ലോക കേരളസഭ അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ്, അവിടെ വിളമ്പിയ ഭക്ഷണത്തിന്റെ കണക്കെടുപ്പ് നടത്തിയത് മാധ്യമങ്ങളുടെ വിഷയ ദാരിദ്ര്യത്തെയാണ് തുറന്നു കാട്ടുന്നത്

ലോക കേരളസഭ & എമർജിംഗ് കേരള
———————————–
*2020 ൽ പിണറായി സർക്കാർ ലോക കേരളസഭയുടെ പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപ ചിലവഴിച്ചു.
*2012 ൽ ഉമ്മൻചാണ്ടി സർക്കാർ നടത്തിയ എമർജിംഗ് കേരള എന്ന പരിപാടിക്ക് ചിലവാക്കിയത് 13കോടി 36ലക്ഷം രൂപ. മൂന്ന് ദിവസത്തെ ഭക്ഷണത്തിനും താമസത്തിനും വേണ്ടി മാത്രം ചിലവായത് 3കോടി 9ലക്ഷം രൂപ. വേദിയൊരുക്കാൻ ചിലവഴിച്ചത് 2കോടി 38 ലക്ഷം രൂപ.
*ഷാർജാ ഭരണാധികാരി, മറ്റു രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ, ലോകകേരളസഭാ പ്രതിനിധികൾ തുടങ്ങിയവർ കേരളം സന്ദർശിച്ചപ്പോ ഇവരെയാരെയും കാണിക്കാതെ മതിൽ കെട്ടി മറക്കേണ്ട സമൂഹമോ സംസ്കാരമോ നമ്മുടെ നാടിനില്ല എന്നതിൽ അഭിമാനിക്കാം.
———————————–
കാലാകാലങ്ങളായി മാറി വരുന്ന സർക്കാർ സംവിധാനങ്ങൾ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സ്വാഭാവികമായും വിവിധ മേഖലകളിലെ ഉന്നതരെയൊക്കെ ഉൾപ്പെടുത്തി ‘കേരളാ ബ്രാൻഡ്’ നിലവാരം ദേശീയ അന്തർദേശീയ തലത്തിലേക്ക് ഉയർത്താനും, നിക്ഷേപക-തൊഴിൽ-സാമൂഹിക-പശ്ചാത്തല ഉയർച്ച സാധ്യമാക്കാനുമുള്ള ആശയങ്ങൾ സ്വരൂപിച്ചെടുക്കാനുള്ള കാമ്പയിനുകളാണ് ഇങ്ങനെയുള്ള പരിപാടികൾ. വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി നടത്തപ്പെടുത്തുന്ന ഇത്തരം പരിപാടികളിൽ കേരളത്തിന്റെ പൊതുവായ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ധാരാളം ആശയങ്ങളും, നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യപ്പെടാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. എല്ലാ ആശയങ്ങളും പ്രാവർത്തികമാകണമെന്നില്ല. തുടർ ചർച്ചകൾ വേണ്ടി വരുന്നവയും, നിരന്തരം പരീക്ഷിച്ച്, പുതുക്കി സൃഷ്ടിച്ചെടുക്കേണ്ടവയുണ്ടാവാം. പ്രാപ്യമല്ലാത്തവയും, കാലതാമസമെടുക്കുന്നവയും, ഇടയ്ക്കു വെച്ച് ഉപേക്ഷിക്കേണ്ടി വരുന്നതുമായവയും ഉണ്ടാവാം. സ്വാഭാവികമാണ്. കേരളം സാമ്പത്തിക ഞെരുക്കത്തിലാണെന്നും പറഞ്ഞു കരഞ്ഞിരിക്കാൻ ഒരു സർക്കാരിനും പറ്റില്ല. ഇത്തരം പരിപാടികൾ നിരന്തരമായി സംഘടിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണ്. പരിപാടികൾ നടത്തി തൊട്ടടുത്തദിവസം തന്നെ ഗുണഫലം എവിടേ എന്നൊക്കെ അക്കമിട്ടു ചോദിക്കുന്ന ബുദ്ധി ജീവികളുടെയും രാഷ്ട്രീയക്കാരുടെയും താഴ്ന്ന ചിന്താഗതി മാധ്യമങ്ങളും പൊലിപ്പിച്ച് എഴുതി ചർച്ച ചെയ്ത് വിവാദങ്ങൾ സൃഷ്ടിക്കുന്നത് അല്പത്തരമാണ്. ഇത്തരം പരിപാടികൾ നിരന്തരം സംഘടിപ്പിക്കുക വഴി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ധാരാളം പേരുടെ കൂട്ടായ്മയിലൂടെ ആശയ സ്വരൂപണവും, പ്രവർത്തന പങ്കാളിത്തവുമൊക്കെ ഒരുക്കാനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടും. എന്നാൽ ഇങ്ങനെ നടത്തുന്ന പരിപാടികളുടെ ആസൂത്രണരീതികൾ നിരന്തരം വിലയിരുത്തി മെച്ചെപ്പെടുത്തേണ്ടതുമുണ്ട്.
1. ജനുവരി 1 പുതുവത്സര ദിനമാണ്. പുതുവത്സരാഘോഷങ്ങൾ വളരെ കാര്യമായി ആസ്വദിക്കുന്ന വിദേശ മലയാളികൾക്കൊക്കെ അന്നേ ദിനത്തിൽ കേരളത്തിലെത്തി പങ്കെടുക്കാൻ സാധിച്ചെന്നു വരില്ല. ന്യു ഇയർ ഒഴിവാക്കി ഉചിതമായ ദിവസങ്ങൾ നോക്കി പരിപാടി സംഘടിപ്പിക്കണം. പ്രവാസി ദിനമെന്നോ / NRI ദിനമെന്നോ ഒക്കെയുള്ള ദിവസം ജനുവരിയിൽ തന്നെ ആഘോഷിക്കപ്പെടുന്നുണ്ട്.
2. ലോക കേരളസഭാ അംഗങ്ങളാവാനും, പങ്കെടുക്കാനും താത്പര്യമുള്ളവർക്കായി ഓരോ രാജ്യത്തുമുള്ള പ്രവാസികൾക്ക് തങ്ങളുടെ ആശയങ്ങൾ സമർപ്പിക്കാനുള്ള ഓൺലൈൻ സംവിധാനം ഒരുക്കണം. കേരളത്തിന്റെ പ്രാദേശികമായ വളർച്ചാ സാധ്യതകൾക്ക് ഏറ്റവും അനുയോജ്യമായ ദീർഘവീക്ഷണമുള്ള ആശയങ്ങളും, അതു സംബന്ധിച്ച നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും സമർപ്പിക്കുന്നവരെ യുക്തിപൂർവ്വം തിരഞ്ഞെടുക്കുന്ന ഒരു സെലക്ഷൻ പ്രോസസ്സ് നടപ്പാക്കണം. ഇതേ സെലക്ഷൻ പ്രക്രിയയിലൂടെ യുവജനങ്ങളുടെയും, യുവ സംരംഭകരുടെയും പങ്കാളിത്തം ഉയർത്തണം.
3. പ്രളയ ദുരന്തം നേരിട്ട നാം കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി അതിനെ നേരിടാനുള്ള പ്രബന്ധങ്ങളും, പ്രമേയങ്ങളും, ചർച്ചകളും കൂടി ഇത്തരം പരിപാടികളിൽ ഉൾപ്പെടുത്തണം. പ്ലാസ്റ്റിക് നിരോധനം, സോളാർ വൈദ്യുതി ഉദ്പ്പാദനം, മാലിന്യ സംസ്കരണം, കുടിവെള്ള പരിപോഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചുള്ള പ്രമേയം കൂടി ഉൾപ്പെടുത്തണം. ധാരാളം മീഡിയ അറ്റൻഷൻ ലഭിക്കുന്നതിനാൽ അതിപ്രാധാന്യമായ ഈ വിഷയത്തിൽ പൊതുജന ബോധവൽക്കരണം വർദ്ധിപ്പിക്കാൻ സഹായകമാവും.
4. സിനിമാ – സെലിബ്രിറ്റി സംസ്കാരം ഇത്തരം പരിപാടികളിൽ നിന്നും പാടെ ഒഴിവാക്കണം. ചാനലുകൾ നടത്തുന്ന അരോചകമായ അവാർഡ് ഷോകളിലെ ഡപ്പാൻ കൂത്തു നിലവാരത്തിലുള്ള സ്റ്റേജ് ഷോകൾ നടത്തരുത്. മറിച്ച് കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളായ കഥകളി, തെയ്യം, കളരിപ്പയറ്റ്, തിരുവാതിര, മാപ്പിള ഡാൻസ് തുടങ്ങിയവയുടെ അവതരണം കേരളത്തനിമയാർന്ന സെറ്റിങ്ങിൽ സംഘടിപ്പിക്കുകയാണ് വേണ്ടത്. ബിനാലെ മാതൃകയിൽ ഒരു ‘കേരളാ വില്ലേജ്’ ഒരുക്കി കേരള വിഭവങ്ങളൊരുക്കി പരിപാടിയിൽ പെങ്കെടുക്കുന്നവർക്ക് ആസ്വാദനവും, ഒപ്പം തന്നെ സ്വന്തം നാടിന്റെ കലാ പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന മാനസിക ഉല്ലാസവും സാധ്യമാകും. അത് കണ്ടാസ്വദിക്കാനാണ് നോർത്ത് അമേരിക്കയിലും, യൂറോപിപ്പിലുമൊക്കെയുള്ള പ്രവാസികൾക്ക് കൂടുതൽ താത്പര്യം.
5. ഇപ്രാവശ്യത്തെ ലോക കേരളസഭയിൽ പ്രഖ്യാപിച്ച യൂത്ത് ലീഡർഷിപ് അക്കാദമി, പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള് ആകര്ഷിക്കാനായി സംസ്ഥാന സര്ക്കാര് ആരംഭിച്ച ഓവര്സീസ് കേരളൈറ്റ്‌സ് ആന്ഡ് ഹോള്ഡിങ് കമ്പനി, ഭാഷാ പഠന കേന്ദ്രം, നൂതന സാങ്കേതിക വിദ്യകളായ ഇന്റര്നെറ്റ് ഓഫ് തിങ്സ്, ബിഗ് ഡാറ്റ, മെഷിന് ലേണിംഗ് മുതലായവയുടെ വിദ്യാഭാസ സ്ഥാപനങ്ങൾ, കേരളത്തിന്റെ പ്രശ്നങ്ങൾ, സാധ്യതകൾ, പരിഹാരസാധ്യതകൾ എന്നിവ ചർച്ചചെയ്യാൻ ഗ്ളോബൽ ഹാക്കത്തോൺ തുടങ്ങിയവയുടെ സാധ്യതകൾ പ്രതീക്ഷ നൽകുന്നവയാണ്.
6. ലോക കേരളസഭാ അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ്. അവിടെ വിളമ്പിയ ഭക്ഷണത്തിന്റെ കണക്കെടുപ്പ് നടത്തി വാർത്തയാക്കുന്നത് മാധ്യമങ്ങളുടെ വിഷയ ദാരിദ്ര്യത്തെയാണ് തുറന്നു കാട്ടുന്നത്. ലോക കേരളസഭാ കേരളത്തിന്റെ വികസനാശയങ്ങൾ ചർച്ചചെയ്യാനുള്ള വേദിയാണ്. അവിടെ സ്വന്തം കച്ചവടത്തെ മാർക്കറ്റ് ചെയ്യാൻ നോക്കിയ ഒരു വ്യവസായിക്ക് (സോഹൻ റോയ്) കിട്ടിയ മുഖ്യമന്തിയുടെ അനുഭാവപൂർവ്വമായ ഓർമ്മപ്പെടുത്തൽ പ്രൊഫഷണൽ സമീപനത്തോടെ കാണാതെ ലോക കേരള സഭയെ കുറിച്ച് ഏറ്റവും മോശമായ പ്രചാരണം നടത്തുന്നത് തെറ്റായ മനോഭാവമാണ്.