തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതേ വിദ്യാലയത്തിലെ അദ്ധ്യാപികയായി

28

സന്തോഷ് എലിക്കാട്ടൂർ

“അന്ന് ചേച്ചീ എന്ന് വിളിച്ചവർ ഇന്ന് ടീച്ചർ എന്ന് വിളിക്കുന്നു..”തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതേ വിദ്യാലയത്തിലെ അദ്ധ്യാപികയായി മാറിയ ലിൻസയുടെ അനുഭവം ആണിത്. അർപ്പണബോധത്തോടെ..ആത്മാർത്ഥതയോടെ..ലക്ഷ്യബോധത്തോടെ.. പഠിക്കാനുള്ള മനസ്സുണ്ടെങ്കിൽ ആഗ്രഹിച്ച ജോലി നേടാം എന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുന്നു ലിൻസ. 2001 ലാണ് കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ രാജൻ മരിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ മൂത്തമകള്‍ ലിൻസ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു. ഇളയമകന്‍ ഒമ്പതാം ക്ലാസിലും..ലിന്‍സ ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്‌കൂളില്‍ തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു.

അച്ഛന്റെ വരുമാനം നിന്നതോടെ വീടുനോക്കാന്‍ ജോലി അത്യാവശ്യമായതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. 12 വര്‍ഷം സ്‌കൂളിലെ തൂപ്പുജോലിക്കാരിയായി.തൂപ്പുജോലിക്കാരിയായി കയറിയതിന് ശേഷവും ലിന്‍സ പഠനം തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്നത് ഇവിടെ ജോലി ചെയ്ത കാലയളവിലാണ്.മറ്റൊരാളുടെ ഒഴിവിൽ ലിന്‍സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ ജോലി നല്‍കി. എന്നാല്‍ 2006 _ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഈ സമയത്ത് ബി.എഡ്. പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി. 2012 ല്‍ ഇക്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ തിരിച്ച് വിളിച്ചു. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്.

ഇതിനിടെ സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയാണ് ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിലിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസായി ഹയര്‍ സെക്കന്‍ഡറി സ്കൂൾ അധ്യാപികയായി.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, ഇംഗ്ലീഷിൽ ബി.എഡും എല്ലാം നേടിയത് തൂപ്പുകാരിയായി ജോലിചെയ്ത്.പ്രിയ സഹോദരീ അഭിനന്ദനങ്ങൾ.

Previous articleഭൂമിയിലെ അഞ്ച് പ്രധാന വംശനാശങ്ങൾ
Next articleധോളാവീര ; ഒരു ഹാരപ്പൻ രാജധാനി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.