” താങ്കൾ ഇവിടെ എത്തിപെട്ടിട്ടു ഇപ്പൊ ഇരുപത്തഞ്ചാം വർഷം . കൃത്യം ഇതേ ദൈർഘ്യത്തിനൊടുവിൽ തന്നെ താങ്കൾക്ക് രാജ്യം അതിന്റെ പരമോന്നത ബഹുമതികളിലൊന്നായ പദ്മശ്രീ നൽകി ആദരിക്കുന്നു .ഈ യാത്രയെ താങ്കൾ എങ്ങനെ നോക്കി കാണുന്നു ..?
തീർച്ചയായും ഈ പട്ടം എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നുണ്ട് .ഞാൻ തികച്ചും ശരിയായിരുന്നുവെന്ന എന്റെ വിശ്വാസത്തെ ഇന്ന് രാജ്യം ബലപ്പെടുത്തുന്നു . ഞാൻ , എന്റെ കുടുംബം , എന്റെ സുഹൃത്തുക്കൾ എല്ലാവരും ആനന്ദത്തിലാണ് .. ”
പദമശ്രീ മനോജ് ബാജ്പേയിയുമായുള്ള അഭിമുഖത്തിന്റെ ഒരു ചെറിയ ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത് . അദ്ദേഹത്തിന്റെ യാത്രയുടെ ബാക്കി എന്റെ ഭാഷയിൽ അല്പം ചുരുക്കി പറയാം .
കഠിനാധ്വാനം എന്ന വാക്കിനെ പറ്റി ആലോചിച്ചു തുടങ്ങുമ്പോഴേ ,വിജയം എന്ന വാക്ക് ഇപ്പുറത്തു വന്നെത്തി നിൽപ്പുണ്ടാകും …എത്രയോ സാധാരണം അല്ലെ…? പക്ഷെ പിടിവാശി എന്ന വാക്കിന്റെ കൂടെയും ചേർന്ന് നിൽക്കാനുള്ള ധൈര്യം വിജയത്തിന് കൊടുത്തത് ശ്രീ മനോജ് ബാജ്പേയി ആണെന്ന് പറഞ്ഞാൽ ഇനിയാരെങ്കിലും അധൈര്യപ്പെടുമെന്നൊരു തോന്നലില്ല തന്നെ . കാരണം തന്റെ കർമ്മമേഖലയിലെ ഏറ്റവും മികച്ച രത്നമായി മാറാനുള്ള കറക്കത്തിനിടയിൽ എത്രയോ വട്ടം ഇദ്ദേഹത്തിനും സ്വയം മൂർച്ചപ്പെടേണ്ടി വന്നിരിക്കും .തന്നെയുമല്ല തന്റെ നിയോഗം അഭിനയമാണെന്നു തിരിച്ചറിഞ്ഞ അന്ന് മുതൽ അയാൾ ഇവിടെ തന്നെ ഉണ്ട് .ഒരു തിരിച്ചടികൾക്കും പിടി കൊടുക്കാതെ..ഒരു കുത്തുവാക്കുകൾക്കും ചെവി നൽകാതെ.. സിനിമ എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് അയാൾ നടന്നെത്തിയ വഴികൾ നമുക്കത്ര പരിചിതമല്ല എന്നാൽ തീരെ അജ്ഞവുമല്ല .
ബിഹാറിലെ ബെൽവാ എന്ന കുഗ്രാമത്തിൽ , നിലക്കാത്ത കയ്യടികൾക്കും , വിസിലടികൾക്കും നടുവിലൂടെ Big B തിരശീലയിൽ അവതരിക്കുമ്പോൾ മിടിക്കുന്ന ഹൃദയവുമായി അവനും ആ മായകാഴ്ച്ചകൾ കാണാൻ ഉണ്ടായിരുന്നു . പയ്യെ പയ്യെ അഭിനയമെന്ന ഒറ്റബിന്ദുവിലേക്കു കാഴ്ച തിരിക്കുമ്പോൾ അവൻ കൂടുതലും ആകൃഷ്ടനായത് നസിറുദ്ധീൻ ഷാ ,ഓം പുരി തുടങ്ങിയവരുടെ സഹജമായ On-screen /stage Performance ലായിരുന്നു .പതിനേഴാം വയസ്സിൽ ആഗ്രഹപൂർത്തീകരണത്തിനായി ദില്ലിയിലേക്ക് കൂടു മാറിയ മനോജ് മൂന്നു തവണയാണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനം കിട്ടാതെ പുറന്തള്ളപ്പെടുന്നത് . പക്ഷെ നിരാശനാകാതെ , കലാലയ വിദ്യാഭ്യാസത്തിനൊപ്പം തന്നെ, തെരുവോര നാടകകളരികളെയും അയാൾ തന്റെ കഴിവുകളുടെ മൂർച്ച കൂട്ടിയെടുക്കാനായി ഉപയോഗിച്ച് കൊണ്ടേയിരുന്നു. പതിവുള്ള പോലെ നിലക്കാത്ത പോരാട്ടങ്ങളുടെയും , ഗതികേടുകളുടെയും ,ആകാംക്ഷകളുടെയും, ഒരുപക്ഷെ പ്രാണവായു പോലെ കൊണ്ട് നടന്നിരുന്ന ആ മോഹത്തിൽ നിന്ന് തന്നെയുള്ള വിമുക്തിയുടേതോ ആയിരുന്നു ആ കാലയളവുകളെന്നു അയാളിന്ന് ഓർമ്മിച്ചെടുക്കുന്നു . ഒടുവിൽ നാലാമത്തെ പരിശ്രമം മറ്റൊരു തരത്തിൽ ഫലം കണ്ടു..നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകന്റെ..!
1994 -ൽ റിലീസ് ചെയ്ത ദ്രോഹ്കാൽ എന്ന ഗോവിന്ദ് നിഹലാനി ചിത്രത്തിലൂടെ ഒരു മിനിട്ടു മാത്രം നീണ്ടു നിൽക്കുന്ന ഒരു രംഗത്തിലൂടെയാണ് അയാൾ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നതെങ്കിലും , വരവറിയിച്ചത് 1998-ലെ റാം ഗോപാൽ വർമയുടെ സത്യ യിലൂടെയാണെന്നുള്ളത് പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ ..! അക്കാലങ്ങളിൽ ഹിന്ദി ചലച്ചിത്രങ്ങൾ seriously follow ചെയ്തിരുന്ന ഒരാൾക്കും ,മനോജ് എന്ന നടന്റെ ഉദയം തിരിച്ചറിയാതിരിക്കാനാവില്ലായിരുന്നു . ‘ദ്രോഹ്കാൽ ‘ന്റെയും ‘സത്യ ‘ യുടെയും ഇടയിൽ അയാൾക്കും നമ്മൾക്കും ഒരു പോലെ വീണു കിട്ടിയ ഒരു അവസരമായിരുന്നു ശേഖർ കപൂറിന്റെ ‘ബണ്ടിട് ക്വീൻ’-ലെ ഫൂലൻ ദേവിയുടെ കൂട്ടാളിയായി നിന്നിരുന്ന ‘മാൻ സിങ്’ എന്ന കഥാപാത്രം . ബണ്ടിട് ക്വീൻ ഒരിക്കലെങ്കിലും കാണാനൊത്തിട്ടുള്ളവർക്കു അതിലെ ഓരോ രംഗവും , ഓരോ കഥാപാത്രങ്ങളെയും മറക്കുക സാധ്യമല്ല . അത്ര മാത്രം കൃത്യതയോടും , സത്യസന്ധതയോടും കൂടിയാണ് ആ ചിത്രത്തിന്റെ Making & Casting . നസ്രുദീൻ ഷാ ചെയേണ്ടിയിരുന്ന ഒരു റോളാണ് അന്ന് പുതു മുഖമായിരുന്ന മനോജിന്റെ കൈയിലേക്ക് ശേഖർ കപൂർ വെച്ച് കൊടുത്തതിന്നു പറയുമ്പോൾ അയാളുടെ മേൽ സംവിധായകനുണ്ടായിരുന്ന ആത്മവിശ്വാസം എത്രയായിരുന്നുവെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ .തുടർന്നിങ്ങോട്ടുള്ള അയാളുടെ പയനമെല്ലാം സിനിമയെന്ന മാധ്യമത്തെ മനസ്സിലേറ്റി നടക്കുന്ന ഒരാൾക്കും വിസ്മരിക്കാവുന്നതല്ല .
തിരിച്ചു സത്യയിലേക്ക്:- സത്യയെന്ന ഒറ്റ ചിത്രം ഇന്ത്യൻസിനിമക്കു നൽകിയ നവഊർജ്ജം പ്രത്യേകം ഓർമ്മപ്പെടുത്തേണ്ടതില്ല..റാം ഗോപാൽ വർമ്മ , ജെ ഡി ചക്രവർത്തി ,മനോജ് ബാജ്പേയ് , ഊർമിള ,അനുരാഗ് കശ്യപ് എന്നിങ്ങനെ ഒരുപിടി ആളുകൾക്ക് വിമർശകരുടെയും , ആസ്വാദകരുടെയും ഇടയിലേക്ക് ഒരുപോലെ നെഞ്ചും വിരിച്ചു നില്ക്കാനുള്ള ധൈര്യം കൊടുത്ത ചിത്രം. ഭികു മാത്രേ ആയി നിറഞ്ഞാടിയ മനോജ് ബാജ്പേയ് എന്ന ബിഹാറുകാരനെ ജനം തിരിച്ചറിഞ്ഞു അംഗീകരിച്ച നിമിഷങ്ങൾ .ഒരേ സമയം വളരെ സ്നേഹവാനായ ഭർത്താവായും , ഇടയ്ക്കിടെ അത്യന്തം ക്രൂരനായ ഗുണ്ടയായും , സുഖ- ദുഃഖങ്ങളിൽ കൂടെ നിൽക്കുന്ന സുഹൃത്തായും , ആഘോഷങ്ങളിൽ മതി മറന്നാടുന്ന സാധാരണക്കാരനായും അയാൾ സത്യക്കൊപ്പം ജീവിക്കുകയായിരുന്നു . അന്നും..ഇന്നും..എന്നും ഒരു സിനിമാസ്വാദകന്റെ പഞ്ചേന്ദ്രിയങ്ങളിലും ഒരു പോലെ പതിഞ്ഞിരിക്കുന്നു ഭികു മാത്രേ .
പിന്നെ RG വർമയോടൊപ്പം ഒരു പിടി എണ്ണം പറഞ്ഞ ചിത്രങ്ങളായ കോൻ ,ശൂൽ ,റോഡ് തുടങ്ങിയവയിലൂടെ അയാൾ തന്റെ സ്ഥാനം ഉറപ്പിച്ചു .ചലച്ചിത്രം എന്ന സ്വപ്നത്തിലേക്ക് തന്നെ വലിച്ചടുപ്പിച്ച ബച്ചൻ എന്ന പ്രതിഭാസത്തോടൊപ്പം അധികം വൈകാതെ ,അമാനുഷിക പ്രമേയം കൈകാര്യം ചെയുന്ന ‘ അക്സ് ‘ എന്ന ചിത്രത്തിലൊരുമിച്ചതിനൊപ്പം, തിരശീലയിലെ പ്രകടനത്തിലും ഇഞ്ചോടിഞ്ച് പോരാടി നിന്നു മനോജ് . ചിത്രം കണ്ടിട്ടുള്ളവർക്കു കഥക്കനുസൃതമായി മനോജിന്റെ അനിതരസാധാരണമായ ഭാവമാറ്റങ്ങളെന്തൊക്കെയെന്നും ,ബിഗ് ബി യോടൊപ്പം തിരശീലയിൽ തോൾ ചേർന്ന് നില്ക്കാൻ മനോജിന് എത്രയെളുപ്പം കഴിഞ്ഞെന്നുമൊക്കെ ഓർത്തെടുക്കാൻ സാധിച്ചേക്കും.
പിന്നീട് അയാളിലേക്ക് എത്തിച്ചേർന്ന ചിത്രങ്ങളെല്ലാം തന്നെ മനോജിലെ നടനെ എല്ലാ രീതിയിലും ചൂഷണം ചെയുന്നത് തന്നെയായിരുന്നു. സുബൈദ , പിഞ്ചർ , LOC കാർഗിൽ , രാജ്നീതി , 1971 ,ആരക്ഷൺ , ഗാംഗ്സ് ഓഫ് വ്യാസേപൂർ , അലിഗർ , ട്രാഫിക് , ബാഗി 2 , സർക്കാർ 3, നാം ശബാന , മിസിങ് , ഗലി ഗലിയാൻ , സോഞ്ചിരിയാ മുതലായ ചില ചിത്രങ്ങൾ , എല്ലാം ബോക്സ് ഓഫീസ് ഹിറ്റുകളല്ലാതിരുന്നിട്ടു കൂടി ഈ നടന്റെ പ്രാമാണ്യത്തിനു മേൽ വമ്പൻ ശ്രെദ്ധ ആകർഷിക്കപ്പെട്ടിട്ടുള്ളവയാണ് .സുബൈദയുടെ പ്രണയ നായകനും.. പ്രൗഢിയേറും രാജകുമാരനുമായ മഹാരാജ വിജയേന്ദ്ര സിങ്, പിഞ്ചറിലെ ഹൃദയഹാരിയായ റഷീദ് , രാജ്നീതിയിൽ- മഹാഭാരതത്തിലെ ദുര്യോധനന്റെ കഥാപാത്രത്തെ പകർന്നാടിയ വീരേന്ദ്ര പ്രതാപ് , കുബുദ്ധിയും-കുടിലതയും-ദുരാഗ്രഹവും കൈമുതലായുള്ള രാഷ്ട്രീയക്കാരൻ മിഥിലേഷ് -ആരക്ഷൺ , മിസ്സിംഗ് ലെ confusing സുശാന്ത് ദുബൈ , ട്രാഫിക് ലെ കോൺസ്റ്റബിൾ ,ഒപ്പം വിട്ടു പോകാതെ ചേർക്കേണ്ടതാണ് കോൻ എന്ന ചിത്രത്തിലെ,കലപില കലപില സംസാരിക്കുന്ന സമീർനെയും ..!
ഗാംഗ്സ് ഓഫ് വ്യാസേപൂർ , അലിഗർ , ഗലി ഗലിയാൻ തുടങ്ങിയവ ഇവിടെ പ്രത്യേകപരാമർശം കൂടാതെ വിട്ടുകളഞ്ഞത് , ഇതിലൊന്ന് പോലും നേരിൽ കാണാതെ മൂന്നോ നാലോ വാചകങ്ങളിലൊതുക്കുന്നത് ,മൊത്തത്തിൽ സിനിമയോടും , സിനിമാപ്രേമികളോടും ചെയുന്ന കടുത്ത അനീതിയാണെന്നുറപ്പുള്ളതു കൊണ്ടാണ് ..
ഒരിക്കലെങ്കിലും നേരിൽ കണ്ടു ഓഹ് എന്ന് ആശ്ചര്യപ്പെടുകയോ…നെടുവീർപ്പിടുകയോ , സിനിമ പകർന്നു തരുന്ന പാഠങ്ങളുടെ പിൻബലത്തിൽ, ആശ്വാസത്തോടെ കസേരയിലേക്ക് ചായേണ്ടതോ… ,
തിരശീലയിൽ ഓരോ നിമിഷവും ജീവിക്കുന്നവരെ കണ്ടു പുളകമണിയേണ്ടതോ ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് .
“എന്നോട് സംവദിക്കാനാകുന്ന കഥാപാത്രങ്ങൾ.. അത് മാത്രമാണ് എന്റെ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നത് …കാരണം ഞാനറിഞ്ഞത് മാത്രമേ എനിക്ക് പ്രതിഫലിപ്പിക്കാനാകൂ .ആത്മസമർപ്പണവും, തയ്യാറെടുപ്പും മാത്രമാണ് എന്റെ പണിയായുധങ്ങൾ .മനസ്സ് കൊണ്ടും ശരീരം കൊണ്ടും മറ്റൊരുവനായി മാറുക എന്നതു വളരെ കൃത്യതയും ,സംതുലതയും വേണ്ട ഏർപ്പാടാണെന്നു ഞാൻ ഭയക്കുന്നു .എത്ര കണ്ടു തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും onfloor-ൽ , ജനക്കൂട്ടത്തിനിടയിൽ വെച്ച് , ആ നിമിഷത്തിൽ ..ആ രംഗത്തിലലിഞ്ഞു ചേരുക എന്നത് ഒരല്പം സ്വാഭാവികമായി , മൗലികമായ് ഭവിക്കേണ്ടതാണ് .അതാണ് ആ രംഗത്തിന്റെ ,കഥാപാത്രത്തിന്റെ ആത്മാവ് എന്ന് ഞാൻ വിശ്വസിക്കുന്നു .” മനോജ് അഭിപ്രായപ്പെടുന്നു .
സംഭാഷണങ്ങൾ കുറവായിട്ടു പോലും താനഭിനയിച്ച പല കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിൽ പച്ച പിടിച്ചിരിക്കുന്നത് , മിക്കവാറും തന്റെ നാടകളരിയിലെ പാഠങ്ങളുടെ പിൻബലത്തിലാകാമെന്നു മനോജ് ബാജ്പേയ് വിശ്വസിക്കുന്നു . നസ്രുദീൻ ഷാ ,ഓം പുരി തുടനിയ അതികായന്മാർക്കൊപ്പം രഘുബീർ യാദവ് എന്ന അതുല്യകലാകാരനേയും ചേർത്ത് വെക്കുന്നു മനോജ് .ഉവ്വ്..നമ്മളറിയും 90കളിൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന മുങ്കെരി ലാൽ (കെ ഹസീൻ സപ്നേ) .സിനിമാകുതുകികൾ ഇനിയും മറന്നിട്ടില്ലാത്ത ‘ചില്ലം’ (സലാം ബോംബെ ) എന്ന അനശ്വര കഥാപാത്രം. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ സാന്നിധ്യമായിരുന്ന രഘുബീർ ഉരുവിട്ട് കൊണ്ടിരുന്ന അതെ വാചകങ്ങൾ -‘ മികച്ച പ്രകടനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും’ -ആണ് മനോജിനെയും മുന്നോട്ടു നയിക്കുന്നതെന്ന് പറയുമ്പോൾ , അതെ ഇന്ന് വരെ അയാൾ സന്തുഷ്ടനാണ് .
അലിഗർ- ലെ സ്വവർഗ്ഗാനുരാഗിക്കും മേലെയായി…മൃദുഹൃദയനായ പ്രൊഫ.രാമചന്ദ്ര ഷിറാസ് , ഗാംഗ്സ് ഓഫ് വ്യാസേപൂർ-ലെ ഗുണ്ടാത്തലവന്റെ ക്രൗര്യത്തിനും മേലെ നിൽക്കുന്ന പെണ്ണ് പിടിയൻ സർദാർ ഖാൻ , റിട്ടയർമെന്റും..ഏകാന്തതയും ,അസഹിഷ്ണുതയുടെ ഈ കാലത്തെങ്ങനെയാണ് മുറിപ്പെടുക എന്ന് മൗനമായി കാണിച്ചു തരുന്ന ഗണപത് ഭോസ്ലെ ഒക്കെ എങ്ങനെ ഉണ്ടായെന്ന് ഇപ്പോൾ നമുക്കും തിരിച്ചറിയാം . ഏതൊരു രംഗത്തിലും വിശ്വസനീയമാം വിധം പ്രധാനിയാവുക , വീണുപോയേക്കാവുന്ന ഒരു സംരംഭത്തെ താങ്ങി നിർത്തുക , താരതമ്യേന പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പ്രൊഡക്ഷൻ ഹൗസിന്റെ തിളക്കമേറ്റുക , അപ്രസക്തമായി പോയേക്കാവുന്ന ഒരു വിഷയത്തിലേക്കു പറ്റാവുന്നത്ര ശ്രെദ്ധ ആകർഷിക്കുക എന്നതൊക്കെ ഈ അൻപതാം വയസ്സിലും അദ്ദേഹം ഭംഗിയായി ചെയുന്നു.
ഇദ്ദേഹം വെട്ടി തെളിച്ച വഴിയിലൂടെ നടന്നു കയറിയ ഇർഫാൻ ഖാൻ , K K മേനോൻ , നവാസുദ്ധീൻ സിദ്ധിഖി , രാജ്കുമാർ റാവു തുടങ്ങിയ ഇന്ത്യൻ സിനിമയുടെ മാറുന്ന മുഖങ്ങൾ മനോജിനെ കൃതജ്ഞതയോടെ സ്മരിക്കുന്നു . ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടാനും, പുരസ്കാരങ്ങളുടെ വെള്ളി വെളിച്ചത്തിൽ നിൽക്കാനും പൊക്കമോ, നിറമോ , മുഖ സൗന്ദര്യമോ , സിക്സ് പാക്കോ ഒന്നും വേണ്ട മറിച്ചു കഥാപാത്രങ്ങളെ ആവാഹിക്കാനുള്ള കഴിവ് മാത്രം മതിയെന്ന് എത്രയോ കിടയുറ്റ ഷോട്ടുകളിലൂടെ മനോജ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു .വന്ന കാലം മുതൽ , മുഖ്യധാരാ സിനിമകളെ പാരമ്പര്യേതര മാർഗങ്ങളിലൂടെ പദ്മശ്രീ മനോജ് ബാജ്പേയ് മാറ്റി സ്ഥാപിച്ചു കൊണ്ടേയിരിക്കുകയാണ് .ഇനിയും മികച്ചത് അദ്ദേഹത്തിൽ നിന്നും കാണാനാകട്ടെ.. അനുഭവിക്കാനാകട്ടെ എന്ന് ഹൃദയം കൊണ്ട് ആശിക്കുന്നു ..ആശംസിക്കുന്നു .