മലപ്പുറത്തിന് ദേശീയ തലത്തിൽ സംഘ പരിവാർ സൃഷ്ടിച്ച പ്രതിച്ഛായ എന്തെന്ന് ഇനിയെങ്കിലും നമുക്ക് ബോധ്യപ്പെടണം

33

സുദർശൻ.
ഒരു മലപ്പുറംകാരൻ.

മലപ്പുറവും, സംഘപരിവാറും.

മലപ്പുറത്തിന് ദേശീയ തലത്തിൽ സംഘ പരിവാർ സൃഷ്ടിച്ച പ്രതിച്ഛായ എന്തെന്ന് ഇനിയെങ്കിലും നമുക്ക് ബോധ്യപ്പെടണം. ഇന്ത്യയിൽ എത്ര സംസ്ഥാനമുണ്ടെന്നോ, സ്വന്തം സംസ്ഥാനത്തിലെ ജില്ലകൾ പോലുമോ അറിയാത്ത ഭക്തൻമാർക്കും കേരളത്തിലെ മലപ്പുറം ജില്ല അറിയാം. കൂടാതെ കേരളത്തിലെ മലപ്പുറം ജില്ലക്ക് പുറത്തുള്ള , പ്രത്യേകിച്ച് തെക്കൻ ജില്ലകളിലുള്ള ഭക്തരോടു ചോദിക്കൂ. അവരും അല്പം ഭീതിയോടെയും ആശങ്കകളോടെയുമാണ് മലപ്പുറം ജില്ലയെക്കുറിച്ച് പറയുക.പ്രധാനമായും ഞാൻ കേൾക്കുന്ന ആരോപണങ്ങൾ ഇവയാണ്.

  1. നോമ്പുകാലത്ത് ഹിന്ദു ഹോട്ടലുകൾ തുറക്കാൻ സമ്മതിക്കുന്നില്ല.
  2. ഹിന്ദുക്കളുടെ കച്ചവടസ്ഥാപനങ്ങൾ വളരാൻ അനുവദിക്കുന്നില്ല.
  3. നോമ്പുകാലത്ത് ഒരു മുസ്ലീമും ഒരു ഹിന്ദുവിനും വെള്ളം നൽകുകയോ, കുപ്പിവെള്ളം പൊലും വിൽക്കുകയോ ചെയ്യില്ല.
  4. ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നു.
  5. അടുത്തു തന്നെ മലപ്പുറം ജില്ലയിലെഹിന്ദുക്കൾ ജില്ല വിടേണ്ടിവരും.
  6. ഹിന്ദു ക്ഷേത്രങ്ങളെ ബഹുമാനിക്കുന്നില്ല.
  7. ജനസംഖ്യാ നിയന്ത്രണം പാലിക്കാത്തതിനാൽ താമസിയാതെ കേരളം മുസ്ലീം ഭൂരിപക്ഷ പ്രദേശമാകുകയും, കേരളം മുസ്ലീം നിയന്ത്രണത്തിലാക്കുകയും ചെയ്യും.

ലിസ്റ്റ് ഇനിയുമുണ്ട്. മലയാളികളായ ഭക്തൻമാർ പോലും ഇത് വിശ്വസിക്കണമെങ്കിൽ എത്ര ആഴത്തിലായിരിക്കും ഈ പ്രചരണം നടക്കുന്നത് എന്ന് ഊഹിച്ചു നോക്കൂ. ജില്ലയിൽ നടക്കുന്ന ചെറിയ വാർത്ത പോലും കത്തിച്ച് വലുതാക്കാൻ കഴിയുന്ന സംവിധാനം ഇന്ന് സംഘപരിവാറിനുണ്ട്. സത്യ സരണിയെക്കുറിച്ചുള്ള വാർത്തകളും , പൊന്നാനി പോലുള്ള പ്രദേശങ്ങളിൽ നോമ്പുകാലത്ത് ഹോട്ടലുകൾ ബലം പ്രയോഗിച്ച് അടപ്പിക്കുന്നതും, തിരൂരിൽ മുസ്ലിമിന്റെ കെട്ടിടത്തിൽ നിന്ന് ഹിന്ദുവായ ഹോട്ടലുടമയെ ഇറക്കി വിട്ടതും അവർ വികാരാധീനരായി പറയും.

ഇവർക്കിടയിലേക്കാണ് കൊല്ലപ്പെട്ട ‘ഹിന്ദു’ ആനയെക്കുറിച്ചുള്ള പ്രചരണം വരുന്നത്. മുകളിൽ പറഞ്ഞ പല കാര്യങ്ങളും അസത്യമോ അർദ്ധ സത്യമോ ആണ്. നോമ്പുകാലമായി ബന്ധപ്പെട്ടചിലതെല്ലാം സത്യം തന്നെയാണ്. ചില മുസ്ലീം തീവ്രവാദ സംഘടകളുടെ പ്രവർത്തനങ്ങളാണ് ജില്ലക്ക് ഈ പ്രതിച്ഛായ ഉണ്ടാക്കാൻ സഹായം ചെയ്തുകൊടുക്കുന്നത്.അതിന്റെ ദോഷഫലം അനുഭവിക്കുന്നത് ഇന്ത്യയിലെ സാധാരണ മുസ്ലീം ഭൂരിപക്ഷവും, മതേതര വിശ്വാസികളുമാണ്.