ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
എന്താണ് ലൈഗർ?⭐
👉ആൺ സിംഹവും ,പെൺ കടുവയും ഇണചേർന്നുണ്ടാകുന്ന മൃഗമാണ് ലൈഗർ (Liger). മൃഗശാലകളിലാണ് ഇത്തരം പ്രജനനങ്ങൾ സാധാരണ നടക്കാറ്. ലൈഗറുകളുടെ മാതാപിതാക്കൾ ഒരു ജനുസിൽ ആണെങ്കിലും വ്യത്യസ്ത സ്പീഷീസുകളിലായിരിക്കും എന്നു മാത്രം. ഇരു സ്പീഷീസുകളുടെയും ഗുണഗണങ്ങൾ പ്രദർശിപ്പിക്കുന്നവയാണ് ലൈഗറുകൾ.
കടുവകളെപ്പോലെ നീന്തൽ ഇഷ്ടപ്പെടുന്ന ഇവ സിംഹങ്ങളെപ്പോലെ കൂടുതൽ സാമൂഹികജീവിതവും നയിക്കുന്നവരാണ്. മൃഗശാലകളിലോ അതുപോലുള്ള നിയന്ത്രിതസാഹചര്യങ്ങളിലോ മാത്രമാണ് സിംഹക്കടുവകൾ ജനിക്കുന്നതും, ജീവിക്കുന്നതും. വനങ്ങളിൽ സിംഹവും , കടുവയും തമ്മിലുള്ള സ്വാഭാവിക ഇടപഴകലിന് അവസരങ്ങൾ ലഭിക്കാത്തതാണ് ഇതിനു പ്രധാന കാരണം.ഏഷ്യയിലാണ് ആദ്യമായി ലൈഗറുകൾ ജനിച്ചതെന്നാണ് കരുതുന്നത് മാർജ്ജാര വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവികളാണ് ലൈഗറുകൾ.
മാതാപിതാക്കളെക്കാളും വലിപ്പമുണ്ട് ഇവയ്ക്ക്. ഭാരവും കൂടുതലാണ്. 3.5 മീറ്റർ നീളവും 300 കിലോഗ്രാമിലധികം ഭാരവും ഇവയ്ക്കുണ്ടാകും. ജനിച്ച ശേഷം ലൈഗർക്കുട്ടികൾ ഓരോ ദിവസവും അര കിലോഗ്രാമോളം ഭാരം വയ്ക്കും. ഒരു വയസ്സാകുന്നതോടെ 165 കിലോഗ്രാമോളം ഭാരം ഇവയ്ക്കുണ്ടാകും. 3 വയസ്സോടെ 300 കിലോഗ്രാമിലധികം ഭാരം വയ്ക്കും.
മിയാമിയെ മൃഗശാലയിൽ ഉണ്ടായ ഹെർക്കുലീസ് എന്നു പേരുള്ള ലൈഗറാണ് ജീവിച്ചിരിക്കുന്നവയിൽ ലോകത്തിലെ ഏറ്റവും ഭാരമേറിയ മാർജ്ജാരവംശ ജീവിയായി കണക്കാക്കുന്നത്. 410 കിലോഗ്രാമാണ് ഹെർക്കുലീസിന്റെ ഭാരം.80 കിലോമീറ്ററോളം വേഗത്തിൽ ഓടാൻ ലൈഗറുകൾക്ക് കഴിവുണ്ട്.വ്യത്യസ്ത സ്പീഷീസുകൾ കൂടിച്ചേർന്നുണ്ടാകുന്ന ജീവികൾക്ക് പ്രജനനശേഷി ഉണ്ടാകാറില്ല. സാധാരണഗതിയിൽ ലൈഗറുകൾക്കും പ്രജനനശേഷി കാണാറില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവരും പ്രജനനശേഷി പ്രകടിപ്പിച്ചിട്ടുണ്ട്.