്‍ എന്ന ഈ കോഴിക്കോട്ടുകാരന്‍ പിന്നീട് കൂടെ കൂട്ടിയത്. പേരിട്ടത് സാക്ഷാല്‍ ബഷീര്‍ ]
മൂന്ന് പതിറ്റാണ്ടിലേറെ മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ഹാസ്യനടനത്തിന്‍റെ പപ്പു സ്‌റൈല്‍ ഇന്നുംവേറിട്ടു നില്ക്കുന്നു.കോഴിക്കോടൻ തനത്‌ഭാഷാ ശൈലിയിലൂടെ ചിരിയുടെ പുതിയ തലങ്ങൾ മലയാളി പ്രേക്ഷകർക്ക് നൽകിയ പപ്പുവിന്റെ ടാസ്കി വിളിയെടാ, മ്മടെ താമരശ്ശേരി ചുരം, ഇപ്പൊ ശരിയാക്കിത്തരാം, ആ സ്പാനറിങ്ങെടുക്ക് തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഡയലോഗുകൾ മിമിക്രി വേദികളിൽ ഇന്നും മുഴങ്ങുന്നുണ്ട്. ഹാസ്യതാരമായ് സിനിമയില്‍ നിറഞ്ഞു നില്ക്കുമ്പോഴും നാടകവേദി സമ്മാനിച്ച അഭിനയ തികവ് പുറത്തെടുക്കാന്‍ ചില മികച്ച ക്യാരക്ടര്‍ വേഷങ്ങള്‍ പപ്പുവിനെ തേടിവന്നു.
ആള്‍ക്കൂട്ടത്തില്‍ തനിയെ, അങ്ങാടി, കാണാക്കിനാവ്, ഏതോ ഒരു തീരം, ഗര്‍ഷോം, ദി കിങ്ങ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എടുത്തുപറയേണ്ടവയാണ്.
“ശബാബ് ലേക്കെ..” എന്നു തുടങ്ങുന്ന മുഹമ്മദ് റാഫിയുടെ ഒരു പാട്ടിനൊപ്പം ചുണ്ടു ചലിപ്പിച്ചഭിനയിക്കാനും പപ്പുവിന് ഭാഗ്യമുണ്ടായിട്ടുണ്ട്,1980 ൽ പുറത്തിറങ്ങിയ തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിൽ.
കോമഡിയും ട്രാജഡിയും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത പപ്പു ഒരിയ്ക്കൽ പറയുകയുണ്ടായി:
നാടകം തന്ന സന്തോഷവും സംതൃപ്തിയും സിനിമയിൽനിന്ന് കിട്ടിയോ എന്നു ചോദിച്ചാൽ സംശയമാണ്. എങ്കിലും സിനിമ കനിഞ്ഞുനൽകിയ ചില സൗഭാഗ്യങ്ങൾ മറക്കാനാവില്ല.
ഒരുകാലത്ത് കോഴിക്കോട്ടെ നാടകവേദികളിൽ നിറസാന്നിദ്ധ്യമായിരുന്ന പപ്പു ജനിച്ചത് കോഴിക്കോട് ഫറോക്കിലാണ്,1936 ഡിസംബർ 24 ന്, പനങ്ങാട് രാഘവൻ- ദേവി ദമ്പതികളുടെ ആദ്യ മകനായി. നാലു പതിറ്റാണ്ടിലേറെ അഭിനയലോകത്ത് നിറഞ്ഞുനിന്ന ഈ കലാകാരൻ 2000 ഫെബ്രുവരി 25 ന് ഓർമ്മയായി. ആയിരത്തിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ നിറഞ്ഞു നിന്ന കുതിരവട്ടം പപ്പുവിനും ഹാസ്യനടന്‍മാര്‍ എക്കാലവും അനുഭവിച്ച അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കഴിവിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ബലത്തില്‍ പപ്പു അതൊക്കെ അതിജീവിച്ചു.