(കടപ്പാട്)
മലയാളി മനസ്സുകളില്‍ ഇന്നും ജീവിക്കുന്ന എന്നെന്നും കണ്ണേട്ടൻ്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികൾ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരൻ മധുമുട്ടം. കഥാകാരൻ, തിരക്കഥാകൃത്ത്,ഗാനരചയിതാവ് എന്നീനിലകളിലൊക്കെ പ്രശസ്തനായ അദ്ദേഹത്തിൻ്റെ തൂലികയിൽ പിറന്ന ഗാനമാണ്
“വരുവാനില്ലാരുമിന്നൊരുനാളുമീ വഴിയ്ക്കറിയാം
അതെന്നാലുമെന്നും….”
എന്ന ഗാനം ഇഷ്ടപ്പെടാത്തതായി ആരുംകാണില്ല. അത്രമേൽ മനസ്സിനെ മൃദുവായി തഴുകുന്ന നോവിന്റെ സുഖമുള്ള മധു മുട്ടത്തിന്റെ മേൽവിലാസമാണ് ഈ ഗാനം. തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരനായിരുന്നു. മധുമുട്ടം. സിനിമയുടെ പ്രലോഭനങ്ങളിൽ നിന്നും കുറച്ചു അകലം പാലിക്കാൻ എന്നും ശ്രദ്ധിച്ചിരുന്ന സന്യാസജീവിതം നയിക്കുന്ന ഈ എഴുത്തുകാരൻ. മണിച്ചിത്രത്താഴ് സിനിമ
വന്‍വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. 1951 ഓഗസ്റ്റ് 1 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുട്ടം എന്ന ഗ്രാമത്തിലെ ആലുംമൂട് തറവാട്ടിൽ കുഞ്ഞുപ്പണിക്കർ, മീനാക്ഷിയമ്മ എന്നിവരുടെ ഏക മകനായി ജനിച്ചു. നാടകമെഴുതിയും അഭിനയിച്ചുമാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. ഏവൂർ പ്രൈമറിസ്കൂൾ, കായംകുളം ഗവ:ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച മധു നങ്ങ്യാർകുളങ്ങര ടി കെ എം കോളേജിൽ നിന്ന് ധനതത്ത്വശാസ്ത്ര ബിരുദം നേടി. കോളേജ് മാഗസിനിൽ എഴുതിയ കഥകണ്ട് അവിടത്തെ മലയാളം പ്രൊഫസറാണ് മധുവിന് മധുമുട്ടം എന്ന പേരിട്ടത്. പിന്നീട് അദ്ധ്യാപകനായി ജോലിചെയ്തു. കുങ്കുമം വാരികയിലെഴുതിയ സർപ്പം തുള്ളൽ എന്ന കഥ സംവിധായകൻ ഫാസിൽ കാണാനിടവന്നു. ആ കഥയെ അടിസ്ഥാനപ്പെടുത്തി ഫാസിൽ സംവിധാനം നിർവഹിച്ചതാണ് എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രം. പിന്നീട് കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടിൽ പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസിൽ സംവിധാനം നിർവഹിച്ച ഹിറ്റു ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഈ ചിത്രത്തിലെ “വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും’ എന്ന ഗാനം മധു മുൻപ് മലയാള നാട് എന്ന വാരികയിൽ കവിതയായി പ്രസിദ്ധീകരിച്ചതായിരുന്നു. മണിച്ചിത്രത്താഴ് തമിഴിലും,തെലുങ്കിലും, ഹിന്ദിയിലും റീമേക്ക്ചെയ്തപ്പോള്‍ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നല്‍കുകയോ ചെയ്തില്ലെന്ന പരാതിയുമായി മധുമുട്ടം കോടതിയിലെത്തി.
അതിനുമുന്നേ കഥാവകാശം ലക്ഷങ്ങള്‍ക്കു വിറ്റുകഴിഞ്ഞിരുന്നു. എന്നാലതിന്റെ ഒരുവിഹിതവും മധുമുട്ടത്തിനുലഭിച്ചില്ല, എന്തിന്, കഥാകൃത്തിന്റെ പേരുപോലുമില്ലായിരുന്നു. ഒടുവിൽ കേസ് നടത്താൻ കൈയിൽ കാശില്ലാതെ വന്നപ്പോൾ അദ്ദേഹംപിന്മാറുകയായിരുന്നു. (ഹിന്ദിയിൽ മാത്രം മനസ്സില്ലാ മനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി.) എന്നാൽ ഈ വിഷയത്തിൽ, സിനിമാരംഗത്തുനിന്നും ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല.ഈ സംഭവത്തോടെ അദ്ദേഹം സിനിമാലോകത്തുനിന്നും മാറിനിന്നു. എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, കാണാക്കൊമ്പത്ത്, ഭരതൻ എഫക്ട്, എന്നീ അഞ്ച് ചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.കൂട്ടത്തിൽ സയൻസ് വിഷയം പ്രമേയമാക്കിയ സുരേഷ് ഗോപി നായകനായ ഭരതൻഎഫക്ട് എന്ന ചിത്രം മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്.
കാക്കേംകീക്കേം കാക്കത്തമ്പ്രാട്ടീം… (എന്നെന്നും കണ്ണേട്ടന്റെ), പലവട്ടം പൂക്കാലം…..,
വരുവാനില്ലാരും… (മണിച്ചിത്രത്താഴ്),ഓർക്കുമ്പം ഓർക്കുമ്പം…. (കാണാക്കൊമ്പത്ത്)
തുടങ്ങിയ ഏതാനും ഹിറ്റ്ഗാനങ്ങളും
ആ തൂലികയിൽപിറന്നു.
മലയാളികൾ എന്നുമോർത്തിരിക്കുന്ന സിനിമകളുംപാട്ടുകളും.അതാണ് അദ്ദേഹത്തിന്റെ കൈമുദ്ര. മുട്ടം എന്ന കൊച്ചുഗ്രാമത്തിലെ ചെറിയൊരു വീട്ടിൽ സിനിമയുടെ ആഡംബരങ്ങളൊന്നുമില്ലാതെ, അവിവാഹിതനായി ഏകനായികഴിയുകയാണ് അദ്ദേഹം. 2011-ല്‍ സിബി മലയിൽ സംവിധാനം ചെയ്ത് മുരളിയും മുകേഷും അഭിനയിച്ച കാണാക്കൊമ്പത്ത് എന്ന ചിത്രത്തിനാണ് അവസാനം തിരക്കഥ എഴുതിയത്. ആരോടും പരിഭവമില്ലാതെ തിരക്കുകളിൽ നിന്നെല്ലാം അകന്ന് പേരിനുമാത്രം സൗഹൃദവുമായി മുട്ടത്തെവീട്ടിൽ ഉന്മേഷവാനായിരിക്കുന്നു അദ്ദേഹം. എഴുതുവാൻ വലിയമടിയാണ്.
പക്‌ഷേ ആരെങ്കിലും നിർബന്ധിച്ചാൽ എഴുതുമെന്നുമാത്രം. പത്ത് വർഷത്തിനു ശേഷം പുതിയൊരു തിരക്കഥ എഴുതി തുടങ്ങിയിരിക്കുകയാണ്. ഗ്രാമഭംഗി നിറയുന്ന മണിച്ചിത്രത്താഴ് പോലൊരു ക്ലാസിക്ക് സിനിമ ഉടനെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യൻ ക്ലാസിക് സിനിമകളുടെ മുൻനിരയിലേക്ക് മണിച്ചിത്രത്താഴ് പ്രവേശിച്ചത് കാലമിത്രയായിട്ടും പുതുമയും ഉദ്വേഗവും നഷ്ടപ്പെടാത്തതുകൊണ്ടാണ്.
മണിച്ചിത്രത്താഴിട്ടു പൂട്ടിയ ആ എഴുത്തുവശമാണ് തിരക്കഥാകൃത്ത് മധുമുട്ടത്തെയും വ്യത്യസ്തനാക്കുന്നത്. പ്രളയം വന്നാലും കോവിഡ് വന്നാലും മലയാളിയുടെ ട്രോളിൽ നാഗവല്ലി ശൗര്യത്തോടെ വിടമാട്ടേ എന്നു ചോദിക്കുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നത്തെ തലമുറയും ട്രോളായും അല്ലാതെയും പ്രയോഗിക്കുന്ന ഈ സംഭാഷണം രചിച്ച മധു മുട്ടത്തോട് ചോദിച്ചാൽ വിനയത്തോടെയുള്ള മറുപടി ഇങ്ങനെ
“മണിച്ചിത്രത്താഴ് കാലാകാലങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അതെന്റെ കഴിവൊന്നുമല്ല. അതിന്റെ പരിപൂർണമായ ആദരവ് കൊടുക്കേണ്ടത് ആ കാഴ്ച ഒരുക്കിയവർക്കാണ്. സംവിധായകനും. ക്യാമറയും ആർട്ടിസ്റ്റുകളും കലാസംവിധായകരും മുതൽ ലൈറ്റ് ബോയ് വരെയുള്ളവരുടെ പ്രയത്നമാണത്. എഴുത്തിന് അവിടെ വലിയ പ്രാധാന്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. സിനിമ കാഴ്ചകളാക്കി തരുന്നിടത്തോളം കാലം അതിന്റെ ക്രെഡിറ്റ് മേൽപ്പറഞ്ഞവർക്കാണ്. നമ്മൾ എഴുതിവക്കുന്നത് എങ്ങനെ കാഴ്ചയാക്കിത്തരുന്നു എന്നതാണ് കാര്യം. അണിയറയ്ക്കു പിറകിൽ ഒരുമൂലയ്ക്ക് ഒരു വിനീതമായ പ്രവൃത്തി എന്ന നിലയിൽ തിരക്കഥയെ കാണാനാണ് എനിക്കിഷ്ടം”.