“സോവിയറ്റെന്നൊരു നാടുണ്ടത്രെ ,പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം”

0
231

“സോവിയറ്റെന്നൊരു നാടുണ്ടത്രെ.,
പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം” എന്ന് ഒരു കാലത്ത് കേരളം മുഴുവൻ പാടി തലമുറകൾക്ക് കൈമാറിയ കവിതാശകലമാണ്. കെ.പി.ജി എഴുതിയ “നാണിയുടെ ചിന്ത” എന്ന കവിതയുടെ തുടക്കത്തിലെ ഈരടി സത്യത്തിൽ അക്കാലത്ത് കേരളത്തിൻ്റെ സ്വപ്നം തന്നെയായിരുന്നു.ആ കവിതയിലെ അടുത്ത വരിയിൽ ഇങ്ങനെ പറയുന്നു.

“പട്ടിണികൊണ്ടുള്ള പാടുവേണ്ട,
ജപ്പാനെത്തെല്ലുമേ പേടിവേണ്ട..
പാരതന്ത്ര്യത്തിന്നവമാനവും വേണ്ട-
പ്പാവന നാട്ടിൽ പിറന്നില്ലല്ലോ, ഞാന-
പ്പാവന നാട്ടിൽ പിറന്നില്ലല്ലോ..”

കേരളത്തിൻ്റെ അന്നത്തെ നിലയും സോവിയറ്റ് യൂണിയൻ്റെ നിലയും നാണി ചിന്തിക്കുകയാണ്. പട്ടിണിയില്ലാത്ത, ജപ്പാനെപ്പേടിയില്ലാത്ത, സ്ത്രീകൾക്ക് പുരുഷന്മാരുടെ കൂലി കിട്ടുന്ന സോവിയറ്റ് നാടിനെ പാവനമായി നാണി കാണുന്നു. അതേ സോവിയറ്റ് യൂണിയനിൽ നിന്നുള്ള യൂറി ഗഗാറിൻ ബഹിരാകാശത്തിലെത്തിയപ്പോൾ ദേശാഭിമാനി പത്രവിൽപ്പനക്കാരൻ രാമേട്ടൻ “യൂറി ഗഗാറിന്‍ ബഹിരാകാശത്തില്‍,യൂറി ഗഗാറിന്‍ ബഹിരാകാശത്തില്‍” എന്ന് അതിയായ ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് പത്രമിട്ടതെന്ന് ചെറുകഥാകൃത്ത് എൻ. ചന്ദ്രശേഖരൻ ഓർത്തെടുക്കുന്നുണ്ട്. ‘യൂറി ഗഗാറിന്റെ വിജയം സോവിയറ്റ് യൂനിയന്റെ വിജയമാണ്.സോവിയറ്റ് യൂണിയന്റെ വിജയം ലോകതൊഴിലാളി വര്‍ഗത്തിന്റെ വിജയമാണ് ’;അതായിരുന്നു അധസ്ഥിത ജനകോടികളുടെ അന്നത്തെ വികാരം.1961 ല്‍ വെറും എട്ട് വയസ്സുകാരനായിരുന്ന ഞാനും ഏതോ അളവില്‍ അത് പങ്കുവെച്ചിരുന്നു എന്നും എൻ ചന്ദ്രശേഖരൻ എഴുതിയിരിക്കുന്നു. ഈ സോവിയറ്റ് യൂണിയൻ കൊട്ടാരമായി കെട്ടിപ്പൊക്കിയെങ്കിൽ അതിന് തറക്കല്ലിടുന്നത് സോവിയറ്റ് യൂണിയനിലെ വിപ്ലവത്തോടെയല്ല, ആ സോവിയറ്റ് വിപ്ലവത്തിലേക്കുള്ള പാത വെട്ടിത്തുറക്കലായിരുന്നു ആദ്യ ചടങ്ങ്. ആ വലിയ രാജ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ കൂട്ടിയിണക്കിക്കൊണ്ട് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർടിയുണ്ടാക്കി അതിൻ്റെ മുന്നണിപ്പോരാളിയായ സഖാവ് ലെനിൻ്റെ 150ആം ജന്മദിനമാണിന്ന്.

സോവിയറ്റ് വിപ്ലവാനന്തരം കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ രൂപീകരണവും സഖാവിൻ്റെ നേതൃത്വത്തിലായിരുന്നു. സോവിയറ്റ് യൂണിയൻ്റെ രൂപീകരണം നിരവധി രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടികൾ രൂപീകരിക്കാൻ കാരണമായി. യൂറോപ്യൻ രാജ്യങ്ങൾ കോളനിവൽക്കരിക്കപ്പെട്ട രാജ്യങ്ങളിൽ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. ഒരു രാജ്യത്ത് മാത്രമായി നടക്കുന്ന സോഷ്യലിസ്റ്റ് വിപ്ലവം മറ്റ് രാജ്യങ്ങളെ എങ്ങനെ സ്വാദീനിക്കുമെന്നും, സോഷ്യലിസ്റ്റ് രാജ്യത്ത് നടത്തുന്ന സോഷ്യലിസത്തിലൂന്നിയ മാറ്റങ്ങൾ, തൊഴിലാളികളെ മുതലാളിമാർക്കെതിരെ നീങ്ങാൻ പ്രേരിപ്പിക്കുമെന്നും ലെനിൻ തെളിയിച്ചുതന്നിട്ടുള്ള കാര്യമാണ്. ലെനിനെ മരണാനന്തരം അദ്ദേഹത്തെക്കുറിച്ച് ബ്രഹത് എഴുതിയ കവിത, അത്രമേൽ യാതാർഥ്യവുമായി താദാത്മ്യം പ്രാപിച്ഛുകിടക്കുന്നതായിരുന്നു. ലെനിൻ്റെ വിയോഗം ലോകമെങ്ങുമുള്ള തൊഴിലാളികളുടെ സങ്കടത്തിന് കാരണമായി. സോവിയറ്റ് യൂണിയനെക്കുറിച്ച് കേരളത്തിൽ നാണി ചിന്തിച്ചതുപോലെ നിരവധിയാളുകൾ ലെനിനെക്കുറിച്ച് കവിതകളെഴുതി. ബ്രഹത്തിനൊപ്പം ചിലിയിൽ നിന്ന് നെരൂദയും, സോവിയറ്റ് യൂണിയനിൽ നിന്ന് മയക്കോവ്സ്കിയും കവിതയെഴുതിയപ്പോൾ കേരളത്തിൽ തൂലികയോളം പോന്നൊരായുധമില്ലെന്ന് തൂലികയിലൂടെ തെളിയിച്ച വയലാർ തന്നെ ലെനിനെക്കുറിച്ചെഴുതി.

നാല് കവിതകൾ

”ഏതവസ്ഥയിലും
മഞ്ഞുമൂടിയ പുരയിടത്തിലും
കുറ്റിച്ചെടി വളർന്ന പാടത്തും
പുക പരന്ന യന്ത്രപ്പുരയിലും
ഫാക്ടറിപ്പറമ്പിലും
സഖാവ് ലെനിൻ ,
ഹൃദയത്തിൽ താങ്കളുള്ളപ്പോൾ
ഞങ്ങൾ പണിതുയർത്തും.
ഞങ്ങൾ ചിന്തിക്കും
ഞങ്ങൾ ശ്വസിക്കും
ഞങ്ങൾ ജീവിക്കും
ഞങ്ങൾ പൊരുതും.”
– മയക്കോവ്സ്കി

“ഇന്ത്യയോർ‍ക്കും ലെനിനെ; മനുഷ്യന്‍റെ കണ്ണിൽ‍‍
ബാഷ്പം നിറയുമ്പൊഴൊക്കെയും
ഇന്ത്യയോർ‍ക്കും ലെനിനെ;വിലങ്ങുകൾ‍
വന്നു കൈകളിൽ‍‍ വീഴുമ്പൊഴൊക്കെയും
ഇന്ത്യയോർക്കും ലെനിനെ;പടിഞ്ഞാറു
ഗന്ധകപ്പുക പൊങ്ങുമ്പൊഴൊക്കെയും
ഇന്ത്യയോർ‍ക്കും ലെനിനെ;വിയറ്റ്‌നാമിൽ‍
നിന്നു ഗദ്ഗദം കേൾക്കുമ്പൊഴൊക്കെയും
ഇന്ത്യയോർ‍ക്കും ലെനിനെ;സയൻസിന്റെ
യന്ത്രപക്ഷി പറക്കുമ്പൊഴൊക്കെയും
ഇന്ത്യയോർ‍ക്കും ലെനിനെ;മനുഷ്യന്‍റെ
മുന്നിൽ‍ ദൈവം മരിക്കുമ്പൊഴൊക്കെയും”
– വയലാർ

ലെനിൻ മരിച്ച ദിവസം
അദ്ദേഹത്തിന്റെ ജഡത്തിനു
കാവൽ നിന്ന ഒരു പട്ടാളക്കാരൻ
കൂടെയുള്ള സഖാക്കളോടു പറഞ്ഞുവത്രെ:
എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,
ഞാൻ അകത്തു ചെന്ന്
അദ്ദേഹത്തിന്റെ കാതിൽ ഉറക്കെപ്പറഞ്ഞു:
“ഇല്യിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!”
അദ്ദേഹം ഇളകിയില്ല.
അപ്പോൾ എനിക്കുറപ്പായി,
അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്.
– ബ്രഹ്ത്.

കൃതജ്ഞത, ലെനിൻ,
ഊർജ്ജത്താലും അധ്യയനത്താലും.
ആ ദൃഢതയ്ക്ക് നന്ദി
ലെനിൻഗ്രാഡിനും പുൽമേടുകൾക്കും നന്ദി
യുദ്ധത്തിനും സമാധാനത്തിനും നന്ദി
നിലയ്ക്കാത്ത ഗോതമ്പിന് നന്ദി
പള്ളിക്കൂടങ്ങൾക്കു നന്ദി
നിന്റെ ചെറുമക്കൾക്ക്,
ബലിഷ്ഠഗാത്രരായ പടയാളികൾക്ക് നന്ദി
നിന്റെ നാട്ടിൽ ഞാൻ ശ്വസിക്കുന്ന ഈ വായുവിന്
മറ്റെങ്ങും ലഭിക്കാത്ത ഈ ജീവവായുവിനു നന്ദി
ഇവിടം സുഗന്ധപൂരിതം
ഊക്കൻ പർവതങ്ങളിലെ മിൻസാരംപോലെ
കൃതജ്ഞത, ലെനിൻ,
വായുവിനാൽ, അപ്പത്താൽ, പ്രതീക്ഷയാൽ.
– പാബ്ലോ നെരൂദ

“നാണിയുടെ ചിന്ത” പുറത്തിറങ്ങിയപ്പോൾ ഭാരതീയ സംസ്കാരത്തെ ആകമാനം വിറ്റു തിന്നുവെന്ന രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു. ഇതിന്മേൽ കെ പി ജി തന്നെ നാണിയുടെ മറുപടി എന്ന പേരിൽ മറ്റൊരു കവിതയുമെഴുതി. അതിൽ ഒരു ഭാഗം ഇങ്ങനെയാണ്.
“നാണി പിറന്നൊരു നാട്ടിലിന്ന്
നാഴിയരി തികച്ചില്ലൊരാൾക്കും
മാനുഷസ്വർഗമസ്സോവിയറ്റിങ്കലോ
കാണില്ലൊരുത്തനെപ്പട്ടിണിയിൽ- അതാം
നാണിക്കാ നാടിനോടിത്ര പ്രേമം.”
നാണിയുടെ ചിന്ത പേറുന്നവർ നാണിയുടെ നാടിൻ്റെ നിർമാണത്തിനായി പൊരുതുന്നുണ്ട്. നാണിയെ പരിഹസിച്ചവർ അതേ പണി തുടരുന്നുമുണ്ട്.

സ.ലെനിന് ജന്മദിനാശംസകൾ..