ഹരിപ്പാട് സജിപുഷ്ക്കരൻ
മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിലൊന്നായിരുന്നു 1978ൽ ബേബിയുടെ സംവിധാനത്തിൽ എത്തി മികച്ച വിജയവും കരസ്ഥമാക്കിയ ‘ലിസ’.ഇതേ സംവിധായകൻ തന്നെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 1987ലെ തിരുവോണദിവസം പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘വീണ്ടും ലിസ’. പാപ്പനം കോട് ലക്ഷ്മണനാണ് സംഭാഷണങ്ങൾ .നിഴൽകൾ രവി(കക്ക രവി),ശാരി,ജയരേഖ ,ഇന്നസെൻെറ്,മനോരമ,ബാബു ആൻെറണി എന്നിവർ മുഖ്യവേഷങ്ങളിലുമെത്തി.പഴയ ലിസയുമായി ഒരു തരത്തിലുള്ള ബന്ധവും പുതിയ ലിസയ്ക്കില്ല,പക്ഷേ സംവിധായകൻ ബന്ധമുണ്ടാക്കാൻ ശ്രമിച്ചത് ഈ ചിത്രത്തിന് ദോഷകരമായിമാറി എന്നു വേണം പറയാൻ.(ചിത്രത്തിന് കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ കിട്ടാനാവും ബേബി അങ്ങിനെ ചെയ്തത്).
പ്രേം നസീർ,ജയൻ,സീമ,രവികുമാർ എന്നീ സൂപ്പർ താരങ്ങളുടെതായി പുറത്തുവന്ന ലിസ എന്ന ചിത്രത്തെ ഈ ചിത്രവുമായി താരതമ്യം ചെയ്ത പ്രേക്ഷകർക്ക് നിരാശപ്പെടേണ്ടിവന്നു.കൂടാതെ ഈ ചിത്രത്തിൻെറ നിർമ്മാണച്ചെവലവും കൂടുതലായത് ബോക്സോഫീസിൽ വീണ്ടും ലിസയ്ക്ക് തിരിച്ചടിയായി.ചിത്രം തമിഴിലും (മെെ ഡിയർ ലിസ) ഇറങ്ങിയിരുന്നു.സാധാരണ ഹൊറർ ചിത്രങ്ങളുടെ പാറ്റേർ പിന്തുടർന്ന വലിയ കുഴപ്പമില്ലാത്ത ചിത്രമായി (അന്നത്തെ കാലം പരിഗണിച്ചാൽ ) എനിക്ക് തോന്നി .
ഇതിലെ നായകനായ കക്ക രവിയുടെ ആദ്യ കാമുകി (ശാരി) ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ആ ആത്മാവ് താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി (ജയരേഖ) യുടെ ശരീരത്തിൽ കയറി തൻെറ മരണത്തിന് കാരണക്കായവരോട് പ്രതികാരം ചെയ്യുന്നതുമാണ് ഇതിവൃത്തം.ചിത്രത്തിലെ ഗാനരചന പൂവച്ചൽ ഖാദറും സംഗീതം കെ രഘുകുമാറുമാണ്.മികച്ച മൂന്നു ഗാനങ്ങളും ചിത്രത്തിലുണ്ട്.’മഞ്ഞിൻ പൂവനിയിൽ,എൻെറ പ്രേമമൊരു ചുവന്ന പൂ പോലെ,’ തുഷാരമുരുകും ‘ എന്നിവയാണവ.