കുതിരവട്ടം പപ്പു ഓര്‍മ്മയായിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം

213

കുതിരവട്ടം പപ്പു

“താനാരാണെന്ന് തനിക്കറിയില്ലെങ്കില് താനെന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന് പറഞ്ഞുതരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന് എന്നോട് ചോദിക്ക് എന്നിട്ട് തനിക്ക് ഞാന് പറഞ്ഞു തരാം താന് ആരാണെന്നും ഞാനാരാണെന്നും” .

കുതിരവട്ടം പപ്പു ഓര്മ്മയായിട്ട് ഇന്നേക്ക് ഇരുപത് വര്ഷം
പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും ആദ്യത്തെ മകനായി 1937 ഡിസംബര് 24ന് കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ജനനം. യഥാർത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷൻ എന്നായിരുന്നു. കോഴിക്കോട് സെന്റ് ആന്റണീസ്സിൽ ബാല്യകാലവിദ്യാഭാസം.കുട്ടിക്കാലത്തായാരിന്നു കുടുംബം കുതിരവട്ടത്തേയ്ക്ക് താമസം മാറുന്നത്.
പത്മദളാക്ഷന് കഷ്ടപ്പാടിന്റേതും അലച്ചിലിന്റേതുമായിരുന്നു ചെറുപ്പകാലം. കോഴിക്കോട് സെന്റ് ആന്റണീസില് പഠിക്കുന്നകാലം. സമപ്രായക്കാരായ കുറെ ചങ്ങാതിമാരോടൊപ്പം പപ്പുവും നാടകക്കളരിയിലെത്തി. പട്ടിണിയും പരിവട്ടവുമായി നടക്കുന്ന കൗമാര കാലത്ത് കോഴിക്കോട്ടെ ദേശഭാഷിണി വായനശാലാ ക്ലബ്ബിലെ ഒരു സ്ഥിരം സന്ദർശകൻ ആയിരുന്നു പപ്പു. ആ നാട്ടിലെയും മറ്റ് പ്രദേശത്തെയും നാടക ട്രൂപ്പുകൾക്ക് നടകത്തിനാവശ്യമായ കർട്ടണുകൾ,മറ്റ് അലങ്കരവസ്തുക്കൽ ഒക്കെ വാടകക്ക് കൊടുക്കുന്ന നാട്ടിലെ ഒരു പ്രധാന സാംസകാരിക കേന്ദ്രം കൂടിയായിരുന്നു ദേശഭോഷിണി.
അവിടുത്തെ അംഗങ്ങളുമായുള്ള അടുപ്പം വാടകസാധനങ്ങളോടൊപ്പം ഒരു കർട്ടൻ വലിക്കാരനായി പപ്പുവിനെയും അവർ ഒപ്പം കൂട്ടി. ആ യാത്ര പപ്പുവിനെ കോഴിക്കോട്ടുള്ള വലിയ നാടക ക്യാമ്പുകളിൽ എത്തിച്ചു. അവിടുത്തെ നാടകക്യാമ്പുകളില് ചായയും ബീഡിയും മറ്റുമൊക്കെ മേടിച്ചു കൊടുക്കാനും, സ്റ്റേജിലെയും മറ്റും അല്ലറ ചില്ലറ ജോലികൾക്കുമൊക്കെയായി, അവരോടൊപ്പം അവിടെ കൂടി.
സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്ക് നിർത്താതെയുള്ള പപ്പുവിന്റെ ആ യാത്ര തന്റെയും കുടുംബത്തിന്റെയും അര വയറിന്റെ വിശപ്പു മാറുന്നതിനൊപ്പം പപ്പുവിന്റെയുള്ളിൽ അഭിനയത്തിന്റെ പുതിയ മര്മ്മങ്ങളും തെളിഞ്ഞു കിട്ടുകയായിരുന്നു..ഒരിക്കൽ ഒരു ആർട്ടിസ്റ്റിന്റെ അഭാവത്തിൽ പകരക്കാരനായി അണിയറയിൽ നിന്നും അരങ്ങിലേക്ക് കയറാനുള്ള ഒരവസരം പപ്പുപിന് കിട്ടി.കുപ്പയിലൂടെ എന്ന ആ നാടകത്തിലൂടെയായിരുന്നു പപ്പു എന്ന പദ്മദലാക്ഷന്റെ സ്റ്റേജിലെ അരങ്ങേറ്റം.ഒട്ടേറെത്തവണ അവതരിപ്പിച്ച കുപ്പയിലൂടെ എന്ന നാടകമാണ് പപ്പുവിന്റെ അഭിനയ സിദ്ധിയും. തയ്യാറെടുപ്പൊന്നുമില്ലാതെ തത്സമയം തമാശ അഭിനയിക്കാനുള്ള കഴിവും സഹൃദയര്ക്കു മുന്നില് തെളിയിച്ചത്.

അക്കാലത്ത് പപ്പു, ഉമ്മര്, വാസുപ്രദീപ്, ബാലന് കെ നായര് , കുഞ്ഞാണ്ടി കുഞ്ഞാവ, നെല്ലിക്കോട് ഭാസ്കരന് തുടങ്ങിയര് ചേര്ന്ന് പൊറാട്ട് നാടകങ്ങളും തത്സമയ നാടകങ്ങളും അവതരിപ്പിച്ച് കാണികളെ ചിരിപ്പിച്ചു പോന്നു. പരകായ പ്രവേശം, ചേട്ടത്തി, പടച്ചിപ്പാത്തു, ഊമപ്പെണ്ണ്, അശ്വമേഥം തുടങ്ങീ ആയിരത്തോളം ഹാസ്യ അമേച്വര് നാടകങ്ങളിലും രണ്ട് പ്രൊഷണല് നാടകങ്ങളിലും അദ്ദേഹം വേഷമിട്ടു. സമസ്യ, മനസ് എന്നിവയായിരുന്നു പ്രൊഫഷണല് നാടകങ്ങള്. സമസ്യയിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിച്ചു. ‘മുടിയനായ പുത്രന് ‘ എന്ന നാടകത്തില് നിന്ന് പപ്പുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് ക്ഷണിക്കുന്നത്.എസ് കെ പൊറ്റെക്കാട്ടിന്റെ കഥയെ ആസ്പദമാക്കി കെ ടി മുഹമ്മദ് തിരക്കഥയെഴുതി രാമു കാര്യാട്ടിന്റെ സംവിധാനത്തില് ഒരുങ്ങിയ മൂടുപടത്തില് അന്ന് ഒരുപാട് കോഴിക്കോട്ടുകാര്ക്ക് സഹകരിക്കാനുള്ള അവസരം തരപ്പെട്ടിരുന്നു. കൂട്ടത്തില് പത്മദളാക്ഷനും കിട്ടി ഒരു ചെറിയ റോള്.

അതിനുശേഷം അദ്ദേഹത്തിന് കാര്യമായൊരു റോള് കിട്ടുന്നത് ‘ഭാര്ഗവീ നിലയം’ എന്ന ചിത്രത്തിലേക്കാണ്. ചെറുതാണെങ്കിലും രസകരമായ ഒരു കഥാപാത്രം. ബഷീറിന്റെ നീലവെളിച്ചമെന്ന കഥയെ ആസ്പദമാക്കി എ വിന്സന്റ് സംവിധാനം ചെയ്ത ആ ചിത്രത്തില് കഥാപാത്രത്തിന്റെ പേരും ബഷീര് തന്നെ നിശ്ചയിച്ചു- പപ്പു. സിനിമ ജനപ്രിയമായി. ആ കഥാപാത്രത്തെയും ആളുകള്ക്കിഷ്ടമായി. എന്തായാലും ആ പേര് പത്മദളാക്ഷന് നന്നായി ബോധിച്ചു പത്മദളാക്ഷന് ഉറപ്പിച്ചു. ഇനി സിനിമാരംഗത്ത് തന്റെ പേരതു തന്നെ, ‘കുതിരവട്ടം പപ്പു..’1872ല് സ്ഥാപിക്കപ്പെട്ട കുതിരവട്ടം മാനസിക രോഗാശുപത്രി പപ്പുവിന്റെ പേരിലൂടെയാണ് പ്രശസ്തമായത്.
സാധാരണക്കാരില് സാധാരണക്കാരുടെ ജീവിതം നര്മ്മത്തില് പൊതിഞ്ഞ് ഇത്രമേല് മലയാള സിനിമയ്ക്കു സമ്മാനിച്ച മറ്റൊരു നടനുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഏയ് ഓട്ടോയിലെ ഓട്ടോ ഡ്രൈവര്, വെള്ളാനകളുടെ നാടിലെ റോളര് ഡ്രൈവര്, മണിച്ചിത്രത്താഴിലെ കാട്ടുപറമ്പന്, തേന്മാവിന് കൊമ്പത്തിലെ അമ്മാവന്, മിഥുനത്തിലെ പലിശപീതാംബരന്, ചന്ദ്രലേഖയിലെ കണക്കപ്പിള്ള, ടി.പി.ബാലഗോപാലന് എം എ യിലെ അളിയന്, ധിം തരികിട തോമിലെ ബാലയിലെ നടന്, ആര്യനിലെ തെരുവുകച്ചവടക്കാരന്, തുടങ്ങീ സാധാരണക്കാരുടെ ജീവിതാനുഭവങ്ങളും പ്രാരാബ്ദങ്ങളും കുശുമ്പും പരദൂഷണവും ബഡായിയും വിളിച്ചോതുന്ന ഒട്ടനവധി കഥാപാത്രങ്ങള് പപ്പുവിനെ മലയാളസിനിമയില് അനിഷേഥ്യനാക്കി.
വൈക്കം മുഹമ്മദ് ബഷീര് തിരക്കഥയെഴുതിയ ഭാര്ഗവി നിലയമാണ് ആദ്യ ചിത്രം. ഭാര്ഗവി നിലയത്തില് പത്മദലാക്ഷന് അഭിനയിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. ബഷീറിന്റെ തൂലികയില് വിരിഞ്ഞ കുതിരവട്ടം പപ്പുവെന്ന കഥാപാത്രത്തെ അങ്ങനെ മനസാസ്വീകരിക്കുകയും നന്നായി അവതരിപ്പിക്കുകയും ചെയ്തതോടെ പത്മദലാക്ഷന് കുതിരവട്ടം പപ്പുവെന്നപേരില് അറിയപെട്ടു തുടങ്ങി.
അഭിനയം പോലെ തന്നെ സംഭാഷണത്തിനിടെ പപ്പു ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളും പപ്പുവിനെ മലയാളി സിനിമാപ്രേക്ഷകര്ക്കിടെ സുപരിചിതനാക്കി. തേന്മാവിന് കൊമ്പത്തിലെ “ടാസ്‌കി വിളിയെടോ ടാസ്‌കി”, വെള്ളാനകളുടെ നാടിലെ “മെയ്തീനെ ആ ചെറ്യേ സ്‌ക്രൂ ഡ്രേവറിങ്ങെടുക്ക്,” “ദേ ഇപ്പോ ശര്യാക്കിത്തരാം”, മണിചിത്രത്താഴിലെ”വാര്യംപള്ളിയിലെ മീനാക്ഷിയല്ലിയോ” “ഇപ്പൊ എന്നെ കാണുമ്പോള് കുഴപ്പം വല്ലതുമുണ്ടോ”, “ഇനി എനിക്ക് കുളിക്കാല്ലോ” എന്താ മോളേ സ്‌കൂട്ടറില്..’, മിന്നാരത്തിലെ ‘തുറക്കൂല്ലടാ പട്ടീ..’, തുടങ്ങിയ പ്രയോഗങ്ങള് പിന്നീട് ആളുകള് നിത്യജീവിതത്തില് പോലും ഉപയോഗിച്ചുതുടങ്ങി.
അമ്മയെ കാണാന്, പണിമുടക്ക്, കുട്ട്യേടത്തി, നഖക്ഷതങ്ങള്, വെള്ളാനകളുടെ നാട്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, തേന്മാവിന് കൊമ്പത്ത്, അഹിംസ, മണിചിത്രത്താഴ്, മിന്നാരം, ഏകലവ്യന് തുടങ്ങി ആയിരത്തി ഇരുനൂറോളം ചിത്രങ്ങളില് പപ്പു വേഷമിട്ടു.
തമാശനിറഞ്ഞ കഥാപാത്രങ്ങള്ക്കൊപ്പം ഒട്ടനവധി അഭിനയസാധ്യത നിറഞ്ഞ കഥാപാത്രങ്ങളിലും കുതിരവട്ടം പപ്പു ശോഭിച്ചു. അച്ഛനായും അമ്മാവനായും അളിയനായും ഒട്ടേറെ വേഷങ്ങള് അദ്ദേഹം കൈകാര്യം ചെയ്തു.പപ്പുവിലെ സ്വഭാവനടനെ തിരിച്ചറിയാന് അധികം കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്ക്ക് ആവശ്യമില്ല. ആള്ക്കൂട്ടത്തില് തനിയെയിലെ പപ്പുവിന്റെ അഭിനയത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി തോന്നുന്നത്. ആള്ക്കാരെ ‘മരിപ്പിക്കാന് ‘ നടക്കുന്ന നാട്ടിന് പുറത്തുകാരനായ കഥാപാത്രം. മരിക്കാന് കിടക്കുന്നവര്ക്കും അവരുടെ വീട്ടിലുള്ളവര്ക്കും വേണ്ട കാര്യങ്ങള് അയാള് ചെയ്തുകൊടുക്കും. നാളും പക്കവും നോക്കി കിടപ്പായ ആള് മരിക്കുമോഇല്ലയോ എന്ന് ഉറപ്പിക്കും. മരണാനന്തര കര്മ്മങ്ങള് ചെയ്യിപ്പിക്കും. പക്ഷേ ഒരിക്കല് അയാള്ക്കൊരു തിരിച്ചറിവുണ്ടാവുന്നത് ആരോരുമില്ലാത്ത താന് മരിച്ചാല് ആരുണ്ടാവും എന്നതാണ്. അനാഥശവമായി അമ്പലക്കുളപ്പടവില് മലര്ന്നു കിടക്കുന്നത് അയാള് സ്വയം കാണുകയാണ്. അങ്ങാടി (1980)യിലെ പാവാടവേണം എന്ന ഗാനവും അതവതരിപ്പിക്കുന്ന കഥാപാത്രവും ഇന്നും ജനമനസ്സില് ജീവിച്ചിരിക്കുന്നതിന് ഏക അവകാശി ആ മഹാനടന് തന്നെ. വാര്ത്ത (1986)മമ്മൂട്ടിയുടെ കിംഗിലെ നിസ്സഹായനായ സ്വാതന്ത്ര്യസമരസേനാനിയുടെ റോളില് പപ്പു ജ-ീവിക്കുകയായിരുന്നു. ഹാസ്യത്തിന് അതീതമായ അഭിനയസിദ്ധിയുടെ ഉടമയായിരുന്നു പപ്പു എന്നു തെളിയിച്ചതായിരുന്നു ആ ചെറിയ റോള്.
ഷാജി കൈലാസ് സംവിധാനം ചെയ്ത “ഏകലവ്യനി’ലെ മകള് നഷ്ടപ്പെട്ട അച്ഛനിലും മികവിന്റെ മിന്നലാട്ടം കാണാം. ഏതോ ഒരു തീരം, കാണാക്കിനാവുകള്, ചെമ്പരത്തി, അവളുടെ രാവുകള്, അങ്ങാടി തുടങ്ങി എത്രയോ ചിത്രങ്ങളില് പപ്പു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഷാജി കൈലാസിന്റെ തന്നെ “നരസിംഹ’മായിരുന്നു പപ്പുവിന്റെ അവസാന ചിത്രം.
സിനിമയില് തിളങ്ങി നില്ക്കുമ്പോഴും നാടകത്തോടു തന്നെയായിരുന്നു പപ്പുവിന് അടുപ്പം. യഥാര്ത്ഥ അഭിനയം നാടകത്തിലാണെന്ന് വിശ്വസിച്ച പപ്പു സിനിമയേക്കാളേറെ നാടകത്തില് അഭിനയിച്ചിട്ടുണ്ടുതാനും നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് അദ്ദേഹം മരിക്കുന്നതിന്റെ കുറച്ചു മുമ്പ് പഴയകാല നാടകസുഹൃത്തുക്കളെ ഉള്പ്പെടുത്തി കോഴിക്കോട്ട് “അക്ഷര തിയേറ്റേഴ്സ്’എന്ന നാടകകമ്പനി രൂപീകരിച്ചിരുന്നു.
2000 ഫെബ്രുവരി 25നാണ് പപ്പു അന്തരിച്ചത്.ഹൃദയാഘാതത്തെ തുടര്ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പപ്പു അന്തരിച്ചത്.