ശിവസേനക്കാർ മലബാർ ഹില്ലിന്റെ പേരു മാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട്‌ സ്വയം പിൻമാറുകയായിരുന്നു

53

സിദ്ദീഖ് പടപ്പിൽ

മുംബൈയിലെ ‘മലബാർ ഹിൽ’

പേരിൽ തന്നെയുള്ള മലയും കുന്നുമുള്ള പ്രദേശമാണല്ലോ മലബാർ. പേരിൽ മല ചേർത്ത മലപ്പുറവും പിന്നെ കോഴിക്കോടും കണ്ണൂരും കാസറഗോഡുമൊക്കെ ഏകദേശം ഒരേ ഭൂപ്രകൃതിയുള്ള മലബാറിലെ ജില്ലകളാണ്‌. തെക്കൻ ജില്ലകളിലേത്‌ പോലെ കായലുകളും സമനിരപ്പുകളും വടക്കേ മലബാറിൽ അധികമില്ല. മലബാറിലെ തീരദേശ ടൗണുകളും നിരത്തുകളും നിരപ്പല്ല. ഇതൊക്കെ കൊണ്ട് പ്രകൃതി സൗന്ദര്യത്തിലും മറ്റും കേരളത്തിലെ വടക്കൻ ജില്ലകളേക്കാൾ എനിക്കിഷ്ടം തെക്കൻ ജില്ലകളിലെ കായലോരങ്ങളും പട്ടണങ്ങളും തന്നെ.

Malabar Hill seeks better parking, traffic, footpaths | Mumbai News - Times  of Indiaഇന്ത്യയിലെ മിക്ക നഗരങ്ങളും സമുദ്രനിരപ്പോട്‌ ചേർന്നതോ സമനിരപ്പുള്ള ഭൂപ്രദേശമോ ആയിരിക്കും. ഇത്തരം നിരപ്പായ ഭൂപ്രകൃതിയുള്ള നഗരങ്ങളിലെ കുന്നിൻപ്രദേശങ്ങൾ നഗരസൗന്ദര്യത്തിന്റെ നെറ്റിപ്പട്ടം പോലെ ഉയർന്ന് നിൽക്കാറുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ മിക്ക ആധുനിക നഗരങ്ങളിലെയും വിലപ്പിടിപ്പുള്ള ഭൂമി ആ സിറ്റിയ്‌ക്കകത്തെ ചെറിയ കുന്നിന്‌ പ്രദേശമാണ്‌. ഡൽഹിയിലെ റൈസിന ഹിൽസിലാണാല്ലോ ഇന്ത്യയുടെ ഭരണാസിരാകേന്ദ്രം. സ്വർണ്ണത്തെക്കാളും വിലയുള്ള ന്യൂഡൽഹിയിലെ ഭൂമി റൈസിന ഹിൽസ്‌ തന്നെ. അത്‌ പോലെ ഹൈദരബാദിലെ സമ്പന്നരുടെ താമസപ്രദേശമായ ബഞ്ചാര ഹിൽസും ചെന്നൈയിലെ ജനനിബിഡമായ റെഡ്‌ ഹിൽസും ദുബൈയിൽ കൊട്ടാരതുല്ല്യമായ മുന്നോറോളം വീടുകളുള്ള എമിറേറ്റ്‌സ്‌ ഹിൽസും പ്രസിദ്ധമാണ്‌. അത് പോലെ മുംബൈയിലെ ഏറ്റവും മുന്തിയ ഭൂമി മലബാർ ഹിൽസ്‌ തന്നെ.

മഹാരാഷ്ട്ര ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ, തുടങ്ങി പല പ്രമുഖരുടെ വസതികളും മലബാർ ഹില്ലിലാണുള്ളത്‌. പ്രിയദർശിനി പാർക്ക്‌, ഹാംഗിംഗ്‌ ഗാർഡൻ, മലബാർ പോയിന്റ്‌ തുടങ്ങി ഒട്ടേറെ ആകർഷണ സ്ഥലങ്ങളും ഇവിടെയുണ്ട്‌. മുംബൈയിലെ ഈ മലബാർ ഹില്ലിന്ന് കേരളത്തിലെ മലബാറുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നന്വേഷിക്കുമ്പോൾ നാം ചെന്നെത്തുന്നത്‌ മലബാറിലെ കേയി കുടുംബത്തിലേക്കാണ്‌. ഒരു കാലത്ത്‌ മുംബൈയിലെ മലബാർ ഹിൽ അടക്കം പല പ്രദേശങ്ങളും കേയി കുടുംബക്കാരുടേത്‌ ആയിരുന്നു എന്നാണ്‌ കേട്ടിട്ടുള്ളത്‌.

പതിനേഴാം നൂറ്റാണ്ട്‌ തൊട്ട്‌ കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മൊത്തത്തിൽ കേയി കുടുംബത്തിന്റെ അധീനതയിലായിരുന്നു. ആലുപ്പി കാക്ക എന്ന് പേരുള്ള ആളായിരുന്നു കേയി കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തിയും വ്യാപാരത്തിന്റെ സ്ഥാപകനും. അലുപ്പി കാക്കയ്‌ക്ക്‌ ശേഷം മൂസാ കാക്കയിലൂടെ വ്യാപാരം കൂടുതൽ മെച്ചപ്പെട്ടു. തലശ്ശേരി തുറമുഖത്ത്‌ പോർട്ടുഗീസുകാരുമായി കച്ചവട ബന്ധത്തിൽ ഏർപ്പെട്ടതോടെയാണ്‌ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക കേയികളിൽ‌ വന്നു ചേരുന്നത്‌‌. ഏത്‌ വിദേശികൾ ഇന്ത്യയിൽ എത്തിയാലും കേയികൾ വഴിയായിരുന്നു വ്യാപാരം നടത്തുക എന്ന നിലയിൽ എത്താൻ അധികം താമസിച്ചില്ല. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇന്ത്യയിലെ വിവിധ തുറമുഖ നഗരങ്ങളിലേക്ക്‌ വ്യാപിക്കപ്പെട്ടതോടെ ആ നഗരങ്ങളിലൊക്കെയും കേയിമാർ സ്വത്തുക്കളും വാങ്ങിക്കൂട്ടി. മംഗലാപുരത്തും ബോംബെയിലും ഗുജറാത്തിലുമായി ഒട്ടനവധി വസ്തുകൾ കേയിമാരുടെ പേരിലായി.
മുംബയിലെ പല കാതലായ ഭൂമിയും കേയിമാർക്ക്‌ സ്വന്തമായിരുന്നു. മലബാർ ഹില്ല് മൊത്തവും കേയിമാരുടേതായിരുന്നുവെങ്കിലും ബ്രിട്ടീഷുകാരുമായുള്ള വ്യാപാരത്തിലെ പ്രശ്നങ്ങൾ ഈ പ്രദേശം ബ്രിട്ടീഷുകാർക്ക്‌ കൈമാറാൻ കാരണമായി. മലബാറിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക നിലനിർത്താൻ വേണ്ടിയാൺ മലബാർ ഹിൽ പ്രദേശം ബ്രിട്ടീഷുകാർക്ക്‌ വിട്ടു കൊടുത്തത്‌ എന്നാണ്‌ പറയപ്പെടുന്നത്‌.

ഈ അടുത്ത കാലത്ത്‌ ശിവസേന സമാജികർ മലബാർ ഹില്ലിന്റെ പേരു മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട്‌ സ്വയം പിൻമാറുകയായിരുന്നു. കേരളത്തിന്റെ മാലബാറുകാരുടെ പ്രശസ്തി വാനോളമുയർത്തി ഇന്നും മുംബൈയിലെ മലബാർ ഹിൽ പ്രശസ്തിയുടെ കൊടുമുടിയായി നിലനിൽക്കുന്നു. അംബാനിമാരും ഗോദ്‌റെജും ബിർലയും മഹീന്ദ്രയും വാഴുന്ന മുംബൈയുടെ നെറ്റിപ്പട്ടമായി മലബാർ ഹിൽ ഇന്നും തലയുയർത്തി തന്നെ നിൽക്കുന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.