മലപ്പുറം കത്തിയുടെ പ്രത്യേകത എന്താണ് ?

89

ബീന ആന്റണി.

മലപ്പുറം കത്തി.

മലബാറിൽ വിശിഷ്യാ മലപ്പുറത്തെ മുസ്‌ലിങ്ങൾക്കിടയിൽ കൂടുതലായും പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേകതരം കത്തിയാണ് മലപ്പുറം കത്തി. മലബാറിലെ ജനവിഭാഗങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു അടയാളമായി ഇത് അറിയപ്പെടുന്നു. കനം കൂടിയതും മൂർച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയിൽ നിന്ന് വേർതിരിക്കുന്ന കൊളുത്തുമാണ് മലപ്പുറം കത്തിയുടെ പ്രത്യേകതകൾ. തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. അത്യാവശ്യം കനമുള്ളതും 15 മുതൽ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി.

കത്തിയുടെ പിടി കനംകുറഞ്ഞ മാൻകൊമ്പു കൊണ്ടാണ് നിർമ്മിക്കാറ്. നാല് വിരലിൽ ഒതുക്കിപിടിക്കാൻ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണ വേളകളിൽ മറ്റൊരാൾ കത്തിയിൽ കയറിപിടിക്കാതിരിക്കാൻ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും കത്തിയിലും ചിത്രപ്പണുകളും കാണാം. മുറിവുപറ്റിയാൽ പെട്ടെന്നുണങ്ങില്ലെന്നതാണ് മലപ്പുറം കത്തിയുടെ സവിശേഷത. കത്തിനിർമ്മിക്കാനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണ്ഇതിന്റെ പിന്നിലെന്നു പറയപ്പെടുന്നു. തലമുറകളായി മലപ്പുറം കത്തി നിർമിച്ച വടക്കൻ മലബാറിലെ ചില കൊല്ലന്മാർക്കുമാത്രമാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാൽ നിർമിച്ച കത്തികൾക്കെല്ലാം ഏകീകൃതരൂപമാണ് ഉണ്ടായിരുന്നത്. പാണ്ടിക്കാട്, കരുവാരക്കുണ്ട്, ഇരുമ്പുഴി എന്നിവിടങ്ങളിലെ കൊല്ലപ്പണിക്കാരാണ് കൂടുതലായി കത്തിനിർമിച്ചിരുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിർമ്മാണത്തെ ദോഷകരമായി ബാധിച്ചുതെന്നും അതുകാരണം കത്തിക്ക് പ്രചാരണം കുറഞ്ഞുവെന്നും കരുതപ്പെടുന്നു. ഇന്ന് മലപ്പുറം കത്തി അപൂർവമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിർമ്മിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്. മാനിന്റെ കൊമ്പ് ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോൾ തടസ്സമുള്ളതിനാൽ മരത്തടികൊണ്ടാണ് ഇപ്പോൾ പിടി നിർമ്മിക്കാറുള്ളത്.