എല്ലാരും തഴയുന്നു എന്ന ഭയത്തോടെ ഈ നടനു കരയേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ…!

0
194

നിലനിൽക്കാൻ വേണ്ടിയാവട്ടെ ആശംസകൾ…

ജോസ് കെ. തോമസ്

ആശംസകൾ കൊണ്ട് വീർപ്പുമുട്ടിച്ചു മമ്മൂട്ടിയെ കൊല്ലുന്ന സാദാ ആരാധകരും ഉന്നതരുമൊക്കെ മമ്മൂട്ടിയുടെ 1990 വരെയുള്ള സിനിമകൾ ഒന്നു പോലും വിട്ടു പോകാതെ മുഴുവൻ കാണണം…!

മേളയും (ആദ്യമായി പാടി അഭിനയിച്ച ചിത്രം) യവനികയും കൂടെവിടെയും ആവനാഴിയും ആൾക്കൂട്ടത്തിൽ തനിയെയും കരിമ്പിൻപൂവിനക്കരെയും കരിയിലക്കാറ്റും യാത്രയും തുടങ്ങി ഒട്ടേറെ സിനിമകളിൽ ഉജ്വലവും അത്യുജ്വലവുമായ വേഷങ്ങൾ പകർന്നാടിയിട്ടും തൊണ്ണൂറുകളുടെ തുടക്കത്തിൽ (സിനിമയിലെത്തി രണ്ടു പതിറ്റാണ്ടിനു ശേഷം) ഹൃദയം നുറുങ്ങുന്ന വേദന യോടെ, എല്ലാവരാലും തഴയപ്പെടുന്നു എന്ന ഭയത്തോടെ, അക്ഷരാർഥത്തിൽ തന്നെ ഇന്നത്തെ ഈ മഹാനടനു കരയേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ…!

അന്നത്തെ ആ അവസ്ഥയെക്കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സി.വി. ബാലകൃഷ്ണനും തിരക്കഥാകൃത്ത് ജോൺ പോളും അന്ന് സിനിമ പരസ്യ രംഗത്ത് സജീവമായിരുന്ന ഗായത്രി അശോകനും മറ്റും പറഞ്ഞിട്ടുള്ളത് ആരും അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ…!അതാണ് സിനിമ എന്ന മായാപ്രപഞ്ചം…!!പൂന്താനം പാടിയത് സിനിമക്കാരെയും ശത കോടീശ്വരന്മാരായ ബിസിനസുകാരെയും കൂടി കണ്ടുകൊണ്ടായിരുന്നോ…!

തകർന്നു തരിപ്പണമായെന്നു വിശ്വസിക്കുന്നിടത്തു നിന്ന് ബ്ലോക്ക് ബസ്റ്റർ ഹിറ്റിലൂടെ (കലാമൂല്യമൊന്നുമില്ലെങ്കിലും) തിരിച്ചു വരവിനു വഴിയൊരുക്കിയ ഹിറ്റ് തിരക്കഥാകൃത്ത് അവസാന നാളുകളിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതും നമ്മൾ കാണാനിടയായി…! സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമായിട്ടു കൂടി…! ആശംസിക്കുന്നവർ ഈ അതുല്യ കലാകാരനു സർവശക്തൻ എല്ലാ നന്മകളും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ എന്നു കൂടി വിനയത്തോടെ പ്രാർഥിക്കുക…!