ഒരു ഓവറിൽ 70 റൺസ് എടുത്തവൻ, അത്ഭുതപ്പെടേണ്ട, നടന്ന സംഭവമാണ്

0
73

എഴുതിയത് : ധനേഷ് ദാമോദരൻ

ഒരു ഓവറിൽ 70 റൺസ് എടുത്തവൻ, അത്ഭുതപ്പെടേണ്ട, നടന്ന സംഭവമാണ്, അതും 1990 ൽ

1990 ൽ ന്യുസിലണ്ടിലെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് ഈ അത്യപൂർവമായ ഒരു സംഭവം നടന്നത് .വെല്ലിങ്ടൺ ടീമിനെതിരെ 59 ഓവറിൽ 291 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കാന്റർബറി ടീം 108/8 എന്ന നിലയിലേക്ക്‌ തകർന്നു വീണു .ഒടുവിൽ 2 ഓവറിൽ അതായത് 12 പന്തിൽ 95 റൺസ് എന്ന സ്ഥിതിയിലെത്തി .അപ്പോഴാണ് കളി ക്ലൈമാക്സിലേക്ക് നീങ്ങിയത് .തോൽക്കില്ലെന്ന് ഉറപ്പായതോടെ കളി ഒന്നു രസകരമാക്കാൻ വെല്ലിങ്ടണിനു വേണ്ടി അവസാന 2 ഓവറുകളിലെ ആദ്യ ഓവർ എറിഞ്ഞ ബെർട്ട് വാൻസ് 17 നോബോളുകൾ എറിഞ്ഞു.അതിൽ തന്നെ കുറെ ഫുൾ ടോസുകളും.

Image may contain: 2 people, people playing sport and outdoor, text that says "An Article by Dhanesh Damodarar ഒരു ഓവറിൽ 70 റൺസെടുത്തവൻ"ആ ഓവറിൽ ഈ കളിക്കാരൻ അടിച്ചത് 5 ഫോറുകളും 8 സിക്സറുകളും. ഓവറിന് മുൻപ് 75 റൺസുണ്ടായിരുന്ന ബാറ്റ്സ്മാൻ ഓവർ കഴിയുമ്പോഴേക്കും എത്തിയത് 145 റൺസിൽ.അമ്പയർക്കും പോലും പന്തുകളുടെ എണ്ണത്തിൽ ആശയക്കുഴപ്പം വന്നു. ഒടുവിൽ അമ്പയറുടെ പിഴവ് കാരണം ആ ഓവറിൽ ബൗളർ എറിഞ്ഞത് 5 പന്തുകൾ മാത്രവും.അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 18 റൺസ്.ആദ്യ 5 പന്തിൽ തന്നെ ഇരു ബാറ്റ്സ്മാൻമാരും ചേർന്ന് 17 റൺസെടുത്തു. അവസാന പന്തിൽ ജയിക്കാൻ 1 റൺ മാത്രമേ വേണ്ടൂ എന്ന് അതു വരെ വെടിക്കെട്ട് നടത്തിയ കളിക്കാരന് കൃത്യമായ ധാരണ ഇല്ലാഞ്ഞതിനാൽ ഷോട്ടിന് ശ്രമിക്കാതെ അവസാന പന്ത് റൺസെടുക്കാൻ ശ്രമിക്കാതെ വെറുതെ Defend ചെയ്തു .കളി ഒടുവിൽ ഒരേ സ്കോറിൽ സമനിലയിൽ .

എന്നാൽ ക്രിക്കറ്റിന്റെ സ്പിരിറ്റിന് കളങ്കം ചാർത്തിയതിനാൽ വെല്ലിങ്ടൺ ടീമിന് ഒരു പോയിന്റ് പോലും കൊടുത്തില്ലെന്ന് മാത്രമല്ല, കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 4 പോയിന്റ് കുറക്കുകയും ചെയ്തു .ഈ സംഭവത്തിൽ അത്ഭുത പ്രകടനം കാഴ്ചവെച്ച കളിക്കാരൻ നേടിയത് പുറത്താകാതെ 160 റൺസായിരുന്നു .എന്നാൽ ഒരു ഓവറിലെ 70 റൺസ് പ്രകടനം ഔദ്യോഗികമായി ഒരു റെക്കോർഡ് ആയി ഇതേ വരെയും പരിഗണിച്ചിട്ടില്ല .

ഈ സംഭവത്തിൽ പരാമർശിക്കപ്പെട്ടെ വ്യക്തിയുടെ ഇന്റർനാഷണൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കടന്നു വരവും വളരെ കൗതുകകരമായിരുന്നു. കാന്റർബറിക്കു വേണ്ടി 1991-92 ,92-93,93-94,95-96,96-97 വർഷങ്ങളിൽ നാഷണൽ ചാംപ്യൻഷിപ്പ് നേടിക്കൊടുത്ത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന് പേരെടുത്ത അദ്ദേഹം തന്റെ രാജ്യത്തെ ആ സമയത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ആയതു കൊണ്ടും ദേശീയ ക്രിക്കറ്റ് ടീമിലെ ചില അച്ചടക്ക നടപടികൾ നടന്നു കൊണ്ടിരുന്നതിനാലും അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ തന്നെ നായക വേഷം കെട്ടാനുള്ള അപൂർവ ഭാഗ്യം ലഭിച്ച കളിക്കാരനാണ്. കൃത്യമായി പറഞ്ഞാൽ അരങ്ങേറ്റത്തിൽ രാജ്യത്തെ നയിച്ച 32 മത്തെ ക്യാപ്റ്റൻ .

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച 1000 കളിക്കാരെ എടുത്താൽ അതിൽ പോലും വരാൻ സാധ്യതയില്ലാത്ത. ” ലീ ജർമൻ ” എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ വേണമെങ്കിൽ ലോകത്തെ ഏറ്റവും ഭാഗ്യവാനായ ക്രിക്കറ്റ് താരങ്ങളിലൊരാൾ എന്നു വിശേഷിപ്പിക്കാം.പ്രഗത്ഭൻമാർ നിറഞ്ഞ ന്യൂസിലണ്ട് ടീമിനെ പരിമിതികൾ ഏറെയുള്ള ഒരു കളിക്കാരൻ ആയിട്ടും ആദ്യ ടെസ്റ്റിൽ തന്നെ നയിക്കാൻ പറ്റിയത് 100 കോടി രൂപ ലോട്ടറി അടിച്ചതിനേക്കാൾ വലിയ ഭാഗ്യമായി കരുതേണ്ടി വരും .എന്നാൽ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്കെതിരെ കളി തോറ്റെങ്കിലും രണ്ടിനിങ്സിലും 8 മനായി ഇറങ്ങി യഥാക്രമം 48 ,41 എന്നിങ്ങനെ നേടിയ റണ്ണുകൾ തന്റെ ഉള്ളിൽ ഒരു തീപ്പൊരിയുണ്ടെന്ന് വിളിച്ചു പറയുന്ന തരത്തിലുള്ള പ്രകടനമായിരുന്നു.

1996 ലോകകപ്പിലെ ആസ്ട്രേലിയക്കെതിരായ ക്വാർട്ടർ ഫൈനൽ ലീ ജർമന് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ ന്യൂസിലണ്ട് തങ്ങളുടെ ബദ്ധവൈരികൾക്കെതിരെ വലിയ ജയ പ്രതീക്ഷ ഉണർത്തിയെങ്കിലും ഒടുവിൽ പരാജയപ്പെടുകയുണ്ടായി.മത്സരത്തിൽ 89 റൺസ് നേടിയ ലീ ജർമന്റെ പ്രകടനം ഏതാണ്ട് 11 വർഷത്തോളം ,ആദം ഗിൽക്രിസ്റ്റ് സെഞ്ചുറി നേടുന്നതു വരെ ലോകകപ്പിലെ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു .

കളിച്ച 12 ടെസ്റ്റിലും 37 ഏകദിനത്തിൽ 36 ലും ടീമിനെ നയിച്ച ലീ ജർമൻ ഒടുവിൽ ടീമിൽ നിന്നും പുറത്തായത് സഹതാരം ക്രിസ്കെയ്ൻസ് കാരണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു .അത്രക്കൊന്നും ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും ഏകദിനത്തിലെ 44 നു മുകളിലുള്ള ജർമന്റെ വിജയശതമാനം കിവീസിന്റെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരുടെ കണക്കിൽ ഏറെക്കാലം ഫ്ലെമിങ്ങിന്റെ താഴെ മാത്രമായിരുന്നു. ഏറ്റവും ഒടുവിൽ 2015 ൽ സ്വന്തം നാട്ടിൽ നടന്ന ICC വേൾഡ് കപ്പിൽ വലിയ പ്രതിസന്ധികളും ഒരു പാട് ഭീഷണികളും നേരിട്ടിട്ടും ഹെഗ് ലി ഒവലിനെ ഉദ്ഘാടന വേദിയാക്കി മാറ്റുന്നതിന് ജർമൻ നടത്തിയ പരിശ്രമങ്ങളുടെ വിജയം ക്രിക്കറ്റ് ലോകത്ത് ഒരിക്കൽ കൂടി അദ്ദേഹത്തെ ശ്രദ്ധേയനാക്കി .

video