അമേരിക്കൻ സൈനികരെ കണ്ടപ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി വിടർന്നു, അത് ജീവിതത്തിന്റെ പുഞ്ചിരിയായിരുന്നു

44

LIBERATION TRAIN
വിമോചനത്തിന്റെ ട്രെയിൻ

1945 ഏപ്രിൽ ആരംഭം. മദ്ധ്യ ജർമ്മനിയിലെ മാഗ്ദേബർഗ് (Magdeburg) നഗരത്തിനടുത്തുകൂടെ പോകുന്ന റെയിൽവേ ലൈനിന് സമാന്തരമായി പാട്രൊളിങിന് പോയതായിരുന്നു, രണ്ട് ടാങ്കുകൾ അടങ്ങുന്ന ഒരു ചെറിയ പട്ടാള യൂണിറ്റ്. അമേരിക്കൻ സേനയിലെ മേജർ ക്ലാരെൻസ് ബഞ്ചമിൻ ആയിരുന്നു അവരുടെ തലവൻ. പെട്ടെന്ന് അവർ, ഇരുന്നൂറോളം പേരുള്ള ഒരു സംഘം ആളുകളെ കണ്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആ സംഘത്തിലെ എല്ലാവരും പട്ടിണി കാരണം പേക്കോലങ്ങൾ ആയി മാറിയിരുന്നു. അമേരിക്കൻ പട്ടാളക്കാരെ കണ്ടപ്പോൾ അവരുടെ മുഖത്ത് ആദ്യം പുഞ്ചിരി വിടർന്നു. പിന്നീടത് പൊട്ടിച്ചിരിയായി.

The Holocaust train that led Jews to freedom instead of death - Europe -  Haaretz.comഅടുത്ത് ചെന്നപ്പോഴാണ് അമേരിക്കൻ പട്ടാളക്കാർക്ക് കാര്യം മനസ്സിലായത്. റെയിൽവേ ട്രാക്കിൽ ചരക്ക് ട്രെയിൻ പോലെയുള്ള ഒരു ട്രെയിൻ നിന്നിരുന്നു. അവിടെ കണ്ട ആളുകളിൽ ചിലർക്ക് ഇംഗ്ലീഷ് അറിയാമായിരുന്നു. മേജർ അവരിൽ നിന്ന് മനസ്സിലാക്കിയത് ഞെട്ടിക്കുന്ന ഒരു കാര്യമായിരുന്നു. ബെർഗെൻ – ബെൾസെൻ എന്ന വടക്കൻ ജർമ്മൻ നഗരം ഉടൻതന്നെ അമേരിക്കയുടെ കൈകളിൽ വീഴും എന്ന് ഉറപ്പായിരുന്നു. അവിടെ യഹൂദന്മാരെ പീഡിപ്പിക്കുന്ന ഒരു നാസി കോൺസെൻട്രേഷൻ ക്യാമ്പ് പ്രവർത്തിച്ചിരുന്നു. നഗരം വീഴുന്നതിന്ന് മുമ്പ് അവിടെ താമസിപ്പിച്ചിരുന്ന യഹൂദ തടവുകാരെ ഇന്നത്തെ ചെക്ക് റിപബ്ലിക്കിലെ പ്രാഗിന് വടക്കുള്ള തെരേസിൻസ്റ്റാഡ് (Theresienstadt) എന്ന നഗരത്തിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇത്തരത്തിൽ 2500 യഹൂദ തടവുകാരെ വീതം കയറ്റി പുറപ്പെട്ട മൂന്ന് ട്രെയിനുകളിൽ ഒന്നായിരുന്നു, അത്.

Ex-US soldier, 96, reunites prisoners he helped free | The Times of Israelഇവിടെ എൽബെ നദിയുടെ തീരത്ത് എത്തിയപ്പോൾ, ഈ ട്രെയിൻ ഓടിച്ചിരുന്നവർക്ക് വഴി തെറ്റിയോ എന്നൊരു സംശയം. വഴി തെറ്റിയിട്ടില്ലെന്ന് വേറെ ചില റെയിൽവേ സ്റ്റാഫ്. അവർ തമ്മിൽ തർക്കമായി. അങ്ങനെയാണ് ട്രെയിൻ അവിടെ നിറുത്തിയിട്ടത്. ഇതിനിടെ ഇളവെയിലിൽ ഇറങ്ങി നിൽക്കാൻ ചില പട്ടാളക്കാർ തടവുകാരെ അനുവദിച്ചു. അവരെയാണ് മേജർ ക്ലാരെൻസ് ബഞ്ചമിനും കൂട്ടരും കണ്ടത്. അവര കണ്ടയുടനെ മേജർ ബഞ്ചമിൻ എടുത്ത ഫോട്ടോയാണിത്. അവിശ്വസനീയതയും ആഹ്ലാദവും നിഴലിക്കുന്ന ഭാവങ്ങളുമായി അവർ ക്യാമറയെ നോക്കി.

Woman, Girl From Astonishing Holocaust Photo Identified – The Forwardഅമേരിക്കൻ സൈനികർ വന്നതോടെ എണ്ണത്തിൽ കുറവായിരുന്ന ജർമ്മൻ ഗാർഡുകൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിഞ്ഞു. അവരുടെ കൈയ്യിൽ ആവശ്യത്തിന് ആയുധങ്ങൾ ഇല്ലായിരുന്നു. എന്നാൽ അവർ എപ്പോൾ മടങ്ങി വരുമെന്ന് മേജർ ക്ലാരെൻസ് ബഞ്ചമിന് അറിയില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ ഡിവിഷൻ ഹെഡ്ക്വാർട്ടേഴ്സിൽ ബന്ധപ്പെട്ട് വേണ്ടത്ര പടയാളികളെ വരുത്തി. സഹായ സേന (re-inforcement) വരുന്നതുവരെയുള്ള ഒരു ദിവസം മുഴുവൻ ബഞ്ചമിനും കൂട്ടരും ആ ട്രെയിനിൽ ഉണ്ടായിരുന്ന തടവുകാരുടെ ഹൃദയഭേദകമായ കഥകൾ കേട്ടു. രാത്രിയിൽ ഇവർക്ക് വേണ്ട ഭക്ഷണം ശേഖരിക്കാൻ അമേരിക്കൻ പടയാളികൾ അടുത്തുള്ള ജർമ്മൻ ഗ്രാമങ്ങളിലേക്ക് കടന്നു. അവിടെയുള്ള ഗ്രാമീണർ സന്തോഷത്തോടെ. അമേരിക്കൻ ശ്രമങ്ങളോട് സഹകരിച്ചു.
അടുത്ത ദിവസം രാവിലെ കൂടുതൽ അമേരിക്കൻ പടയാളികൾ എത്തിച്ചേർന്നു. തടവുകാരായ യഹൂദന്മാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. അങ്ങനെ, ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന ഇവരുടെ മുഖത്തെ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന ഈ ചിത്രം ഏറ്റവും നല്ല യുദ്ധ ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.