സത്യൻ അന്തിക്കാടെന്ന ഗാന രചയിതാവും ‘മോഹവും’

0
228

🌳എഴുത്ത് : ലങ്കേഷ് അഗസ്ത്യക്കോട് 🌳

🌷”മോഹം” :സത്യൻ അന്തിക്കാടിന്റെ
രചനകളിൽ…. 🌷

🥀സിനിമാ സംവിധായകൻ ആകും മുൻപ് മികച്ച ഗാനരചയിതാവ് എന്ന നിലയിൽ ആരാധക ഹൃദയം കീഴടക്കിയ കലാകാരനാണ് സത്യൻ അന്തിക്കാട്……

When Films Have A Connection To Life, They Are Remembered': Sathyan Anthikad1975-ൽ പുറത്ത് വന്ന “ലവ് ലെറ്റർ ” എന്ന പടത്തിലൂടെയാണ് അദ്ദേഹം ഗാനരചനാ രംഗത്തേക്ക് വരുന്നത്.. കെ. ജെ. ജോയ്‌ ആയിരുന്നു ഈ പടത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത്… തുടർന്ന് വന്ന “സിന്ദൂരം” -എന്ന പടത്തിലെ “ഒരു നിമിഷം തരൂ നിന്നിലലിയാൻ… “എന്ന ഗാനം സത്യൻ അന്തിക്കാടിനെ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവാക്കി മാറ്റി… മലയാളത്തിലെ മികച്ച പ്രണയഗാനങ്ങൾ തിരയുമ്പോൾ സത്യൻ അന്തിക്കാടിന്റെ രണ്ട് മൂന്ന് പാട്ടെങ്കിലും നമുക്ക് പരാമർശിക്കേണ്ടി വരും… (ഉദാ : ഓ മൃദുലേ…, മഴ തുള്ളി തുള്ളി നൃത്തമാടി വരും…, കണ്ണോടു കണ്ണായ സ്വപ്‌നങ്ങൾ… )

🥀സത്യൻ അന്തിക്കാടിന്റെ ഗാനങ്ങളിലൂടെ ശ്രദ്ധാപൂർവ്വം സഞ്ചരിക്കുമ്പോൾ “മോഹം “-എന്ന വാക്കിന് അദ്ദേഹം വല്ലാത്ത പ്രാധാന്യം നൽകിയിരിക്കുന്നത് കാണാം…
“മോഹം”കടന്ന് വരാത്ത അപൂർവം ഗാനങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ടായിട്ടുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല…

ആദ്യ രചനയായ “ലവ് ലെറ്ററിൽ ” -അമ്പിളി പാടിയ “സ്വർണ്ണമാലകൾ വിണ്ണിൽ വിതറും സ്വപ്നലോലയാം സായാഹ്നമേ… “-എന്ന പാട്ടിൽ “…… മോഹങ്ങളേ സ്വപ്നരേണുക്കളേ.. താരുണ്യത്തിൻ പ്രദീപങ്ങളേ.. ” -എന്നെഴുതിയ കവി, “ആ ചെഞ്ചൊടികളിൽ ഒരു മൗനഗീതമായ് ഓമലേ എൻ മോഹം ഉണർന്നുവെങ്കിൽ…”-എന്ന് “ഒരു നിമിഷം തരൂ.. “(സിന്ദൂരം)എന്ന പാട്ടിൽ പറയുന്നു… !!

“അസ്തമയം” -എന്ന പടത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട “രതിലയം… രതിലയം.. “-എന്ന പാട്ടിൽ “ആത്മാവിൽ മോഹങ്ങൾ കേളിയാടുമ്പോൾ നമ്മൾ അറിയാത്ത സ്വർഗ്ഗങ്ങൾ തേടിയെത്തുമ്പോൾ…. “-എന്ന് പാടി മോഹങ്ങളുടെ ഒരു തിരയിളക്കം തന്നെ സൃഷ്‌ടിക്കുന്നത്‌ നമുക്ക് കാണാം…

ഏറെക്കാലം “കാനം. ഇ. ജെ”-എഴുതിയ പാട്ടാണെന്ന് ഒരുപാട് പേർ തെറ്റിദ്ധരിച്ചിരുന്ന “മോഹം മുഖപടമണിഞ്ഞു മൗനം തേങ്ങി കരഞ്ഞു.. “-എന്ന പാട്ട് (സിനിമ :ആരും അന്യരല്ല ) സത്യൻ അന്തിക്കാടിന്റെ രചനയാണ്‌.. ഈ പാട്ടിൽ “മോഹം “-എന്ന വാക്കിന്റെ ഭംഗി മുഴുവൻ അദ്ദേഹം നിറച്ചുവച്ചിട്ടുണ്ട്.. ! സംഗീത സംവിധായകൻ രവീന്ദ്രന് ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്ത “ചൂള” യിലെ “താരകേ മിഴിയിതളിൽ കണ്ണീരുമായി… ” എന്ന പാട്ടും സത്യൻ അന്തിക്കാടാണ് എഴുതിയത്..

ഈ പാട്ടിലും “… മോഹങ്ങൾ ഇന്നും നിന്നെ പുൽകുമോ.. “എന്ന് ചോദിക്കാൻ അദ്ദേഹം മറന്നില്ല….. “അവതാരം”-എന്ന പടത്തിൽ :”മോഹം.. മോഹം.. മോഹം.. മോഹം… ചിറക് വിടർത്തി.. “എന്ന് പാടിയ കവി, “വെറുതെ ഒരു പിണക്കം ” സിനിമയിലെ “രാഗവും താളവും ഉണരുമീ സുഖനിമിഷം… “എന്ന പാട്ടിൽ, മോഹത്തെ., “ആരോടും മിണ്ടാത്ത മോഹം -എന്നും -കരളിലെ കിളിയുടെ മോഹമെന്നും -മധുരിതമൊരു നവമോഹം എന്നും ആവർത്തിച്ച് പറയുന്നുണ്ട്….
“സരിത”-യിലെ “മഴ തുള്ളി തുള്ളി നൃത്തമാടി വരും വാനിൽ.. “-എന്ന പാട്ടിൽ മോഹം മഴ പോലെ പെയ്തിറങ്ങുന്നത് കാണാം..

(… എന്നിൽ നിന്നിൽ മോഹം ചേരും.. ചേരും.. ചേരും… !!!) “മനസ്സൊരു മയിൽ “-എന്ന പടത്തിൽ “പനിനീർ പൂവിനു മോഹം, നിൻ ചൊടികളിൽ ഇതളായ് വിടരാൻ..””-എന്നാരംഭിക്കുന്ന പാട്ടിൽ “മോഹം”നല്ലൊരു ബിംബമായി വരുന്നുണ്ട്.. “അഗ്നിവ്യൂഹം “-എന്ന പടത്തിൽ ജാനകി പാടിയ “യാമിനീ.. എന്റെ സ്വപ്‌നങ്ങൾ വാരി പുണർന്നു.. ” എന്ന പ്രേതഗാനത്തിൽ കവി “മോഹഭംഗം “ശരിക്കും വരച്ചിട്ടുണ്ട്…. “നെഞ്ചിൽ തുളുമ്പുന്ന മോഹവുമായി, ഞാൻ അലയുന്നൊരീ വീഥികളിൽ.. ” എന്ന് നായികയെ കൊണ്ട് പാടിക്കാൻ ഇവിടെ കവിക്ക് കഴിയുന്നുമുണ്ട്….. “ഇതിലേ വന്നവർ “-എന്ന പടത്തിലെ ”ഇതിലേ ഇനിയും വരൂ.. ” എന്ന പാട്ടിൽ :”രാഗിണീ എൻ മാനസത്തിൽ മോഹം പോലെ വരും നിന്റെ ഗാനാമൃതം… “-എന്ന് പാടാനും കവി മറക്കുന്നില്ല…. !!
തന്റെ ആത്മസഖിയുടെ മാറിൽ മലർവള്ളി പോലെ പടരാനുള്ള കവിയുടെ മോഹം പ്രകടമാകുന്ന “തെയ്യം തെയ്യം തെയ്യനം പാടി… “(കാവൽ മാടം ) എന്ന പാട്ടും, രാവുണർന്നപ്പോൾ തന്റെ മോഹവും ഉണർന്നെന്ന് പച്ചയായി പറയുന്ന “നീ മായല്ലേ എൻ മഴവില്ലേ.. “(തടവറ); മോഹം പുഞ്ചിരി തൂകുമ്പോൾ മിഴികൾ നനയുന്ന അവസ്ഥ വർണ്ണിക്കുന്ന “തീരം തേടുന്നവരിലെ “-“വിഷാദ സാഗര തിരകൾ..”- എന്ന പാട്ടും പറഞ്ഞാൽ തീരാത്ത അനുഭവം സമ്മാനിക്കുന്ന ഗാനങ്ങളാണ്..

“ഞാൻ ഏകനാണ് “-എന്ന സിനിമയിലെ എല്ലാ ഗാനത്തിലും ഒളിഞ്ഞും തെളിഞ്ഞും “മോഹം “വരുന്നുണ്ട്.. ഇതിലെ “രജനീ.. പറയൂ.. “എന്ന പാട്ടിൽ “മോഹപുഷ്പം വിടരുമോ.. “എന്ന് മനസ്സിനോട് ചോദിക്കുന്ന കവി, “പ്രണയവസന്തം തളിരണിയുമ്പോൾ…” -എന്ന പാട്ടിൽ “…ദേവീ (ദേവാ )നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ.. ” എന്നും പാടുന്നുണ്ട്….
“മോഹങ്ങളെ വ്യർത്ഥ സ്വപ്നങ്ങളാക്കുന്ന പകലുകൾ അസ്തമിക്കില്ല… ” എന്ന് “അസ്തമിക്കാത്ത പകലുകൾ “-എന്ന പടത്തിലെ “ദുഃഖത്തിൽ എരിവെയിൽ നാളം പോലെ… ” -എന്ന പാട്ടിൽ ഏറെ വൈകാരികതയോടെ പറഞ്ഞ കവി നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്… ഈ പടത്തിലെ എല്ലാ പാട്ടിലും “മോഹം ” എന്ന വാക്ക് പല ഭാവത്തിൽ കടന്ന് വരുന്നു…

ആരതി, സംഭവം, ദന്തഗോപുരം, ധ്രുവസംഗമം, തീരം തേടുന്നവർ, അടുത്തടുത്ത്, ആയുധം, മുഖങ്ങൾ – തുടങ്ങി സത്യൻ അന്തിക്കാട് ഗാനരചന നിർവഹിച്ച സിനിമകളിലെ പാട്ടുകളിലൊക്കെയും “മോഹം”- എന്ന വാക്ക് ഒരു പ്രധാന ബിംബമായി തന്നെ നിറയുന്നത് നമുക്ക് വ്യക്തമാകും…പ്രണയത്തിന്റെ വശ്യമായ ഭാവങ്ങൾക്ക് ചാരുത കൂട്ടുന്നതിൽ “മോഹം ” പ്രധാന പങ്ക് വഹിക്കുന്നു എന്ന് വിശ്വസിച്ചിരുന്ന കവിയാകാം സത്യൻ അന്തിക്കാട്……!!
അതാകുമല്ലോ പാട്ടെഴുത്തിന്റെ വഴികളിലെല്ലാം അദ്ദേഹം “മോഹത്തെ” കൂട്ടുപിടിച്ചത്‌…??!!എന്തായാലും, സത്യൻ അന്തിക്കാടിന്റെ “മോഹഗാനങ്ങൾക്ക് “ഒരു പ്രത്യേകതയുണ്ടായിരുന്നു എന്ന് പറയാതെ വയ്യ….. 🥀