തന്റേതുമാത്രം ശരിയും മറ്റുള്ളവരുടേതെല്ലാം തെറ്റും മോശപ്പെട്ടതുമാണെന്ന് കരുതുന്ന ഏകകാര്യം ഒരുപക്ഷേ പ്രണയമായിരിക്കാം

0
264

കവികളും കലാകാരന്മാരും തുടങ്ങി പ്രണയത്തെ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവരെല്ലാം തന്റേതായ നിലയിൽ ഉത്തരം കണ്ടെത്തുവാൻ ശ്രമിച്ചിട്ടുള്ള ചോദ്യമാണിത്. എത്രവർണ്ണിച്ചാലും മതിവരാത്ത അനുഭവമാണ് പ്രണയം. എല്ലാവരും ആഗ്രഹിക്കുകന്നതും കൊതിക്കുന്നതുമായ അനുഭൂതിയാണ് പ്രണയത്തിന്റേത്. എന്നിരുന്നാലും നമ്മുടെ സമൂഹം പ്രണയത്തെ കാണുന്നത് എന്തോ വലിയ അപരാധമായാണ്. യഥാർത്ഥത്തിൽ പ്രണയം ഒരു തെറ്റായ കാര്യമാണോ?
പ്രണയം തെറ്റാകുന്നത് എപ്പോഴെല്ലാമാണ്? പ്രണയം തെറ്റാണെന്ന് കാണുന്ന മനസ്ഥിതിക്ക് ചരിത്രപരമായും ജീവശാസ്ത്രപരമായും എന്തെങ്കിലും ബന്ധങ്ങളുണ്ടോ? നമ്മൾ നമ്മോടുതന്നെ ചോദിക്കുക പ്രണയം തെറ്റാണോ എന്ന്. നമ്മുടെ (എന്റെ) പ്രണയം തെറ്റാണെന്ന് ഒരിക്കലും സ്വയം തോന്നിയിട്ടുണ്ടാകില്ല. എന്നാൽ അയൽപ്പക്കത്തുള്ള പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും,
മാത്രമല്ല സ്വന്തം സഹോദരി/സഹോദരങ്ങളുടെ പോലും പ്രണയം തെറ്റാണെന്ന് നമ്മൾ കരുതുന്നു.

തന്റേതുമാത്രം ശെരിയും മറ്റുള്ളവരുടേതെല്ലാം തെറ്റും മോശപ്പെട്ടതുമാണെന്ന് കരുതുന്ന ഏകകാര്യം ഒരുപക്ഷേ പ്രണയമായിരിക്കാം. അതിനുകാരണം പ്രണയം തെറ്റാണെന്ന് നമ്മെ ആരൊക്കെയോ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നു എന്നതാണ്. പ്രാചീന ഗോത്രസമൂഹങ്ങളുടെ ഇടുങ്ങിയ ചിന്തകളാണ് പ്രണയം തെറ്റാണെന്ന് നമ്മെ പഠിപ്പിച്ചത്. പ്രാചീന സമൂഹങ്ങളിൽ, ഓരൊ ചെറിയ പ്രദേശത്തും ചെറിയൊരുകൂട്ടം ആളുകൾ സ്വന്തം ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിതരീതികളുമായി ഒരുമിച്ചുകഴിഞ്ഞിരുന്ന വ്യവസ്ഥയെ ആണ് ഗോത്രം എന്ന് വിളിക്കുന്നത്. ഓരോ ഗോത്രത്തിലും പെട്ടവർ അന്യഗോത്രങ്ങളിലുള്ളവരെ ശത്രുക്കളായാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അന്യഗോത്രങ്ങളിൽ നിന്നും വിവാഹം കഴിക്കുകയോ മറ്റ് ബന്ധങ്ങൾ സ്ഥാപിക്കുകയോ ചെയ്യുന്നതിനെ അവർ തെറ്റായി കണ്ടു.

ഓരോ ഗോത്രങ്ങളുടെയും ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളും വ്യത്യസ്ഥമായിരുന്നു എന്നതായിരുന്നു അവർ തമ്മിലുള്ള ശത്രുതയുടെ പ്രധാന കാരണം. എന്നാൽ പ്രണയത്തിന് ഈ അതിർവരമ്പുകൾ ബാധകമല്ലല്ലോ! പ്രണയം ഗോത്രങ്ങളുടെ അതിർവരമ്പുകളെ ലംഘിക്കുന്ന പ്രതിലോമശക്തിയായി മാറി അവിടെ. അതുകൊണ്ടുതന്നെ അന്യഗോത്രത്തിൽ പെട്ടവർ പ്രണയിച്ചാൽ കടുത്ത ശിക്ഷകളാണ് നൽകിപ്പോന്നിരുന്നത്. അങ്ങനെ പ്രണയം വലിയൊരു അപരാധമാണെന്ന ധാരണ അടിച്ചേൽപ്പിക്കപ്പെട്ടു. ഇതൊക്കെ പറയുമ്പോൾ നമ്മൾ കരുതും ഇതൊക്കെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്നതല്ലേ ഇപ്പോൾ നമ്മളൊക്കെ വലിയ’പരിഷ്കൃത’സമൂഹമല്ലേ എന്ന്.തികച്ചും തെറ്റാണത്. നമ്മുടെ ‘ആധുനിക’ സമൂഹത്തിലും പ്രണയം തെറ്റാണെന്ന് നമ്മെ പറഞ്ഞുപഠിപ്പിക്കുന്നത് പഴയ ഗോത്ര മനസ്ഥിതിയിൽ നിന്നും വളർച്ചപ്രാപിക്കാത്ത ഗോത്രമൂപ്പന്മാർ തന്നെയാണ്. ‘മതം’ എന്ന പേരിലാണ് അവ ഇന്ന് നിലനില്ക്കുന്നത്.

മതത്തിനുള്ളിൽതന്നെ ‘ജാതി’ എന്ന ഉപഗോത്രങ്ങളുമുണ്ട്. ഒരേ ജാതി- മതത്തിൽ പെട്ടവർ പ്രണയിച്ചാൽ നമ്മുടെ സമൂഹം അവരെ എതിർക്കാറില്ല, വ്യത്യസ്ഥ ജാതി-മതത്തിൽ പെട്ടവർ പ്രണയിക്കുമ്പോഴാണ് നമ്മുടെ സമൂഹവും കൊലവെറി മുഴക്കുന്നത്. യഥാർത്ഥത്തിൽ പ്രണയമെന്നത് പ്രത്യുല്പാദനത്തിനുവേണ്ടി ഉള്ള ലൈംഗീകാകർഷണത്തിൽ നിന്നും വളർച്ച പ്രാപിച്ച വൈകാരികതയാണ്. മറ്റ് ജീവികൾക്ക് ലൈംഗീകത ശാരീരികം മാത്രമാണെങ്കിൽ, മനുഷ്യനിൽ അത് മാനസികമായ ബന്ധംകൂടിയാണ് (മനസ്സും ശരീരവും അനന്യമാണ് എന്നത് വിസ്മരിക്കുന്നില്ല.

മനുഷ്യനിലെ ഉയർന്ന ബോധത്തെയും ചിന്തയെയുമാണ് ഇവിടെ മനസ്സെന്നതുകൊണ്ട് വിവക്ഷിക്കുന്നത്.) മനുഷ്യ മസ്തിഷ്കത്തിന്റെ വളർച്ചയും അതുവഴി ഉണ്ടായ ചിന്തയും വിവേചനബുദ്ധിയുമാണ് മറ്റ് ജീവികളിൽ നിന്നും വ്യത്യസ്ഥമായി പ്രണയം എന്ന സവിശേഷത മനുഷ്യനിൽ ഉണ്ടാക്കിയത്. അഥവാ ജീവശാസ്ത്രപരമായി ഏറ്റവും ഉന്നതവും വികസിതവുമായ ജൈവീക ഗുണമാണ് പ്രണയം. അത് മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്. എന്തുകൊണ്ടെന്നാൽ, മറ്റു ജീവികളിലെ ആകർഷണം അത്യന്തികമായി ലൈംഗീകതയെ ലക്ഷ്യമാക്കുമ്പോൾ മനുഷ്യരുടെയിടയിൽ പ്രണയത്തിന് ലൈഗീകതയിൽ നിന്നും സ്വതന്ത്രമായ വ്യക്തിത്വമുണ്ട്, ലൈഗീകത എന്ന ലക്ഷ്യമില്ലാതെയും പ്രണയത്തിന് നിലനില്ക്കുവാന് കഴിയും (സിഗ്മണ്ട് ഫ്രോയിഡ് ക്ഷമിക്കുക). ആ നിലയിൽ നോക്കിയാൽ പ്രണയത്തെ എതിർക്കുന്നവർ ജീവശാസ്ത്രപരമായി മനുഷ്യനായിട്ടില്ല എന്നുവേണം കരുതാൻ.

കണക്കുകൾ പരിശോധിച്ചാൽ, കൊലചെയ്യപ്പെടുന്ന പ്രണയങ്ങളുടെയും പ്രണയിതാക്കളുടെയും എണ്ണത്തിന്റെ ആയിരത്തിൽ ഒന്നുപോലും വരില്ല പ്രണയത്തിനുവേണ്ടി കൊലചെയ്യപ്പെടുന്നവ. മറ്റൊരുവിധ ബന്ധങ്ങൾക്കും അവകാശപ്പെടാൻ കഴയാത്തത്ര ആഴമേറിയതും ധൃഢതയുള്ളതുമായ ബന്ധമാണ് പ്രണയം. സ്വന്തം മക്കൾ നഷ്ടപ്പെട്ടതിന്റെ പേരിൽ ജീവൻ ത്യജിച്ച മാതാപിതാക്കളുടെ എണ്ണം വിരലിലെണ്ണാവുന്നതേ ഉള്ളൂ, എന്നാൽ പ്രണയം നഷ്ടപ്പെട്ടതിന്റെ പേരിൽ ജീവൻ ത്യജിച്ചവർ ഒരുപാടുണ്ട്. അത്രമേൽ ജീവിതത്തെ സ്വാധീനിക്കാനുള്ള ശേഷി പ്രണയത്തിനുണ്ട്. എല്ലാ സർഗ്ഗാത്മക സൃഷ്ടികൾക്കുപിന്നിലും പ്രണയത്തിന്റെ കയ്യൊപ്പുണ്ടാകും. ഇത്രയും മഹത്തരമായ പ്രണയത്തിന് ആനുകാലിക സമൂഹത്തിൽ മറ്റൊരു കടമകൂടി നിർവ്വഹിക്കുവാനുണ്ട്,
ജാതി മത വർഗ്ഗീയതകളുടെ വേലിക്കെട്ടുകളെ പൊളിച്ചെറിഞ്ഞ് വിശ്വമാനവികതയുടെ അതിരുകളില്ലാത്ത ലോകം പടുത്തുയർത്തുക എന്നതാണത്.

(കടപ്പാട്)