ലൂസിഫറിൽ ലാലേട്ടന്റെ പ്രകടനത്തേക്കാൾ ശ്രദ്ധിച്ച ഒരു ചെറിയ കാര്യം

123

ഹിരണ് നെല്ലിയോടൻ

ദിവസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ലൂസിഫർ കണ്ടു. പക്ഷെ ഇത്തവണ കണ്ടപ്പോൾ ലാലേട്ടന്റെ പ്രകടനത്തേക്കാൾ ശ്രദ്ധിച്ച ഒരു ചെറിയ കാര്യം പറയാൻ ആഗ്രഹിക്കുന്നു. വർമ്മാജിയും സ്റ്റീഫൻ നെടുമ്പള്ളിയും ബോബിയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ട ശേഷം ആ ചേംബറിൽ നിന്ന് സ്റ്റീഫൻ ഇറങ്ങുന്നു. അത് കഴിഞ്ഞു തിരിഞ്ഞു നിന്ന് വർമ്മാജിയെ നോക്കി സ്റ്റീഫൻ പറയുന്ന ഡയലോഗ്‌ ഇപ്രകാരം ആണ്:

“വർമ്മ സാറേ, നന്മയും തിന്മയും തമ്മിലുള്ള യുദ്ധം ആണ് രാഷ്ട്രീയം എന്നതാണ് നമ്മൾ ഈ ജനങ്ങൾക്ക് സൗജന്യമായി വിറ്റ ഏറ്റവും വലിയ കള്ളം. യുദ്ധം നന്മയും തിന്മയും തമ്മിൽ ഉള്ളതല്ല. തിന്മയും തിന്മയും തമ്മിൽ ഉള്ളതാണ്. വലിയ തിന്മയും ചെറിയ തിന്മയും തമ്മിൽ. ഇത് വലിയ തിന്മ ആണ്.”

ഈ ഡയലോഗിൽ സ്റ്റീഫന്റെ പുറകിലുള്ള ഫോട്ടോ ആണ് ഞാൻ ശ്രദ്ധിച്ചത്; നമ്മുടെ എല്ലാം ആവേശമായ സുഭാഷ് ചന്ദ്രബോസ് ആയിരുന്നു അത്. ഈ ഡയലോഗിന് യാദൃശ്ചികമായോ അല്ലാതെയോ അദ്ദേഹവുമായി ഒരു ബന്ധം ഉണ്ടെന്നെനിക്ക് തോന്നി! ബ്രിട്ടീഷ്കാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പല രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കുകയും അത് നേടിയെടുക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അതിനു വേണ്ടി അദ്ദേഹം ചെയ്ത ഒരു കാര്യം, ജർമനിയിൽ പോയി ഹിറ്റ്ലറുമായി സൗഹൃദം ഉണ്ടാക്കി എന്നുള്ളതാണ്. കൂടാതെ ജപ്പാനുമായും. ഹിറ്റ്ലറിന്റെ ജർമനിയും കൂടാതെ അകലെയുള്ള ജപ്പാനും എന്നത് പലർക്കും അറിയാവുന്നത് പോലെ തിന്മയുടെ മറ്റൊരു മുഖം ആയിരുന്നു അക്കാലത്ത്. പക്ഷെ സുഭാഷ് ചന്ദ്രബോസിന്റെ കണ്ണിൽ അതിനേക്കാൾ വലിയ തിന്മ ആയിരിക്കാം സ്വന്തം രാജ്യമായ ഇന്ത്യ ഉൾപ്പടെ ലോകത്തെ പലരെയും അടക്കി ഭരിച്ച് പല രാജ്യങ്ങളേയും കട്ടു മുടിച്ച ബ്രിട്ടൻ. അങ്ങനെ വരുമ്പോൾ യുദ്ധം നന്മയും തിന്മയും തമ്മിൽ ആയിരുന്നില്ല. നെടുമ്പള്ളി പറഞ്ഞ പോലെ തിന്മയും തിന്മയും തമ്മിൽ തന്നെ ആയിരുന്നു.

നേതാജിയുടെ ബാക്ക്ഗ്രൗണ്ടിൽ അദ്ദേഹം സംസാരിക്കുന്നത് സായ്കുമാറിന്റെ പിന്നിലുള്ള ഗാന്ധിജിയോടായിട്ടാണ് തോന്നിയത്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റേയും ഒക്കെ അഭിപ്രായങ്ങളുമായി യോജിച്ച് പോകാൻ നേതാജിക്ക് കഴിഞ്ഞിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്. അധികാരം കൈപിടിയിലൊതുക്കാൻ ബ്രിട്ടീഷുകാരുമായി നേതാജിക്ക് സമ്മതമല്ലാത്ത പല അഡ്ജസ്റ്റ്മെന്റ്സും നടത്താൻ ഗാന്ധിജിയും നെഹ്‌റുവും ശ്രമിച്ചിരുന്നു എന്നും കേൾക്കുന്നു.

ഇനി പറയാൻ പോകുന്നത് വെറുതെ ചിന്തിച്ചപ്പോൾ തോന്നിയ ഒരു കാര്യമാണ്. തികച്ചും ഭാവനാത്മകം. സിനിമയിൽ അതിശക്തനായ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ പ്രത്യേകത എന്നത് തന്റെ തന്നെ പാർട്ടിയിലുള്ള മറ്റുള്ളവർക്ക് താൻ യഥാർത്ഥത്തിൽ ആരാണ് എന്നു പിടി കൊടുക്കാതെ ഒരു ഒറ്റയാനായി നടക്കുന്ന പ്രകൃതക്കാരനായിരുന്നു എന്നുള്ളതാണ്. അത്ര മാത്രം നിഗൂഢത. വേറിട്ടുള്ള ഒരധികാരകേന്ദ്രം. മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന തിയറിയിൽ വിശ്വസിക്കുമ്പോഴും പാർട്ടി അപകടത്തിൽ വീഴാതിരിക്കാൻ അദ്ദേഹം എല്ലായ്പ്പോഴും ശ്രദ്ധാലുവായിരുന്നു.

സ്വന്തം പാർട്ടിക്ക് വേണ്ടിയും അതേ സമയം നാടിനു വേണ്ടിയും പലതും ചെയ്തപ്പോഴും അതൊന്നും മറ്റാരുമാറിയാതെ അംഗീകാരങ്ങളുടെ ബാധ്യതയിൽനിന്ന് ഒഴിഞ്ഞു മാറിയ മനുഷ്യൻ. അപ്പോഴാണ് ഒരു ദിവസം പെട്ടെന്ന് എല്ലാം അവസാനിപ്പിച്ച് കേരള രാഷ്ട്രീയത്തിൽ നിന്നു അയാൾ അപ്രത്യക്ഷപ്പെട്ടു പോവുന്നത്. പിന്നീട് മറ്റൊരു രാജ്യത്ത്‌ മറ്റൊരു പേരിൽ ആണ് തിരിച്ചു വരുന്നത്.

നേതാജിയുടെ ജീവിതവും ഏതാണ്ട് ഇതിനു സമാനമായത് തന്നെ. ഒരേ പാർട്ടി ആയിട്ടു കൂടി മറ്റു നേതാക്കന്മാരെ അപേക്ഷിച്ചു നോക്കുമ്പോൾ സ്വന്തം നാടിന്റെ സ്വാതന്ത്ര്യതിനു വേണ്ടി അദ്ദേഹം തിരഞ്ഞെടുത്ത വഴികൾ വ്യത്യസ്തമായിരുന്നു, നിഗൂഢവും ! അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കത്തി ജ്വലിച്ചു നിൽക്കുന്ന സമയത്താണ് അപകട മരണം എന്ന പേരിൽ ഒരു ദിവസം അദ്ദേഹം പെട്ടെന്ന് ഇല്ലാതാവുന്നത്; അതും ഉറപ്പില്ലാത്ത മരണം. പിന്നീട് അദ്ദേഹം മറ്റൊരു പേരിൽ മറ്റെയെവിടെയെങ്കിലും ജീവിച്ചിരുന്നുവോ!! കാലത്തിനു മാത്രം അറിയാവുന്ന സത്യം..!!