“ജയരാജ്, നിന്നെ ഞാൻ നോട്ടമിട്ടിട്ടുണ്ട്”

0
256

നിയാസ് കരീം.

“ജയരാജ്, നിന്നെ ഞാൻ നോട്ടമിട്ടിട്ടുണ്ട്.”
ആദ്യമായി സംസാരിച്ചപ്പോൾ മമ്മൂട്ടി തന്നോടു പറഞ്ഞ ഈ വാചകം വ്യക്തമായോർക്കുന്നുണ്ട് സംവിധായകൻ ജയരാജ്. എന്നാൽ, അതെന്തിനായിരുന്നു എന്നുമാത്രം എത്രയാലോചിച്ചിട്ടും അന്ന് പിടികിട്ടിയില്ല.ഭരതന്റെ അസോസിയേറ്റായി ജോലി ചെയ്യുന്ന കാലത്ത് മദ്രാസിലെ വിജയവാഹിനി സ്റ്റുഡിയോയിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. പിന്നീട് ജയരാജ് സ്വതന്ത്ര സംവിധായകനായി. രണ്ടു ചിത്രങ്ങൾ ചെയ്തശേഷം ഒരിക്കൽ മമ്മൂട്ടിയെ ഫോണിൽ വിളിച്ചു. അപ്പോൾ ‘ദളപതി’യുടെ ലൊക്കേഷനിലാണദ്ദേഹം. മമ്മൂട്ടി ആവശ്യപ്പെട്ടതനുസരിച്ച് ഉടൻ മദ്രാസിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. മൂന്നു കഥകൾ പറഞ്ഞു. മൂന്നിനും മമ്മൂട്ടി അപ്പോൾത്തന്നെ ഡേറ്റും കൊടുത്തു. ഇറങ്ങാൻ നേരം അദ്ദേഹം പറഞ്ഞു. “അന്നേ ഞാൻ പറഞ്ഞില്ലേ, നിന്നെ ഞാൻ നോട്ടമിട്ടിട്ടുണ്ടെന്ന്. അതിന്റെ അർഥം ഇതാണ്. നിനക്ക് ഒരുപാട് കാര്യങ്ങൾ സിനിമയിൽ ചെയ്യാൻ പറ്റും.”

Throwback Thursday: Jayaraj Revealed Mammootty Feared The Release Of  Bharathan's Vaishali - Malayalam Filmibeatമലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായി മാറിയ ‘ജോണിവാക്കർ’ പിറവിയെടുക്കുന്നത് അങ്ങനെയാണ്.ഒരുകാലത്തെ മലയാള കച്ചവടസിനിമയിലെ പെരുന്തച്ചന്മാരായ പല സംവിധായകരെയും ഒരൊറ്റയാളിൽ കാണാനാവുമെങ്കിൽ അയാളുടെ പേരാണ് ജയരാജ്. പ്രമേയത്തിൽ, അവതരണത്തിൽ, സാങ്കേതികതയിൽ ഒക്കെ ട്രെൻഡിങ് ആയി മാറിയ പല പുതുമകൾക്കും മലയാളത്തിൽ തുടക്കം കുറിച്ച പ്രതിഭയായിരുന്നു അയാൾ. അങ്ങനെയെങ്കിൽ ആ പ്രതിഭയെ ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ തിരിച്ചറിഞ്ഞ ദീർഘദൃഷ്ടിയെ എന്തു വിളിക്കണം?

പുതുതായി ഫീൽഡിലേക്കു വരുന്നവരെ പ്രമോട്ട് ചെയ്യുന്നത് മമ്മുക്കയുടെ ശീലമാണെന്ന് ജയരാജ് തന്നെ പറയുന്നുണ്ട്. ഇക്കാര്യം ജയരാജ് മാത്രമല്ല, മലയാളസിനിമയിലെ മറ്റു പലരും പറയുന്നു. മമ്മൂട്ടിയെക്കുറിച്ച് ഇതുമാത്രമല്ല, ഇതിനുമുമ്പ് കേട്ടിട്ടില്ലാത്ത മറ്റുപലതുമുണ്ട് രമേഷ് പുതിയമഠം എഴുതിയ ‘മമ്മൂട്ടി – നാട്യങ്ങളില്ലാതെ, നിറക്കൂട്ടുകളില്ലാതെ’ എന്ന പുതിയ പുസ്തകത്തിൽ. മലയാളത്തിന്റെ മഹാനടനെക്കുറിച്ച് അൻപതോളം പ്രമുഖരുടെ അനുഭവസാക്ഷ്യങ്ങൾ.

എന്നും ദൂരെ നിന്നുമാത്രം കാണാറുള്ള മണിമാളികയിലേക്ക് വിരുന്നുകാരനായി കയറിച്ചെല്ലുന്നതിന്റയൊരു സുഖമുണ്ട് ഈ പുസ്തകം വായിക്കുമ്പോൾ. അതിന്റെ അകത്തളങ്ങളിലൂടെ നമുക്ക് യഥേഷ്ടം കറങ്ങിനടക്കാം. ഇത്രമേൽ പകിട്ടുള്ളതായിരുന്നോ അവിടമെന്ന് ആശ്ചര്യപ്പെടാം, പെടാതിരിക്കാം. ഒന്നുറപ്പാണ്. വെളിയിൽ നിൽക്കുന്നവർ കാണാത്ത പലതും ആ സന്ദർശനത്തിലൂടെ നമുക്ക് നേരിട്ടനുഭവിക്കാം.

സാക്ഷ്യങ്ങളിൽ പലതും അന്ധമായ ആരാധനകളോ വാഴ്ത്തുകളോ മാത്രമാവുക എന്നത് ഏതൊരു വ്യക്തിയെക്കുറിച്ചുമുള്ള പുസ്തകത്തിൽ സ്വാഭാവികമാണ്. എഴുതപ്പെടുന്ന വ്യക്തി ലോകമറിയുന്ന ഒരു നടനാകുമ്പോൾ, പ്രത്യേകിച്ചും. ഈ പുസ്തകവും അതിനൊരു അപവാദമല്ല. ‘അത്രയ്ക്കും മഹാനായിരുന്നു ആ മനുഷ്യൻ’ എന്ന മട്ടിലുള്ള ചില കുറിപ്പുകൾ ഇതിലുമുണ്ട്. എങ്കിലും കെ.എസ് സേതുമാധവൻ, കലൂർ ഡെന്നീസ്, ഡെന്നീസ് ജോസഫ്, ടി.എസ് സുരേഷ് ബാബു, എസ്.എൻ സ്വാമി, പി.ശ്രീകുമാർ, കെ.ആർ വിശ്വംഭരൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ തുടങ്ങി പലരുടെയും മമ്മൂട്ടിയനുഭവങ്ങൾ ഈ പുസ്തകത്തെ ആസ്വാദ്യമാക്കുന്നു. മമ്മൂട്ടിയെ ഇന്നും ‘മമ്മൂഞ്ഞ്’ എന്നു വിളിക്കുന്ന, ജീവിതത്തിലെ കാണപ്പെട്ട ദൈവമായി സ്നേഹിക്കുന്ന ചിറയിൽ അപ്പുക്കുട്ടൻ എന്ന അപ്പുക്കിളിയുടെ അടയാളപ്പെടുത്തൽ ഉള്ളുതൊടുന്ന അനുഭവമാകും.